രണ്ടര വയസ്സുകാരി സിദ്ധി മിശ്ര, എവറസ്റ്റ് ബേസ് ക്യാംപിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ പെണ്‍കുട്ടി
Mail This Article
എവറസ്റ്റ് ബേസ് ക്യാംപിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ പെണ്‍കുട്ടിയായി ഇന്ത്യക്കാരി സിദ്ധി മിശ്ര. ഭോപ്പാൽ സ്വദേശിയായ ഈ രണ്ടര വയസുകാരിയാണ് ഈ നേട്ടം സ്വന്തമാക്കിയത്. മാതാപിതാക്കളായ ഭാവന ദെഹാരിയ, മാഹിം മിശ്ര എന്നിവര്‍ക്കൊപ്പമാണ് സിദ്ധി മിശ്ര എവറസ്റ്റ് ബേസ് ക്യാംപിലെത്തിയത്. ഇവര്‍ മൂന്നു പേരും എവറസ്റ്റ് ബേസ് ക്യാംപ് ട്രെക്കിങ് പൂര്‍ത്തിയാക്കിയെന്ന് മാര്‍ച്ച് 22 ന് എക്‌സ്‌പെഡിഷന്‍ ഹിമാലയ ഡോട്ട് കോം പ്രൈവറ്റ് ലിമിറ്റഡ് നല്‍കിയ സര്‍ട്ടിഫിക്കറ്റില്‍ പറയുന്നു.
സമുദ്ര നിരപ്പില്‍ നിന്നും 17,598 അടി ഉയരത്തിലുള്ള സ്ഥലമാണ് എവറസ്റ്റ് ബേസ് ക്യാംപ്. സിദ്ധി മിശ്രയുടെ അമ്മ ഭാവന ദെഹാരിയ മലകയറ്റം ഇഷ്ടപ്പെടുന്നയാളാണ്. 2019 ല്‍ ഭാവന എവറസ്റ്റ് കീഴടക്കിയിരുന്നു. എവറസ്റ്റിന്റെ വടക്കു കിഴക്കന്‍ ഭാഗമായ ലുക്‌ലയില്‍ നിന്നും മാര്‍ച്ച് 12 നാണ് സിദ്ധിയും മാതാപിതാക്കളും ബേസ് ക്യാംപിലേക്കുള്ള ട്രെക്കിങ് ആരംഭിക്കുന്നത്. പ്രതികൂല കാലാവസ്ഥയേയും ഭൂപ്രകൃതിയേയും കീഴടക്കി 53 കിലോമീറ്ററാണ് ഇവര്‍ മറികടന്നത്. പത്തു ദിവസത്തെ യാത്രയ്ക്കൊടുവില്‍ മാര്‍ച്ച് 22 ന് ഇവര്‍ എവറസ്റ്റ് ബേസ് ക്യാംപിലെത്തി.
മകളുടെ നേട്ടത്തില്‍ ഏറെ സന്തോഷമുണ്ടെന്നു ഭാവന ദെഹാരിയയും മാഹിം മിശ്രയും പറഞ്ഞും. എവറസ്റ്റ് ബേസ് ക്യാംപിനു സമീപത്തു നിന്നും ദേശീയ പതാകയുമായി നില്‍ക്കുന്ന സിദ്ധി മിശ്രയുടെ ചിത്രം പുറത്തുവന്നിട്ടുണ്ട്. സര്‍ എഡ്മണ്ട് ഹിലാരിയുടേയും ടെന്‍സിങ് നോര്‍ഗെയുടേയും ചിത്രങ്ങളുള്ള പുതിയ ബോര്‍ഡ് ബേസ് ക്യാംപില്‍ സ്ഥാപിച്ചിട്ടുണ്ട്. ചിത്രത്തില്‍ കുംബു പസങ്ക് ലാമു റൂറല്‍ മുന്‍സിപ്പാലിറ്റി സ്ഥാപിച്ച ഈ ബോര്‍ഡിന്റെ സമീപത്താണ് സിദ്ധി അമ്മയ്ക്കൊപ്പം നില്‍ക്കുന്നത്.
സിദ്ധിയുടെ നേട്ടം അപൂര്‍വ്വമാണെങ്കിലും എവറസ്റ്റ് ബേസ് ക്യാംപിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയല്ല സിദ്ധി. സ്‌കോട്ട്‌ലാന്‍ഡില്‍ നിന്നുള്ള രണ്ടു വയസ്സുകാരി പിതാവിനൊപ്പം എവറസ്റ്റ് ബേസ് ക്യാംപിലേക്കെത്തിയിരുന്നു. മനോഹരവും വെല്ലുവിളി നിറഞ്ഞതുമായ ഭൂപ്രകൃതിയേയും കാലാവസ്ഥയേയും മറികടന്നു വേണം യാത്രികര്‍ക്ക് എവറസ്റ്റ് ബേസ് ക്യാംപിലേക്കെത്താന്‍. ഇതിനിടെ നിരവധി വെല്ലുവിളികള്‍ ഇവരെ കാത്തിരിക്കുന്നുണ്ട്.
ആള്‍ട്ടിറ്റ്യൂഡ് സിക്ക്‌നെസ്
സമുദ്ര നിരപ്പില്‍ നിന്നും 2,860 മീറ്റര്‍ ഉയരത്തില്‍ നിന്നാണ് എവറസ്റ്റ് ബേസ് ക്യാംപിലേക്കുള്ള ട്രെക്കിങ് ആരംഭിക്കുന്നത്. യാത്രയ്ക്കിടെ പലതവണ സമുദ്ര നിരപ്പില്‍ നിന്നും 5,000 മീറ്ററിലേറെ ഉയരം മറികടക്കേണ്ടി വരികയും ചെയ്യും. കുറഞ്ഞ അന്തരീക്ഷ മര്‍ദ്ദവും കുറഞ്ഞ ഓക്‌സിജനുമെല്ലാം ചേര്‍ന്നു ആള്‍ട്ടിറ്റ്യൂഡ് സിക്‌നെസിലേക്കു നയിച്ചേക്കാം.
കഠിനമായ തലവേദനയും തലചുറ്റലും ക്ഷീണവും ഉറക്കം വരാതിരിക്കലുമെല്ലാമാണ് ആള്‍ട്ടിറ്റ്യൂഡ് സിക്‌നെസിന്റെ ലക്ഷണങ്ങള്‍. ഏത് പ്രായത്തിലുള്ളവര്‍ക്കും എത്ര മികച്ച ആരോഗ്യസ്ഥിതിയുള്ളവര്‍ക്കും ആള്‍ട്ടിറ്റ്യൂഡ് സിക്‌നെസ് വന്നേക്കാം. പല തവണ എവറസ്റ്റ് ട്രെക്കിങ് നടത്തിയപ്പോഴും ആള്‍ട്ടിറ്റ്യൂഡ് സിക്‌നെസ് വന്നിട്ടില്ലെങ്കില്‍ പോലും പുതിയൊരു ട്രെക്കിങില്‍ ഇതിനുള്ള സാധ്യതയുണ്ട്.
കാലാവസ്ഥയുമായി ഇണങ്ങിയ ശേഷം മാത്രം ട്രെക്കിങ് ആരംഭിക്കുക, പരമാവധി വെള്ളം കുടിക്കുക, എത്രയും വേഗം താഴ്ന്ന ഭൂനിരപ്പുള്ള പ്രദേശങ്ങളിലേക്കു മടങ്ങുക എന്നിങ്ങനെയുള്ള ലളിതമായ പരിഹാരമാര്‍ഗങ്ങളാണ് ആള്‍ട്ടിറ്റ്യൂഡ് സിക്‌നെസിനുള്ളത്. അതേസമയം ശ്രദ്ധിച്ചില്ലെങ്കില്‍ ഈ പ്രശ്‌നം ഗുരുതരമാവാനും ജീവനെടുക്കാനും വരെ സാധ്യതയുമുണ്ട്.
കാലാവസ്ഥ
ട്രെക്കിങ് സീസണില്‍ പോലും രാത്രിയില്‍ താപനില വളരെയധികം താഴാറുണ്ട്. മഞ്ഞു മൂടിയതും മഴപെയ്യുന്നതുമായ പകലുകളിലും തണുപ്പ് വില്ലനാവാറുണ്ട്. അപ്രതീക്ഷിതമായി മാറി മറിയുന്ന കാലാവസ്ഥയും എവറസ്റ്റിലെത്തുന്നവരെ പരീക്ഷിക്കും. തണുപ്പിനെ പ്രതിരോധിക്കാന്‍ ആവശ്യമായ വസ്ത്രങ്ങളും കയ്യുറയും തൊപ്പിയും നീളന്‍ കാലുറയുള്ള ബൂട്ടുമെല്ലാം അത്യാവശ്യമാണ്.
ഭൂപ്രകൃതി
എവറസ്റ്റ് ബേസ് ക്യാംപിലേക്കുള്ള യാത്രയ്ക്കിടെ വ്യത്യസ്തമായ ഭൂപ്രകൃതികളും മറികടക്കേണ്ടതുണ്ട്. പൈന്‍ മരക്കാടുകളും കുറ്റിക്കാടുകളും പാറക്കെട്ടുകളും കുത്തനെയുള്ള കയറ്റിറക്കങ്ങളും മഞ്ഞു നിറഞ്ഞ ഭാഗങ്ങളും വരെ കടന്നു വേണം ബേസ് ക്യാംപിലേക്കെത്താന്‍. ഈ വെല്ലുവിളികള്‍ മറികടന്ന് പ്രതിദിനം ശരാശരി 15 കിമി നടക്കുകയും വേണം.
താമസവും ഭക്ഷണവും
ആള്‍താമസം കുറഞ്ഞ ഒറ്റപ്പെട്ട മലമ്പ്രദേശമായതിനാല്‍ തന്നെ താമസത്തിനും ഭക്ഷണത്തിനുമുള്ള സൗകര്യങ്ങള്‍ പരിമിതമാണ്. അടിസ്ഥാന സൗകര്യങ്ങള്‍ മാത്രമേ താമസത്തിനും ഭക്ഷണത്തിനും പ്രതീക്ഷിക്കാവൂ. പരിപ്പുകറിയും ചോറും അഥവാ ദാല്‍ ഭാട്ടാണ് പ്രധാന ഭക്ഷണം. പിന്നെ നൂഡില്‍സായിരിക്കും മറ്റൊരു പ്രധാന ഭക്ഷണം. വേഗത്തിൽ തയാറാക്കാം ആവശ്യത്തിന് ഊര്‍ജം ലഭിക്കുമെന്നതുമാണ് ഈ ഭക്ഷണം തിരഞ്ഞെടുക്കാൻ കാരണം.
മരുന്ന്
എവറസ്റ്റ് ബേസ് ക്യാംപിലേക്കു മാത്രമല്ല, ഏതൊരു ട്രെക്കിങ്ങിനു പോകുന്നവരും ഫസ്റ്റ് എയ്ഡ് കിറ്റ് കരുതണം. എവറസ്റ്റ് ബേസ് ക്യാംപ് ട്രെക്കിങ്ങിനിടെ അടിയന്തര വൈദ്യ സഹായം വേണ്ടി വന്നാല്‍ ആംബുലന്‍സിലല്ല ഹെലിക്കോപ്റ്ററിലാണ് ആശുപത്രിയിലേക്കെത്തിക്കേണ്ടി വരിക. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ അധികൃതര്‍ നല്‍കുന്ന സുരക്ഷാ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കുക മാത്രമാണ് പോംവഴി. ഇത് സ്വപ്‌ന യാത്രകളെ ദുരന്തമാക്കി മാറ്റാതിരിക്കാന്‍ സഹായിക്കും.