ജർമനി യാത്രയ്ക്കായി നിരവധി ഓഫറുകൾ; ഇന്ത്യൻ വിനോദസഞ്ചാരികളുടെ എണ്ണം കൂടി
Mail This Article
വിനോദ സഞ്ചാരം പണ്ടൊക്കെ ഒരു ആർഭാടമായിരുന്നെങ്കിൽ ഇന്ന് അത് ഒരു ശീലമായി മാറിയിരിക്കുകയാണ്. ഒരു അവധി വീണു കിട്ടിയാൽ അടുത്തുള്ള പാർക്കിലേക്കോ റിസോർട്ടിലേക്കോ യാത്ര പോകുന്നത് ഒരു സാധാരണ കാര്യമായി കഴിഞ്ഞു. കുറച്ചു നീണ്ട അവധി എടുത്ത് വിദേശരാജ്യങ്ങളിലേക്കു യാത്ര പോകുന്നതും അത്ര അദ്ഭുതമല്ലാത്ത ഒന്നായി മാറി. ഇന്ത്യയിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ പുതിയ കണക്കുകൾ ഇതു വ്യക്തമാക്കുന്നതാണ്. ജർമനിയിലേക്ക് എത്തുന്ന ഇന്ത്യൻ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ 30 ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 2023ൽ ഇന്ത്യയിൽ നിന്ന് എത്തിയ എട്ടു ലക്ഷം സഞ്ചാരികൾ കുറഞ്ഞത് ഒരു രാത്രിയെങ്കിലും രാജ്യത്ത് തങ്ങിയിട്ടുണ്ട്.
ഇന്ത്യയിൽ നിന്നു ജർമനിയിലേക്ക് എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിൽ അതിശയകരമായ വർദ്ധനവാണ് ഉണ്ടായതെന്നു ജർമനിയുടെ ഡെപ്യൂട്ടി ഹെഡ് ഓഫ് മിഷൻ ജോർജ് എൻസ് വീലർ എ എൻ ഐയോട് പറഞ്ഞു. മുൻ വർഷത്തെ അപേക്ഷിച്ച് 30 ശതമാനം വർദ്ധനയാണ് ഇന്ത്യയിൽ നിന്ന് ജർമനിയിലേക്കുള്ള വിനോദസഞ്ചാരികളിൽ ഉണ്ടായത്. കോവിഡ് നിയന്ത്രണങ്ങൾ നീക്കിയതിനു പിന്നാലെ ജർമിയിലെ വിനോദസഞ്ചാര മേഖല സജീവമായി തിരിച്ചു വരികയാണെന്നും അദ്ദേഹം എ എൻ ഐയോട് വ്യക്തമാക്കി.
ജർമൻ നാഷണൽ ടൂറിസ്റ്റ് ഓഫീസും ഇന്ത്യയിലെ ജർമൻ എംബസിയും സംയുക്തമായി നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു എൻസ് വീലർ. സുസ്ഥിരതയ്ക്കും പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാര രീതികൾക്കുമാണ് തന്റെ രാജ്യം പ്രാധാന്യം നൽകുന്നതെന്നും ഇന്ത്യയിൽ നിന്നുള്ള വിനോദസഞ്ചാരികളെ ഇത് ആകർഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സുസ്ഥിരത എന്നതു നമ്മുടെ രാജ്യം എല്ലാം മേഖലയിലും അഭിമുഖീകരിക്കുന്ന ഒരു പ്രശ്മനമാണ്. ഇന്ത്യയിൽ നിന്നുള്ള ജർമനിയിലേക്കു പോകുന്ന സഞ്ചാരികൾക്ക് എന്താണ് സുസ്ഥിരത എന്നു മനസിലാക്കാൻ കഴിയുമെന്നും ജർമൻ നയതന്ത്ര പ്രതിനിധി പറഞ്ഞു.
ഏറ്റവും വലിയ യൂറോപ്യൻ ഫുട്ബോൾ ഇവന്റായ യൂറോ കപ്പ് ഈ ജൂണിൽ ജർമനിയിലാണ് നടക്കുന്നത്. ഇത് കൂടാതെ യുനെസ്കോയുടെ 52 പൈതൃക കേന്ദ്രങ്ങൾ ആണ് ജർമിനിയിൽ ഉള്ളത്. ഇതിൽ രാജ്യത്തിന്റെ മനോഹരമായ പ്രകൃതിയും സുന്ദരമായ ഗ്രാമങ്ങളും ഇക്കോ ടൂറിസം പരിശീലനങ്ങളും വിനോദസഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നു. ജർമനി കാണാനും രാജ്യത്തിന്റെ സൗന്ദര്യം ആസ്വദിക്കാനും നിരവധി സഞ്ചാരികൾ എത്തുന്നതിൽ സന്തോഷമുണ്ടെന്നും എൻസ് വീലർ വ്യക്തമാക്കി.
യൂറോപ്പിന്റെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന ജർമനി യുവ സഞ്ചാരികളെ ആകർഷിക്കുന്ന വിധത്തിൽ ചലനാത്മകമാണ്. മുമ്പെങ്ങുമില്ലാത്ത വിധം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുന്നതിന് ഇതും ഒരു കാരണമാണെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്തിടെ, ജർമനിയിലേക്ക് എത്തുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിലും വലിയ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്നും അതൊരു വലിയ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ജർമനിയിലെ ക്യാംപസുകളിലെ ഏറ്റവും വലിയ രാജ്യാന്തര സമൂഹം ഇന്ത്യൻ വിദ്യാർത്ഥികളുടേതാണെന്നു ജർമൻ നാഷണൽ ടൂറിസ്റ്റ് ഓഫീസിന്റെ മാർക്കറ്റിങ് ആൻഡ് സെയിൽസ് ഓഫീസ് ഡയറക്ടർ റോമിത് തിയോഫിലസ് പറഞ്ഞു. 2023 ൽ ജർമനിയിലെ എല്ലാ ക്യാംപസുകളിലുമായി 42,578 ഇന്ത്യൻ വിദ്യാർത്ഥികളാണ് ഉള്ളത്. ഒരു വർഷം കൊണ്ട് ജർമനിയിലേ ഇന്ത്യൻ വിദ്യാർത്ഥികൾക്കിടയിൽ 25 ശതമാനം വർദ്ധനവാണ് ഉണ്ടായത്.