ADVERTISEMENT

മുദ്രനിരപ്പിൽ നിന്ന്  12,756 അടി ഉയരത്തിലാണ് വിശുദ്ധ ഗുഹയായ അമർനാഥ് സ്ഥിതി ചെയ്യുന്നത്. മനോഹരമായ ലാദർ താഴ്വരയിൽ പതിഞ്ഞുകിടക്കുന്ന അമർനാഥ് ശ്രീനഗറിൽ നിന്ന് 141 കിലോമീറ്റർ അകലെയാണ്. എല്ലാ വർഷവും അമർനാഥിലേക്ക് തീർഥാടനമുണ്ട്. ശിവ ഭഗവാന്റെ അനുഗ്രഹം തേടി സ്വന്തം ജീവൻ പോലും പണയംവച്ച് വിശ്വാസികൾ നടത്തുന്ന തീർഥയാത്ര...ഇത്തവണത്തെ അമർനാഥ് തീർഥാടന യാത്രയ്ക്കുള്ള സമയം അടുത്തു വരികയാണ്. ഇത്തവണത്തെ അമർനാഥ് യാത്രയുടെ സമയം ശ്രീ അമർനാഥ് ഷ്രൈൻ ബോർഡ് പുറത്തിറക്കി. ഈ വർഷം ജൂൺ 29 മുതൽ ഓഗസ്റ്റ് 19 വരെയാണ് അമർനാഥ് തീർഥാടനം. തീർഥാടനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്കായി റജിസ്ട്രേഷൻ ആരംഭിച്ചു കഴിഞ്ഞു.

തീർഥാടനം ഏറ്റവും സുഗമമായി നടത്തുന്നതിന്റെ ഭാഗമാണ് നേരത്തെയുള്ള റജിസ്ട്രേഷൻ. 52 ദിവസം നീണ്ടു നിൽക്കുന്ന തീർഥയാത്ര സംഘടിതവും സുഗമവുമായി നടത്തുന്നതിന്റെ മുന്നോടിയായാണ് റജിസ്ട്രേഷൻ നേരത്തെ  ആരംഭിച്ചത്.  എല്ലാ വർഷവും കർശനമായ സുരക്ഷാ സംവിധാനങ്ങൾക്കും സൂക്ഷ്മമായ നിരീക്ഷണങ്ങൾക്കും ഇടയിലാണ് അമർനാഥ് യാത്ര നടക്കുന്നത്. രണ്ട് വ്യത്യസ്ത പാതകളിലൂടെയാണ് തീർഥാടകർ ഈ യാത്ര ആരംഭിക്കുന്നത്.

amarnath-yatra-trails

ദേശീയ ദുരന്ത നിവാരണ സേന (എൻ ഡി ആർ എഫ്), സംസ്ഥാന ദുരന്ത നിവാരണ സേന (എസ് ഡി ആർ എഫ്) എന്നിവയിൽ നിന്നുള്ള ഉദ്യോഗസ്ഥർ നിലവിൽ പ്രത്യേക പരിശീലനത്തിലാണ്. ജമ്മു ആൻഡ് കശ്മീർ പൊലീസ് നടത്തുന്ന മൗണ്ടയിൻ റെസ്ക്യൂ ടീമിന്റെ ഭാഗമാകുന്നതിന് ആവശ്യമായ പരിശീലനവും വൈദഗ്ധ്യവും നൽകി സജ്ജമാക്കുന്നതിന്റെ ഭാഗമായാണ് ദുരന്ത നിവാരണ സേനകൾക്ക് ഇപ്പോൾ പ്രത്യേക പരിശീലനം നൽകുന്നത്. കനത്ത വെല്ലുവിളി നിറഞ്ഞ പർവത പ്രദേശങ്ങളിൽ തീർത്ഥാടകരുടെ സുരക്ഷ ഉറപ്പു വരുത്തേണ്ടതുണ്ട്. തീർഥാടന പാതകളിൽ സുരക്ഷാ നടപടികൾ ശക്തിപ്പെടുത്തുകയാണ് ഓരോ സേനയും ലക്ഷ്യം വയ്ക്കുന്നത്.

ഓരോ വർഷവും എത്തുന്നത് നിരവധി തീർത്ഥാടകർ

ഓരോ വർഷവും നിരവധി തീർത്ഥാടകരാണ് അമർനാഥ് യാത്രയ്ക്കായി എത്തുന്നത്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ നടക്കുന്ന ശ്രാവണി മേളയിൽ പങ്കെടുക്കാനാണ് എല്ലാവരും ഒത്തു കൂടുന്നത്. ഹിന്ദു കലണ്ടറിലെ മംഗളകരമായ മാസമായി പരിഗണിക്കപ്പെടുന്നത് ശ്രാവണമാസമാണ്. അമർനാഥ് ഗുഹയിലേക്ക് പ്രവേശിക്കാൻ കഴിയുന്ന സമയം കൂടിയാണ് ഇത്. വളരെ ദുഷ്കരമാണ് അമർനാഥിലേക്കുള്ള യാത്ര. പക്ഷേ, ശാന്തമായ ഹിമാലയൻ ചുറ്റുപാടുകൾക്കുള്ളിൽ കഴിയുന്ന അമർനാഥിലേക്ക് അനുഗ്രഹം തേടി ആരാധകർ എത്തുന്നത് അവരുടെ അഗാധമായ വിശ്വാസത്താലും ഭക്തിയാലുമാണ്.

അമർനാഥ് യാത്ര ആപ്പ് ഇപ്പോൾ പ്ലേ സ്റ്റോറിലും ലഭ്യമാണ്. തീർഥാടനത്തെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ആപ്പ് ഉപയോക്താക്കൾക്ക് കൃത്യമായി ലഭിക്കും. കാലവസ്ഥ സംബന്ധമായ കാര്യങ്ങളും വിവിധങ്ങളായ ഓൺലൈൻ സർവീസുകളെക്കുറിച്ചുള്ള വിവരങ്ങളും തീർത്ഥാടകർക്ക് ഈ ആപ്പിലൂടെ അറിയാൻ കഴിയും.

രണ്ട് വഴികൾ

രണ്ട് മാര്‍ഗങ്ങളിലൂടെ അമര്‍നാഥ് യാത്ര ചെയ്യാന്‍ തീര്‍ഥാടകര്‍ക്ക് സാധിക്കും. ദക്ഷിണ കശ്മീരിലെ അനന്തനാഗില്‍ നിന്നും പഹല്‍ഗാം വഴി 48 കിലോമീറ്റര്‍ നീളത്തിലുള്ള പരമ്പരാഗത മാര്‍ഗമാണ് ഇതില്‍ ആദ്യത്തേത്. രണ്ടാമത്തെ വഴി മധ്യ കശ്മീരിലെ ഗന്ദർബാൾ ജില്ലയിലൂടെയുള്ള 14 കിലോമീറ്റര്‍ മാത്രം നീളമുള്ള എന്നാല്‍ കുത്തനെയുള്ള ബാല്‍ട്ടാല്‍ വഴിയും യാത്രികര്‍ക്ക് അമര്‍നാഥ് യാത്ര നടത്താം. തീർഥാടനം നടത്തുന്ന ഭക്തരുടെ സുരക്ഷയും സൗകര്യങ്ങളും ഉറപ്പു വരുത്തുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. 

ആധാര്‍ അടിസ്ഥാനമാക്കിയുള്ള തീര്‍ഥാടകരുടെ റജിസ്ട്രേഷൻ ഈ വര്‍ഷമാണ് ആരംഭിച്ചത്. രാജ്യമെങ്ങുമുള്ള 540 പഞ്ചാബ് നാഷണല്‍ ബാങ്ക്(പിഎന്‍ബി) ശാഖകള്‍ വഴി തീര്‍ഥാടകര്‍ക്ക് റജിസ്ട്രേഷൻ നടത്താനാവും. ജമ്മുവിലെ രേഹരി ജില്ലയിലെ പിഎന്‍ബി ബ്രാഞ്ചില്‍ റജിസ്‌ട്രേഷനെത്തിയ തീര്‍ഥാടകരെ പൂക്കളും മറ്റും നല്‍കിയാണ്. അമര്‍നാഥ് യാത്രയുടെ ആദ്യ ബാച്ചില്‍ തന്നെ ഇടം കിട്ടാനായി പുലര്‍ച്ചെ മുതല്‍ തന്നെ പലയിടങ്ങളിലും തീര്‍ഥാടകര്‍ വരി നിന്നാണ് റജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയത്. 

അമര്‍നാഥ് യാത്രയുടെ വിവിധ ബാച്ചുകളുടെ യാത്രകള്‍ അന്തിമമായി ക്രമീകരിക്കുക ജമ്മു ആൻഡ് കശ്മീര്‍ ഗവര്‍ണറുടെ അധ്യക്ഷതയില്‍ ശ്രീ അമര്‍നാഥ് ജി ഷ്രൈന്‍ ബോര്‍ഡ്(SASB) യോഗമായിരിക്കും. നേരത്തെ പറഞ്ഞ രണ്ടു മാര്‍ഗങ്ങളിലൂടെയും തീര്‍ഥാടകര്‍ക്ക് ഒരേസമയം അമര്‍നാഥ് യാത്ര നടത്താനാവും. നേരിട്ട് അമര്‍നാഥ് യാത്ര സാധ്യമല്ലാത്ത തീര്‍ഥാടകര്‍ക്കായി രാവിലെയും വൈകീട്ടുമുള്ള ആരതികള്‍ തല്‍സമയം സംപ്രേഷണം ചെയ്യാനും ഷ്രൈന്‍ ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. ഇത് ലോകമെങ്ങുമുള്ള തീര്‍ഥാടകര്‍ക്ക് ആസ്വദിക്കാനാവും. 

542 ബാങ്ക് ബ്രാഞ്ചുകള്‍ വഴി മാത്രമല്ല ഓണ്‍ലൈന്‍ വഴിയും അമര്‍നാഥ് യാത്രികര്‍ക്ക് റജിസ്‌ട്രേഷന്‍ നടത്താനാവും. ഇതോടെ പരമാവധി യാത്രികര്‍ക്ക് അമര്‍നാഥ് യാത്ര സാധ്യമാവുമെന്നാണ് കരുതപ്പെടുന്നത്. അതേസമയം 13 വയസില്‍ താഴെയും 75 വയസില്‍ കൂടുതലുമുള്ളവര്‍ക്ക് റജിസ്‌ട്രേഷന് അനുമതിയില്ല. അതുപോലെ ആറ് ആഴ്ച്ചയില്‍ കൂടുതല്‍ ഗര്‍ഭിണികളായവര്‍ക്കും അമര്‍നാഥ് യാത്രക്ക് അനുമതിയില്ല. 

ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍

1. ഓണ്‍ലൈനില്‍ jksasb.nic.in എന്ന ഔദ്യോഗിക വെബ് സൈറ്റ് വഴിയാണ് അമര്‍നാഥ് യാത്രക്കായി റജിസ്റ്റര്‍ ചെയ്യേണ്ടത്. 

2. വെബ് പേജിലെ റജിസ്‌ട്രേഷന്‍ ബട്ടണില്‍ ക്ലിക്കു ചെയ്യുക. 

3. യാത്രക്കിടെ തീര്‍ഥാടകര്‍ ചെയ്യാവുന്നതും അരുതാത്തതുമായ കാര്യങ്ങള്‍ വിശദമായി പറഞ്ഞിട്ടുണ്ട്. അവ വായിച്ച ശേഷം I Agree ഓപ്ഷനില്‍ ക്ലിക്കു ചെയ്യുക. 

4. ഇവിടെയാണ് നിങ്ങളുടെ പേരും ഫോണ്‍ നമ്പറും അടക്കമുള്ള വിശദാംശങ്ങള്‍ നല്‍കേണ്ടത്. 

5. അപേക്ഷകരുടെ സാധുവായ തിരിച്ചറിയല്‍ രേഖ, ഫോട്ടോ, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ അപ്ലോഡ് ചെയ്യുക. 

6. റജിസ്‌ട്രേഷന്‍ സബ്മിറ്റ് ചെയ്ത ശേഷം ഫയല്‍ ഡൗണ്‍ലോഡ് ചെയ്യുക. ഈ രേഖയുടെ പ്രിന്റ് ഔട്ട് എടുത്തു സൂക്ഷിക്കണം. 

7. യാത്രാ പെര്‍മിറ്റ് നിങ്ങളുടെ ഫോണിലും സേവ് ചെയ്ത് സൂക്ഷിക്കാം.

English Summary:

Amarnath Yatra 2024: Pilgrimage to begin on June 29; sign-up now available

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com