ഇന്നത്തെ ലോകത്തേക്കാൾ ഏഴുവർഷം പിന്നിൽ; ‘മനുഷ്യർ ഉദ്ഭവിച്ച’ നാടു കാണാം
Mail This Article
സുന്ദരമായ പ്രകൃതിയും പ്രകൃതിരമണീയമായ കാഴ്ചകളും. അപൂർവമായ വന്യജീവികളുടെ സംഗമസ്ഥാനം. ആരെയും ആകർഷിക്കുന്ന ചരിത്രവും ഭൂപ്രകൃതിയും. ഇത്രയൊക്കെ കാഴ്ചകളും വിസ്മയങ്ങളും ഈ രാജ്യത്ത് ഉണ്ടെങ്കിൽ ഒരു അവധിക്കാല വിനോദസഞ്ചാര കേന്ദ്രമായി പലരുടെയും മനസ്സിൽ ഇത്യോപ്യയില്ല. കാരണം, ഇത്യോപ്യ എന്ന രാജ്യത്തെക്കുറിച്ച് പുറം ലോകത്ത് നിരവധി തെറ്റിദ്ധാരണകളുണ്ട്. അതുകൊണ്ടു തന്നെ ഈ രാജ്യം സന്ദർശിക്കുമ്പോൾ ഇവിടുത്തെ പട്ടിണിയെക്കുറിച്ചും വരൾച്ചയെക്കുറിച്ചുമുള്ള ധാരണകൾ കൂടിയാണ് മാറുക.
വളരെ മനോഹരമായ പ്രകൃതിയും ചരിത്രവുമാണ് ഇത്യോപ്യയിൽ സഞ്ചാരികളെ കാത്തിരിക്കുന്നത്. മനോഹരമായ പ്രകൃതിദൃശ്യങ്ങളും കോട്ടകളും മരുഭൂമികളും വന്യജീവികളും തുടങ്ങി നിരവധി കാഴ്ചകളാണ് ഇത്യോപ്യയിൽ സഞ്ചാരികളെ കാത്തിരിക്കുന്നത്. ഇന്ത്യൻ പാസ്പോർട്ട് കൈവശമുള്ളവർക്ക് ഇത്യോപ്യയിലേക്ക് പോകണമെങ്കിൽ ഇ-വീസയാണ് വേണ്ടത്. സെപ്റ്റംബർ മുതൽ ഏപ്രിൽ വരെയുള്ള സമയമാണ് ഇത്യോപ്യ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം.
ലോകത്ത് മറ്റെവിടെയും ഇല്ലാത്ത കലണ്ടർ
ഇത്യോപ്യയെക്കുറിച്ച് പറയുമ്പോൾ എടുത്തു പറയേണ്ട ഒന്നാണ് അവിടുത്തെ കലണ്ടർ. ലോകത്തുള്ള മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് ഇത്യോപ്യയ്ക്ക് അവരുടേതായ, സ്വന്തമായ ഒരു കലണ്ടർ തന്നെയുണ്ട്. പാശ്ചാത്യ ഗ്രിഗോറിയൻ കലണ്ടറിന് 12 മാസമാണ് ഉള്ളതെങ്കിൽ ഇത്യോപ്യൻ കലണ്ടറിന് 13 മാസമാണ് ഉള്ളത്. അതുകൊണ്ടു തന്നെ ഗ്രിഗോറിയൻ കലണ്ടറിനെ അപേക്ഷിച്ച് ഏഴു വർഷം പിന്നിലാണ് ഇത്യോപ്യൻ കലണ്ടർ. ഇത്യോപ്യക്കാർ പുതിയ സഹസ്രാബ്ദത്തെ സ്വാഗതം ചെയ്തത് 2007 സെപ്റ്റംബർ 11ന് ആയിരുന്നു. റോമൻ സഭയുടെ ഭേദഗതിക്ക് മുമ്പുള്ള എഡി 525 ലെ കലണ്ടർ ആണ് ഇത്യോപ്യ പിന്തുടരുന്നത്. അതേസമയം, ലോകത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്ന് വ്യത്യസ്തമാണെങ്കിലും ഇത്യോപ്യയുടെ സമ്പന്നമായ മത - സാംസ്കാരിക - പൈതൃകവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു ഈ കലണ്ടർ. മതപരമായ ആചാരങ്ങളുടെ പ്രാധാന്യം ഊന്നിപ്പറയുന്ന പുരാതന കോപ്റ്റിക് കലണ്ടറിൽ നിന്നാണ് 13 മാസമെന്ന ഇത്യോപ്യൻ കലണ്ടർ സമ്പ്രദായം പിറവി കൊണ്ടതെന്നാണ് കരുതപ്പെടുന്നത്.
അതേസമയം, ഇത്യോപ്യയുടെ പതിമൂന്നാമത്തെ മാസമായ പാഗുമേയിൽ ആകെ അഞ്ചു ദിവസങ്ങളാണ് ഉള്ളത്. അധിവർഷത്തിൽ അത് ആറു ദിവസങ്ങളാകും. മതപരമായ ആഘോഷങ്ങൾ, വിളവെടുപ്പ് ഉത്സവങ്ങൾ, സാംസ്കാരിക പരിപാടികൾ എന്നിവയെല്ലാമാണ് പതിമൂന്നാം മാസത്തിൽ നടക്കുന്നത്. ഇത്യോപ്യൻ ജീവിതരീതിക്ക് തന്നെ പുതിയ മാനം നൽകുന്ന, വ്യതിരിക്തമായ താളം നൽകുന്നവയാണ് ഇവയെല്ലാം. രാജ്യത്തിന്റെ കാർഷിക കാലങ്ങളുമായും ഈ കലണ്ടർ യോജിച്ചു പോകുന്നു.
ഇത്യോപ്യൻ കലണ്ടർ പലപ്പോഴും വെല്ലുവിളിയാകുന്നത് രാജ്യത്തേക്ക് എത്തുന്ന സഞ്ചാരികൾക്കാണ്. പക്ഷേ, അത്ര കാര്യമായ ഒരു വെല്ലുവിളിയല്ല ഇത്. ഇത്യോപ്യയുടെ സംസ്കാരവും നിർണയിക്കുന്നതിൽ ഈ കലണ്ടറിന് കാര്യമായ പങ്കുണ്ട്. നിലവിൽ മിക്ക ഇത്യോപ്യക്കാർക്കും ഗ്രിഗോറിയൻ കലണ്ടർ പരിചിതമാണ്. അതു കൊണ്ടു തന്നെ രണ്ട് കലണ്ടറുകളും മാറി മാറി ഉപയോഗിക്കുന്നവരുമുണ്ട്. ഇത്യോപ്യൻ കലണ്ടറിലെ പതിമൂന്നാം മാസം ആ രാജ്യത്തിന്റെ സംസ്കാരത്തെയും സാംസ്കാരിക പൈതൃകത്തെയും കാർഷിക സംസ്കാരത്തെയും ആഘോഷിക്കുന്നതാണ്.
ആദിമനുഷ്യരുടെ ദേശമായ ഇത്യോപ്യ
ഇത്യോപ്യയിലെ അഫർ മേഖലയിലെ വിവിധ പുരാവസ്തു ഗവേഷകരുടെ കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത് മനുഷ്യ ഉത്ഭവം ഇവിടെയാണെന്നാണ്. 1974ൽ 3.2 മില്യൺ വർഷം പഴക്കമുള്ള ലൂസി എന്ന ഹോമിനിഡ് അസ്ഥികൂടം ഇവിടെ നിന്നാണ് കണ്ടെത്തിയത്. ഇത് ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും പഴക്കമുള്ള അസ്ഥികൂടമാണിത്.
ഇത്യോപ്യയുടെ മതവും ഭക്ഷണക്രമവും
ഇത്യോപ്യയിലെ പ്രബലമായതും ശക്തമായതുമായ മതം യാഥാസ്ഥിതിക ക്രിസ്തുമതമാണ്. ആകെയുള്ള ജനസംഖ്യയുടെ പകുതിയും ക്രിസ്ത്യാനികളാണ്. ഈ മതവിശ്വാസം പിന്തുടരുന്നവർ വർഷത്തിൽ 200 മുതൽ 250 ദിവസം വരെ ഉപവാസത്തിൽ ആയിരിക്കും. പരമ്പരാഗത ഉപവാസ സങ്കൽപങ്ങളിൽ നിന്നും വ്യത്യസ്തമാണ് ഇത്യോപ്യൻ ഉപവാസം. മുട്ട, മാംസം, പാലുൽപ്പന്നങ്ങൾ തുടങ്ങി എല്ലാ മൃഗ ഉൽപ്പന്നങ്ങളിൽ നിന്നും വിട്ടു നിൽക്കുന്നതാണ് ഉപവാസം. വർഷം മുഴുവൻ എല്ലാ ബുധൻ, വെള്ളി ദിവസങ്ങളിൽ ഈ ഉപവാസം പിന്തുടരുന്നു. കൂടാതെ, മതപരമായ നിരവധി അവധി ദിവസങ്ങളും എത്യോപ്യയിൽ ഉണ്ട്. ഇവിടുത്തെ റസ്റ്റോറന്റുകളിൽ എരിവുള്ള സസ്യാഹാരവും പ്രധാനപ്പെട്ടതാണ്.