168 രാജ്യങ്ങളിലായി 1,199 ലോക പൈതൃക കേന്ദ്രങ്ങൾ; ഇന്ത്യയില്‍ നിന്ന് 42 എണ്ണം
Mail This Article
രാജ്യാന്തര തലത്തില്‍ ലോക പൈതൃക ദിനം ഏപ്രില്‍ 18ന് ആചരിക്കും. ആഗോളതലത്തിലുള്ള വിവിധ ലോക പൈതൃക കേന്ദ്രങ്ങളുടെ പ്രാധാന്യം ഓര്‍മിപ്പിച്ചുകൊണ്ട് സംസ്‌കാരവും പാരമ്പര്യവും പ്രചരിപ്പിക്കുകയെന്നതാണ് ഈ ദിനാചരണം കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്. പാരിസ് ആസ്ഥാനമായുള്ള ഇന്റര്‍നാഷനല്‍ കൗണ്‍സില്‍ ഓണ്‍ മോണുമെന്റ്‌സ് ആൻഡ് സൈറ്റ്‌സിന്റെ (ഐസിഒഎംഒഎസ്) നേതൃത്വത്തിലാണ് ലോക പൈതൃക ദിനം ആഘോഷിക്കുന്നത്.
പൈതൃക കേന്ദ്രങ്ങളുടെ പ്രാധാന്യം പ്രാദേശിക സമൂഹങ്ങളേയും വ്യക്തികളേയും അറിയിക്കാന്‍ വേണ്ട പ്രചാരണ പരിപാടികളാണ് ലോക പൈതൃക ദിനത്തോട് അനുബന്ധിച്ച് നടത്തുക. ഇന്ത്യയിലെ താജ്മഹല്‍, ആഗ്ര കോട്ട, ഫത്തേപ്പൂര്‍ സിക്രി എന്നിവ അടക്കമുള്ള സ്മാരകങ്ങളില്‍ ഏപ്രില്‍ 18ന് പ്രവേശനം സൗജന്യമായിരിക്കും. ഈജിപ്തിലെ പിരമിഡുകളും താജ്മഹലും മാച്ചുപിച്ചുവും അടക്കമുള്ള പൈതൃക കേന്ദ്രങ്ങളുടെ പ്രാധാന്യവും വൈവിധ്യവും തിരിച്ചറിഞ്ഞ് അവയെ സംരക്ഷിക്കാനുള്ള ശ്രമങ്ങളും ഐസിഒഎംഒഎസിന്റെ നേതൃത്വത്തില്‍ തുടരുന്നുണ്ട്.
'Exploring and embracing diversity' എന്നതാണ് ഈ വര്‍ഷത്തെ ലോക പൈതൃക ദിനത്തിന്റെ പ്രമേയം. 1983 മുതല്‍ ഐസിഒഎംഒഎസിന്റെ നേതൃത്വത്തില്‍ യുനെസ്‌കോയുടെ സഹകരണത്തില്‍ ലോക പൈതൃകദിനം ആചരിക്കുന്നുണ്ട്. പൈതൃക കേന്ദ്രങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുക, സുസ്ഥിര വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുക, പ്രാദേശിക സമൂഹങ്ങളെ ഉള്‍പ്പെടുത്തുക, സാംസ്‌കാരികവൈവിധ്യം പ്രോത്സാഹിപ്പിക്കുക, പാരിസ്ഥിതിക പ്രശ്‌നങ്ങളെ തിരിച്ചറിയുക, രാജ്യാന്തര കൂട്ടായ്മ ശക്തമാക്കുക എന്നിങ്ങനെ വിവിധ തലങ്ങളില്‍ ലോക പൈതൃക ദിനത്തിന് പ്രാധാന്യമുണ്ട്.
നിലവില്‍ 168 രാജ്യങ്ങളിലായി 1,199 ലോക പൈതൃക കേന്ദ്രങ്ങളുണ്ട്. ഇന്ത്യയില്‍ ആകെ 3,691 സ്മാരകങ്ങളും പൈതൃക കേന്ദ്രങ്ങളുമുണ്ട്. ഇതില്‍ 42 എണ്ണമാണ് ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ആഗ്ര കോട്ട, അജന്ത-എല്ലോറ ഗുഹകള്‍, സാഞ്ചിയിലെ ബുദ്ധസ്മാരകം, ഛത്രപതി ശിവജി ടെര്‍മിനസ്, ജന്തര്‍ മന്ദര്‍, കൊണാര്‍കിലെ സൂര്യക്ഷേത്രം, ശാന്തിനികേതന്‍ എന്നിവയെല്ലാം പൈതൃക കേന്ദ്രങ്ങളാണ്. ചരിത്ര നിര്‍മിതികളും സ്മാരകങ്ങളും മാത്രമല്ല, പരിസ്ഥിതി പ്രാധാന്യമുള്ള കേന്ദ്രങ്ങളും പൈതൃക കേന്ദ്രങ്ങളായി പ്രഖ്യാപിക്കാറുണ്ട്. ഹിമാലയന്‍ നാഷനല്‍ പാര്‍ക്കും കാസിരംഗ ദേശീയ പാര്‍ക്കും സുന്ദര്‍ബനും പശ്ചിമഘട്ടവുമെല്ലം പ്രകൃതി വിഭവങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്നും ലോക പൈതൃക പട്ടികയില്‍ ഇടം നേടിയിട്ടുള്ളവയാണ്.