കെഎസ്ഇബി പറഞ്ഞുപറ്റിച്ചു, ഇടുക്കി അണക്കെട്ടിൽ സഞ്ചാരികളെ പ്രവേശിപ്പിച്ചില്ല
Mail This Article
ഇടുക്കി അണക്കെട്ട് ഇന്നലെ മുതൽ സഞ്ചാരികൾക്കായി തുറന്നുനൽകുമെന്നു കെഎസ്ഇബി അധികൃതർ അറിയിപ്പു നൽകിയിരുന്നെങ്കിലും തീരുമാനം നടപ്പായില്ല. ഒട്ടേറെപ്പേർ രാവിലെ മുതൽ ചെറുതോണി അണക്കെട്ടിന്റെ കവാടത്തിലെത്തിയെങ്കിലും പ്രവേശനം അനുവദിച്ചില്ല. അണക്കെട്ട് ഇന്നലെ തുറക്കുമെന്നും സഞ്ചാരികൾക്കു പ്രവേശനം അനുവദിക്കുമെന്നും കാട്ടി അധികൃതർ കഴിഞ്ഞ ദിവസം പത്രക്കുറിപ്പ് ഇറക്കിയിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാകാത്തതിനാൽ അണക്കെട്ടിലേക്കുള്ള പ്രവേശനം വൈകുമെന്ന മറുപടിയാണു കെഎസ്ഇബിയുടെ നിയന്ത്രണത്തിലുള്ള ഹൈഡൽ ടൂറിസം അധികൃതർ നൽകുന്നത്.
അണക്കെട്ടിലേക്കു പ്രവേശനം അനുവദിക്കാമെന്നുള്ള സർക്കാർ ഉത്തരവിന്റെ പകർപ്പ് ഇന്നലെ രാവിലെ മാത്രമാണു ലഭിച്ചതെന്നും അതിനാൽ ഒരുക്കങ്ങൾക്കു വേണ്ടത്ര സമയം ലഭിച്ചില്ലെന്നും അധികൃതർ വിശദീകരിച്ചു. കഴിഞ്ഞ ജൂലൈ 22ന് ഉണ്ടായ സുരക്ഷാവീഴ്ചയുടെ പശ്ചാത്തലത്തിൽ കർശനമായ നിബന്ധനകളോടെയാണ് അണക്കെട്ടുകൾ സന്ദർശിക്കാൻ അനുമതി നൽകുന്നത്.
പ്രവേശനം ഇങ്ങനെ
∙ പ്രവേശന പാസ് ഹൈഡൽ ടൂറിസം വിഭാഗത്തിന്റെ വെബ്സൈറ്റിലൂടെ ബുക്ക് ചെയ്യാം. അണക്കെട്ടിന്റെ പ്രവേശന കവാടത്തിൽ ഒരുക്കിയ കൗണ്ടറിൽ സ്ഥാപിച്ചിരിക്കുന്ന ക്യുആർ കോഡ് വഴിയും ബുക്ക് ചെയ്യാം.
∙ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർ കൗണ്ടറിൽ തിരിച്ചറിയൽ കാർഡുകൾ കാണിക്കണം.
∙ മൊബൈൽ ഫോൺ, ക്യാമറ തുടങ്ങിയവയ്ക്കു നിരോധനം. ഇവ കൈവശമുള്ളവർ കൗണ്ടറിൽ ഏൽപിക്കണം.
∙ അണക്കെട്ടിനു മുകളിലൂടെ നടക്കാൻ അനുവദിക്കില്ല. ബഗ്ഗി കാറിൽ മാത്രമാണു പ്രവേശനം.
∙ ഒരേസമയം 20 പേർക്കു വീതം പ്രവേശനം.
∙ ബഗ്ഗി കാറിൽ മുതിർന്നവർക്ക് 150 രൂപയാണു ടിക്കറ്റ് നിരക്ക്. കുട്ടികൾക്ക്: 100 രൂപ.