ADVERTISEMENT

സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളിൽ മൊത്തത്തിൽ ആദ്യമായി തസ്തികനിർണയം നടത്താനുള്ള സർക്കാരിന്റെ തീരുമാനം ആശങ്കയിലാഴ്ത്തുന്നത് വിവിധ വിഷയങ്ങളിലെ HSST റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരെയാണ്. തസ്തികനിർണയം പൂർത്തിയാകുന്നതോടെ ഒട്ടേറെ തസ്തിക ഇല്ലാതാകുമെന്ന വിവരമാണ് ഉദ്യോഗാർഥികൾക്ക് ഇടിത്തീയാകുന്നത്.

കുട്ടികളില്ലാതെ 129 ബാച്ച്

ബാച്ച് അനുസരിച്ച് ആഴ്ചയിൽ കുറഞ്ഞത് 7 പീരിയഡ് ഉണ്ടെങ്കിലേ തസ്തിക അനുവദിക്കൂ. 25 വിദ്യാർഥികൾ ഇല്ലാത്ത ബാച്ചുകളിലെ തസ്തിക നഷ്ടമാകും. ഈ അധ്യയന വർഷം ഇത്തരത്തിലുള്ള 129 ബാച്ചുകളുണ്ട്. ഇതിൽ നൂറിലേറെയും സർക്കാർ സ്കൂളുകളിലായതിനാൽ പിഎസ്‌സി റാങ്ക് ലിസ്റ്റുകളിൽനിന്നുള്ള നിയമനം വലിയ പ്രതിസന്ധിയിലാകുമെന്നാണു സൂചന.

കഴിഞ്ഞ അധ്യയന വർഷം എച്ച്എസ്എസ്ടി ഇംഗ്ലിഷ് ജൂനിയർ തസ്തികയിൽ തസ്തികനിർണയം നടത്തിയതിനെത്തുടർന്ന് 68 പേരെ സർവീസിൽനിന്നു പുറത്തു നിർത്തേണ്ടിവന്നിരുന്നു. പിന്നീട് ഇവരെ തിരിച്ചെടുത്ത് രണ്ടു വർഷത്തേക്കു സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിച്ച് പുനർനിയമനം നൽകിയിരിക്കുകയാണ്.

പ്രധാന വിഷയങ്ങളിലെല്ലാം എച്ച്എസ്എസ്ടി റാങ്ക് ലിസ്റ്റുകൾ നിലവിലുണ്ട്. എന്നാൽ, എല്ലാ ലിസ്റ്റുകളിലും നിയമന ശുപാർശ വളരെ കുറവാണ്. ആകെ നിയമന ശുപാർശയിൽ ഭിന്നശേഷിക്കാർക്കുള്ള ഒഴിവ് ചില വിഷയങ്ങളിൽ നീക്കിവച്ചിട്ടുണ്ട്. റാങ്ക് ലിസ്റ്റിൽ ആവശ്യത്തിനു ഭിന്നശേഷി വിഭാഗക്കാർ ഇല്ലാത്തതിനാലാണ് ഒഴിവ് മാറ്റിവച്ചിരിക്കുന്നത്.

കൊമേഴ്സ് നിയമന ശുപാർശ 8% മാത്രം

ഹയർ സെക്കൻഡറി അധ്യാപക റാങ്ക് ലിസ്റ്റുകളിലെ നിയമന ശുഷ്കാവസ്ഥയുടെ പൊതു ചിത്ര അറിയാൻ എച്ച്എസ്എസ്ടി കൊമേഴ്സ് ജൂനിയർ റാങ്ക് ലിസ്റ്റ് പരിശോധിച്ചാൽ മതി. മെയിൻ ലിസ്റ്റിൽ 784, സപ്ലിമെന്ററി ലിസ്റ്റിൽ 924, ഭിന്നശേഷി ലിസ്റ്റിൽ 31 എന്നിങ്ങനെ 1739 പേരുള്ള ഈ ലിസ്റ്റിലെ 140 പേർക്കു മാത്രമേ (8%) ഇതുവരെ നിയമന ശുപാർശ ലഭിച്ചിട്ടുള്ളൂ. 3 വർഷ കാലാവധി പൂർത്തിയാക്കി ലിസ്റ്റ് ഏപ്രിൽ 12നു റദ്ദാകും.

നിയമനനില: ഓപ്പൺ മെറിറ്റ്–100, ഈഴവ–110, എസ്‌സി–218, എസ്ടി–എല്ലാവരും, മുസ്‌ലിം–108, എൽസി/എഐ–447, വിശ്വകർമ–164, എസ്ഐയുസി നാടാർ–413, ഹിന്ദു നാടാർ–193, എസ്‌സിസിസി–സപ്ലിമെന്ററി 1, ധീവര–201. ഭിന്നശേഷി: എൽവി–7, എൽഡി/സിപി–3.

തസ്തിക നിർണയം അനിവാര്യം: മന്ത്രി വി.ശിവൻകുട്ടി

ഹയർ സെക്കൻഡറി തസ്തിക നിർണയം അനിവാര്യമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കി.

തസ്തിക അനുവദിക്കാൻ മിനിമം 7 പീരിയഡ് വേണമെന്ന ഉത്തരവ് 2017ൽ നിലവിൽ വന്നെങ്കിലും സർക്കാർ സ്കൂളുകളിൽ അതിനു മുൻപു സൃഷ്ടിച്ച തസ്തികകളെ ആ രീതിയിൽ പുനർനിർണയിച്ചിട്ടില്ല. അതിനാൽ പഴയ തസ്തികകളിൽ ഒഴിവു വന്നപ്പോൾ പിഎസ്‌സി വഴി നിയമനം നടന്നു. പിന്നീടാണ് ഇംഗ്ലിഷ് ജൂനിയർ തസ്തികയിൽ 7 പീരിയഡ് ഇല്ലാതെ അധികനിയമനം നടന്നെന്നു കണ്ടെത്തിയതും അവരെ സൂപ്പർ ന്യൂമററിയായി നിലനിർത്തിയതും. അതിനാൽ മറ്റു വിഷയങ്ങളിലും തസ്തിക പുനർനിർണയിക്കാതെ ഒഴിവ് റിപ്പോർട്ട് ചെയ്യാൻ കഴിയാത്ത സാഹചര്യമുണ്ടായി.

1991ലെ ഉത്തരവു പ്രകാരം ഒരു ബാച്ച് നിലനിൽക്കാൻ 25 വിദ്യാർഥികൾ വേണം. എന്നാൽ, തസ്തിക സൃഷ്ടിച്ച് സ്ഥിരം അധ്യാപകർ തുടരുന്ന പല ബാച്ചിലും ഇപ്പോൾ 25 വിദ്യാർഥികളില്ല. ഇത്തരം ബാച്ചുകൾ 2022ൽ 105 ആയിരുന്നെങ്കിൽ 2023ൽ 129 ആണ്. അത്തരം ബാച്ചുകളിലെ തസ്തികകൾ പുനർനിർണയിച്ച് അധ്യാപകരെ പുനർവിന്യസിക്കേണ്ടതുണ്ട്.

പല വർഷങ്ങളിലായി 38 ബാച്ചുകൾ വടക്കൻ ജില്ലകളിലേക്കു മാറ്റിയിട്ടുണ്ട്. എന്നാൽ, ബാച്ചുകൾ മാറ്റിയ സ്കൂളുകളിൽ തസ്തിക ഇല്ലാതെയായിട്ടില്ല. അങ്ങനെയുള്ള സ്കൂളുകളിലും തസ്തിക പുനർനിർണയിച്ച് ഉത്തരവിറക്കണം.

ഒഴിവുള്ള തസ്തികകളിൽ പിഎസ്‌സി റാങ്ക് ലിസ്റ്റിലെ പരമാവധി ഉദ്യോഗാർഥികൾക്കു നിയമനം ഉറപ്പാക്കാൻകൂടിയാണ് അടിയന്തരമായി തസ്തികനിർണയം നടത്തുന്നത്. പല റാങ്ക് ലിസ്റ്റുകളുടെയും കാലാവധി ഉടനെ അവസാനിക്കുന്ന കാര്യവും കണക്കിലെടുത്തിട്ടുണ്ടെന്നു മന്ത്രി അറിയിച്ചു. 

English Summary:

Higher Secondary School PSC updates Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com