ADVERTISEMENT

യാത്രകളുടെ ഉറ്റ കൂട്ടുകാരനാണ് നടന്‍ പ്രണവ് മോഹന്‍ലാല്‍. ഓരോ സിനിമകളുടെയും ഇടവേളകളില്‍ പുതിയ സ്ഥലങ്ങള്‍ തേടിപ്പോകുന്ന പ്രണവിനെ കാണാറുണ്ട്‌. ഇക്കുറി മേഘാലയയിലേക്കാണ് പ്രണവ് പോയത്. ഇവിടെ നിന്നുള്ള ചിത്രങ്ങള്‍ പ്രണവ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. മേഘാലയയിലെ പ്രശസ്തമായ ലിവിംഗ് റൂട്ട് ബ്രിഡ്ജസിന്‍റെ ചിത്രവും പ്രണവ് പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.

pranav-travel-pic2
Living Root Bridge, Nongriat. Image Credit:pranavmohanlal/instagram

മേഘാലയയിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര ആകര്‍ഷണങ്ങളില്‍ ഒന്നാണ് നോണ്‍ഗ്രിയാത് ഗ്രാമത്തിലെ ലിവിങ് റൂട്ട് ബ്രിജ്. മനുഷ്യനിർമിതമായ പ്രകൃതിദത്ത പാലങ്ങളാണ് ഇവ. മരങ്ങളുടെ വേരുകള്‍ ക്രമീകരിച്ച്, ഖാസി ഗോത്രക്കാര്‍ ഉണ്ടാക്കുന്ന പാലമാണ് ഇത്. മേഘാലയയില്‍ ഇത്തരം പാലങ്ങള്‍ ധാരാളമുണ്ട്. അവയുടെ കൃത്യമായ പ്രായം ആർക്കും അറിയില്ല, ചില പാലങ്ങൾക്കു നൂറ്റാണ്ടുകൾ പഴക്കമുണ്ടെന്നു വിശ്വസിക്കപ്പെടുന്നു. 

pranav-travel-pic
Image Credit:pranavmohanlal/instagram

മേഘാലയയിലെ ഏറ്റവും പ്രശസ്തമായ റൂട്ട് ബ്രിജാണ് ചിറാപുഞ്ചിയിലെ "ഡബിൾ ഡെക്കർ" റൂട്ട് ബ്രിജ്. 150-ലധികം വർഷം പഴക്കമുള്ള ഈ മനുഷ്യനിർമിത പ്രകൃതി വിസ്മയം, ലംസോഫി വില്ലേജിൽ നിന്ന് ഏകദേശം1,400 അടി താഴെയാണ് സ്ഥിതിചെയ്യുന്നത്. കുത്തനെയുള്ള പടികൾ കയറി ഇരുമ്പ് തൂക്കുപാലം കടന്നു വേണം ഡബിൾ ഡെക്കർ പാലത്തിലെത്താൻ. ആരെയും വിസ്മയിപ്പിക്കുന്ന അതിമനോഹരമായ കാഴ്ചയാണിത്.

പ്രണവിനെ മേഘാലയയില്‍ വച്ച് കണ്ടുമുട്ടിയ അനുഭവം  മലയാളി ട്രാവൽ വ്ലോഗേഴ്സായ, മൈഥിലി ബോസും മൻജിത്ത് മനോഹറും പങ്കുവച്ചിരുന്നു. 

 ‘‘...ചിറാപുഞ്ചിയിൽ ഒരു നോണ്‍ഗ്രിയാത് ട്രെക്കിങ് ഉണ്ട്. നാലു മല കേറിയിറങ്ങിയാൽ ഡബിൾ ഡക്കർ ലിവിങ് റൂട്ട് ബ്രിജുകൾ, റെയിൻബോ ഫോൾസ്... പോലുള്ള ‌ഭംഗിയുള്ള കാഴ്ചകൾ കാണാം. അടിപൊളി ട്രെക്കിങ് അനുഭവമാണ്, ട്രെക്കിങ് പൂർത്തിയാക്കി വിയർത്തു കുളിച്ച് ക്ഷീണിച്ച് അവശരായി ഞങ്ങൾ കയറി വരുമ്പോൾ ഒരാൾ വലിയ ബാഗൊക്കെ തൂക്കി ഒരാൾ നടന്നു വരുന്നു. ഇവിടെ ബാഗൊന്നും ഇല്ലാതെ സ്വന്തമായിട്ടേ നടക്കാൻ പറ്റുന്നില്ല. അപ്പോഴാണ് വലിയ ബാഗും തൂക്കി ഒരാൾ നടന്നു വരുന്നത്. ആർക്കാ ദൈവമേ ഇത്ര വട്ട്! എന്നു പറഞ്ഞു നോക്കിയപ്പോൾ നല്ല പരിചയമുള്ള മുഖം ആരാ? പ്രണവ് മോഹൻലാൽ ഞങ്ങൾ ചെന്ന് ഒരു ഫോട്ടോ എടുത്തു ബൈ പറഞ്ഞു പോന്നു.’’ യാത്ര അനുഭവത്തെക്കുറിച്ച് മൈഥിലി പറഞ്ഞു. വർഷങ്ങൾക്കു ശേഷം എന്ന സിനിമ തിയേറ്ററുകളിലെത്തിയപ്പോൾ പ്രണവ് ഊട്ടി യാത്രയിലായിരുന്നു.

സ്വര്‍ഗ്ഗം പോലെ നോണ്‍ഗ്രിയാത്

ഈസ്റ്റ് ഖാസി ഹിൽസ് ജില്ലയിലെ ഒരു ഗ്രാമമാണ് നോണ്‍ഗ്രിയാത്. സൊഹ്‌റ താഴ്‌വരയാൽ ചുറ്റപ്പെട്ട ഒരു മഴക്കാടിന്റെ ഹൃദയഭാഗത്താണ് ഈ പുരാതനഗ്രാമം സ്ഥിതിചെയ്യുന്നത്. ഇടതൂര്‍ന്ന വനങ്ങളും മലകളും താഴ്​വരകളും വെള്ളച്ചാട്ടങ്ങളും നീലത്തടാകങ്ങളുമെല്ലാമായി അതിമനോഹരമാണ് ഇവിടം. 

ഷില്ലോങിൽ നിന്നും ടിര്‍ന ഗ്രാമത്തിലേക്ക് ഒന്നര മണിക്കൂര്‍ ഡ്രൈവ് ഉണ്ട്. അതിനപ്പുറത്തുള്ള അവസാന പോയിന്റ് കാൽനടയായി മാത്രമേ എത്തിച്ചേരാനാകൂ. നോൺഗ്രിയറ്റ് ഗ്രാമത്തിലേക്കുള്ള അഞ്ച് കിലോമീറ്റർ കാൽനടയാത്ര ആരംഭിക്കുന്നത് ഇവിടെ നിന്നാണ്.

ഗ്രാമത്തിലെത്തിയാല്‍ കാണേണ്ട ആദ്യകാഴ്ച ലിവിങ് റൂട്ട് ബ്രിജസ് തന്നെയാണ്. കാ ഡയങ്‌രി ഫൈക്കസ് ഇലാസ്റ്റിക്ക (Ka diengjri Ficus Elastica) എന്ന് പേരുള്ള റബ്ബര്‍ മരത്തിന്‍റെ വേരുകള്‍ കൊണ്ടു ഖാസി ജനത നെയ്തെടുത്ത ഒട്ടേറെ പാലങ്ങള്‍ ഇവിടെ കാണാം. കേരളത്തിൽ കൃഷി ചെയ്യുന്ന റബർ മരങ്ങളല്ല, ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും നേപ്പാൾ, ചൈന എന്നിവിടങ്ങളിലും കൂടുതലായി കാണപ്പെടുന്ന വൻമരങ്ങളാണിവ. നൂറ്റാണ്ടുകളായി അവര്‍ ഇത്തരം പാലങ്ങള്‍ നിര്‍മ്മിക്കുന്നു. ഒരിക്കല്‍ നിര്‍മ്മിച്ചു കഴിഞ്ഞാല്‍ വര്‍ഷങ്ങള്‍ കടന്നു പോകെ കുരുക്കുകള്‍ മുറുകി അവ കൂടുതല്‍ ബലപ്പെടുന്നു. 

ഇവിടുത്തെ മറ്റൊരു പ്രധാന കാഴ്ചയാണ് റെയിൻബോ വെള്ളച്ചാട്ടം. ഡബിൾ ഡെക്കർ റൂട്ട് ബ്രിജിൽ നിന്ന് ഏകദേശം 3 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്, ട്രെക്കിങ് വഴി മാത്രമേ എത്തിച്ചേരാനാകൂ. മേഘാലയയിലെ തന്നെ ഏറ്റവും മനോഹരമായ വെള്ളച്ചാട്ടങ്ങളിൽ ഒന്നാണ് വനത്തിനുള്ളിൽ ഒറ്റപ്പെട്ടുകിടക്കുന്ന റെയിന്‍ബോ ഫാള്‍സ്. ഇവിടെ വെള്ളച്ചാട്ടത്തിൽ സൂര്യരശ്മികൾ വീഴുമ്പോഴെല്ലാം ഒരു ചെറിയ മഴവില്ല് കാണാം എന്നതിനാലാണ് ഈ വെള്ളച്ചാട്ടത്തിന് ആ പേര് ലഭിച്ചത്. നീലനിറത്തിലുള്ള മനോഹരമായ തടാകത്തിലേക്കാണു വെള്ളച്ചാട്ടം പതിക്കുന്നത്.  റെയിൻബോ വെള്ളച്ചാട്ടം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം വേനൽക്കാലമാണ്. ഈ സമയത്ത് വെള്ളച്ചാട്ടത്തിന്റെ ഒഴുക്ക് അല്പം കുറവാണെങ്കിലും മഴക്കാലത്തെപ്പോലെ അപകട സാധ്യതയില്ല.

ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടങ്ങളിലൊന്നായ നോഹ്കലികായ് വെള്ളച്ചാട്ടത്തിലേക്കുള്ള ട്രെക്കിങ്ങും ഇവിടെ നിന്നും പോകാം.

സന്ദർശിക്കാൻ ഏറ്റവും നല്ല സമയം

ഒക്‌ടോബർ മുതൽ മേയ് വരെയുള്ള മാസങ്ങളിലാണ് നോൺഗ്രിയത് വില്ലേജ് സന്ദർശിക്കാൻ ഏറ്റവും നല്ലത്. സുഖകരമായ കാലാവസ്ഥയും കുറഞ്ഞ മഴയും ട്രെക്കിങ്ങിനും ഔട്ട്‌ഡോർ പ്രവർത്തനങ്ങൾക്കും അനുയോജ്യമാണ്. ജൂൺ മുതൽ സെപ്തംബർ വരെയുള്ള മഴക്കാലത്ത് മേഘാലയയിൽ കനത്ത മഴ അനുഭവപ്പെടുന്നതിനാല്‍ പലയിടങ്ങളിലും മണ്ണിടിച്ചിലും ചില പ്രദേശങ്ങളിലേക്കുള്ള പ്രവേശനനിയന്ത്രണങ്ങളും ഉണ്ടാകാറുണ്ട്.

English Summary:

Pranav Mohanlal's Mesmerizing Meghalaya Adventure - Discover the Living Root Bridges with Him!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com