ADVERTISEMENT

വേനല്‍ക്കാലത്ത് യാത്ര ചെയ്യാന്‍ ഇന്ത്യ അനുയോജ്യമല്ല എന്ന തെറ്റിദ്ധാരണ മാറ്റി, കൂടുതല്‍ സഞ്ചാരികളെ രാജ്യത്തേക്ക് ആകര്‍ഷിക്കാന്‍ ടൂറിസം മന്ത്രാലയം. വേനല്‍ക്കാലത്ത് പോലും തണുപ്പേറിയ, രാജ്യത്തെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ പരിചയപ്പെടുത്തുന്നതിനായി 'കൂള്‍ സമ്മര്‍ ഗെറ്റവേയ്സ്' എന്ന പേരില്‍ ഒരു സോഷ്യല്‍ മീഡിയ ക്യാംപെയ്ന്‍ മന്ത്രാലയം ആരംഭിച്ചു. 'കൂൾ സമ്മേഴ്‌സ് ഓഫ് ഇന്ത്യ' എന്ന പേരില്‍ ഈ ക്യാംപെയ്ന്‍ മേയ് 6 ന് ലൈവായി. 

'ഇൻക്രെഡിബിൾ ഇന്ത്യ ' യുടെ സോഷ്യൽ മീഡിയ ഹാൻഡിലുകൾ മുന്‍പേ ഇതിന്‍റെ ടീസറും കാഴ്ചകളും പങ്കിത്തിരുന്നു. ഇന്ത്യയിലെ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി ടൂറിസം മന്ത്രാലയം ആരംഭിച്ച ഒരു ജനപ്രിയ ക്യാംപെയ്നാണ് ഇൻക്രെഡിബിൾ ഇന്ത്യ. ക്യാംപെയിന്റെ ഭാഗമായി, സൈറ്റുകളുടെ രണ്ട് ഘട്ട പട്ടിക തയാറാക്കിയിട്ടുണ്ട്. ഘട്ടം ഒന്നിനു കീഴിൽ, ഏകദേശം 50 വേനൽക്കാല അവധിക്കാല കേന്ദ്രങ്ങളുടെ ഒരു ലിസ്റ്റ് തിരഞ്ഞെടുത്തു. ഇതിൽ ഭൂരിഭാഗവും ഉത്തരേന്ത്യയിലാണ്.

ഈ സ്ഥലങ്ങളിൽ ജമ്മു കാശ്മീരിലെ ഗുല്‍മാർഗ്, പട്നിടോപ്പ്, ഗ്രെസ്, മനസ്ബൽ, ധൂത്പത്രി, അഹര്‍ബാൽ എന്നിവ ഉൾപ്പെടുന്നു; ഉത്തരാഖണ്ഡിലെ പിത്തോർഗഡ്, ഔലി, ചോപ്ത, ബിന്‍സാര്‍, മുന്‍സിയാരി എന്നിവയും ഹിമാചൽ പ്രദേശിലെ ബീര്‍ ബില്ലിങ്, കിന്നൂർ, തീർത്ഥൻ, ഖജ്ജിയാർ, ഡല്‍ഹൗസി, സ്പിറ്റി, ജിഭി, എന്നിവയുമുണ്ട്. രാജസ്ഥാനിലെ മൗണ്ട് അബുവും ഇതില്‍ ഉള്‍പ്പെട്ടു.

കൂടാതെ, കേരളത്തിൽ വയനാട്, വാഗമൺ എന്നീ സ്ഥലങ്ങള്‍ ഇതില്‍ ഉള്‍പ്പെട്ടു. തമിഴ്നാട്ടിലെ ഏർക്കാട്, കൊടൈക്കനാല്‍, കൊല്ലിമല എന്നിവയും കര്‍ണാടകയിലെ ചിക്കമംഗളൂരു, മടിക്കേരി എന്നിവയുമാണ് ദക്ഷിണേന്ത്യയിലെ മറ്റു സ്ഥലങ്ങള്‍. 

വടക്ക്കിഴക്കന്‍ സംസ്ഥാനങ്ങള്‍ നോക്കുമ്പോള്‍ മിസോറാമിലെ തെൻസാൾ, ഐസ്വാൾ, ഹ്മുയിഫാങ്, സിക്കിമിലെ ലാച്ചുങ്ങ്, യംതാങ്, ഗോച ലാ, പെല്ലിംഗ്, കെസിയോപൽരി, അസമിലെ ഹഫ്‌ലോങ്, മേഘാലയയിലെ ഷില്ലോങ്, ചിറാപുഞ്ചി, പശ്ചിമ ബംഗാളിലെ കുർസിയോങ്, കാലിംപോങ്, അരുണാചൽ പ്രദേശിലെ സീറോ, തവാങ്, നാഗാലാൻഡിലെ ഡ്സുകോ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ ഗുജറാത്തിലെ സപുതാര, മധ്യപ്രദേശിലെ പച്മറി എന്നീ സ്ഥലങ്ങളുമുണ്ട്. 

ഈ സ്ഥലങ്ങളിലെ തണുത്ത കാലാവസ്ഥയും അനുകൂലമായ എക്യുഐ (എയർ ക്വാളിറ്റി ഇൻഡക്‌സ്)യും ഇവയെ വേനലിലും മികച്ച ടൂറിസ്റ്റ് കേന്ദ്രങ്ങളാക്കി മാറ്റുന്ന ഘടകങ്ങളാണ്. സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും വിവിധ ടൂറിസം ബോർഡുകളും പങ്കിട്ട ഡാറ്റ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയതെന്ന് വൃത്തങ്ങൾ അറിയിച്ചു.

English Summary:

Escape the Heat: Discover India's Top Cool Summer Havens Recommended by the Ministry of Tourism.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com