ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് ഓപ്പൺ ഡബിൾ ഡക്കർ ബസ്സിൽ അനന്തപുരി ചുറ്റിക്കാണാം
Mail This Article
നഗരം ചുറ്റിക്കാണാനെത്തുന്നവർക്ക് യാത്രയുടെ നവ്യാനുഭവം തീർക്കാൻ കെഎസ്ആർടിസി ഇലക്ട്രിക് ഡബിൾ ഡെക്കർ ഓപ്പൺ ഡെക്ക് ബസ്. വിദേശ രാജ്യങ്ങളിലെ വലിയ നഗരങ്ങളിലുമുൾപ്പെടെയുള്ള ഓപ്പൺ ഡെക്ക് സർവീസ് ഇന്ത്യയിൽ ആദ്യമായാണ് തിരുവനന്തപുരം നഗരത്തിൽ സർവീസ് ആരംഭിച്ചത്.വിനോദസഞ്ചാരികൾക്കും അനന്തപുരി നഗരക്കാഴ്ചകൾ ആസ്വദിക്കാനുമായി എത്തുന്നവർക്കും മികച്ച സൗകര്യങ്ങളോടുകൂടിയാണ് ഡബിൾ ഡക്കർ സർവീസ് നടത്തുന്നത്.
ഓപ്പൺ ഇലക്ട്രിക് ഡബിൾ ഡെക്കർ സർവീസ് നടത്തുന്ന റൂട്ടുകൾ. ഉച്ചയ്ക്കുശേഷം മൂന്നുമണിക്ക് ആരംഭിക്കുന്ന ട്രിപ്പുകൾ ഓരോ മണിക്കൂർ ഇടവിട്ട് രാത്രി 10 മണി വരെ തുടരുന്നു. കിഴക്കേകോട്ടയിൽ നിന്നും തിരിച്ച് സ്റ്റാച്യു പാളയം വെള്ളയമ്പലം കവടിയാറിൽ എത്തി തിരിച്ച് പാളയം വി ജെ റ്റി ഹാൾ, പേട്ട, ചാക്ക, ശംഖുമുഖം, ലുലു മാൾ എത്തി തിരിച്ച് ബൈപാസ് വഴി ഈസ്റ്റ് ഫോർട്ടിലേക്ക് എത്തിച്ചേരുന്നു. ഈ രീതിയിലാണ് ട്രിപ്പ് അറേഞ്ച് ചെയ്തിരിക്കുന്നത്.
ഇലക്ട്രിക് ഡബിൾ ഡെക്കർ യാത്രയിൽ സ്നാക്സും വെള്ളവും വാങ്ങുന്നതിനുള്ള സൗകര്യം കൂടി ലഭ്യമാക്കണം എന്ന് യാത്രക്കാർ ഗതാഗതവകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടതിനെ തുടർന്ന് ബസ്സിനുള്ളിൽത്തന്നെ ലഘുഭക്ഷണവും പാനീയവും വാങ്ങുന്നതിനുള്ള സജ്ജീകരണവും ചെയ്തിട്ടുണ്ട്. കൂടാതെ ഓപ്പൺ ഇലക്ട്രിക് ഡബിൾ ഡക്കർ ബസ്സിന് രാവിലെ ആറുമണി മുതൽ 2 മണി വരെ ചാർട്ടേർഡ് ട്രിപ് സേവനവും ലഭ്യമാണ്. വെഡ്ഡിങ് ഷൂട്ട്, ബർത്ത് ഡേ പാർട്ടി, ഫിലിം ഷൂട്ടിങ് , പരസ്യങ്ങൾ എന്നിവയ്ക്കായുള്ള പാക്കേജുകളായും സർവീസുകൾ ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക് - ഫോൺ : 9188619378