ഇന്ത്യൻ പൗരൻമാർക്കു പ്രവേശനം എളുപ്പമാക്കുന്ന 'കാസ്കേഡ്', ഷെൻഗൻ വീസയിലെ പുതിയ നിയമങ്ങൾ അറിയാം
Mail This Article
യൂറോപ്യൻ രാജ്യങ്ങളിൽ പോകാൻ ആഗ്രഹിക്കുന്നവർക്കു ഷെൻഗൻ വീസ നിർബന്ധമാണ്. ഷെൻഗൻ വീസയ്ക്ക് അപേക്ഷിക്കുന്ന ഇന്ത്യയിൽ താമസിക്കുന്ന ഇന്ത്യൻ പൗരൻമാർക്കായി യൂറോപ്യൻ യൂണിയൻ പുതിയ വീസ പദ്ധതി അവതരിപ്പിച്ചു. കാസ്കേഡ് എന്നു പേര് നൽകിയിരിക്കുന്ന പുതിയ വീസ പദ്ധതി അനുസരിച്ച് ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ഇപ്പോൾ ദീർഘകാല സാധുതയുള്ള മൾട്ടിപ്പിൾ എൻട്രി വീസകൾ ലഭിക്കും. ഇതനുസരിച്ച് അത്യാവശ്യം യാത്രാ ചെയ്യുന്നവർക്ക് എളുപ്പത്തിൽ വീസ സാധ്യമാക്കുന്നതാണ് ലക്ഷ്യം.
യൂറോപ്യൻ രാജ്യങ്ങൾ പതിവായി സന്ദർശിക്കുന്നവർക്കാണ് ഇതിന്റെ ഗുണം ലഭിക്കുക. പുതുതായി പ്രഖ്യാപിച്ച ഷെൻഗൻ വീസ മാനദണ്ഡങ്ങൾ അനുസരിച്ച് ഇത് ഉപയോഗിച്ച് ഒന്നിലേറെ തവണ യാത്ര ചെയ്യാൻ കഴിയും. അഞ്ച് വർഷമായിരിക്കും ഈ വീസയുടെ കാലാവധി. ഇതുവരെ ഹ്രസ്വ കാലത്തേക്കു മാത്രമായിരുന്നു ഷെൻഗൻ വീസ അനുവദിച്ചിരുന്നത്. നിലവിൽ ഷെൻഗൻ വീസ ഉപയോഗിച്ച് യൂറോപ്യൻ യൂണിയനിലെ 25 രാജ്യങ്ങൾ ഉൾപ്പെടെ 29 രാജ്യങ്ങളിലേക്കു യാത്ര ചെയ്യാൻ കഴിയും. ഈ വീസ കൈവശമുണ്ടെങ്കിൽ ഓരോ രാജ്യങ്ങൾക്കും പ്രത്യേകം വീസ ആവശ്യമില്ല. അതുകൊണ്ട് തന്നെ യൂറോപ്പ് കാണാൻ കൊതിക്കുന്നവർക്ക്, ഒരൊറ്റ വീസ ഉപയോഗിച്ച് എല്ലാ ഷെൻഗൻ ഏരിയ രാജ്യങ്ങളും സഞ്ചരിക്കാൻ കഴിയും.
എന്താണ് വീസ കാസ്കേഡ്
കഴിഞ്ഞ മൂന്നു വർഷത്തിനിടെ രണ്ടു ഷെൻഗൻ വീസകൾ നേടുകയും ഉപയോഗിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്കു രണ്ടു വർഷം ദൈർഘ്യമുള്ള മൾട്ടി എൻട്രി ഷെൻഗൻ വീസ നേടാം. പാസ്പോർട്ടിനു സാധുത ഉണ്ടെങ്കിൽ തുടർന്ന് അഞ്ചു വർഷം ദൈർഘ്യമുള്ള മൾട്ടി എൻട്രി വീസ നേടാനും അർഹതയുണ്ട്. ഈ വീസകളുടെ സാധുത ഉള്ളിടത്തോളം കാലം ഇന്ത്യയിൽ നിന്നുള്ള വ്യക്തികൾക്ക് അധിക വീസകൾ ആവശ്യമില്ലാതെ ഒന്നിലധികം തവണ ഷെൻഗൻ രാജ്യങ്ങളിൽ പ്രവേശിക്കാവുന്നതാണ്.
ഏപ്രിൽ ഒന്നുമുതൽ ആയിരുന്നു റൊമേനിയയും ബൾഗേറിയയും ഷെൻഗൻ വീസയുടെ ഭാഗമായത്. നേരത്തെ 26 രാജ്യങ്ങളിൽ ആയിരുന്നു ഷെൻഗൻ വീസ ഉപയോഗിച്ചു യാത്ര ചെയ്യാൻ സാധിച്ചിരുന്നത്. ഇപ്പോൾ ഷെൻഗൻ വീസ ഉപയോഗിച്ച് യാത്ര ചെയ്യാവുന്ന രാജ്യങ്ങളുടെ എണ്ണം 29 ആയി. ബെൽജിയം, ബൾഗേറിയ, ക്രൊയേഷ്യ, ചെക്ക് റിപ്പബ്ലിക്, ഡെൻമാർക്ക്, ജർമനി, എസ്തോണിയ, ഗ്രീസ്, സ്പെയിൻ, ഫ്രാൻസ്, ഇറ്റലി, ലാത്വിയ, ലിത്വാനിയ, ലക്സംബർഗ്, ഹംഗറി, മാൾട്ട, നെതർലാൻഡ്സ്, ഓസ്ട്രിയ, പോളണ്ട്, പോർച്ചുഗൽ, റൊമാനിയ, സ്ലോവേനിയ, സ്ലോവാക്യ, ഫിൻലൻഡ്, സ്വീഡൻ, ഐസ്‌ലാൻഡ്, ലിച്ചെൻസ്റ്റീൻ, നോർവേ, സ്വിറ്റ്‌സർലൻഡ് എന്നിവയാണ് ഷെൻഗൻ വീസ ഉപയോഗിച്ച് യാത്ര ചെയ്യാവുന്ന രാജ്യങ്ങൾ.
ഏതായാലും ഷെൻഗൻ വീസ കൈവശമുള്ളവരുടെ യൂറോപ്യൻ യാത്ര ഇനി കൂടുതൽ രസകരമാകും. ഈ വീസ കാലാവധിക്കുള്ളിൽ വീസ ആവശ്യമില്ലാതെ സഞ്ചരിക്കാൻ കഴിയുന്ന രാജ്യക്കാരെ പോലെ തന്നെ ഇന്ത്യൻ യാത്രികർക്കും സഞ്ചരിക്കാം. അതായത്, ഷെൻഗൻ രാജ്യങ്ങളിൽ ഇവർക്ക് ഒന്നിലധികം തവണ പ്രവേശിക്കുകയും പുറത്തു വരികയും ചെയ്യാം.
അതേസമയം, ഷെൻഗൻ വീസ ഒരു പ്രത്യേക കാര്യത്തിന് മാത്രമേ ഉപയോഗിക്കാവൂ എന്ന് നിർദ്ദേശമില്ല. വിനോദസഞ്ചാരത്തിനോ വ്യാവസായികമായ ആവശ്യത്തിനോ സുഹൃത്തുക്കളെയോ കുടുംബാംഗങ്ങളെയോ കാണുന്നതിനും ഒക്കെ ഷെൻഗൻ വീസ ഉപയോഗിക്കാവുന്നതാണ്. എന്നാൽ, ഷെൻഗൻ വീസയുമായി എത്തുന്ന ഒരാൾക്ക് ജോലി ചെയ്യുന്നതിന് അനുമതി നൽകുന്നില്ല. ഷെൻഗൻ വീസ യൂറോപ്പിനുള്ളിലെ യാത്ര കൂടുതൽ ലളിതമാക്കുന്നു. വിനോദസഞ്ചാരികൾക്ക് ഷെൻഗൻ വീസയിലൂടെ യൂറോപ്യൻ യൂണിയനിലെ നിരവധി രാജ്യങ്ങൾ സന്ദർശിക്കാൻ കഴിയുമെന്നതു തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ നേട്ടം.