ടൈറ്റാനിക് ദുരന്തത്തിന് 112 വയസ്സ്; അവിശ്വസനീയമായ 8 കാര്യങ്ങൾ
Mail This Article
ലോകം ഞെട്ടലോടെ കേട്ട വാർത്തയാണ് ടൈറ്റാനിക് കപ്പൽ ദുരന്തം. അന്നുവരെ കണ്ടിട്ടില്ലാത്ത വലുപ്പത്തിലും സൗകര്യത്തിലും ആയിരുന്നു ടൈറ്റാനിക് നിർമിച്ചത്. എന്നാൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കപ്പൽദുരന്തമായി കലാശിക്കാൻ ആയിരുന്നു ടൈറ്റാനിക്കിന്റെ വിധി. ആ മഹാദുരന്തം സിനിമ ആയപ്പോൾ, വെള്ളിത്തിരയിൽ തരംഗമായി. ടൈറ്റാനിക്കിനെക്കുറിച്ചുള്ള വിശേഷങ്ങൾ കേൾക്കാനും പറയാനും ആളുകൾക്ക് ആവേശമാണ്. ദുരന്തം നടന്ന് നൂറ്റാണ്ട് ഒന്നു കഴിഞ്ഞിട്ടും ടൈറ്റാനിക്കിനെക്കുറിച്ചുള്ള വിശേഷങ്ങൾ ആളുകൾ താൽപര്യത്തോടെയാണ് കേൾക്കുന്നത്.
സ്വപ്നങ്ങളുടെ കപ്പൽ
അന്നുവരെ ലോകം കണ്ടിട്ടില്ലാത്ത അദ്ഭുതമായിരുന്നു ടൈറ്റാനിക്. അതിനെ സ്വപ്നങ്ങളുടെ കപ്പൽ എന്നാണു വിശേഷിപ്പിച്ചിരുന്നത്. കാരണം, അന്നു വരെ നിർമിച്ചതിൽ ഏറ്റവും ആഡംബരം നിറഞ്ഞതും വലുതുമായിരുന്നു ആ കപ്പൽ. ഒരു ആഡംബര ഹോട്ടലിനേക്കാൾ സൗകര്യങ്ങൾ അതിൽ ഉണ്ടായിരുന്നു. ആഡംബരത്തിന്റെ അവസാനത്തെ വാക്കായി ടൈറ്റാനിക്ക് മാറി. എന്നിട്ടും വലിയ ദുരന്തത്തിലാണ് കപ്പലിന്റെ ആദ്യയാത്ര അവസാനിച്ചത്.
ആഡംബര വിരുന്ന്
മറ്റ് സൗകര്യങ്ങൾ പോലെ തന്നെ ആഡംബരം നിറഞ്ഞതായിരുന്നു കപ്പലിലെ ഭക്ഷണവും. ലോകത്തെ ഏറ്റവും രുചികരമായ വിഭവങ്ങൾ കൊണ്ടു സമ്പന്നമായിരുന്നു ഓരോ വിരുന്നും. ഫസ്റ്റ് ക്ലാസ് ഡൈനിങ് സലൂണിൽ 554 യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നു.
ഒരിക്കലും മുങ്ങില്ലെന്ന മിഥ്യാധാരണ
ടൈറ്റാനിക്കിന്റെ നിർമാതാക്കൾ അവകാശപ്പെട്ടിരുന്നത് അതൊരിക്കലും മുങ്ങില്ലെന്നാണ്. മുങ്ങിപ്പോകുന്നതിനെ പ്രതിരോധിക്കുന്ന തരത്തിലുള്ള രൂപകൽപനയായിരുന്നു കാരണം. എന്നാൽ, വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിലെ മഞ്ഞുമലയിൽ ഇടിച്ചതോടെ, ഈ അവകാശവാദം തെറ്റായിരുന്നു എന്ന് തെളിഞ്ഞു. 1912 ഏപ്രിൽ 14 നാണ് കപ്പൽ മഞ്ഞുമലയിൽ ഇടിച്ചത്. തകർന്ന കപ്പൽ പിറ്റേന്നു പുലർച്ചയോടെ പൂർണമായും മുങ്ങി.
വാട്ടർടൈറ്റ് കംപാട്ട്മെന്റുകൾ
കപ്പലിന് എന്തെങ്കിലും സംഭവിക്കുകയോ തകർക്കപ്പെടുകയോ ചെയ്താൽ വെള്ളം കയറുന്നതിനെ പ്രതിരോധിക്കുന്ന 16 വാട്ടർടൈറ്റ് കംപാട്ട്മെന്റുകൾ ആയിരുന്നു കപ്പലിൽ ഉണ്ടായിരുന്നത്. എന്നാൽ കപ്പൽ മഞ്ഞുമലയിൽ ഇടിച്ചതോടെ അവയും തകർന്ന് വെള്ളം ഉള്ളിലേക്കു കയറി.
നിഗൂഢമായ സിഗ്നലുകൾ
ടൈറ്റാനിക്ക് മുങ്ങുന്നതിന് തൊട്ടുമുമ്പുള്ള മണിക്കൂറുകളിൽ മോഴ്സ് കോഡ് ഉപയോഗിച്ച് ദുരന്ത സിഗ്നലുകൾ അയച്ചിരുന്നു. ദുരന്തത്തെക്കുറിച്ച് ടൈറ്റാനിക്കിന് എത്തിയ സന്ദേശങ്ങളിൽ, സമീപമുണ്ടായിരുന്ന കപ്പലായ എസ്എസ് കലിഫോർണിയയിൽ നിന്നുള്ള നിഗൂഢ സന്ദേശങ്ങളും ഉൾപ്പെട്ടിരുന്നു. ടൈറ്റാനിക്കിന് കൃത്യസമയത്തു മുന്നറിയിപ്പു ലഭിക്കുന്നതിന് ഇത് തടസ്സമായെന്നു കരുതപ്പെടുന്നു. ഈ സിഗ്നലുകളുടെ യഥാർഥസ്വഭാവം എന്താണെന്ന് ഇന്നും വ്യക്തമല്ല.
ആവശ്യത്തിന് ലൈഫ് ബോട്ടുകൾ ഇല്ലാതിരുന്ന ടൈറ്റാനിക്
3,320 പേർ കപ്പലിൽ ഉണ്ടായിരുന്നിട്ടും ആവശ്യത്തിന് ലൈഫ് ബോട്ടുകൾ കപ്പലിൽ കരുതിയിരുന്നില്ല. 1178 പേരെ മാത്രം ഉൾക്കൊള്ളാൻ കഴിയുന്ന 20 ലൈഫ് ബോട്ടുകൾ മാത്രമായിരുന്നു കപ്പലിൽ കരുതിയിരുന്നത്. അതായത് കപ്പലിലെ മൂന്നിലൊന്ന് ആളുകളെ മാത്രം ഉൾക്കൊള്ളുന്ന ലൈഫ് ബോട്ടുകൾ മാത്രമേ കരുതിയിരുന്നുള്ളൂ.
യാത്രക്കാരെ ശാന്തരാക്കിയ സംഗീതം
അപകടത്തിൽ കപ്പൽ തകർന്നപ്പോഴും, ടൈറ്റാനിക്കിൽ ഉണ്ടായിരുന്ന സംഗീതജ്ഞർ അസാമാന്യമായ ധൈര്യം പ്രകടിപ്പിച്ചു. യാത്രക്കാരെ ശാന്തരാക്കാൻ അവർ സംഗീതപരിപാടി തുടർന്നു. കപ്പൽ മുങ്ങിയപ്പോൾ 'Nearer My God to Thee' എന്ന ഗാനം അവർ യാത്രികർക്കായി വായിച്ചുകൊണ്ടിരുന്നു. ടൈറ്റാനിക്ക് സിനിമയിലും ഈ രംഗം കാണാം.
ലോകം ഇപ്പോഴും ടൈറ്റാനിക്കിന്റെ പിന്നാലെ
ടൈറ്റാനിക് ദുരന്തം നടന്നിട്ട് ഒരു നൂറ്റാണ്ട് കഴിഞ്ഞെങ്കിലും ഇപ്പോഴും ടൈറ്റാനിക്കിനെക്കുറിച്ചുള്ള ഓരോ വാർത്തയ്ക്കും വലിയ പ്രതികരണമാണ്. സമുദ്രശാസ്ത്രജ്ഞനായ റോബർട്ട് ബല്ലാർഡ് ദുരന്തം നടന്ന് 70 വർഷങ്ങൾക്ക് ശേഷം 1985ൽ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. ഈ അവശിഷ്ടങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനും പുരാവസ്തുക്കൾ വീണ്ടെടുക്കുന്നതിനും ശ്രമങ്ങൾ നടന്നു. ഇപ്പോഴും അതിനെപ്പറ്റി പഠനങ്ങൾ നടക്കുന്നുണ്ട്.
കാലമെത്ര കഴിഞ്ഞാലും ടൈറ്റാനിക്കും അതിന്റെ ദുരന്തകഥയും എന്നും മനുഷ്യരെ ആകർഷിച്ചു കൊണ്ടിരിക്കും. ജാക്കിന്റെയും റോസിന്റെയും പ്രണയവും ടൈറ്റാനിക് കപ്പൽ ദുരന്തവും മനോഹരമായി പറഞ്ഞ ടൈറ്റാനിക് സിനിമയും അതിന് ഒരു കാരണമാണ്.