റൈഡര്‍മാരുടെ പ്രിയപ്പെട്ട ലഡാക്ക്, നല്ല നേരം നോക്കി യാത്ര പോകാം!
Mail This Article
പലര്‍ക്കും കാത്തുകാത്തിരുന്ന് യാഥാര്‍ഥ്യമായ യാത്രയാണ് ലഡാക്കിലേക്കുള്ളത്. ചിലരെങ്കിലും കാത്തിരിപ്പു തുടരുകയുമാണ്. കാലാവസ്ഥ കൊണ്ടും ഭൂമിശാസ്ത്രപരമായ സവിശേഷതകള്‍ കൊണ്ടും അന്യഗ്രഹ പ്രതീതി സമ്മാനിക്കാന്‍ വേണ്ട പലതുമുണ്ട് ലഡാക്കില്‍. ട്രെക്കിങ്ങിനെത്തുന്നവരും ബൈക്ക് ട്രിപ്പിനെത്തുന്നവരും മഞ്ഞും മഞ്ഞുപുലിയെ കാണാനെത്തുന്നവരുമെല്ലാമുണ്ട് ലഡാക്കിലേക്കുള്ള യാത്രികരുടെ കൂട്ടത്തില്‍. വര്‍ഷത്തില്‍ എല്ലാ സമയവും ലഡാക്ക് യാത്രയ്ക്ക് അനുയോജ്യമല്ല. ഏതൊക്കെയാണ് ലഡാക്ക് യാത്രക്കുള്ള നല്ല നേരങ്ങള്‍.
വേനല്‍
ഓരോ കാലത്തും ഓരോ അനുഭവങ്ങളാണ് ലഡാക്ക് സമ്മാനിക്കുക. അതുകൊണ്ടു തന്നെ എപ്പോള്‍ യാത്ര പോകുന്നുവെന്നത് പ്രധാനമാണ്. ഏപ്രില്‍ മുതല്‍ സെപ്തംബര്‍ പകുതി വരെയാണ് ലഡാക്കിലെ വേനല്‍ക്കാലം. ഇക്കാലത്താണ് ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് ഈ ഹിമാലയന്‍ പ്രദേശത്തെ താപനില എത്തുക. ഏപ്രില്‍ തുടക്കത്തോടെ സാധാരണഗതിയില്‍ മഞ്ഞുരുകി തുടങ്ങും. അതോടെ യാത്രികര്‍ക്കു മുന്നില്‍ ശ്രീനഗര്‍ - ലേ ദേശീയ പാത തുറക്കും.
ഇനി ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലത്താണ് വരുന്നതെങ്കില്‍ റോഡു മാര്‍ഗം വരാതിരിക്കുന്നതാണ് ഉചിതം. ആകാശമാര്‍ഗം തിരഞ്ഞെടുക്കാം. ഈ സമയത്ത് മഞ്ഞുവീഴ്ചയേയും മണ്ണിടിച്ചിലിനേയും തുടര്‍ന്നു റോഡു മാര്‍ഗമുള്ള യാത്ര ദുഷ്‌ക്കരമായിരിക്കുമെന്നതാണ് കാരണം. നേരെ മറിച്ച് വേനല്‍കാലത്തു ലേയും നുബ്ര താഴ്‌വരയും പാങ്കോങ് തടാകവുമെല്ലാം താരതമ്യേന എളുപ്പം എത്തിച്ചേരാവുന്ന കേന്ദ്രങ്ങളായി മാറും.
ഷാം വാലി ട്രക്ക്, മര്‍ക്ക ട്രക്ക് എന്നിങ്ങനെയുള്ള ലഡാക്കിലെ ട്രെക്കിങുകള്‍ക്ക് പറ്റിയ സമയവും ഇതു തന്നെ. ലഡാക്കിലെ അത്തിപ്പഴത്തിന്റെ സീസണ്‍ ഏപ്രിലിലാണ്. അതുകൊണ്ട് ഏപ്രിലിലെ യാത്രകള്‍ അധികമായി ഈയൊരു സാധ്യത കൂടി തുറന്നു തരുന്നു. മാത്രമല്ല വേനല്‍കാലത്താണെങ്കില്‍ പ്രശാന്തമായ കാലാവസ്ഥയും തെളിഞ്ഞ ആകാശവും പ്രകൃതി ഭംഗി കൂടുതല്‍ നന്നായി ആസ്വദിക്കാനും പക്ഷി നിരീക്ഷണത്തിനുമെല്ലാം സഹായിക്കുകയും ചെയ്യും.
ലഡാക്കിലേക്ക് റോഡ് ട്രിപ്പ് പ്ലാന്‍ ചെയ്യുന്നവര്‍ക്ക് കുറിച്ചുവയ്ക്കാവുന്ന സമയം ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ളതാണ്. ജൂണിലാണ് മണാലി വഴിയുള്ള റോത്തങ് പാസ് തുറക്കുക. ഇതേ സമയത്തു തന്നെ ലഡാക്കിലേക്കുള്ള മറ്റു റോഡുകളും തടസങ്ങള്‍ നീക്കി തുറക്കും. ഏപ്രില്‍ മുതല്‍ ജൂണ്‍ അവസാനം വരെയുള്ള വേനലില്‍ ലഡാക്കിലെ ശരാശരി താപനില മൂന്നു ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 25 ഡിഗ്രി സെല്‍ഷ്യസ് വരെയാണ്. ജൂലൈ മുതല്‍ സെപ്തംബര്‍ വരെയുള്ള മണ്‍സൂണ്‍ കാലത്ത് ഇത് മൂന്നു ഡിഗ്രി മുതല്‍ 17 ഡിഗ്രി വരെയായി താഴുന്നു. ഇനി ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള മഞ്ഞുകാലത്തിലേക്കുവന്നാല്‍ ശരാശരി താപനില -11 ഡിഗ്രി മുതല്‍ 15 ഡിഗ്രി വരെയായി പിന്നെയും താഴും.
മഴയും മഞ്ഞും
ഹിമാലയത്തിലെ മഴ നിഴല്‍ പ്രദേശങ്ങളിലൊന്നാണ് ലഡാക്ക്. അതുകൊണ്ടു തന്നെ കനത്ത മഴക്കാലം ലഡാക്കിലുണ്ടാവാറില്ല. ഓഗസ്‌റ്റോടെ മഴക്കാലം പരമാവധിയിലെത്തുന്നു. അപ്രതീക്ഷിതമായ കാലാവസ്ഥയുടെ ഭൂമികയാണ് ഹിമാലയം. അതുകൊണ്ടുതന്നെ ഏതു വേനലിലും മഞ്ഞുകാലത്തും പ്രതീക്ഷിക്കാവുന്ന ഒന്നാണ് മഴ. ഇക്കാര്യം കൂടി മനസില്‍ കരുതിക്കൊണ്ടു വേണം യാത്രക്കായി ഒരുങ്ങാന്‍.
ഒക്ടോബറിലാണ് സാധാരണ ലഡാക്കിലെ മഞ്ഞുവീഴ്ച്ച ആരംഭിക്കുക. ലഡാക്കിലെ മഞ്ഞുകാലം മാര്‍ച്ചു വരെ നീളാറുണ്ട്. കര്‍ദുങ്‌ല പാസ് പോലുള്ള ഉയര്‍ന്ന പ്രദേശങ്ങളില്‍ വര്‍ഷത്തില്‍ എല്ലാ സമയത്തും മഞ്ഞു വീഴാറുണ്ട്. എന്നാല്‍ മഞ്ഞുകാലത്ത് ഇത് കൂടുതല്‍ ശക്തമാവുമെന്നു മാത്രം. മഞ്ഞുകാണാനാണ് ലഡാക്കിലേക്കു പോവുന്നതെങ്കില്‍ യാത്രക്കു മുമ്പേ പ്രദേശത്തെ കാലാവസ്ഥാ മുന്നറിയിപ്പ് നോക്കിയിരിക്കണം.
അപ്പോഴും ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കഠിനമായ മഞ്ഞുകാലത്ത് ലഡാക്കിലേക്കുള്ള യാത്രകള്‍ ഒഴിവാക്കുന്നതാണ് ഉചിതം. മഞ്ഞുവീഴ്ച്ച ശക്തമാണ് എന്നതിന് റോഡും ചുരങ്ങളും അടച്ചിരിക്കുന്നുവെന്ന അര്‍ഥം കൂടിയുണ്ട്. അപ്പോഴും വര്‍ഷത്തില്‍ എല്ലായ്‌പ്പോഴും തുറന്നിരിക്കുന്ന ലഡാക്ക് വിമാനത്താവളത്തെ ആശ്രയിക്കാവുന്നതാണ്.
സീസണ്‍
ഏപ്രില്‍ മുതല്‍ സെപ്തബര്‍ വരെയുള്ള സമയത്താണ് ലഡാക്കിലേക്ക് ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തുന്നത്. അതുകൊണ്ടുതന്നെ ഈ കാലമാണ് ലഡാക്കിന്റെ സീസണ്‍. റോഡ് മാര്‍ഗമുള്ള ലഡാക്ക് യാത്രകള്‍ ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെ പരമാവധിയിലെത്തും. ബൈക്കിലായാലും കാറിലായാലും ഈ കാലത്തെ യാത്രകള്‍ പരമാവധിയിലെത്തും. ആള്‍ക്കൂട്ടം കുറഞ്ഞ സമയത്തെ യാത്രകളെ ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കില്‍ ഒക്ടോബര്‍- നവംബര്‍, മാര്‍ച്ച്- മെയ് മാസങ്ങളെ യാത്രക്കായി തെരഞ്ഞെടുക്കാം.
മൗണ്ടന്‍ സിക്‌നസ്
തെക്കേ അറ്റത്തുള്ള കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ നിന്നും ലഡാക്കിലേക്കുള്ള യാത്രകള്‍ക്ക് കുറഞ്ഞത് 8-10 ദിവസങ്ങളെങ്കിലും വേണ്ടി വരും. യാത്ര ട്രെയിനിലാണെങ്കില്‍ പിന്നെയും ദിവസങ്ങളുടെ എണ്ണം കൂടും. ഏതുകാലത്ത് നിങ്ങള്‍ ലഡാക്കിലേക്കുള്ള യാത്ര പ്ലാന്‍ ചെയ്താലും രണ്ട് - മൂന്നു ദിവസങ്ങള്‍ കാലാവസ്ഥയുമായി പൊരുത്തപ്പെടാന്‍ എടുക്കണം. നമുക്ക് പരിചിതമല്ലെങ്കിലും ഹിമാലയ യാത്രകളില്‍ ഇത് വളരെ പ്രധാനമാണ്. സമുദ്ര നിരപ്പില്‍ നിന്നും മൂവായിരം മീറ്റര്‍ ഉയരത്തിലുള്ള സ്ഥലമാണ് ലഡാക്ക്. യാത്രക്കിടെ അക്യൂട്ട് മൗണ്ടന്‍ സിക്‌നസ് അഥവാ എഎംഎസ് വരുന്നത് അത്ര നല്ല അനുഭവമായിരിക്കില്ല.
അഞ്ചു മുതല്‍ പത്തു ദിവസം വരെ നീളുന്നതാണ് ഈ മേഖലയിലെ ട്രക്കിങുകള്‍. ഏറ്റവും ചെറിയ ശാം വാലി ട്രക്ക് പോലുള്ള തുടക്കക്കാര്‍ക്കുള്ള ട്രക്കിങുകള്‍ പോലും മൂന്നു ദിവസമെങ്കിലും നീളാറുണ്ട്. ലഡാക്കിലെ ബൈക്ക്- കാര്‍ യാത്രകള്‍ പോലെ ട്രക്കിങുകളും വലിയ സാധ്യതയാണ് യാത്രികര്‍ക്ക് മുന്നില്‍ തുറക്കുന്നത്. മനോഹരമായ ഭൂപ്രകൃതിയും ടെന്റിലേയും ഹോം സ്‌റ്റേകളിലേയും താമസവും പ്രകാശ മലിനീകരണമില്ലാത്ത ആകാശവും പ്രാദേശിക ഭക്ഷണവുമെല്ലാം ട്രെക്കിങ്ങിലൂടെ ലഭിക്കും.