അമിതവണ്ണമെങ്കിൽ പിഴ; കെച്ചപ്പും മയോണൈസും പടിക്കു പുറത്ത്: പല നാടുകളിലെ വിചിത്ര നിയമങ്ങൾ
Mail This Article
ഒരു നാട്ടിലേക്കു യാത്ര പോകുംമുൻപ് ആ നാടിനെക്കുറിച്ച് അത്യാവശ്യം കാര്യങ്ങൾ അറിഞ്ഞിരിക്കണം. ച്യുയിങ്ഗം നിരോധിച്ച നാട്ടിൽ ചെന്ന് അതു ചവച്ചാൽ ‘പണി’ കിട്ടും. അതുകൊണ്ട് അത്തരം കാര്യങ്ങൾ മനസ്സിലാക്കിയ ശേഷമേ യാത്രയ്ക്കിറങ്ങാവൂ. ഇതാ ചില രാജ്യങ്ങളിലെ അത്തരം ചില നിയന്ത്രണങ്ങൾ.
ഫ്രഞ്ച് സ്കൂളുകളിൽ കെച്ചപ്പിനും മയോണൈസിനും നിയന്ത്രണം
കെച്ചപ്പും മയൊണൈസും വാരിക്കോരി കഴിക്കുന്ന കുട്ടികൾ അറിയാൻ: ഫ്രാൻസിലെ സ്കൂളിലാണ് നിങ്ങൾ പഠിക്കുന്നതെങ്കിൽ ഇതൊന്നും നടക്കില്ല. കാരണം, കുട്ടികളുടെ ആരോഗ്യത്തിന് ഫ്രാൻസ് അത്രമാത്രം പ്രാധാന്യമാണ് കൽപിക്കുന്നത്. ഫ്രഞ്ച് സ്കൂളുകളിൽ കെച്ചപ്പിനും മയോണൈസിനും നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത് കുട്ടികൾക്കു നൽകുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ്. സോസുകളായ കെച്ചപ്പ്, മയോണൈസ്, വിനൈഗ്രെറ്റ് എന്നിവ കുട്ടികൾക്ക് ഇഷ്ടാനുസരണം നൽകരുതെന്നും ഓരോ വിഭവത്തിനുമനുസരിച്ച് നിയന്ത്രിതമായേ സോസ് നൽകാവൂ എന്നും 2011 ൽ സർക്കാർ കൊണ്ടുവന്ന നിയമത്തിൽ പറയുന്നു. വിദ്യാർഥികളുടെ ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധിക്കുന്നതിന്റെ ഭാഗമായാണ് ഈ നിയന്ത്രണം.
തുണിയുരിഞ്ഞു നൃത്തം വേണ്ട
ജീവനക്കാരുടെ നഗ്നത കൊണ്ടു വരുമാനം ഉണ്ടാക്കേണ്ടെന്നു വ്യക്തമാക്കിയ രാജ്യമാണ് ഐസ്ലൻഡ്. സ്ട്രിപ്പ് ക്ലബുകൾക്ക് ഐസ്ലൻഡിൽ വിലക്കുണ്ട്. തൊഴിലാളികളുടെ നഗ്നത കൊണ്ട് കമ്പനികൾ ലാഭമുണ്ടാക്കേണ്ട എന്നാണ് ഐസ്ലൻഡിന്റെ നിലപാട്. മതേതരമായ കാരണങ്ങളാൽ ഇത്തരത്തിൽ വിലക്ക് ഏർപ്പെടുത്തുന്ന ആദ്യത്തെ രാജ്യം കൂടിയാണ് ഐസ്ലൻഡ്. 2015 ലാണ് ഐസ്ലൻഡ് സ്ട്രിപ്പ് ക്ലബുകൾക്കു വിലക്ക് ഏർപ്പെടുത്തിയത്. ഫെമിനിസ്റ്റുകൾ വലിയ ആവേശത്തോടെയായിരുന്നു ഈ നിയമത്തെ ഏറ്റെടുത്തത്.
ച്യുയിങ്ഗം ചവച്ച് സിംഗപ്പൂരിൽ നടക്കാമെന്ന് വിചാരിക്കേണ്ട
വിചിത്രമായ നിരവധി നിയമങ്ങളുള്ള രാജ്യമാണ് സിംഗപ്പൂർ. പൊതുസ്ഥലത്ത് പുക വലിക്കാൻ പാടില്ല. ഇ-സിഗരറ്റ് ഈ നാട്ടിൽ വിലക്കിയിട്ടുണ്ട്. പൊതു ഗതാഗത വാഹനങ്ങളിലിരുന്ന് കഴിക്കുന്നതും കുടിക്കുന്നതും വിലക്കിയിട്ടുണ്ട്. ഇനി ആരുടെയെങ്കിലും വൈഫൈ ഒന്നു കണക്ട് ചെയ്യാമെന്ന് വിചാരിച്ചാൽ അതും വിലക്കിയിട്ടുണ്ട്. ബോറടിക്കുമ്പോൾ ഒരു ച്യുയിങ്ഗം വായിലിട്ട് ചവയ്ക്കുന്നവരാണോ നിങ്ങൾ. എന്നാൽ സിംഗപ്പൂരിൽ ഇതും നടക്കില്ല. സിംഗപ്പൂരിൽ ച്യുയിങ്ഗം വിൽക്കുന്നതിനും ഇറക്കുമതി ചെയ്യുന്നതിനും വിലക്കുണ്ട്. വൈദ്യസംബന്ധമായ കാരണങ്ങളാൽ ചില ച്യുയിങ്ഗങ്ങൾ മാത്രം രാജ്യത്ത് ഉപയോഗിക്കാൻ കഴിയും. നിയമം ലംഘിച്ച് ച്യുയിങ്ഗത്തിന്റെ പിന്നാലെ ആരെങ്കിലും പോയാൽ ഒരു ലക്ഷം സിംഗപ്പൂർ ഡോളർ (ഏകദേശം 60 ലക്ഷം ഇന്ത്യൻ രൂപ) പിഴയും തടവുമാണ് ശിക്ഷ.
അമിതഭാരമുള്ള ജീവനക്കാർ ഉണ്ടെങ്കിൽ കമ്പനിക്ക് പിഴ
അമിതവണ്ണമുള്ള ജീവനക്കാരുണ്ടെങ്കിൽ ജപ്പാനിൽ കമ്പനികൾ പിഴ അടയ്ക്കണം. ഇതിന്റെ ഭാഗമായി കമ്പനികളും സർക്കാരും അവരുടെ ജീവനക്കാരുടെ അരക്കെട്ട് അളക്കണം. ഇത് പരിധിയിൽ കൂടുതലാണെങ്കിൽ കുറയ്ക്കാനുള്ള നിർദ്ദേശങ്ങളും കഴിക്കേണ്ട ഭക്ഷണം സംബന്ധിച്ച നിർദ്ദേശങ്ങളും നൽകും. അത് മാത്രമല്ല, അമിതവണ്ണമുള്ള ജോലിക്കാരുള്ള കമ്പനികളും സർക്കാർ സ്ഥാപനങ്ങളും പിഴ അടയ്ക്കേണ്ടിയും വരും. രാജ്യത്ത് അമിതഭാരമുള്ളവരുടെ എണ്ണം കുറയ്ക്കുന്നതിനും ആരോഗ്യകരമായ ജീവിതശൈലി നയിക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നതിനുമാണ് ഈ നിയമം.