വാർത്തകളിൽ ഇടം പിടിച്ച കച്ചത്തീവ് ദ്വീപ്: ഈ വർഷത്തെ യാത്രയിൽ ഇന്ത്യക്കാരില്ല
Mail This Article
ഇന്ത്യൻ മഹാസമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന, ശ്രീലങ്കയുടെ കൈവശമുള്ള കച്ചത്തീവ് ദ്വീപ് ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്. 1974 ൽ അന്നത്തെ കോൺഗ്രസ് സർക്കാർ ഒരു സമുദ്ര ഉടമ്പടിയിലൂടെ ശ്രീലങ്കയ്ക്കു വിട്ടുകൊടുത്തുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചതോടെ കച്ചത്തീവ് ഒരു രാഷ്ട്രീയ വിഷയം കൂടിയാകുകയാണ്.
രാമേശ്വരത്തുനിന്ന് 23 കിലോമീറ്ററും ലങ്കയിലെ തലൈമന്നാറിൽനിന്ന് 27 കിലോമീറ്ററും ദൂരമുള്ള ദ്വീപിൽ നിലവിൽ സ്ഥിരതാമസക്കാരില്ലെങ്കിലും അവിടുത്തെ സെന്റ് ആന്റണീസ് കാത്തലിക് ദേവാലയത്തിൽ വർഷം തോറും ഫെബ്രുവരിയിലോ മാർച്ചിലോ നടക്കുന്ന തിരുനാൾ ഉൽസവത്തിന് ഇന്ത്യയിൽനിന്നും ശ്രീലങ്കയിൽനിന്നും ആയിരക്കണക്കിന് തീർഥാടകരാണ് എത്തുന്നത്. ഈ വർഷം ഫെബ്രുവരി 22 മുതൽ 24 വരെയായിരുന്നു തിരുനാൾ. രാമേശ്വരത്തുനിന്നു രണ്ടര മണിക്കൂർ ബോട്ട് യാത്രയുണ്ട് ദ്വീപിലേക്ക്. തന്ത്രപ്രധാനമായ സ്ഥലമായതിനാൽ, തീർഥാടകർ ദ്വീപിൽ എത്തുന്നതിനു മുമ്പും ശേഷവും സുരക്ഷാപരിശോധനകളുണ്ട്.
1905 ൽ സ്ഥാപിച്ച പള്ളിയിലെ ആരാധന തമിഴിലാണ്. പള്ളിയിലേക്കുള്ള വഴിയിൽ തിരക്കേറിയ മാർക്കറ്റുകളുണ്ട്. ശംഖുകളും കടൽച്ചിപ്പികളും കൊണ്ടു നിർമിച്ച കൗതുകവസ്തുക്കൾ വിൽക്കുന്ന കടകളും ഭക്ഷണശാലകളുമൊക്കെ ഇവിടെയുണ്ടാകും.
ഈ വർഷം ഇന്ത്യക്കാരില്ല
ഇന്ത്യൻ മത്സ്യത്തൊഴിലാളികളും ശ്രീലങ്കൻ മത്സ്യത്തൊഴിലാളികളും തമ്മിലുണ്ടായ സംഘർഷം മൂലം ഇത്തവണ ഇന്ത്യയിൽനിന്ന് ദ്വീപിലേക്ക് തീർഥാടകരുണ്ടായിരുന്നില്ല.