പ്രകൃതിയുടെ അപാരത, കശ്മീർ യാത്രയിൽ കാണേണ്ട കാഴ്ച
Mail This Article
കശ്മീർ സഞ്ചാരികളുടെ സ്വർഗം തന്നെയാണ്. മനോഹരമായ പ്രകൃതിയും മഞ്ഞുപുതച്ച മലനിരകളും താഴ്‌വരകളും നദികളും തടാകങ്ങളും എന്നുവേണ്ട ഏതൊരു യാത്രികനും ഒരിക്കലെങ്കിലും പോയി കാണ്ടേണ്ട സ്വർഗരാജ്യം. കശ്മീരിലെത്തിയാൽ കൂടുതൽ പേരും സന്ദർശിക്കുന്ന ഇടങ്ങളാണ് പെഹൽഗാമും സോൻമാർഗും ഗുൽമാർഗുമൊക്കെ. എന്നാൽ അധികമാരും കടന്നു ചെല്ലാത്ത, എന്നാൽ വിസ്മയിപ്പിക്കുന്ന കാഴ്ചകൾ സ്വന്തമായ ഒരിടമുണ്ട് മനോഹരമായ കശ്മീരിൽ. വെരിനാഗ് എന്നാണ് അവിടം അറിയപ്പെടുന്നത്. കശ്മീരിലെത്തിയാൽ നിർബന്ധമായും സന്ദർശിക്കേണ്ടയിടം തന്നെയാണിത്.
ജമ്മു കശ്മീരിന്റെ വേനൽക്കാല തലസ്ഥാന നഗരമായ ശ്രീനഗറിൽ നിന്നും 80 കിലോമീറ്റർ യാത്ര ചെയ്താൽ വെരിനാഗിൽ എത്തിചേരാം. അനന്തനാഗ് ജില്ലയിലാണിത് സ്ഥിതി ചെയ്യുന്നത്. അധികം സന്ദർശകരില്ല എന്നത് കൊണ്ടുതന്നെ തിരക്കുകളിൽ നിന്നുമാറി ശാന്തമായിരിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇവിടം ഏറെ ഇഷ്ടപ്പെടും. കശ്മീരിന്റെ സൗന്ദര്യത്തിന്റെ ഒരു പകുതി ഇവിടെ നിന്നും ദൃശ്യമാണ്. മഞ്ഞിൽ കുളിച്ചു നിൽക്കുന്ന ഹിമാലയൻ താഴ്വരയുടെ സൗന്ദര്യവും വെരിനാഗിൽ നിന്നും ഉദ്ഭവിക്കുന്ന ത്സലം നദിയുടെ കാഴ്ചകളുമൊക്കെ ഏതൊരു സഞ്ചാരിയും കാണാൻ ആഗ്രഹിക്കുന്ന, എന്നാൽ ഒരിക്കലും വിസ്മരിക്കാത്ത യാത്രാപുസ്തകത്തിലെ എക്കാലത്തെയും നിറമുള്ള ചിത്രങ്ങളിലൊന്നാകും. വെരിനാഗിൽ നിന്നും ആരംഭിക്കുന്ന ത്സലം നദി ഒഴുകിയെത്തുന്നത് പാക്കിസ്ഥാനിലെ പഞ്ചാബിലേക്കാണ്.
വെരിനാഗിലെ പ്രധാന കാഴ്ച ഒരു നീരുറവയാണ്. നീല നിറത്തിലുള്ള ജലവും കല്ലുകൾ കൊണ്ട് ചുറ്റിലുമുള്ള കെട്ടും മനോഹരമായ ആർക്കേഡുമൊക്കെ മുഗൾ ചക്രവർത്തിയായിരുന്ന ജഹാംഗീർ നിർമിച്ചതാണെന്നാണ് രേഖകൾ പറയുന്നത്. ഈ തടാകത്തിന്റെ ഏറ്റവും വലിയ സവിശേഷത ഇതൊരിക്കലും കരകവിഞ്ഞു ഒഴുകുകയോ ജലം പൂർണമായും വറ്റിപോകുകയോ ഇല്ല എന്നുള്ളതാണ്. പ്രധാന കവാടത്തിൽ നിന്നും മുൻപിലേക്ക് നടന്നെത്തുന്നത് ഈ തടാകത്തിലാണ്. അഷ്ടഭുജങ്ങളോടെയാണ് ഇതിന്റെ നിർമിതി. ഇതിനു ചുറ്റിലുമായി വലിയ സ്തംഭങ്ങളുണ്ട്. 24 ആർച്ചുകൾ തടാകത്തിനും ചുറ്റിലുമായി കാണാം. പൗരാണിക മുഗൾ നിർമിതിയുടെ വൈശിഷ്ട്യം വ്യക്തമാക്കുന്ന തരത്തിലുള്ള നിർമിതിയാണിത്. ചുവരുകൾ നിർമിച്ചിരിക്കുന്നത് വലിയ കരിങ്കൽ സ്ലാബുകൾ കൊണ്ടാണ്. അതിൽ പേർഷ്യൻ ലിപിയിൽ വിശദീകരണത്തിനൊപ്പം കാലമേതെന്നും കൊത്തിവച്ചിട്ടുണ്ട്.
വെരിനാഗിലെ നീരുറവയ്ക്കു സമീപത്തായി തന്നെ മുഗൾ രാജാക്കന്മാർ നിർമിച്ച ഒരു പൂന്തോട്ടവുമുണ്ട്. ഷാജഹാൻ ചക്രവർത്തിയാണ് ഈ പൂന്തോട്ടത്തിന്റെ നിർമിതിക്കു പുറകിൽ. വിശുദ്ധ ഗ്രന്ഥമായ ഖുറാനിൽ നിന്നും പ്രചോദിതമായി, പുരാതന പേർഷ്യൻ ഉദ്യാനങ്ങൾക്ക് സമാനമായി നിർമിച്ചതാണിതെന്നു പറയപ്പെടുന്നു. സ്വർഗത്തിനു ചുറ്റുമുള്ള നാല് നദികൾ, വീഞ്ഞ്, തേൻ, പാൽ, വെള്ളം എന്നിവ നിറഞ്ഞതെന്ന സങ്കല്പവും ഇതിനു പുറകിലുണ്ട്. വെരിനാഗിലെ ഈ നീരുറവയും ഇതിനു ചുറ്റുമുള്ള നിർമിതിയും പുരാവസ്തു വകുപ്പ് ദേശീയ പ്രാധാന്യമുള്ളതായി പ്രഖ്യാപിച്ചിട്ടുണ്ട്.