ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ കാറ്റ് വീശുന്ന സ്ഥലം; ഒരു ദിവസത്തിൽ പോയി വരാം ഈ മനോഹരകാഴ്ചയിലേക്ക്
Mail This Article
അൽപം പച്ചപ്പൊക്കെ കണ്ടു കേരളത്തിന്റെ തെക്കൻ ജില്ലകളിൽ നിന്നും ഒരു ദിവസം കൊണ്ടു പോയിവരാവുന്ന സ്ഥലമാണ് ഇടുക്കി ജില്ലയിലെ രാമക്കല്‍മേട്. കോടമഞ്ഞും പച്ചപ്പും നിറഞ്ഞ കുന്നുകളും അവയുടെ കൊടുമുടികളില്‍ നിന്നും ഒഴുകിയിറങ്ങി വരുന്ന ശുദ്ധവായുവും സ്വര്‍ഗീയമായ കാഴ്ചകളുമെല്ലാം ചേര്‍ന്ന മനോഹര ഇടമാണ് രാമക്കല്‍മേട്. തേക്കടിയില്‍ നിന്നും നാല്‍പതു കിലോമീറ്റര്‍ അകലെ, മഞ്ഞുകാലത്താണ് ഏറ്റവും സുന്ദരം. പുലര്‍കാലത്ത് ട്രെക്കിങ് നടത്താനും കുന്നിന്‍മുകളില്‍ നിന്നും ഉദയസൂര്യന്‍റെ കാഴ്ച കാണാനുമൊക്കെ എത്തുന്ന സഞ്ചാരികളെക്കൊണ്ട് ഇവിടം നിറയും.
മൂന്നാർ– കുമളി സംസ്ഥാനപാതയിൽ നെടുങ്കണ്ടത്തുനിന്ന് 15 കിലോമീറ്റർ അകലെയാണ് സമുദ്ര നിരപ്പിൽനിന്ന് 1,100 മീറ്റർ ഉയരത്തിലുള്ള രാമക്കൽമേട്. കുറവൻ, കുറത്തി ശിൽപങ്ങൾകൊണ്ട് സഞ്ചാരികളുടെ മനസ്സിൽ ഇടം നേടിയ രാമക്കൽമേട്ടിൽനിന്നാൽ തമിഴ്നാട്ടിലെ കൃഷിയിടങ്ങളും കമ്പം, കോംബെ, തേവാരം എന്നീ ചെറു പട്ടണങ്ങളും കാണാൻ കഴിയും.
കേരളത്തിലെ പ്രശസ്തമായ വന്യജീവി കേന്ദ്രങ്ങളിലൊന്നാണ് രാമക്കല്‍മേട്. രാവണന്‍ തട്ടിക്കൊണ്ടുപോയ സീതയെ അന്വേഷിച്ചു ലങ്കയ്ക്ക് പോവുകയായിരുന്ന ശ്രീരാമന്‍ ഇവിടെയെത്തിയെന്നു ഐതിഹ്യത്തില്‍ പറയുന്നു. സേതുബന്ധനത്തിനായി രാമേശ്വരം തിരഞ്ഞെടുത്തതും ഇവിടെ വച്ചായിരുന്നുവത്രേ. അങ്ങനെ, ശ്രീരാമന്‍റെ പാദങ്ങള്‍ പതിഞ്ഞ മണ്ണായതിനാലാണ് രാമക്കല്‍മേട് എന്ന പേര് ലഭിച്ചത്.
കേരള-തമിഴ്‌നാട് അതിർത്തിയിൽ, സമുദ്രനിരപ്പിൽ നിന്ന് 1100 മീറ്റർ ഉയരത്തിലുള്ള രാമക്കല്‍മേട്ടിലെ കുന്നുകളില്‍ നിന്നും നോക്കിയാല്‍ തമിഴ്‌നാട്ടിലെ ഗ്രാമങ്ങളുടെയും കൃഷിയിടങ്ങളുടെയും വിശാലവും മനോഹരവുമായ കാഴ്ചകൾ കാണാം. ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ കാറ്റ് വീശുന്ന സ്ഥലങ്ങളിൽ ഒന്നാണിത്. മണിക്കൂറിൽ ശരാശരി 32.5 കിലോമീറ്റർ വേഗത്തിൽ കാറ്റു വീശാറുണ്ട്. ചിലയവസരങ്ങളിൽ അത് മണിക്കൂറിൽ 100 കിലോമീറ്റർ വരെയാകും. അതിനാല്‍ കേരള സർക്കാരിന്‍റെ, കാറ്റില്‍ നിന്നും വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന സംരംഭമായ വിൻഡ് എനർജി ഫാമും ഇവിടെ കാണാം. 300 മീറ്റർ ഉയരത്തില്‍, കിഴക്കോട്ട് അഭിമുഖമായി നിൽക്കുന്ന, തൂണുകള്‍ പോലെയുള്ള പാറക്കെട്ടുകളാണ് ഇവിടുത്തെ മറ്റൊരു ആകർഷണം.
കൂടാതെ, തവളപ്പാറ, ആമപ്പാറ, കുറവൻ-കുറത്തി പ്രതിമകള്‍ എന്നിവയെല്ലാം ഇവിടുത്തെ മറ്റു പ്രധാനകാഴ്ചകളാണ്. രാമക്കല്‍മേട്ടിലെത്താന്‍തേക്കടി-മൂന്നാർ റൂട്ടിൽ നെടുംകണ്ടത്തിനു 15 കിലോമീറ്റർ അകലെയാണ് രാമക്കല്‍മേട്. എറണാകുളത്തു നിന്നും 150 കിലോമീറ്റർ ദൂരമാണ് ഇവിടേക്കുള്ളത്. പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ തേക്കടിയിൽ നിന്നും നിന്നും 43 കിലോമീറ്റർ ദൂരത്താണ് രാമക്കൽമേട്. കട്ടപ്പനയിൽ നിന്നും 20 കിലോമീറ്ററും, മൂന്നാർ നിന്നും 70 കിലോമീറ്ററും റോഡു മാർഗം സഞ്ചരിച്ച് ഇവിടെ എത്താം. കോട്ടയമാണ് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍.