വിമാനം പുറപ്പെടാൻ വൈകിയാൽ യാത്രക്കാർക്കു പുറത്തിറങ്ങാം
Mail This Article
വിമാന യാത്രകളില്‍ യാത്രകര് നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്ന് എന്തെങ്കിലും കാരണവശാല്‍ വിമാനം ദീര്‍ഘസമയം നിര്‍ത്തിയിടേണ്ടി വന്നാൽ പുറത്തിറങ്ങാനാവില്ലെന്നതാണ്. പലപ്പോഴും ഈ നിയന്ത്രണം വലിയ ബുദ്ധിമുട്ടുകള്‍ യാത്രികര്‍ക്ക് സൃഷ്ടിക്കാറുണ്ട്. ആ പ്രശ്നത്തിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് ബിസിഎഎസ്. ദീര്‍ഘസമയം വിമാനത്തില്‍ ഇരിക്കേണ്ടി വന്നാല്‍ യാത്രികര്‍ക്കു പുറത്തിറങ്ങാമെന്ന രീതിയിലാണ് മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയിരിക്കുന്നത്.
ഏറ്റവും പുതിയതായി പുറത്തിറക്കിയ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി(ബിസിഎഎസ്) മാനദണ്ഡങ്ങളിലാണ് ഇത്തരം നിര്‍ദേശങ്ങളുള്ളത്. വിമാനങ്ങളുടേയും വിമാന യാത്രകളുടേയും എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ വിമാനങ്ങള്‍ വൈകുന്നതും യാത്രികര്‍ മണിക്കൂറുകളോളം വിമാനത്തില്‍ കഴിയേണ്ടി വരുന്നതും വര്‍ധിച്ചതോടെയാണ് ബിസിഎഎസ് നടപടി. എയര്‍ലൈനുകള്‍ക്കും വിമാനത്താവള അധികൃതര്‍ക്കും മാര്‍ച്ച് 30ന് ഇതു സംബന്ധിച്ച മാര്‍ഗ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ബിസിഎഎസ് ഡയറക്ടര്‍ ജനറല്‍ സുള്‍ഫിക്കര്‍ ഹസന് പറഞ്ഞു.
വിമാന യാത്രക്കാരുടെ ബുദ്ധിമുട്ടുകള്‍ കുറയ്ക്കാന്‍ പുതിയ നിര്‍ദേശം സഹായിക്കുമെന്നാണു കരുതപ്പെടുന്നത്. ദീര്‍ഘസമയം വിമാനങ്ങളില്‍ അപ്രതീക്ഷിതമായി കഴിയേണ്ടി വരുന്നതു വലിയ ബുദ്ധിമുട്ട് പലപ്പോഴും യാത്രികര്‍ക്കു വരുത്താറുണ്ട്. ഇനി അപ്രതീക്ഷിതമായി വിമാനം വൈകുമ്പോള്‍ വിമാനത്താവളങ്ങളിലെ ഡിപ്പാര്‍ച്ചര്‍ ഗേറ്റ് വഴി യാത്രികര്‍ക്ക് പുറത്തിറങ്ങാനാവും. ഈ നിര്‍ദേശം നടപ്പിലാക്കാന്‍ വേണ്ട സൗകര്യങ്ങള്‍ വിമാനത്താവള അധികൃതര്‍ ചെയ്തു കൊടുക്കണമെന്നും ബിസിഎഎസ് അറിയിച്ചിട്ടുണ്ട്.
മുംബൈ വിമാനത്താവളത്തിന്റെ നടത്തിപ്പുകാരായ എംഐഎഎല്ലിനും ഇന്‍ഡിഗോ എയര്‍ലൈനും കഴിഞ്ഞ ജനുവരി 17ന് ബിസിഎഎസ് 1.80 കോടി രൂപ പിഴയിട്ടിരുന്നു. ഇന്‍ഡിഗോ യാത്രികര്‍ വിമാനത്താവളത്തിന്റെ റണ്‍വേയില്‍ ഭക്ഷണം കഴിച്ചതിനാണ് പിഴ വിധിച്ചത്. ഇന്‍ഡിഗോയ്ക്ക് 1.20 കോടി രൂപയും MIALന് 60 ലക്ഷം രൂപയുമായിരുന്നു പിഴ. ജനുവരി 14ന് ദീര്‍ഘസമയം വൈകി മുംബൈ വിമാനത്താവളത്തില്‍ എത്തിയ ഗോവ -ഡല്‍ഹി വിമാനത്തിലെ യാത്രികരില്‍ ചിലരാണ് റണ്‍വേയില്‍ വച്ച് ഭക്ഷണം കഴിച്ചത്.
ഇന്ത്യയില്‍ പ്രാദേശിക വിമാന സര്‍വീസുകള്‍ അതിവേഗത്തിലാണ് വര്‍ധിച്ചത്. നിലവില്‍ പ്രതിദിനം 3,500 വിമാനസര്‍വീസുകള്‍ വരെ ഇന്ത്യയില്‍ ആഭ്യന്തരമായി നടക്കുന്നുണ്ട്. ഇതിനെ തുടര്‍ന്നുണ്ടാവുന്ന പ്രതിസന്ധികള്‍ പരിഹരിക്കാനുള്ള പ്രായോഗിക നടപടികളുമായാണ് ഇപ്പോള്‍ ബിസിഎഎസ് എത്തിയിരിക്കുന്നത്. യാത്രികരുടെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി സ്മാര്‍ട്ട് സെക്യൂരിറ്റി ലൈനുകള്‍ ഏര്‍പ്പെടുത്താനും ബിസിഎഎസ് നിര്‍ദേശമുണ്ട്.
ബെംഗളൂരു വിമാനത്താവളത്തില്‍ ഈ മാസം മുതല്‍ ഫുള്‍ ബോഡി സ്കാനറുകള്‍ പ്രവര്‍ത്തന ക്ഷമമാകും. പ്രതിവര്‍ഷം 50 ലക്ഷത്തിലേറെ യാത്രികരുള്ള ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലും ഇത്തരം സ്കാനറുകള്‍ ഘടിപ്പിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. വിമാനത്താവളങ്ങളിലെ യാത്രികരുടെ തിരക്കു നിയന്ത്രിക്കുന്നതിനു വേണ്ട മറ്റു നടപടികള്‍ക്കായുള്ള ശ്രമങ്ങളും ബിസിഎഎസിന്റെ ഭാഗത്തു നിന്നുണ്ടാവുമെന്നും സുള്‍ഫിക്കര്‍ ഹസന് പറഞ്ഞു. പരാതികള്‍ വ്യാപകമായതിനെ തുടര്‍ന്ന് കൃത്യ സമയത്ത് യാത്രികരുടെ ബാഗേജുകള്‍ കൈമാറണമെന്ന് എയര്‍ലൈനുകള്‍ക്ക് ബിസിഎഎസ് നിര്‍ദേശം നല്‍കിയിരുന്നു.