ADVERTISEMENT

സഞ്ചാരികളുടെ സ്വപ്നദ്വീപാണ് ലക്ഷദ്വീപ്. ഇപ്പോൾ ഇതാ ലക്ഷദ്വീപിനും മംഗളൂരുവിനും ഇടയിൽ ഒരു അതിവേഗ ഫെറി സേവനം ആരംഭിച്ചിരിക്കുന്നു. മംഗളൂരുവിൽ നിന്ന് ലക്ഷദ്വീപിലേക്കുള്ള യാത്രാസമയം വലിയ രീതിയിലാണ് ഇത് കുറയ്ക്കുന്നത്. പരളി എന്ന് പേരിട്ടിരിക്കുന്ന ഈ അതിവേഗ ഫെറി ബോട്ട് മംഗളൂരു - ലക്ഷദ്വീപ് യാത്രാപാതയിൽ ഒരു സുപ്രധാന നാഴികക്കല്ലാണ്. ഇത് നിലവിൽ വരുന്നതോടെ നിലവിലുള്ള യാത്രാസമയത്തിൽ നിന്ന് അഞ്ചു മണിക്കൂർ ആണ് കുറയുന്നത്.

Kadmat in Lakshadweep. Image Credit : Jaison Joseph
Kadmat in Lakshadweep. Image Credit : Jaison Joseph

മേയ് മൂന്നിന് ലക്ഷദ്വീപിൽ നിന്ന് മംഗളൂരുവിലെ പഴയ തുറമുഖത്തേക്ക് എത്തിയ ഫെറിയിൽ 160 യാത്രക്കാർ ആയിരുന്നു ഉണ്ടായിരുന്നത്. വെറും ഏഴു മണിക്കൂർ കൊണ്ടാണ് ലക്ഷദ്വീപിൽ നിന്ന് മംഗളൂരുവിലേക്കു ഫെറി എത്തിയത്. നേരത്തെ ഇതേ പാതയിൽ യാത്ര പൂർത്തിയാക്കാൻ വേണ്ടിയിരുന്നത് 13 മണിക്കൂർ ആയിരുന്നു. അതാണ് അതിവേഗ ഫെറി വന്നതോടെ മാറിയത്. ആദ്യത്തെ പരീക്ഷണം തന്നെ ജനം ഏറ്റെടുത്ത് കഴിഞ്ഞു.

Lakshadweep

ട്രയൽ റണ്ണുകൾക്കു ശേഷം മംഗളൂരു - ലക്ഷദ്വീപ് ടൂറിസ്റ്റ് ലൈനർ സേവനം ആരംഭിക്കുന്നതിനുള്ള ഒരുക്കത്തിലാണ് കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയത്തിന് കീഴിലുള്ള ലക്ഷദ്വീപ് ഐലൻഡ്സ് ടൂറിസം ഡെവലപ്മെന്റ് അതോറിറ്റി. അതേസമയം, മൺസൂൺ ആരംഭിച്ചു കഴിഞ്ഞാൽ കടൽ പ്രക്ഷുബ്ധമാകുമെന്ന ആശങ്കയും ഇതിനൊപ്പം നിലനിൽക്കുന്നുണ്ട്. ഇത് പരിഹരിക്കുന്നതിനായി ലക്ഷദ്വീപ് ഐലൻഡ്സ് ടൂറിസം ഡെവലപ്മെന്റ് അതോറിറ്റി വൻകരയിൽ നിന്ന് എത്തിച്ചേരുന്ന ആദ്യത്തെ തുറമുഖമായ കഡ്മട്ടിലെ റിസീവിങ് പോയിന്റിലെ സൗകര്യങ്ങൾ നവീകരിച്ചു. ഈ വർഷമാദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷദ്വീപ് സന്ദർശിച്ചിരുന്നു. ഇതിനെ തുടർന്ന് കൊച്ചിയും മംഗളൂരുവും തമ്മിലുള്ള ദ്വീപിന്റെ  ബന്ധം മെച്ചപ്പെടുത്തുന്നതിൽ ദ്വീപ് ഭരണകൂടം കാര്യമായ പുരോഗതി കൈവരിച്ചു.

പശ്ചിമഘട്ട നിരയിലെ  ഇക്കോ ടൂറിസം, വിദ്യാഭ്യാസ ടൂറിസം, ആരോഗ്യ ടൂറിസം, വിശ്രമ വിനോദസഞ്ചാരം എന്നിവയെല്ലാം എളുപ്പമാക്കുകയും സുഗമമാക്കുകയും ചെയ്യുന്നതിന്റെ ആദ്യപടിയാണ് ഈ തുടക്കം. ഇന്ത്യയിൽ തീരെ കുറവ് മാത്രം എക്സ്പ്ലോർ ചെയ്യപ്പെട്ടിട്ടുള്ള സ്ഥലങ്ങളിൽ ഒന്നാണ് ലക്ഷദ്വീപ്. 32 സ്ക്വയർ കിലോമീറ്ററുകളിലായി 36 ദ്വീപുകളായി പരന്നു കിടക്കുന്ന ഒന്നാണ് ലക്ഷദ്വീപ്. അവധി ആഘോഷിക്കാൻ എത്തുന്നവർക്കും പ്രകൃതി സ്നേഹികൾക്കും സാഹസികത ഇഷ്ടപ്പെടുന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന പറുദീസായാണ് ലക്ഷദ്വീപ്.

സ്നോർക്​ലിംഗ്, ഡൈവിംഗ് തുടങ്ങി നിരവധി ജല കായികവിനോദങ്ങളിൽ ഏർപ്പെടാനുള്ള അവസരവും ലക്ഷദ്വീപ് ഒരുക്കിയിട്ടുണ്ട്. ഇന്ത്യൻ, അറബ് സംസ്കാരങ്ങളുടെ ഒരു സമ്മിശ്രരീതിയാണ് ഇവിടെ കാണാൻ കഴിയുക. വാസ്തുവിദ്യയിലും ഭക്ഷണത്തിലും സംസ്കാരത്തിലും എല്ലാം ഇത് ദൃശ്യമാണ്. നഗരജീവിതത്തിൽ തിരക്കിൽ നിന്നെല്ലാം മാറി ശാന്തമായ ഒരു അവധിക്കാലം ആഗ്രഹിക്കുന്നവർക്ക് രണ്ടാമതൊന്ന് ആലോചിക്കാതെ പോകാവുന്ന ഇടമാണ് ലക്ഷദ്വീപ്.

English Summary:

Parali : A Game-Changer in Lakshadweep-Mangaluru Connectivity

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com