കുടുംബത്തിനൊപ്പം ഒരു കാർ ട്രിപ്പ്, ഈ കാര്യങ്ങൾ ശ്രദ്ധിക്കാം
Mail This Article
കാർ യാത്രകള്‍, ഇഷ്ടമുള്ള സമയത്ത് എവിടെ വേണമെങ്കിലും ഇറങ്ങാം, പോകുന്ന വഴി നിറുത്തി സാവധാനം പോകാം, എന്തിനേറെ അവസാന നിമിഷം യാത്രയുടെ ലക്ഷ്യങ്ങളില്‍ മാറ്റം വരുത്തുകയും ചെയ്യാം. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കാര്‍ യാത്രകളെ കൂടുതല്‍ അനായാസവും ആസ്വാദ്യകരവുമാക്കാന്‍ സാധിക്കും. ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കാർ യാത്ര സൂപ്പറാക്കാം.
ആസൂത്രണം
കുടുംബവുമൊത്തോ കൂട്ടുകാര്‍ക്കൊപ്പമോ ആയിരിക്കും സാധാരണ കാര്‍ ട്രിപ്പുകളുണ്ടാവുക. സാധ്യമെങ്കില്‍ നേരത്തെ തന്നെ യാത്ര ആസൂത്രണം ചെയ്യുക. നിരവധി ഓണ്‍ലൈന്‍ മാപ്പുകളും ജിപിഎസ് സാങ്കേതികവിദ്യയുമൊക്കെ ഇതിനു സഹായത്തിനെത്തും. പോകുന്ന വഴിയില്‍ മനോഹരമായ വേറെന്തെങ്കിലും സ്ഥലങ്ങളുണ്ടോ എന്നു തിരയാനും ഇതുവഴി സാധിക്കും. ഏകദേശം എത്ര സമയം യാത്രയ്ക്കെടുക്കും? എവിടെയെല്ലാം നിര്‍ത്തേണ്ടി വരും? എവിടെ നിന്നു ഭക്ഷണം കഴിക്കാം? നല്ല ഭക്ഷണം കിട്ടുന്ന സ്ഥലങ്ങളുണ്ടോ? എന്നിങ്ങനെ നിരവധി ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കയ്യിലുണ്ടെങ്കില്‍ ആ യാത്രയില്‍ നിങ്ങളൊരു ട്രാവല്‍ എക്‌സ്പര്‍ട്ട് തന്നെയായി മാറും.
ട്രാവല്‍ ഇന്‍ഷുറന്‍സ്
ദിവസങ്ങളും ആഴ്ചകളും റോഡ് ട്രിപ്പുകളില്‍ ട്രാവല്‍ ഇന്‍ഷുറന്‍സ് എടുക്കുകയെന്നതു നിര്‍ണായകമായ നീക്കമാണ്. ഭൂരിഭാഗം യാത്രികരും ഇക്കാര്യത്തില്‍ അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കുന്നുണ്ടോ എന്നു സംശയമാണ്. നമ്മുടെ യാത്രാ ചെലവുകളില്‍ ട്രാവല്‍ ഇന്‍ഷുറന്‍സുകള്‍ ഉള്‍പ്പെടാറില്ല. അപ്രതീക്ഷികതമായുണ്ടാവുന്ന അപകടങ്ങള്‍ക്കും യാത്ര പൂര്‍ത്തിയാക്കാന്‍ പറ്റാത്ത സാഹചര്യത്തിലുമെല്ലാം ട്രാവല്‍ ഇന്‍ഷുറന്‍സുകള്‍ നല്‍കുന്ന ആശ്വാസം ചെറുതല്ല. യാത്രയിലും ജീവിതത്തിലും സമാധാനം വളരെ പ്രധാനപ്പെട്ടതാണ്. പ്രീമിയത്തിനൊപ്പം കവറേജ് സംബന്ധിച്ച വിശദാംശങ്ങളും മനസ്സിലാക്കിയ ശേഷം മാത്രം യോജിച്ച ട്രാവല്‍ ഇന്‍ഷുറന്‍സ് എടുക്കുക.
കാറിന്റെ അവസ്ഥ
യാത്രകള്‍ക്കു മുമ്പു തന്നെ കാറിന്റെ കണ്ടീഷന്‍ ഉഗ്രനാണെന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്. ഓയില്‍ ചെയ്ഞ്ചുകള്‍ ടയര്‍ പ്രഷറും ടയറിന്റെ കണ്ടീഷനും ലൈറ്റുകളുടെ പ്രവര്‍ത്തനം ഇവയെല്ലാം ഉറപ്പിക്കണം. നിങ്ങളുടെ വാഹന മെക്കാനിക്കിനെ കൊണ്ട് വാഹനം നോക്കിപ്പിക്കുന്നതാണ് ഏറ്റവും ഉചിതം. വഴിയില്‍ അപ്രതീക്ഷിതമായി സംഭവിച്ചേക്കാവുന്ന ബ്രേക്ക് ഡൗണ്‍ ഇതുവഴി ഒഴിവാക്കാനാവും. കാറുകള്‍ നല്ല കണ്ടീഷനല്ലെങ്കില്‍ യാത്രകളുടെ രസം കളയാനും യാത്ര തന്നെ മുടക്കാനും ഇതു ധാരാളം മതി.
പാക്കിങ്
കുടുംബമായും മറ്റും കാറില്‍ യാത്ര ചെയ്യുമ്പോള്‍ അത്യാവശ്യം സാധനങ്ങള്‍ കൂടെ കരുതേണ്ടി വരും. ഇതാണ് ശ്രദ്ധയോടെ സാധനങ്ങളും ബാഗുകളുമെല്ലാം ക്രമീകരിക്കേണ്ട ആവശ്യകതയിലേക്കു വിരല്‍ ചൂണ്ടുന്നത്. യാത്രയ്ക്കിടെ ആവശ്യം വരുന്ന സാധനങ്ങള്‍ പ്രത്യേകം ഒരു ബാഗിലേക്കു മാറ്റുന്നതു നന്നായിരിക്കും. ലഘുഭക്ഷണങ്ങളും വെള്ളവുമെല്ലാം കയ്യെത്തും ദൂരത്തു വയ്ക്കാം. പണവും തിരിച്ചറിയല്‍ രേഖകളുമുള്ള പേഴ്‌സും അടുത്തു തന്നെ വയ്ക്കണം. ശ്രദ്ധയോടെ സാധനങ്ങള്‍ അടുക്കി വയ്ക്കുന്നതു സമയം ലാഭിക്കാനും ആവശ്യത്തിനു മാത്രം സാധനങ്ങളെടുക്കാനും അനാവശ്യ സമ്മര്‍ദം ഇല്ലാതാക്കാനും സഹായിക്കും.
സാങ്കേതികവിദ്യ ആവശ്യത്തിന്
ജിപിഎസും ട്രാവല്‍ ആപ്പുകളുമെല്ലാം നമ്മുടെ യാത്രകളെ അടി മുടി മാറ്റിയെന്നതു സത്യമാണ്. വഴിയറിയുന്ന ഒരാള്‍ പോലും കൂടെയില്ലെങ്കിലും ആരോടും ചോദിക്കാതെ ഇന്നു വരെ പോവാത്ത സ്ഥലങ്ങളിലേക്കു പോവാനുള്ള ധൈര്യം ഇത്തരം സാങ്കേതികവിദ്യകള്‍ കൊണ്ടാണ് നമുക്ക് ലഭിക്കുന്നത്. അങ്ങനെ പോവുമ്പോള്‍ ഒരിക്കലെങ്കിലും പണി കിട്ടാത്തവര്‍ ചുരുക്കമായിരിക്കും. സമര്‍ഥമായി മാത്രം ജിപിഎസ് സംവിധാനം ഉപയോഗിക്കുക. വഴി ചോദിക്കേണ്ട സമയങ്ങളില്‍ ചോദിച്ചു തന്നെ മുന്നോട്ടു പോവണം. പോവുന്ന വഴിയില്‍ കാണുന്ന ചായക്കടയിലോ കരിക്കോ ജ്യൂസോ വില്‍ക്കുന്ന കടയിലോ കയറി എന്തെങ്കിലും കഴിച്ചോ കുടിച്ചോ സാവധാനം വഴിയും ചോദിച്ചു പോവുന്നതു തന്നെ യാത്രയില്‍ അനുഭവമായിരിക്കും. ജിപിഎസ് ലക്ഷ്യത്തിലേക്കല്ലല്ലോ അനുഭവങ്ങള്‍ക്കു വേണ്ടിയാണല്ലോ നമ്മുടെയെല്ലാം യാത്രകള്‍.
സുരക്ഷ
ഒരു യാത്രയില്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യം എന്തിനു നല്‍കണം എന്നു ചോദിച്ചാല്‍ ഉത്തരം സുരക്ഷയ്ക്ക് എന്നായിരിക്കണം. എന്തു കാരണം കൊണ്ടാണെങ്കിലു ധൃതി പിടിച്ച് അമിത വേഗത്തില്‍ മുന്‍ പരിചയമില്ലാത്ത വഴികളിലൂടെ കാര്‍ ഓടിക്കുന്നത് അപകടം ക്ഷണിച്ചു വരുത്തുന്നതു പോലെയാണ്. രാത്രി സമയത്തെ ഡ്രൈവിങ് പരമാവധി ഒഴിവാക്കണം. ഫസ്റ്റ് എയ്ഡ് കിറ്റിനൊപ്പം അത്യാവശ്യം മരുന്നും ടോര്‍ച്ചും ബ്ലാങ്കറ്റുകളുമെല്ലാം കരുതണം.
പോവുന്ന സ്ഥലത്തെ കാലാവസ്ഥയെക്കുറിച്ച് മുന്‍കൂട്ടി അറിയുന്നതു നല്ലതാണ്. ഇതിന് അനുസരിച്ചു വേണം വസ്ത്രങ്ങളും മറ്റും എടുക്കാന്‍. ചൂടു കൂടിയ സ്ഥലത്തേക്ക് ഓവര്‍കോട്ട് ധരിച്ചു പോവുന്നതോ തണുത്തുറഞ്ഞ സ്ഥലത്തേക്ക് ടീഷര്‍ട്ടിട്ടു പോവുന്നതോ ബുദ്ധിപരമായ തീരുമാനമായിരിക്കില്ല. ഗതാഗതക്കുരുക്കുകളോ പ്രകൃതി ദുരന്തങ്ങളോ നമ്മുടെ ലക്ഷ്യങ്ങളിലുണ്ടെങ്കില്‍ നേരത്തെ അറിയുന്നതു സഹായകരമാവും. യാത്രാ സംഘത്തിലെ ആര്‍ക്കെങ്കിലും ആരോഗ്യ പ്രശ്‌നങ്ങളുണ്ടെങ്കില്‍ ഡോക്ടറെ കണ്ട് വിദഗ്ധാഭിപ്രായം തേടിയ ശേഷം മാത്രം അന്തിമ തീരുമാനങ്ങളെടുക്കുക. യാത്രകള്‍ ദുരന്തമാവാതിരിക്കാന്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യം സുരക്ഷയ്ക്ക് തന്നെ നല്‍കണം.