മൂന്നാറിൽ താമസിക്കാൻ ‘ഒരു രൂപയ്ക്ക് ഒരു മുറി’ ഓഫർ
Mail This Article
മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് ഒരു രൂപയ്ക്ക് മുറി നല്‍കുമെന്ന വാഗ്ദാനവുമായി മൂന്നാര്‍ ടൂറിസ്റ്റ് നൈറ്റ് ഗൈഡ് അസോസിയേഷന്‍. മാര്‍ച്ച് 27ന് മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്കാണ് ഈ ഓഫര്‍ ആസ്വദിക്കാനാവുക. 200 മുറികള്‍ ഒരു രൂപ വാടകയില്‍ നല്‍കുമെന്ന് മൂന്നാര്‍ ടൂറിസ്റ്റ് നൈറ്റ് ഗൈഡ് അസോസിയേഷന്‍ അറിയിച്ചു.
മൂന്നാര്‍ മേഖലയില്‍ രാത്രികാല ടൂറിസ്റ്റ് ഗൈഡുകളായി പ്രവര്‍ത്തിക്കുന്ന 40 പേര്‍ ചേര്‍ന്നാണ് മൂന്നാര്‍ ടൂറിസ്റ്റ് നൈറ്റ് ഗൈഡ് അസോസിയേഷന്‍ രൂപീകരിച്ചിരിക്കുന്നത്. ടൂറിസം പ്രമോഷന്റെ ഭാഗമായാണ് ഈ ഓഫർ എന്ന് ടൂറിസ്റ്റ് നൈറ്റ് ഗൈഡ് അസോസിയേഷന്‍ സെക്രട്ടറി ജോയ്സൺ മനോരമ ഓൺലൈനോട് പറഞ്ഞു.
‘‘180 മുറികൾ ഇപ്പോൾ തന്നെ ആളുകൾ ഒരു രൂപയ്ക്ക് ബുക്ക് ചെയ്തു കഴിഞ്ഞു. 20 മുറികൾ നാളെ മൂന്നാറിലെത്തുന്നവർക്ക് വിളിച്ചു ബുക്ക് ചെയ്യാം...’’ – ജോയ്സൺ പറഞ്ഞു. മൂന്നാർ ടൗണിൽ നിന്നും ഒരു കിലോമീറ്റർ ചുറ്റളവിലാണ് ഈ താമസസ്ഥലങ്ങൾ.
അസോസിയേഷന്‍ അംഗങ്ങളുടെ ഉടമസ്ഥതതയിലുള്ള ഹോട്ടലുകളും കോട്ടേജുകളിലുമാണ് 'ഒരു രൂപക്ക് മുറി' എന്ന ഓഫറുള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്കായി 8075161963 എന്ന നമ്പറില്‍ ബന്ധപ്പെടുക. വൈകിട്ട് ആറു മുതല്‍ രാവിലെ ആറു വരെയുള്ള പ്രവര്‍ത്തന സമയത്ത് നൈറ്റ് ഗൈഡ് അസോസിയേഷന്‍ അംഗങ്ങള്‍ യൂണിഫോമും തിരിച്ചറിയല്‍ കാര്‍ഡും ധരിക്കും.
∙ മൂന്നാറില്‍ ജക്രാന്ത പൂക്കാലം
ഇപ്പോള്‍ മൂന്നാറില്‍ എന്തുണ്ട് കാണാനെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ജക്രാന്ത. പച്ചപ്പരവതാനി വിരിച്ചു കിടക്കുന്ന മൂന്നാറിലെ മനോഹരങ്ങളായ തേയില തോട്ടങ്ങള്‍ക്കിടയില്‍ കടും നീല ജക്രാന്ത പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്നത് വ്യത്യസ്ത കാഴ്ചയാണ്. മൂന്നാര്‍ ചിന്നക്കനാല്‍, തലയാര്‍, പള്ളിവാസല്‍, ലക്കം എന്നിവിടങ്ങളിലെല്ലാം നീല വാക എന്നും അറിയപ്പെടുന്ന ജക്രാന്ത പൂക്കള്‍ കാണാനാവും.
മൂന്നാര്‍ ഉദുമല്‍പേട്ട് ദേശീയ പാതയില്‍ പലയിടത്തും നീല വാകയുടെ ചിത്രങ്ങളെടുക്കാന്‍ നിര്‍ത്തുന്നതു സ്ഥിരം കാഴ്ച. ലക്കം മുതല്‍ റോഡിന് ഇരുവശവും ജക്രാന്ത പൂക്കളെ കാണാനാവും. മൂന്നാറില്‍ നിന്നും 18 കിമി അകലെയുള്ള വാഗുവരൈ ഗ്രാമത്തിലെ ഉമിയാമല പാറയുടെ അടിവാരത്തു നിന്നു പോലും മൂന്നാറിലെ നീല വാക പൂക്കളെ കാണാനാവും.
വേനലില്‍ പോലും മൂന്നാറിലെത്തുന്ന സഞ്ചാരികള്‍ക്ക് സുന്ദര ദൃശ്യങ്ങള്‍ ഒരുക്കിയിരിക്കുന്നത് ജക്രാന്ത പൂക്കളാണ്. ഇക്കുറി ജക്രാന്ത മരങ്ങള്‍ വലിയ തോതില്‍ പൂത്തിട്ടുണ്ടെന്നാണ് ആന്റണി മുനിയറ പറയുന്നത്. ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെയാണ് മൂന്നാറിലെ ജക്രാന്ത പൂക്കാലം. ബ്രിട്ടീഷ് കാലഘട്ടത്തില്‍ തേയിലത്തോട്ടങ്ങള്‍ നിര്‍മിക്കുന്നതിനിടെ ജക്രാന്തകളെ നട്ടു പിടിപ്പിച്ചിരുന്നു. എട്ടു മുതല്‍ 15 മീറ്റര്‍ വരെ ഉയരം വെക്കുന്നവയാണ് ജക്രാന്ത മരങ്ങള്‍. താരതമ്യേന ദീര്‍ഘകാലം ജക്രാന്ത പൂക്കള്‍ കൊഴിയാതെ മരങ്ങളില്‍ തന്നെ നില്‍ക്കാറുണ്ടെന്നതും സവിശേഷത.