ADVERTISEMENT

സിവിൽ പൊലീസ് ഓഫിസർ റാങ്ക്‌ലിസ്റ്റിലെ ‘കടുംവെട്ടി’നെത്തുടർന്ന് അർഹരായവർക്കുള്ള അവസരം നിഷേധിക്കപ്പെടുമോ എന്ന ആശങ്കയിലാണ് ഉദ്യോഗാർഥികൾ. മുൻ റാങ്ക് ലിസ്റ്റിലെ നിയമനം ശുഷ്കമായതിനെത്തുടർന്ന് വ്യാപക പ്രതിഷേധമുണ്ടായതിനു പിറകെയാണ് പുതിയ റാങ്ക് ലിസ്റ്റ് വെട്ടിച്ചുരുക്കിയ നടപടി. മുൻ സിപിഒ റാങ്ക് ലിസ്റ്റിൽ 7 ബറ്റാലിയനിലായി 13,975 (മെയിൻ ലിസ്റ്റ്–11153, സപ്ലിമെന്ററി ലിസ്റ്റ്–2822) പേരെ ഉൾപ്പെടുത്തിയപ്പോൾ ഏപ്രിൽ 15നു നിലവിൽ വന്ന പുതിയ റാങ്ക് ലിസ്റ്റിൽ 6,647 പേർ മാത്രം. കഴിഞ്ഞ തവണത്തേതിനേക്കാൾ 7328 പേർ കുറഞ്ഞു. മെയിൻ ലിസ്റ്റിൽ 6428 പേരുടെയും സപ്ലിമെന്ററി ലിസ്റ്റിൽ 900 പേരുടെയും കുറവുണ്ട്. ഏറ്റവും കൂടുതൽ പേർ റാങ്ക് ലിസ്റ്റിലുള്ളത് തിരുവനന്തപുരം (എസ്എപി) ജില്ലയിലാണ്–1,442. കുറവ് ഇടുക്കി (കെഎപി–5) ജില്ലയിൽ–659.

റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചെങ്കിലും, മുൻ ലിസ്റ്റിലെ ഉദ്യോഗാർഥികൾ നൽകിയ കേസിന്റെ (OA No.201/2024) ഉത്തരവിനു വിധേയമായിരിക്കും നിയമന ശുപാർശ ഉൾപ്പെടെ തുടർനടപടികൾ. റാങ്ക് ലിസ്റ്റിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. പുനഃപരിശോധന, ഉത്തരക്കടലാസിന്റെ ഫോട്ടോ കോപ്പി എന്നിവയ്ക്ക് ഏപ്രിൽ 29 വരെ അപേക്ഷിക്കാം. പുനഃപരിശോധനയ്ക്ക് 85 രൂപയാണു ഫീസ്. ഫോട്ടോ കോപ്പി ലഭിക്കാൻ 335 രൂപ നൽകണം. രണ്ടിനുമുള്ള അപേക്ഷ പ്രൊഫൈൽ വഴിയാണ് നൽകേണ്ടത്. തപാൽ/ഇ–മെയിൽ വഴി അപേക്ഷ പരിഗണിക്കില്ല. ഫീസ് ഒാൺലൈനായി അടയ്ക്കണം.

ഷോർട് ലിസ്റ്റിലെ 60% പേരും റാങ്ക് ലിസ്റ്റിലില്ല

സിവിൽ പൊലീസ് ഒാഫിസർ ഷോർട് ലിസ്റ്റിൽ ഉൾപ്പെട്ടവരിൽ 9,870 പേർ കായികക്ഷമതാ പരീക്ഷയ്ക്കുശേഷം പുറത്തായി. കായികക്ഷമതാ പരീക്ഷയിൽ പരാജയപ്പെട്ടവരും പങ്കെടുക്കാത്തവരുമാണു റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാതെ പുറത്തായത്.

7 ബറ്റാലിയനിലായി 16,517 പേരെയാണ് ഒഎംആർ പരീക്ഷയ്ക്കു ശേഷം പ്രസിദ്ധീകരിച്ച ഷോർട് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നത്. മെയിൻ ലിസ്റ്റിൽ 9,621 പേരെ ഉൾപ്പെടുത്തിയിരുന്നു. ഇവരിൽ 4,896 പേർ കായികക്ഷമതാ പരീക്ഷയിൽ പുറത്തായി. സപ്ലിമെന്ററി ലിസ്റ്റിൽ 6,896 പേരെ ഉൾപ്പെടുത്തിയിരുന്നെങ്കിലും 4,974 പേരും റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടില്ല. ഷോർട് ലിസ്റ്റിൽ ഉൾപ്പെട്ടവരിൽ 60% പേരും കായികക്ഷമതാ പരീക്ഷയ്ക്കു ശേഷം പുറത്തായി. 

English Summary:

CPO vacancies ranklist PSC Updates Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com