പന്ത്രണ്ടു ദിവസത്തെ കാത്തിരിപ്പ്, വർണവിസ്മയം കണ്ട് കണ്ണുനിറഞ്ഞ് അഹാന; റോഡ് ട്രിപ്പ് വിഡിയോ
Mail This Article
ലോകമെങ്ങുമുള്ള സഞ്ചാരികള്‍ കാണാന്‍ കൊതിക്കുന്ന കാഴ്ചയാണ് നോര്‍ത്തേണ്‍ ലൈറ്റ്സ് അഥവാ അറോറ ബൊറിയാലിസ്. മഞ്ഞു കണങ്ങള്‍ക്കിടയിലൂടെ ചുവപ്പ്, പച്ച, നീല നിറങ്ങളില്‍ മിന്നി മറയുന്ന പ്രകാശത്തിന്‍റെ ഈ മായക്കാഴ്ച കണ്ണുകള്‍ക്ക് ഉത്സവമൊരുക്കും. ഒട്ടേറെ ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ ഇതിന്‍റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാറുണ്ട്. നോര്‍ത്തേണ്‍ ലൈറ്റ്സ് നേരിട്ട് കാണാനായതിന്‍റെ ആവേശം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ് നടി അഹാന കൃഷ്ണ. ഇവിടെ നിന്നുള്ള ഒട്ടേറെ ചിത്രങ്ങളും അഹാന ഷെയര്‍ ചെയ്തിട്ടുണ്ട്. ഐസ്ലൻഡ് എന്നാൽ ‘ഐസ്’ മാത്രം നിറഞ്ഞൊരു സ്ഥലമെന്നാണ് കുട്ടിക്കാലത്ത് കരുതിയത്, ഇവിടെ എത്തിയപ്പോഴാണ് വ്യത്യസ്ത കാഴ്ചകൾ കണ്ടറിയാൻ സാധിച്ചത്. മലനിരകൾ, ബ്ലാക്ക് സാൻഡ് ബീച്ച്, അരുവികൾ എല്ലാത്തിലും ഉപരി നോർത്തേൺ ലൈറ്റ്സ് എന്ന വിസ്മയവും ആസ്വദിക്കാൻ സാധിച്ചെന്നും അഹാന ട്രാവൽ വിഡിയോയിൽ പറയുന്നു.
വര്‍ഷങ്ങളായി തന്‍റെ ആഗ്രഹമാണ് നോര്‍ത്തേണ്‍ ലൈറ്റ്സ് നേരിട്ട് കാണണം എന്നുള്ളത്. പന്ത്രണ്ടു ദിവസങ്ങള്‍ തുടര്‍ച്ചയായി കാത്തിരുന്ന ശേഷമാണ് ആ കാഴ്ച കാണാനായത്. മാര്‍ച്ച് മുപ്പത്തൊന്നിന് ഐസ്ലാൻഡിൽ രാത്രി 12:50 നും 2:30 നും ഇടയിലായിരുന്നു നോര്‍ത്തേണ്‍ ലൈറ്റ്സ് തെളിഞ്ഞത്. ഇനിയും ഈ കാഴ്ച കാണാന്‍ താന്‍ എത്തും എന്ന ശുഭാപ്തി വിശ്വാസത്തോടെയാണ് അഹാന ഇൻസ്റ്റഗ്രാം കുറിപ്പ് അവസാനിപ്പിക്കുന്നത്. നടിമാരായ സാനിയ അയ്യപ്പന്‍, പാര്‍വ്വതി, അന്ന ബെന്‍, ഷഫ്ന നിസാം, ശില്‍പ്പ ബാല മുതലായവരും ഇതിനടിയില്‍ കമന്റ് ചെയ്തിട്ടുണ്ട്.
ഭൂമിയുടെ കാന്തിക ധ്രുവങ്ങളിൽ നിന്ന് പതിനെട്ട് ഡിഗ്രി മുതൽ ഇരുപത്തിമൂന്ന് ഡിഗ്രിവരെ അകലെയുള്ള അന്തരീക്ഷമേഖലകളിൽ രാത്രിയുടെ ആദ്യയാമം മുതൽ പ്രത്യക്ഷപ്പെടുന്ന വര്‍ണ്ണക്കാഴ്ചയാണ് ധ്രുവദീപ്തി അഥവാ നോര്‍ത്തേണ്‍ ലൈറ്റ്സ്. പച്ച, ചുവപ്പ് നിറങ്ങളില്‍ ആകാശത്ത് നൃത്തം വയ്ക്കുന്ന പ്രകാശക്കാഴ്ച ഓരോ സഞ്ചാരിയും ജീവിതത്തില്‍ ഒരിക്കലെങ്കിലും കാണേണ്ടതാണ്. സൗരക്കാറ്റിൽ നിന്ന് വരുന്ന ചാർജിത കണങ്ങൾ ഭൂമിയുടെ കാന്തികവലയത്തിന്‍റെ സ്വാധീനത്താൽ ആകർഷിക്കപ്പെടുന്നു. ഈ കണങ്ങൾ ഭൗമാന്തരീക്ഷത്തിലെ വാതക തൻമാത്രകളുമായി കൂട്ടിയിടിച്ചാണ് ധ്രുവദീപ്തി ഉണ്ടാകുന്നത്.
ദക്ഷിണധ്രുവത്തിൽ ഈ പ്രതിഭാസത്തെ അറോറ ഓസ്ട്രേലിസ് (Aurora australis) എന്നും ഉത്തരധ്രുവത്തിൽ അറോറ ബോറിയാലിസ് (Aurora borealis) എന്നും വിളിക്കുന്നു. മിക്കപ്പോഴും ഏതാനും മിനിറ്റുകൾ മാത്രം നീണ്ടുനിൽക്കുന്ന ഈ കാഴ്ച ചിലപ്പോൾ മണിക്കൂറുകളോളം തുടർന്നു പോവാറുണ്ട്.
മഞ്ഞുകാലം അവസാനിച്ച്, വസന്തകാലം തുടങ്ങുന്ന കാലമാണ് ധ്രുവപ്രദേശങ്ങളില്‍ നോര്‍ത്തേണ്‍ ലൈറ്റ്സ് കാണാനുള്ള ഏറ്റവും മികച്ച സമയം. നോര്‍വേയിലെ ട്രോംസോ, സ്വീഡിഷ് ലാപ്ലാൻഡ്, ഐസ്‌ലാന്റിലെ റെയ്ക്ജാവിക്, കാനഡയിലെ യുക്കോന്‍, ഫിന്നിഷ് ലാപ്‌ലാൻഡില്‍ “സാന്താക്ലോസിന്‍റെ ഔദ്യോഗിക ജന്മനഗരം" എന്നറിയപ്പെടുന്ന റൊവാനിമി, ഗ്രീന്‍ലാന്‍ഡിലെ ഇലുലിസ്സാത് എന്നിവയാണ് സാധാരണയായി നോര്‍ത്തേണ്‍ ലൈറ്റ്സ് കാണാനായി സഞ്ചാരികള്‍ എത്തുന്ന സ്ഥലങ്ങള്‍.
സ്വാൽബാർഡ്, ഐസ് പാളികള്‍ കഥ പറയുന്ന നാട്
കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന മഞ്ഞുമലകള്‍... ഹിമാനികളും കണ്ണില്‍ തുളച്ചു കയറുന്ന വെളുത്ത പ്രകാശവും... ഒപ്പം, ഓര്‍ക്കാപ്പുറത്ത് എവിടെ നിന്നെങ്കിലും മുന്നിലേക്ക് കടന്നു വരുന്ന ഹിമക്കരടികളും! മാസങ്ങളോളം നീളുന്ന പകലുകള്‍, സൂര്യന്‍റെ തരി പ്രകാശം പോലുമില്ലാത്ത രാത്രിമാസങ്ങള്‍... പ്രകാശത്തിന്‍റെ ഉത്സവമേളമൊരുക്കുന്ന നോര്‍ത്തേണ്‍ ലൈറ്റ്സ്... ഐസ് പാളികള്‍ കഥ പറയുന്ന ഈ നാടിന്‍റെ പേരാണ് സ്വാൽബാർഡ്.
ആർട്ടിക് സമുദ്രത്തിലുള്ള ഒരു നോർവീജിയൻ ദ്വീപ സമൂഹമാണ് സ്വാൽബാർഡ്. യൂറോപ്പിനു വടക്കായി നോർവേയ്ക്കും ഉത്തരധ്രുവത്തിനും ഇടയിൽ ആണ് ഇത് സ്ഥിതി ചെയ്യുന്നത്. 74 ഡിഗ്രി മുതൽ 81 ഡിഗ്രി വരെ വടക്കു അക്ഷാംശത്തിനും 10 ഡിഗ്രി മുതൽ 35 ഡിഗ്രി കിഴക്കു രേഖാംശത്തിനും ഇടയിൽ സ്ഥിതിചെയ്യുന്നതും ഏകദേശം 61,022 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ പരന്നുകിടക്കുന്നതുമായ ഈ പ്രദേശത്തിന്‍റെ അറുപതു ശതമാനത്തോളം ഭാഗം മഞ്ഞുമൂടിക്കിടക്കുന്നു.
ലോങ്‌ഇയർബൈന്‍, ബാരന്റ്‌സ്ബർഗിലെ റഷ്യൻ സെറ്റില്‍മെന്‍റ്, നൈ-അലെസുണ്ടിലെ ഗവേഷണ കേന്ദ്രം, സ്വെഗ്രുവയിലെ ഖനന പ്രദേശം എന്നിവിടങ്ങളാണ് ഇവിടെ ജനവാസമുള്ള പ്രദേശങ്ങള്‍. ജനവാസ കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന റോഡുകളില്ല; പകരം സ്നോമൊബൈലുകൾ, വിമാനങ്ങൾ, ബോട്ടുകൾ എന്നിവ ഗതാഗതത്തിനായി ഉപയോഗിക്കുന്നു.
ഉഷ്ണകാലത്തു 4 ഡിഗ്രി മുതൽ 6 ഡിഗ്രി വരെയും ശൈത്യകാലത്ത് -16 ഡിഗ്രി മുതൽ -12 ഡിഗ്രി വരെയുമാണ് ഇവിടുത്തെ പരമാവധി താപനില എന്നു കേള്‍ക്കുമ്പോള്‍ത്തന്നെ ഊഹിക്കാമല്ലോ ഇവിടെ എത്രത്തോളം തണുപ്പായിരിക്കുമെന്ന്. നോര്‍വീജിയന്‍ സര്‍ക്കാരിന്‍റെ ഭരണത്തില്‍ കീഴിലുള്ള ഈ പ്രദേശം ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രം കൂടിയാണ്.
മഞ്ഞിന്‍റെ ഋതുഭേദങ്ങള്‍
ഭൂമധ്യരേഖയോടടുത്തുള്ള പ്രദേശങ്ങളെപ്പോലെ വൈവിധ്യപൂര്‍ണ്ണമല്ലെങ്കിലും ഋതുക്കളുടെ വകഭേദങ്ങള്‍ സ്വാല്‍ബാര്‍ഡ് പ്രദേശത്തും കടന്നു വരുന്നു.
മേയ് മുതല്‍ സെപ്റ്റംബർ വരെ പാതിരാസൂര്യന്‍റെ കാലമാണ്. ധ്രുവ വേനൽക്കാലം എന്നാണ് ഇതിനെ വിളിക്കുന്നത്. സൂര്യന്‍റെ അരുണകിരണങ്ങള്‍ പതിച്ച്, അനന്തതയോളം നീണ്ടുകിടക്കുന്ന ഹിമപ്പാടങ്ങള്‍ സന്തോഷത്തിന്‍റെ ചുവപ്പണിയുന്ന സമയമാണിത്. ഈ സമയത്ത് ധാരാളം ദേശാടനപ്പക്ഷികള്‍ വന്നെത്തുന്നു. വെയിലേറ്റു മഞ്ഞുരുകിയ പര്‍വതപ്രദേശങ്ങളിലേക്ക് സഞ്ചാരികള്‍ ട്രെക്കിങ് നടത്താറുണ്ട്.
ഒക്ടോബർ അവസാനത്തോടെ സൂര്യന്‍ പതിയെ വിട വാങ്ങുന്നു. ലോകപ്രശസ്തമായ നോർത്തേൺ ലൈറ്റ്സിന്‍റെ കാലമാണ് ഫെബ്രുവരി വരെ. അന്ധകാരത്തിന്‍റെ മാസങ്ങളായ ഇവ 'പോളാര്‍ നൈറ്റ്' എന്നാണ് അറിയപ്പെടുന്നത്. ലോകത്തിലെ ഏറ്റവും വടക്കേയറ്റത്തെ നഗര സമൂഹമായ ലോങ്‌ഇയർബൈനിലെ ജനത, ഈ സമയം കൂടിച്ചേരലുകളും ചെറിയ ഉത്സവങ്ങളുമെല്ലാമായി ചെലവഴിക്കുന്നു. പബ്ബുകളിലും റസ്റ്റോറന്റുകളിലും എക്സിബിഷനുകളിലുമെല്ലാം ആളുകള്‍ ഒത്തുചേരുന്നു.
മാര്‍ച്ച് മുതല്‍ മേയ് വരെയുള്ള സണ്ണി വിന്‍റര്‍ സമയത്ത് വീണ്ടും സൂര്യനുദിക്കുന്നു. നീലാകാശവും മഞ്ഞുമൂടിയ പർവതശിഖരങ്ങളും സൂര്യന്‍റെ ഈ തിരിച്ചുവരവിന് പശ്ചാത്തലമൊരുക്കുന്നു, സൂര്യകിരണങ്ങൾ നീല നിറത്തെ പിങ്ക് നിറമാക്കുന്നു. ഈ പ്രതിഭാസത്തെ പ്രദേശവാസികള്‍ നീല വെളിച്ചം എന്ന് വിളിക്കുന്നു. ടൂറിസ്റ്റുകള്‍ക്കായുള്ള ഔട്ട്‌ഡോര്‍ ആക്റ്റിവിറ്റികള്‍ ഏറ്റവും കൂടുതല്‍ നടക്കുന്നത് ഈ സമയത്താണ്.
മഞ്ഞില്‍ മുങ്ങാം
വിനോദസഞ്ചാരികള്‍ക്കായി നിരവധി സാഹസികപ്രവര്‍ത്തനങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. സ്വാല്‍ബാര്‍ഡ് ചുറ്റിക്കാണാനും ഇവിടെ ജീവിക്കുന്ന ആളുകളുടെ ജീവിതരീതി മനസിലാക്കാനും അവസരമൊരുക്കുന്ന ടൂര്‍ പ്രോഗ്രാമുകള്‍ നടത്തുന്ന ഓപ്പറേറ്റര്‍മാര്‍ ഇവിടെ സജീവമാണ്. കൂടാതെ, സ്കീയിംഗ്, കയാക്കിംഗ്, ഡോഗ് സ്ലെഡിംഗ്, സ്നോമൊബീല്‍, ബോട്ടിംഗ്, ബൈക്കിങ്, ബ്രൂവറി സന്ദർശനം, സഫാരി... എന്നിവയും മഞ്ഞിലൂടെ ദിവസങ്ങള്‍ നീളുന്ന ട്രെക്കിംഗുമെല്ലാമുണ്ട്.
ഓര്‍ക്കാപ്പുറത്തെത്തുന്ന ഭീകരന്മാര്‍!
സ്വാല്‍ബാര്‍ഡിന്‍റെ ഏറ്റവും വലിയ സവിശേഷതകളില്‍ ഒന്നാണ് ധ്രുവക്കരടികള്‍. ഇവിടെ ഏതാണ്ട് 3000 ധ്രുവ കരടികൾ ഉണ്ടെന്നാണ് കണക്ക്. മൊത്തം ജനസംഖ്യയും ഏകദേശം അത്രത്തോളം തന്നെയാണ് എന്നറിയുമ്പോഴാണ് ഈ വസ്തുത കൗതുകകരമാകുന്നത്! ലോകത്തു തന്നെ ഹിമക്കരടികളുടെ പ്രജനനം ഏറ്റവും കൂടുതല്‍ നടക്കുന്ന ഇടങ്ങളിലൊന്നാണ് സ്വാല്‍ബാര്‍ഡിലെ കോങ്ങ് കൾസ് പ്രദേശം.
എങ്ങനെ എത്താം?
നോർവീജിയൻ, എസ്എഎസ് എയർലൈൻസ് ഫ്ലൈറ്റുകൾ സ്വാൽബാർഡിലുള്ള വിമാനത്താവളത്തിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. രാജ്യാന്തര യാത്രക്കാര്‍ ആദ്യം നോര്‍വേയില്‍ എത്തിയ ശേഷം അവിടെ നിന്നും മറ്റൊരു ഡൊമസ്റ്റിക് ഫ്ലൈറ്റില്‍ വേണം ഇവിടേക്ക് യാത്ര ചെയ്യാന്‍. ഷെങ്കന്‍ ഏരിയയ്ക്ക് പുറത്തായതിനാല്‍ യൂറോപ്പ് സന്ദര്‍ശിക്കുന്ന വിനോദസഞ്ചാരികള്‍ക്ക് പ്രത്യേകം പെര്‍മിഷന്‍ എടുത്ത ശേഷം മാത്രമേ ഇവിടേക്ക് പ്രവേശിക്കാനാവൂ.