ADVERTISEMENT

ഒരുപാട് ഉരുകിയുരുകി ജീവിച്ചതുകൊണ്ടാകാം മോളി ജോയിക്ക് മഞ്ഞിനോടു വലിയ സ്നേഹമാണ്. അതുകൊണ്ടുതന്നെ താൻ സഞ്ചരിച്ച വഴികളിലെ റഷ്യയിലെ മഞ്ഞുവീഴ്ചയും സ്വിറ്റ്സർലൻഡിലെ മഞ്ഞുകട്ടകളും കൊതിയോടെയല്ലാതെ മോളിക്ക് ഓർക്കാൻ കഴിയില്ല. എറണാകുളം ചിത്രപ്പുഴ സ്വദേശി മോളി ജോയ് എന്ന 62കാരി 12 വർഷംകൊണ്ടു സഞ്ചരിച്ചത് 16 രാജ്യങ്ങളിലൂടെയാണ്. പ്രായവും പ്രാരബ്ധവും സ്വപ്നങ്ങൾക്കു വിലങ്ങുതടിയാകുമെന്നു വിശ്വസിക്കുന്ന ഒട്ടേറെ വീട്ടമ്മമാർക്ക് ഇവർ മാതൃകയാണ്. ഒരിക്കൽപോലും അമ്മയുടെ സ്വപ്നങ്ങൾക്കു വിലങ്ങാവാത്ത മക്കൾ പുതിയ തലമുറയ്ക്കും മാതൃകയാക്കാം. 51 വയസ്സുള്ളപ്പോൾ വിദേശയാത്രകൾക്കു തുടക്കംകുറിച്ച മോളിയുടെ 58–ാം ജന്മദിനം ലണ്ടനിലെ ഒരു ഹോട്ടലിലാണ് ആഘോഷിച്ചത്.

മോളി ജോയ് പലചരക്കു കടയിൽ
മോളി ജോയ് പലചരക്കു കടയിൽ

ജീവിതം–പ്രാരബ്ധം–സ്വപ്നം

എറണാകുളം ജില്ലയിലെ ചിത്രപ്പുഴയിൽ ഒരു കൊച്ചു പലചരക്കു കടയുടമയാണ് മോളി. കടയിലെ വരുമാനം മാത്രമാണ് മോളിയുടെ യാത്രയുടെ ഇന്ധനം. തിരുവാങ്കുളത്തു ജനിച്ച മോളി, ജോയിയെ വിവാഹം കഴിച്ചാണ് ചിത്രപ്പുഴയിലെത്തുന്നത്. ചെറുപ്പംമുതൽ യാത്രയെ സ്നേഹിച്ചിരുന്ന മോളി, ജീവിതം കെട്ടിപ്പടുക്കാനുള്ള ഓട്ടത്തിൽ അതെല്ലാം ഉള്ളിലൊതുക്കി. മക്കൾ ജനിച്ചതോടെ അവർക്കുവേണ്ടിയായി ജീവിതം. അങ്ങനെയിരിക്കെ 2004ൽ അപ്രതീക്ഷിതമായി ഭർത്താവിന്റെ വിയോഗം. വീടിന്റെ മുഴുവൻ ഉത്തരവാദിത്തവും സ്വന്തം ചുമലുകളിൽ താങ്ങേണ്ടിവന്നു. ഒരു ഫീനിക്സ് പക്ഷിയെപ്പോലെ മോളി ഉയിർത്തെഴുന്നേറ്റു. കട കുറച്ചുകൂടി മെച്ചപ്പെടുത്തി. കൂടുതൽ സമയം ജോലിചെയ്തു. ഇരു മക്കളെയും പഠിപ്പിച്ചു. അവരെ നല്ലനിലയിലെത്തിച്ചു. ഇരുവരുടെയും വിവാഹം നടത്തി. അങ്ങനെ ഉത്തരവാദിത്തങ്ങൾ ഓരോന്നായി നല്ല നിലയിൽ പൂർത്തിയാക്കി.

വർഷങ്ങൾ വിടപറയുന്നതിനൊപ്പം ആഗ്രഹങ്ങളുടെ ചിറകിൽ പുത്തൻ തൂവലുകൾ മുളച്ചു. യാത്ര പോകണം. ലോകം കാണണം എന്ന സ്വപ്നം മാടിവിളിച്ചുകൊണ്ടിരുന്നു. അതിനിടെയാണു യാത്രചെയ്യാൻ താൽപര്യമുള്ള, നാട്ടിലെ ചെറു സംഘങ്ങൾക്കൊപ്പം കൂടുന്നത്. പഴനി, മധുര, ഊട്ടി, കൊടൈക്കനാൽ, രാമേശ്വരം, വേളാങ്കണ്ണി, മൈസൂരു, കോവളം യാത്രകൾ നടത്തി. പഴനിയിൽ മൂന്നു തവണ പോയിട്ടുണ്ട്. ഒരു വിദേശ പര്യടനത്തിനു പോകണം എന്ന ചിന്തയോടെ 2010ൽ പാസ്‌പോർട്ട് എടുത്തു.

മോളി ജോയ് യാത്രയിൽ
മോളി ജോയ് യാത്രയിൽ

കടൽ കടന്ന മോഹം

ബീവെർലി ഹിൽസിലെ ‘പീസ് ആൻഡ് ലൗ’ ശിൽപത്തോടൊപ്പം
ബീവെർലി ഹിൽസിലെ ‘പീസ് ആൻഡ് ലൗ’ ശിൽപത്തോടൊപ്പം

റിട്ടയേഡ് അധ്യാപികയും അയൽക്കാരിയുമായ മേരിയാണു വിദേശ യാത്രയ്ക്കു വരുന്നോ എന്ന് ആദ്യമായി ചോദിക്കുന്നത്. കടൽ കടന്നു പറക്കാനുള്ള മോളിയുടെ സ്വപ്നത്തിലേക്കുള്ള വിളിയായിരുന്നു അത്. 10 ദിവസത്തെ യൂറോപ്പ് യാത്ര. കയ്യിൽ ആവശ്യത്തിനു പണമില്ല, മക്കളുടെ അനുവാദം വേണം. ആദ്യം മടിച്ചെങ്കിലും രണ്ടുംകൽപിച്ചു മക്കളോടു കാര്യം പറഞ്ഞു. അമ്മയ്ക്കു പോകണമെങ്കിൽ പൊയ്ക്കോ എന്നായിരുന്നു ഉത്തരം. യാതൊരു എതിർപ്പും പ്രകടിപ്പിച്ചില്ല. പിന്നെയൊരു ഓട്ടമായിരുന്നു. കിട്ടാനുള്ളതും കയ്യിൽക്കരുതിയതുമെല്ലാം നുള്ളിപ്പെറുക്കി. വള പണയംവച്ചു. അങ്ങനെ യാത്രയ്ക്കുള്ള വക കണ്ടെത്തി. 2012ൽ അങ്ങനെ മോഹം കടൽകടന്നു. സ്വിറ്റ്സർലൻഡിലെ മഞ്ഞുകട്ടകൾക്കു മുകളിലൂടെ കേബിൾ കാറിൽ സഞ്ചരിക്കുമ്പോൾ താൻ സ്വപ്നങ്ങൾക്കൊപ്പം സഞ്ചരിച്ചുതുടങ്ങിയെന്നു മോളിക്കു മനസ്സിലായി. ജർമനി, ഫ്രാൻസ്, ഇറ്റലി, സ്വിറ്റ്സർലൻഡ്, വത്തിക്കാൻ തുടങ്ങിയ രാജ്യങ്ങളിലൂടെ സഞ്ചരിച്ചു.

തിരിച്ചെത്തി സാധാരണ നിലയിൽ കടയും വീടുമായി കഴിയുമ്പോഴും ഉള്ളിൽ ഉറവവറ്റാതെ ലോകസഞ്ചാരമെന്ന മോഹം വിളിച്ചുകൊണ്ടേയിരുന്നു. സമാനമനസ്കരായ പലരും യാത്രകളെക്കുറിച്ചു സംസാരിച്ചു. സാമ്പത്തികബാധ്യത പലപ്പോഴും പിന്നാക്കംവലിച്ചു. എങ്കിലും ആഗ്രഹം മുന്നോട്ടുനയിച്ചു. 2017ൽ സിംഗപ്പുർ, മലേഷ്യ യാത്ര നടത്തി. 2019ലാണ് 15 ദിവസത്തെ ലണ്ടൻ യാത്രയെക്കുറിച്ചു സുഹൃത്തുക്കൾ അറിയിക്കുന്നത്. യാത്രയെക്കുറിച്ചു മക്കളോടു പറയാൻ വീണ്ടും മടി. എന്നാൽ രണ്ടും കൽപിച്ചു ചോദിച്ചു. മക്കൾക്ക് അമ്മയുടെ ആഗ്രഹത്തിന്റെയൊപ്പം നിൽക്കാനായിരുന്നു ഇഷ്ടം. 2019ൽ അടുത്ത യാത്രയ്ക്കിറങ്ങി. ഇംഗ്ലണ്ട്, നെതർലൻഡ്സ്, പോളണ്ട്, ബെൽജിയം അങ്ങനെ രാജ്യങ്ങൾ പലതും കണ്ടു. പിന്നീട് കോവിഡ് കാലമായി. യാത്രകൾക്ക് താൽക്കാലിക വിരാമം. 2021ൽ വീണ്ടും യാത്ര. ഇത്തവണ അമേരിക്കയിലേക്കായിരുന്നു. ന്യൂയോർക്ക്, വാഷിങ്ടൻ, ഫിലഡൽഫിയ, ന്യൂജഴ്‌സി തുടങ്ങിയ സ്വപ്നഭൂമികളിലൂടെയെല്ലാം മോളി സഞ്ചരിച്ചു. 2022ൽ നവംബറിൽ അരുണിമ എന്ന വ്ലോഗർക്കൊപ്പം ബാങ്കോക്ക്, പട്ടായ യാത്ര നടത്തി. ടൂറിസ്റ്റ് കമ്പനിക്കാർ സ്പോൺസർ ചെയ്ത യാത്രയായിരുന്നു. 2023 നവംബറിൽ റഷ്യൻ യാത്ര നടത്തി. അമ്മ പോകുമ്പോൾ കട താൻ നോക്കിക്കൊള്ളാം എന്നു മരുമകൾ പറഞ്ഞു. മഞ്ഞുകാലത്തായിരുന്നു റഷ്യയിലെത്തിയത്. ജീവിതത്തിൽ അതുപോലൊരു മഞ്ഞുകാലം കാണാൻ കഴിഞ്ഞിട്ടില്ലെന്നു മോളി പറയുന്നു. ഒരിക്കലും ആ കാഴ്ച മനസ്സിൽനിന്നു മായില്ലെന്നും.

മോളി റഷ്യയിലെ മഞ്ഞുമൂടിയ വീഥിയിൽ
മോളി റഷ്യയിലെ മഞ്ഞുമൂടിയ വീഥിയിൽ

വായനകളിലൂടെ അറിഞ്ഞ ലോകം

മോളി ലണ്ടനിലെ കടുകു പാടത്തിൽ
മോളി ലണ്ടനിലെ കടുകു പാടത്തിൽ

തന്റെ കടയിൽ വിൽക്കാനായി കൊണ്ടുവരുന്ന ആനുകാലികങ്ങളിലൂടെയാണ് മോളി വിവിധ രാജ്യങ്ങളെക്കുറിച്ച് അറിഞ്ഞത്. ഒരുപാട് യാത്രാവിവരണങ്ങൾ വായിച്ചു. ഈ മേയ് മാസം 63 വയസ്സ് പൂർത്തിയാകും. രാവിലെ 5.30നാണു മോളിയുടെ ഒരു ദിവസം തുടങ്ങുന്നത്. 6 മണിക്ക് തുടങ്ങി 45 മിനിറ്റ് മുടങ്ങാതെയുള്ള നടത്തമാണ് ജീവൻ ടോൺ. 70 വയസ്സുവരെ യാത്രചെയ്യാനാണ് മോഹം. സ്‌പോൺസർമാരെ ആരെയെങ്കിലും ലഭിച്ചാൽ അതൊരു ആശ്വാസമാകുമെന്നും മോളി പറഞ്ഞു. 

English Summary:

From Chitrapuzha Grocer to Global Explorer: Molly Joy's Inspiring Journey at 62.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com