നീലിയെത്തേടി ധർമശാലയിൽ, കാവുകളും മടപ്പുരയും കണ്ട് കണ്ണൂരിലൂടെ ; വിഡിയോ
Mail This Article
ക്ഷേത്രങ്ങളുടെയും കാവുകളുടെയും തെയ്യങ്ങളുടെയുമെല്ലാം നാടാണ് കണ്ണൂര്‍. കൊട്ടിയൂര്‍ അമ്പലം, പറശിനിക്കടവ് ക്ഷേത്രം തുടങ്ങി പ്രസിദ്ധമായ നിരവധി ക്ഷേത്രങ്ങള്‍ കണ്ണൂരിലുണ്ട്. വയനാടിനോട് ചേര്‍ന്നുള്ള മലയടിവാരത്ത് കാടിനോട് ചേര്‍ന്നുള്ള ക്ഷേത്രമാണ് കൊട്ടിയൂര്‍ അമ്പലം. നിരവധി ഐതിഹ്യങ്ങള്‍ ക്ഷേത്രത്തെ ചുറ്റിപ്പറ്റിയുണ്ട്. മറ്റു ക്ഷേത്രങ്ങളില്‍ നിന്നും തികച്ചും വിഭിന്നമായി കോരിച്ചൊരിയുന്ന മഴ പെയ്യുമ്പോളാണ് കൊട്ടിയൂരില്‍ ഉത്സവം ആഘോഷിക്കുന്നത്. വയനാട്ടിലെ തിരുനെല്ലിയുള്പ്പെടെയുള്ള ക്ഷേത്രങ്ങളുമായി അഭേദ്യമായ ബന്ധമാണ് കൊട്ടിയൂരിനുള്ളത്. ബാവലിപ്പുഴയുടെ തീരത്ത് പ്രശാന്ത സുന്ദരമായ സ്ഥലത്ത് ദശാബ്ദങ്ങള്‍ പഴക്കമുള്ള വന്‍ മരങ്ങളുടെ തണലില്‍ കൊട്ടിയൂര്‍ അമ്പലം കുടികൊള്ളുന്നു.
വയനാട്ടില്‍ നിന്നും ആരംഭിച്ച യാത്ര പാല്‍ച്ചുരം കടന്ന് കൊട്ടിയൂര്‍ ക്ഷേത്രത്തിലെ ആയില്യാര്‍ കാവിലെ പേരറിയാ മരങ്ങളുടെ തണല്‍വിരിച്ച പാതയിലൂടെ മുന്നോട്ട് പോയി. ഇരിട്ടിയും ഇരിക്കൂറും കഴിഞ്ഞ് വണ്ടി നിര്‍ത്തിയത് പറശിനിക്കടവ് ക്ഷേത്രത്തിലാണ്. മാറ്റിനിര്‍ത്തപ്പെട്ടവരെ ചേര്‍ത്തുപിടിച്ച മുത്തപ്പന്റെ സന്നിധിയിലെത്തി. പാവപ്പെട്ടവരെ പടിക്കുപുറത്തു നിര്‍ത്തുകയും ആട്ടിപ്പായിക്കുകയും ചെയ്തിരുന്ന സമൂഹത്തിലേക്ക് കൊള്ളിയാന്‍ വെട്ടമായിട്ടായിരുന്നു മുത്തപ്പന്റെ കടന്നുവരവ്. പുലയനെയും പറയനെയും ചേര്‍ത്തു പിടിച്ച മുത്തപ്പനായി ജനം മടപ്പുരകള്‍ തീര്‍ത്തു. തെയ്യവും വെള്ളാട്ടവും തിറയാട്ടവുമായി ഇന്നും മുത്തപ്പന്റെ സന്നിധിയിലേക്ക് ആയിരങ്ങള്‍ അഭയം തേടിയെത്തുന്നു.
വിശാലമായിക്കിടക്കുന്ന വളപട്ടണം പുഴയില്‍ തലങ്ങും വിലങ്ങും ബോട്ടുകള്‍ ഒഴുകുന്നുണ്ട്. ചെറിയ പെഡല്‍ ബോട്ടുകള്‍ മുതല്‍ വലിയ ഹൗസ് ബോട്ടുകള്‍ വരെ ശാന്തമായി ഇളം കാറ്റില്‍ നീങ്ങുകയാണ്. മുത്തപ്പനെ തൊഴുന്നതിനൊപ്പം ബോട്ടുയാത്രയും പറശിനിക്കടവിലെത്തിയാല് നടത്താം.
പ്രകൃതി തന്നെയാണ് ദൈവമെന്ന് വിളിച്ചുപറയുന്നതാണ് കാവുകള്‍. പലയിടത്തും കാവുകള്‍ ഓര്‍മകളില്‍ നിന്നു പോലും മറഞ്ഞുപോയപ്പോള്‍ കണ്ണൂരില്‍ ഇത്തരം കാവുകള്‍ കാലാതീതമായി നിലനിര്‍ത്തിപ്പോരുന്നുണ്ട്. അതില്‍ പ്രസിദ്ധമായ ഒന്നാണ് നീലിയാര്‍ കോട്ടം. പച്ചക്കാട്ടിലമ്മയെന്ന് വിളിക്കുന്ന കാവില്‍ വിശേഷ ദിവസങ്ങളിലാണ് പൂജ നടത്താറുള്ളത്. ഇരുത്തിയഞ്ചടിയോളം ഉയരമുള്ള വലിയ തലപ്പാവ് ധരിച്ച് പച്ചക്കാട്ടിലമ്മ കാവിലെ വള്ളിക്കെട്ടു പടര്‍ന്ന ഇടവഴിയിലൂടെ കടന്ന് വരും. കടും ചുവപ്പ് നിറം ചാര്‍ത്തിയ ദൈവക്കോലം ആളുകള്‍ക്കിടയിലൂടെ നടക്കും. പിന്നീട് സംസാരിക്കുന്നത് മനുഷ്യനല്ല, ദൈവമാണ്. മനുഷ്യന് ദൈവവും ദൈവം മനുഷ്യനുമായി മാറുന്ന അപൂര്‍വ നിമിഷം.
നീലയാര്‍ കോട്ടത്തിലെ വൈകിട്ടത്തെ പൂജകളൊക്കെ കഴിഞ്ഞ് എത്തിച്ചേര്‍ന്നത് വൈദേകം നിരാമയ റിട്രീറ്റ് സെന്ററിലാണ്. മൊറാഴയിലെ കുന്നില്‍ മുകളിലെ വിശാലമായ റിസോര്‍ട്ടാണ് വൈദേകം നിരാമയ. കുന്നിന് മുകളിലായതിനാല്‍ വിശാലമായ ദൂരക്കാഴ്ച കാണാം. ആയുര്‍വേദ തെറാപ്പി, മ്യൂസിക് തെറാപ്പി, യോഗ തുടങ്ങി ഒട്ടനവധി കാര്യങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. കണ്ണൂരിലെ കാവും കാടും കണ്ടലും താണ്ടിയെത്തുന്ന സഞ്ചാരിക്ക് സ്വച്ഛന്തം അന്തിയുറങ്ങാം വൈദേകം നിരാമയ റിട്രീറ്റ് സെന്ററില്‍.