ലുറേ കവേൺസ് ഗുഹയല്ല, ചാർലോട്സ് വിൽ നഗരവുമല്ല...
Mail This Article
രണ്ടാം ദിനം മുതൽ മൂന്നു ദിവസത്തേക്ക് ഗൈഡഡ് ടൂറാണ്. ഗുണമെന്തെന്നാൽ, പേരു സൂചിപ്പിക്കുന്നതു പോലെ ഗൈഡുകൾ അടക്കമുള്ള സേവനം ലഭിക്കും. പങ്കിടൽ അടിസ്ഥാനത്തിൽ യാത്രയുമാകാം. നൂറുകണക്കിനു സ്ഥലങ്ങൾ കാണാനുള്ളതിൽനിന്ന് മൂന്നു ദിവസം കൊണ്ടു കണ്ടു തീർക്കാവുന്നവ തിരഞ്ഞെടുക്കാം. ബുക്കിങ് അടക്കമുള്ള കാര്യങ്ങൾ വിർജീനിയ വെബ്സൈറ്റിൽ ലഭ്യം. കണ്ടു ബോധിച്ചത് ബുക്ക് ചെയ്യാം.
സമൃദ്ധം ഈ സതേൺ പ്രഭാതഭക്ഷണം
ഹോട്ടലിലെ എകെബി അറ്റ് ആർച്ചർ റസ്റ്ററന്റിൽ ബ്രേക്ക്ഫാസ്റ്റ്. മെനു നോക്കിയാൽ എന്താണു കഴിക്കാൻ പോകുന്നതെന്നു വിശദമായറിയാം. എന്തൊക്കെയാണ് ഒരു പാക്കേജിൽ കിട്ടുന്നതെന്നു രേഖപ്പെടുത്തിയിട്ടുണ്ട്. സതേൺ അമേരിക്കാനാ ഓർഡർ ചെയ്തു. ചെട്ടിനാടൻ, മലബാർ എന്നൊക്കെ പറയുന്നതുപോലെ അമേരിക്കയിലെ ഒരു പ്രാദേശിക ഭക്ഷണവിഭാഗമാണ് സതേൺ സ്റ്റൈൽ. തലമുറകൾ കൈമാറിയെത്തിയ, തെല്ല് ആഫ്രിക്കൻ സ്വാധീനമുള്ള ഈ രീതിയാണ് വിർജീനിയയിൽ പ്രമുഖം.
ഇഷ്ടമുള്ള സ്റ്റൈലിൽ തയാർ ചെയ്ത രണ്ടു മുട്ട, ചിക്കൻ സോസേജ്, ഹോം മേഡ് ചീസി ഗ്രെറ്റ്സ്, ചൂടു ബിസ്കറ്റും തേനും. എല്ലാം കൂടി ഒരു പാത്രം നിറച്ചു കിട്ടും. വില 15 ഡോളർ. കോഫിക്ക് 6 ഡോളർ (ലോബിയിലെ കോഫി മേക്കറിൽനിന്ന് ഇതേ കോഫി ഫ്രീയായി കിട്ടും). ടിപ് അടക്കം 25 ഡോളറാകുമെങ്കിലും വയറു നിറയും. ഉച്ചയൂണ് തെല്ലു വൈകിയാലും കുഴപ്പമില്ല. അമേരിക്കയിലെ എല്ലാ ഭക്ഷണപ്പാത്രങ്ങളും പൊതുവെ നമുക്ക് ആവശ്യത്തിലധികമാണ്.
ഇന്നത്തെ പ്രധാന സന്ദർശനയിടങ്ങൾ ലുറേ കവേൺസ് എന്ന പ്രകൃതിയുടെ അത്യദ്ഭുതവും വൈനറികളും ചരിത്രവും നിറഞ്ഞ ചാർലോട്‌സ് വിൽ കൗണ്ടിയുമാണ്. കറുത്ത മിനിവാൻ യാത്ര തുടങ്ങി.
പ്രകൃതിയൊരുക്കുന്ന അദ്ഭുതക്കാഴ്ചകൾ
മനോഹരമായ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് വാഹനം അരമണിക്കൂറിൽ ലുറേ കവേൺസിനു മുന്നിലെത്തി. വലിയൊരു റിസപ്ഷൻ ഏരിയയും പാർക്കിങ്ങും ഗിഫ്റ്റ് ഷോപ്പുമൊക്കെയുള്ള ഭംഗിയുള്ള പ്രദേശം. ലുറേ കവേൺസ് ബോർഡിനു മുന്നിൽ നിന്നൊരു ചിത്രമെടുത്ത് ടിക്കറ്റ് കൗണ്ടറിലെത്തിയപ്പോൾ ഗൈഡ് റെഡി. തടിയിൽ തീർത്ത ഡെക്കിലൂടെ കവേൺസിലേക്ക് നടന്നു തുടങ്ങി.
ഇങ്ങനെയുമൊരു ഗുഹ
ഭൂമിക്കടിയിലെ വലിയ ഗുഹയാണ് കവേൺസ്. കോടിക്കണക്കിനു വർഷം കൊണ്ട് രൂപപ്പെട്ടു വരുന്ന ആർട്ടിസ്റ്റിക് ഭംഗിയുള്ള മിനറൽ രൂപങ്ങളാണ് ഇവയുടെ പ്രത്യേകത. ഒരോ രൂപവും ശിൽപികൾ വർഷങ്ങൾകൊണ്ടു തീർക്കുന്നതിലും മനോഹരം. തെളിഞ്ഞ വെള്ളം കണ്ണാടി പോലെ ഈ രൂപങ്ങളെ പ്രതിഫലിപ്പിക്കുമ്പോൾ കാഴ്ചയുടെ ഗാംഭീര്യമേറും. മനോഹരമായ ലൈറ്റിങ്ങുകൾകൂടി ചേരുമ്പോൾ സ്ഥലജലഭ്രമം.
ഇതാണ് ഉദാത്തം
ഇത്തരം അനേകം ഗുഹകൾ ഈ പ്രദേശത്തുണ്ടെങ്കിലും ലുറെ കവേൺസാണ് ഏറ്റവും മഹത്തരമെന്ന് സ്മിത് സോണിയൻ ഇൻസ്റ്റിറ്റ്യൂട്ട് സാക്ഷ്യപ്പെടുത്തുന്നു. അമേരിക്കൻ ഇന്ത്യക്കാർക്ക് ഈ ഗുഹകളെപ്പറ്റി പണ്ടേ അറിയാമായിരുന്നെങ്കിലും 1880 ജൂലൈയിലാണ് ഈ ഗുഹാമുഖം ആധുനിക മനുഷ്യൻ കണ്ടെത്തുന്നത്. ആൻഡ്രൂ കാംപ്ബെലിന്റെ നേതൃത്വത്തിൽ മൂന്നംഗ സംഘം ഗുഹയിലിറങ്ങി. കുറ്റാക്കൂരിരുട്ടിൽ, വെള്ളവും ഗർത്തങ്ങളും നിറഞ്ഞ ഗുഹയിലൂടെ അന്നത്തെ പരിമിത സൗകര്യങ്ങളുമായി കുറേ ദൂരം സഞ്ചരിച്ചു. പിന്നീട് കാലാകാലങ്ങളിൽ പര്യവേഷകർ ഗുഹയുടെ എല്ലാ ഭാഗങ്ങളും കണ്ടെത്തി.
പ്രകൃതിയുടെ ശിൽപചാരുത
സ്വകാര്യ ഉടമസ്ഥതയിലാണ് ഗുഹ. ആദ്യ ഉടമകളായിരുന്ന തിയോഡോർ ക്ലേ നോർത്ത് കോട്ടിൽനിന്ന് ഇപ്പോഴത്തെ ഗ്രേവ്സ് കുടുംബം 1905 ൽ സ്വന്തമാക്കി. 2.4 കിലോമീറ്റർ ദൂരം ഗുഹയിലൂടെ യാത്ര ചെയ്യാം. ഒരു മണിക്കൂറാണ് ടൂർ. 19 പ്രധാന ഇടങ്ങൾ. യാത്ര തുടങ്ങുന്നത് ഡിസ്കവറി റൂമിൽ. ഗുഹയുടെ എല്ലാ പ്രധാന മേഖലകൾക്കും പേരുകളുണ്ട്. കാംപ്ബെലും കൂട്ടരും ആദ്യം ഇറങ്ങിയ ഇടുങ്ങിയ മേഖല കടന്നാൽ എല്ലാം വിശാലമാണ്. ഗുഹയല്ലേ, ശ്വാസം മുട്ടുമോ എന്നൊക്കെ ഭയപ്പെടുന്നവർക്കു മുന്നിൽ തുറക്കുന്നത് ആംഫി തിയറ്റർ എന്ന വിശാല മേഖല. മുകളിൽനിന്നും വശങ്ങളിൽനിന്നും പല രൂപത്തിൽ, നിറങ്ങളിൽ പടർന്നു നിൽക്കുന്ന പ്രകൃതിശിൽപങ്ങൾ കണ്ട് അമ്പരന്നു മുന്നോട്ട്.
മീൻചന്തയും അസ്ഥികൂടവും
മീൻ വിൽക്കാൻ തൂക്കിയിട്ടിരിക്കുന്നതു പോലെ തോന്നിപ്പിക്കുന്ന ഫിഷ് മാർക്കറ്റും തെളിനീരിൽ പരസ്പരം പ്രതിഫലിപ്പിക്കുന്ന ഡ്രീം ലേക്കും കടന്നെത്തുന്നത് പ്ലൂട്ടോസ് ഗോസ്റ്റ് എന്നയിടത്തേക്ക്. അഞ്ഞൂറടി പൊക്കമുണ്ട് ഈ രൂപത്തിന്.
തൊട്ടടുത്ത കൊടും ഗർത്തത്തിന്റെ പേര് സ്കെലിറ്റൻ ഗർത്തം. ഇവിടെ അതിപുരാതന കാലത്തുള്ള ഒരു യുവതിയുടെ അസ്ഥികൂടത്തിനു മുകളിലുണ്ടായ മിനറൽ രൂപങ്ങൾ. ഭൂമിക്കു മുകളിലെ ചെറു കുഴിയിലൂടെ ഗർത്തത്തിൽ പെട്ടുപോയതാവണം. ഈ അസ്ഥികൂടത്തിന്റെ ഭൂരിഭാഗം അവശിഷ്ടങ്ങൾ വാഷിങ്ടൻ ഡിസിയിലെ സ്മിത്സോണിയൻ ഇൻസ്റ്റിറ്റ്യൂട്ടിലുണ്ട്. ടൈറ്റാനിയാസ് വീൽ എന്ന പ്രദേശമാണടുത്തത്. മിഡ്സമ്മർ നൈറ്റ്സ് ഡ്രീം എന്ന ഷേക്സ്പീയർ കൃതിയിൽ നിന്നുൾക്കൊണ്ട പേര്. വശങ്ങളിൽ കർട്ടനുകൾ പോലെ രൂപമെടുത്ത പാറകൾ. ജയന്റ് റെഡ് വുഡ്, സാരാസെൻസ് ടെന്റ്, ഫാളൻ സാലാസൈറ്റ്, ജയന്റ് ഹാൾ എന്നിവ പിന്നിട്ടാൽ കത്തീഡ്രൽ.
പള്ളിയുണ്ട്, ഓർഗനും
വലിയ പള്ളി പോലെ തോന്നിപ്പിക്കുന്ന ഈ സ്ഥലത്ത് ആഘോഷങ്ങൾ നടന്നിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ഓർഗനെന്ന് ഗിന്നസ് ബുക്കിൽ ഇടം പിടിച്ച ദ് ഗ്രേറ്റ് സ്റ്റാലാസ്പൈപ് ഓർഗൻ ഇവിടുണ്ട്. പല രൂപത്തിലുള്ള മിനറൽ ശിൽപങ്ങളിൽ മെക്കാനിക്കൽ നിയന്ത്രിത ദണ്ഡുകൾ തട്ടുമ്പോഴുണ്ടാകുന്ന ശബ്ദവും അതിന്റെ പ്രതിസ്ഫുരണവുമാണ് സംഗീതമാകുന്നത്. മൂന്നര ഏക്കറിൽ വ്യാപിച്ചു കിടക്കുന്നു ഈ സംഗീതോപകരണം. 1957 മുതൽ ഇതു പ്രവർത്തിക്കുന്നുണ്ട്. നിർമാതാവ് ലീലാൻഡ് സ്പ്രിംഗിൾ.
ഒരിക്കൽക്കൂടി തൊട്ടടുത്തുനിന്ന് പ്ലൂട്ടോസ് ഗോസ്റ്റിന്റെ വേറിട്ടൊരു കാഴ്ചയും കണ്ട്, കാഴ്ചക്കാർ നാണയങ്ങൾ വലിച്ചെറിയാറുള്ള വിഷിങ് വെൽ, ഏറ്റവും ശൂദ്ധമായ വായു നൽകുന്ന മോറിസൺസ് ഹാൾ, രൂപം കൊണ്ട് പേരു കിട്ടിയ ഫ്രൈഡ് എഗ്, യുദ്ധവീരന്മാരുടെ സ്മരണയായ വെറ്ററൻസ് പ്ലാക്, ലുറേ കവേൺസ് ആദ്യമായി കണ്ടെത്തിയവരുടെ സംഘത്തിൽപ്പെട്ട സ്റ്റാബിൻസിനായുള്ള സ്റ്റാബിൻസ് അവന്യൂ എന്നിവ പിന്നിട്ട് പുറത്തിറങ്ങാം. ഇവിടുത്തെ വായുവിന്റെ ശുദ്ധി മനസ്സിലാക്കി 1901 ൽ അന്നത്തെ ഉടമകൾ ലിമിയർ എന്ന പേരിൽ ആസ്മ പോലെയുള്ള രോഗികൾക്കായി സാനിറ്റോറിയം നടത്തിയിരുന്നു.
പുറത്തിറങ്ങി വിസ്മയം അയവിറക്കുക മാത്രമല്ല, ഈ ഓർമയ്ക്കായി രണ്ടു ചെറിയ മെമെന്റോകൾ വാങ്ങുകയും ചെയ്തു. ഇവിടത്തന്നെ 1727 മുതലുള്ള പഴയ വാഹനങ്ങളടങ്ങുന്ന കാർ ആൻഡ് കാരിയേജ് മ്യൂസിയം, വില്ലേജ് ജീവിതം ചിത്രീകരിക്കുന്ന ഷാനൻഡോഹ് ഹെറിറ്റേജ് വില്ലേജ് മ്യൂസിയം എന്നിവയുമുണ്ട്. രണ്ടും ഏറെ ഇഷ്ടമുള്ള വിഷയങ്ങളായിരുന്നെങ്കിലും ബുക്കിങ് പ്രകാരം അവ ഈ പാക്കേജിലില്ല. അടുത്ത തവണയാകാം.
ഷാനൻഡോഹ് നാഷനൽ പാർക്കിലെ സ്കൈലാൻഡ് ലോഡ്ജിലാണ് ഉച്ചഭക്ഷണം. അവിടെനിന്ന് പാർക്കിന്റെ ഭംഗിയാസ്വദിച്ച് ചാർലോട്സ് വിലിലേക്കു യാത്ര.
നീലഗിരികളുടെ സഖി
ഷാനൻ ഡോഹ് നാഷനൽ പാർക്കിൽ പ്രവേശിക്കുകയാണ്. സ്കൈലൈൻ ഡ്രൈവ് എന്ന 105 മൈൽ റോഡിലൂടെയാണ് യാത്ര. പച്ചപ്പും മലകളും കണ്ടു പഠിച്ച നമുക്ക് വലിയ അമ്പരപ്പുണ്ടാകില്ലെങ്കിലും മനോഹര പ്രദേശം. ബ്ലൂ റിഡ്ജ് മലനിരകളുടെ കാഴ്ച ഉടനീളം. ഒന്നാന്തരം റോഡുകളും താഴ്‌വര കാണാനായുണ്ടാക്കിയ സൈറ്റ് സീയിങ് സ്പോട്ടുകളും എല്ലാം ചേർന്നു ഭംഗി മാത്രമല്ല അടുക്കും ചിട്ടയുമുണ്ട്. പാർക്കിനു നടുവിലുള്ള സ്കൈലാൻഡ് ഡൈനിങ് റൂമിലെത്താൻ ഒരു മണിക്കൂറെടുക്കും. വെറുതെയിരുന്നു വനഭംഗിയും ഗിരിഭംഗിയും ആസ്വദിക്ക തന്നെ.
കവിതകളിലെ കാഴ്ചകൾ
ഷാനൻഡോഹ് നാഷനൽ പാർക്ക് അമേരിക്കയിലെ പ്രധാന ദേശീയോദ്യാനങ്ങളിലൊന്നാണ്. 322 സ്ക്വയർ കിലോമീറ്ററിൽ ബ്ലൂ റിഡ്ജ് മലനിരയും ഷാനൻ ഡോഹ് നദിയും അനേകമനേകം വെള്ളച്ചാട്ടങ്ങളും നിറഞ്ഞ പ്രദേശം. 1901 മുതൽ സംരക്ഷിതമായിരുന്നെങ്കിലും 1935 ൽ ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ടു. 4000 അടി വരെ ഉയരമുള്ള പർവത നിരകൾ. ക്യാംപർമാർ, ഹൈക്കർമാർ, ബൈക്കർമാർ എന്നിവർക്കൊക്കെ പറുദീസ. വന്യമൃഗങ്ങൾ അധികമില്ല. കരടിയാണ് ഉള്ളതിൽ വന്യം. പിന്നെ പലതരം കാട്ടുപൂച്ചകൾ, ബീവർ, കുറുക്കൻ, അണ്ണാൻ, മാൻ തുടങ്ങിയവയുടെ വകഭേദങ്ങൾ. സമൃദ്ധമായ പക്ഷിസമ്പത്ത് പക്ഷിനിരീക്ഷകരുടെ പ്രിയ കേന്ദ്രമാക്കി പാർക്കിനെ മാറ്റുന്നു. ഫോറസ്റ്റ് ഡിപാർട്ട്മെന്റായ പാർക്ക് റേഞ്ചർമാർ നടത്തുന്ന സന്ദർശന പരിപാടികൾ വർഷം മുഴുവനുണ്ട്. വാൻ സ്കൈലാൻഡ് ലോഡ്ജിന്റെ വഴിയിലേക്കു കയറി. വലിയ പാർക്കിങ് ഇടത്തിലൂടെ നടന്ന് ലോഡ്ജിലേക്ക്.
താഴ്‌വരയുടെ ഭംഗി ലോഡ്ജിൽ
റിസോർട്ടും റസ്റ്ററന്റും ഗിഫ്റ്റ്ഷോപ്പും ചേർന്നതാണ് സ്കൈലാൻഡ് ലോഡ്ജ്. റസ്റ്ററന്റിലെ ഏതു സീറ്റിലിരുന്നാലും താഴ്‌വര ആസ്വദിക്കാം. തുറന്നതും അടച്ച് ഗ്ലാസിട്ടതുമായ റസ്റ്ററന്റുകളിൽ അടഞ്ഞതിലാണ് സീറ്റ്. ഭക്ഷണം അതിസമൃദ്ധം, അതീവ രുചികരം. സാൻഡ്‌വിച്ചും ചിക്കൻ ഫ്രൈകളും ഹാമും സാലഡും മുഖ്യ ഇനങ്ങൾ. ബ്ലൂബെറി ഐസ്ക്രീമാണ് ഇവിടുത്തെ ഒരു സവിശേഷത. ഫാം ഫ്രഷ് ബ്ലൂബെറി ഇട്ടു തയാറാക്കുന്ന വിഭവം. ബ്ലൂബെറി ഡ്രിങ്കുകളും രുചികരം. ഇത്തരം രണ്ട് സ്ഥാപനങ്ങൾ കൂടിയേ ഈ ദേശീയോദ്യാനത്തിലുള്ളൂ. എന്നാൽ ഗ്രാൻഡ് കാന്യൻ ദേശീയോദ്യാനത്തിലും മറ്റും ധാരാളം ഭക്ഷണശാലകളുണ്ട്. വിശ്രമിക്കാൻ നേരമില്ല. വണ്ടി വിട്ടു. വീണ്ടും പാർക്കിന്റെ ഭംഗിയിലേക്ക്..
ഗ്ലാസിലൂടെ നോക്കാം, വ്യത്യസ്തത അറിയാം
വണ്ടി കാടു വിട്ടു. ചെറിയ നഗരങ്ങൾ പിന്നിട്ട് തികച്ചും വ്യത്യസ്തമായ മറ്റൊരനുഭവത്തിലേക്ക് ഓടിയെത്തി. ദ് ലുക്കിങ് ഗ്ലാസ്: ഇമേഴ്സിവ് ആർട്ട് എക്സ്പീരീയൻസ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ഔട്ട്ഡോർ, ഇൻഡോർ കലാനുഭവം. ഫോർട്ട് കൊച്ചി ബിനാലെ പോലെ ഇൻസ്റ്റലേഷനുകളുടെ പ്രദേശം. ഉപേക്ഷിക്കപ്പെട്ടതുപോലെയുള്ള ഒരു ഫാക്ടറി കെട്ടിടമാണ് ആസ്ഥാനം. വള്ളികൾ പടർന്നു കയറുന്നതു പോലെയും കുത്തി വരച്ചും കെട്ടിടത്തിന്റെ പുറംഭംഗി അലോസരപ്പെടുത്തിയിരിക്കുന്നു. അടുക്കും ചിട്ടയുമുള്ള അമേരിക്കയിൽ ഇതു വ്യത്യസ്ത കാഴ്ചയെങ്കിൽ നമുക്ക് ഇതൊക്കെ സാധാരണ ദൃശ്യം. സ്വതേ വൃത്തിഹീനമായ ഇത്തരം എത്രയോ കെട്ടിടങ്ങൾ നാട്ടിൽക്കാണാം...
കെട്ടിടത്തിലെ ഉൾക്കാഴ്ചകളും സമാനം. എന്തിൽനിന്നും കലാരൂപമുണ്ടാക്കാൻ വിരുതുള്ള ശിൽപികൾ. ഉപേക്ഷിക്കപ്പെട്ട വസ്തുക്കൾ കൊണ്ടു കലാരൂപങ്ങൾ (ചിത്രങ്ങൾ കണ്ട് മനസ്സിലാക്കാം). കുഞ്ഞു കുട്ടികൾ മുതൽ 90 കഴിഞ്ഞവർ വരെ അവിടെയെത്തി കല അനുഭവിക്കുന്നു, പഠിക്കുന്നു. പുറമെ വർക് ഷോപ്പുകളും ക്ലാസുകളും. ശിൽപിയുടെ ശാലയിൽ അദ്ദേഹത്തെ നോക്കിയിരിക്കാനും നിർമാണം ആസ്വദിക്കാനും അവസരം.
ഡാഫ്റ്റ്സ്മാൻമാർക്കായി ഹോട്ടൽ, ഡെയറി മാർക്കറ്റ്
വിർജീനിയയുടെ ആത്മാവ് ഉൾക്കൊള്ളുന്ന ഹോട്ടലാണ് ദ് ഡാഫ്റ്റ്സ്മാൻ. ഇനി രണ്ടു ദിനം ഇവിടെ. വിർജീനിയയുടെ തനിമയും പഴമയും നില നിർത്തുന്ന ഹോട്ടൽ. നഗരമധ്യത്തിൽത്തന്നെ സ്ഥാനം. ചെക്ക് ഇൻ ചെയ്തു കുളി കഴിഞ്ഞപ്പോഴേക്കും ഡിന്നറിനു സമയമായി.
ഡിന്നർ ഡെയറി മാർക്കറ്റിൽ. നഗരമധ്യത്തിലെ ഫുഡ് കോർട്ടാണ് ഡെയറി മാർക്കറ്റ്. ഇവിടുത്ത ആദ്യ കാല ചന്തയായിരുന്നു ഈ കെട്ടിടം. ഇന്നിപ്പോൾ ഭക്ഷണ പാനീയങ്ങളുടെയും കലാരൂപങ്ങളുടെയും ഗെറ്റ് ടുഗെദറുകളുടെയും സംഗീതത്തിന്റെയുമൊക്കെ കേന്ദ്രം. ഇവിടുത്തെ കോക്ടെയിലുകൾ പ്രശസ്തം. രുചി നോക്കി. പിന്നെ അത്താഴം. തിരിച്ചു ഡ്രാഫ്റ്റ്സ്മാനിലെത്തി ഉറക്കം...
∙ അടുത്ത ലക്കം: സ്നേഹിക്കാനൊരു വിർജീനിയ
Content Summary : Virginia is a beautiful state with a rich history and culture, there are many reasons to visit Virginia.