ADVERTISEMENT

വിസ്മയിപ്പിക്കുകയും ഒപ്പം കൗതുകമുണർത്തുകയും ചെയ്യുന്ന സമ്പന്നമായ സാംസ്‌കാരിക പൈതൃകമുള്ള ഒരു നഗരമാണ്‌ ഗ്രീസിന്റെ തലസ്ഥാനമായ ഏഥൻസ്‌. പാഠപുസ്തകങ്ങളിലും കഥകളിലും വായിച്ചറിഞ്ഞിട്ടുള്ള  യവനന്മാരുടെ പുകഴ്‌പെറ്റ ചരിത്രത്തിനും കലാപാരമ്പര്യത്തിനും സൗകുമാര്യം തുടിക്കുന്ന സ്‌മാരകസൗധങ്ങൾക്കും പേരുകേട്ട ഒരു പ്രദേശം. ചരിത്രാന്വേഷികളായ വിനോദസഞ്ചാരികളുടെ പറുദീസയായ ഏഥൻസിലെ അക്രോപൊളിസിലേക്കു നടത്തിയ യാത്രയുടെ വിശേഷങ്ങൾ.

acropolis-greece2

ഉച്ചയോടെ ഏഥൻസിലെ എലിഫ്തെരിയോസ് വെനിസ്സേലോസ് എയർപോർട്ടിൽ എത്തി എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കി  ഒരു ടാക്സിയിൽ ഇബിസ് സ്റ്റൈൽ റൂട്ട്സ് ഹോട്ടലിൽ എത്തി. യാത്രാക്ഷീണം ഉണ്ടായിരുന്നുവെങ്കിലും വിശ്രമിക്കാൻ മനസ്സ് അനുവദിച്ചില്ല. വൈകുന്നേരത്തെ ഏഥൻസിന്റെ കാഴ്ചകളിലേക്കു നടക്കാൻ തീരുമാനിച്ചു. പടിഞ്ഞാറൻ നാഗരികതയുടെ കളിത്തൊട്ടിലായി അറിയപ്പെടുന്ന ഗ്രീസ്, തെക്കുകിഴക്കൻ യൂറോപ്പിലാണ് സ്ഥിതി ചെയ്യുന്നത്. അയോണിക്, ഈജിയൻ കടലുകൾക്കു സമീപമായാണ് ഗ്രീസ് എന്ന രാജ്യം, ആയിരത്തോളം ദ്വീപുകൾ സമീപമായി ഉണ്ട്.

acropolis-greece3

അക്രോപൊളിസ് ലക്ഷ്യമാക്കിയാണ് ഞാൻ നടക്കുന്നത്. സജീവമായ തെരുവുകൾ. നല്ല തിരക്കുണ്ട് എല്ലായിടത്തും, ലോകത്ത് ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ എത്തുന്ന ഒരു പ്രദേശമാണ് ഇവിടം. തണുത്ത കാറ്റുണ്ട്. അക്രോപൊളിസ് കുന്നിലേക്ക് നാളെയാണ് കയറാൻ പദ്ധതിയിട്ടിരിക്കുന്നത്, ഇന്ന്‌ അതിന്‍റെ തെക്ക് ഭാഗത്തായുള്ള ഫിലോപാപ്പോ കുന്നിലേക്കാണ്  പോകുന്നത്. ഫിനിക്സ്‌ കുന്നും ഹിൽ ഓഫ് നിംഫും അവിടെയാണ്.  'മ്യൂസുകളുടെ കുന്ന്' എന്നും ഇവിടം അറിയപ്പെടുന്നു. ഏഥൻസിന്‍റെ ഹൃദയഭാഗത്തുള്ള ഹരിതാഭവും മനോഹരമായ ഒരു പ്രദേശമാണിവിടം. ഞാൻ നടന്ന് കുന്നിൻ മുകളിൽ എത്തി. ഏഥൻസിന്‍റെ സുന്ദരമായ പനോരമിക് വ്യൂ അവിടെ നിന്നാല്‍ കാണാന്‍ സാധിക്കും. സൂര്യാസ്തമയത്തിന്റെ അഭൗമമായ കാഴ്ചയും ആസ്വദിച്ച് കുന്നിറങ്ങി. അപ്പോഴേക്കും നല്ല ഇരുട്ടായി തുടങ്ങിയിരുന്നു. ഏതൊരു നഗരത്തിന്റെയും ഊഷ്മളത അവിടത്തെ രാത്രിക്കും ഭക്ഷണത്തിനുമാണ്‌. നല്ല വിശപ്പുണ്ടായിരുന്നതിനാൽ സമീപം കണ്ട ഒരു റസ്റ്റോറന്റിൽ കയറി രുചികരമായ ഗ്രീക്ക് ഭക്ഷണം കഴിച്ചു. വഴിതെറ്റുമോ എന്നൊരു ആശങ്ക ഉണ്ടായിരുന്നുവെങ്കിലും ഗൂഗിൾ മാപ്പിന്റെ  സഹായത്തോടെ തിരികെ ഹോട്ടലിൽ എത്തി.

acropolis-greece4

യൂറോപ്പിലെ തന്നെ ആദ്യ മനുഷ്യവാസ പ്രദേശമാണ് പുരാതന ഗ്രീസ്. Petralona ഗുഹയിൽ കണ്ടെത്തിയ മനുഷ്യരുടെ അസ്ഥികൾക്ക് ഏകദേശം 700,000 വർഷത്തെ പഴക്കമുണ്ട്. ക്രിസ്‌തുവിനും 20 നൂറ്റാണ്ടുകൾക്കു മുമ്പാണ്‌ ഏഥൻസിന്റെ രേഖപ്പെടുത്തിയ ചരിത്രം തുടങ്ങുന്നത്‌!. ഗ്രീക്ക്‌ ദേവതയായ അഥെനയുടെ പേരിൽ നിന്നാണ്‌ നഗരത്തിന് ഏഥൻസ്‌ എന്ന പേര് ലഭിച്ചത്. നവീന ശിലായുഗത്തിലാണ് (ബിസി 4000–3000) അക്രോപൊളിസിൽ ആദ്യമായി ജനവാസം ആരംഭിച്ചത്. ലോകത്തിലെ ജനാധിപത്യത്തിന്റെ   ഉദ്ഭവം തന്നെ ഗ്രീസിലെ ഏഥൻസിൽ നിന്നുമാണ്. ഒളിംപിക്‌സിന്റെ ജന്മനാടും ഇതു തന്നെ. ഏകദേശം ബിസി അഞ്ചാം നൂറ്റാണ്ടോടുകൂടി ഗ്രീക്ക്  ജനത  സംഘടിതമായി ജീവിക്കാൻ ആരംഭിച്ചു. കോളനികളും നഗരങ്ങളും രൂപപ്പെട്ടു തുടങ്ങി. ഈ കാലഘട്ടത്തിൽ തന്നെ അവരുടെ നിയമങ്ങളും ഭരണ സംവിധാനങ്ങളും  രൂപപ്പെടുത്തിയെടുത്തു. ഭരണത്തെ സംബന്ധിച്ചുള്ള സുപ്രധാന തീരുമാനങ്ങൾ ഒരു നാട്ടുകൂട്ടം പോലെ ജനങ്ങളെ വിളിച്ചുകൂട്ടി, കൂട്ടായ ചർച്ചയിലൂടെ രൂപപ്പെടുത്തിയെടുത്തു. ഫിനിക്സ് മലകളിൽ ഇത്തരം കൂട്ടങ്ങൾ വിളിച്ചു ചേർക്കപ്പെടുകയും ഏകദേശം 6000 പേർക്കുള്ള ഇരിപ്പിടം സജ്ജമാക്കുകയും അവിടെ ഏതൊരു പൗരനും തന്റെ അഭിപ്രായം പറയുകയും കൈ ഉയർത്തി വോട്ട് രേഖപ്പെടുത്തുകയും ചെയ്യുമായിരുന്നു. ഭൂരിപക്ഷം വോട്ട് അവസാന തീരുമാനമായി പരിണമിക്കുകയും ചെയ്‌തു. ഇവിടെ ആരംഭിച്ചതാണ് നമ്മൾ ഇന്ന് കാണുന്ന ജനാധിപത്യം. അങ്ങനെ ഏറ്റവും ആദ്യം രൂപംകൊണ്ട യവന നഗരരാഷ്‌ട്രങ്ങളിൽ ഒന്നായി ഏഥൻസ്‌. പെരിക്ലിസിന്റെ ഭരണകാലമായിരുന്നു അതിന്റെ ചരിത്രത്തിലെ സുവർണ്ണകാലം. ആ കാലഘട്ടത്തിൽ പേർഷ്യയുടെ മേൽ ഗ്രീസ്‌ നേടിയെടുത്ത വിജയത്തിൽ ജനാധിപത്യ ഏഥൻസ്‌ ഒരു മുഖ്യപങ്ക്‌ വഹിച്ചിരുന്നു. പിന്നീട്‌, ഈ നഗരം ഗ്രീസിന്റെ കലാ-സാംസ്‌കാരിക കേന്ദ്രമായിത്തീർന്നു. വാസ്‌തുകലാ സൗകുമാര്യം വഴിഞ്ഞൊഴുകുന്ന പ്രശസ്‌തമായ സൗധങ്ങളിൽ നിരവധിയും നിർമ്മിക്കപ്പെട്ടത്‌ ആ കാലഘട്ടത്തിലാണ്‌. അക്കൂട്ടത്തിൽ ഏറ്റവും പുകഴ്‌പെറ്റത്‌ അക്രോപൊളിസ് മലമുകളിലെ നിർമ്മിതികൾ ആണ്‌.

acropolis-greece5

രാവില ഹോട്ടലിലെ ബ്രേക്ക്‌ഫാസ്റ്റ്നു ശേഷം മെട്രോയിൽ Syntagma Square-ൽ എത്തി, അവിടെ നിന്നും ബിഗ്‌ ബസ്സിൽ കയറി അക്രോപൊളിസ് സ്റ്റോപ്പിൽ ഇറങ്ങി. കല്ലുപാകിയ വഴിത്താരകള്‍, ചുറ്റും ഒലിവ് തോട്ടങ്ങൾ. ഒരു മണിക്കൂറോളം ക്യൂവിൽ നിന്ന് കുന്നിൻ മുകളിലേക്കുള്ള എൻട്രൻസില്‍ ടിക്കറ്റ് സ്കാൻ ചെയ്ത് ഉള്ളിലേക്ക് കടന്നു. ഭൂതകാലത്തേക്കുള്ള തിരിച്ചുപോക്ക് പോലെ അനുഭവപ്പെടുന്ന പ്രദേശം. അക്രോപൊളിസിലെ നിരവധി നിർമ്മിതികൾ മണ്ണടിഞ്ഞുകഴിഞ്ഞിരിക്കുന്നു. കുന്നിനു മുകളിലേക്ക് പോകുന്ന വഴിയിൽ എല്ലാം ആയിരക്കണക്കിന് വർഷം പഴക്കമുള്ള ധാരാളം നിർമ്മാണ അവശിഷ്ടങ്ങൾ കാണാം. ഇരുപതോളം പ്രധാന നിർമ്മിതികൾ ആണ് ഇവിടെ കാണുവാൻ ഉള്ളത്. സഞ്ചാരികളുടെ നല്ല തിരക്ക്, ഇടുങ്ങിയ പാതകളിലൂടെ ആയാസപ്പെട്ട് നടന്നു. അക്രോപൊളിസ് മലയുടെ ചരിവിലാണ് ഡയൊനൈസിസ് തിയറ്റർ (Theatre of Dionysus) സ്ഥിതി ചെയുന്നത്. ഡയൊനൈസിസ് ദേവന്‍റെ പേരിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഏകദേശം 17000  പേർക്ക്  ഒരേസമയം ഇരിക്കാൻ സാധിക്കുന്ന ഇതിനെ ലോകത്തിലെ ആദ്യ ഓപ്പൺ തിയറ്റർ ആയിട്ട് കണക്കാക്കുന്നു. അതി പ്രശസ്തമായ ഗ്രീക്ക്  ഡ്രാമയുടെ ജന്മസ്ഥലവും ഇത് തന്നെ. സമീപമായി ആണ് റോമൻ ഓഡിയൻ എന്ന അംഭിതിയേറ്റർ. പിന്നീട് മറ്റ് പല പുരാതന കെട്ടിടാവശിഷ്ടങ്ങൾക്കിടയിലൂടെ നടന്നു. ടൂറിസ്റ്റുകളാൽ ഇവിടങ്ങൾ എല്ലാം നിറഞ്ഞിരിക്കുന്നു. പ്രൊപിലേ എന്ന അക്രോപൊളിസിലേക്കുള്ള പ്രവേശന കവാടത്തിലെത്തി. പടുക്കൂറ്റൻൻ മാർബിൾ തൂണുകൾ ഇരുവശത്തും പടവുകൾ കയറി മുകളിലേക്ക് നടന്നു. അക്രോപൊളിസിൽ സ്ഥിതിചെയ്യുന്ന അഥെനാ ദേവിയുടെ ക്ഷേത്രമായ പാർഥിനോൺ പ്രാചീന ഗ്രീക്ക് വാസ്തുവിദ്യയുടെ മകുടോദാഹരണമായി നിലകൊള്ളുന്നു. ഏഥൻസ് എന്നു കേൾക്കുമ്പോൾ തന്നെ അനേകം തൂണുകളിൽ കെട്ടിപൊക്കിയിരിക്കുന്ന അതിഗംഭീരമായ ഈ നിമ്മിതിയാണ് ആദ്യം മനസിലേക്കു കടന്നു വരിക. പാർഥിനോൺ ക്ഷേത്രം അഥെന ദേവതക്കുവേണ്ടി ബി സി നാലാം നൂറ്റാണ്ടിൽ പണികഴിപ്പിച്ചതാണ്.  പാർഥിനോണിന് സമീപമെത്തി, ആശ്ചര്യത്തോടെ അതിന്റെ ചുറ്റും ഒന്ന് നടന്നു. ഇന്നത്തെ കെട്ടിടനിർമ്മാണ സാങ്കേതികവിദ്യകൾ ഒന്നും ഇല്ലാതിരുന്ന കാലത്ത് ഇത്ര ബൃഹത്തായ ഈ കെട്ടിടം എങ്ങനെ നിർമ്മിച്ചു എന്നത് ഒരു വിസ്മയം തന്നെ. ഗ്രീക്ക് ക്ഷേത്രമായിരുന്നുവെങ്കിലും പിന്നീട് ബൈസന്റൈൻ റോമന്‍ കാലഘട്ടങ്ങളില്‍ ക്രിസ്ത്യൻ പള്ളിയായും ഓട്ടോമന്‍ കാലത്ത് തുർക്കുകൾ ഇതിനെ ഒരു മോസ്കായി മാറ്റുകയും ചെയ്തിട്ടുണ്ട്. 1600കളിൽ  തുർക്കികളും വെനീഷ്യൻസും  ഏഥൻസിനു വേണ്ടി യുദ്ധം ചെയ്തപ്പോൾ പാർഥിനോൺ ക്ഷേത്രം തകർക്കുകയുമാണ് ഉണ്ടായത്. അതിന്‍റെ അവശേഷിപ്പുകളാണ് ഇന്നു നിലനിൽക്കുന്നത്. ആയിരക്കണക്കിനു ടൂറിസ്റ്റുകളാൽ ഇവിടം നിറഞ്ഞിരിക്കുന്നു. വലിയ ഒരു ഗ്രീക്ക് പതാക നാട്ടിയിരിക്കുന്ന പ്രദേശത്തെത്തി. ഏഥെൻസിലെ ഏറ്റവും ഉയർന്ന സ്ഥലമായ ഇവിടെനിന്നും നഗരത്തിന്റെ മനോഹരമായ വ്യൂ ആസ്വദിക്കാൻ കഴിയും. 

acropolis-greece6

ഫോട്ടോയൊക്കെ എടുത്തതിനുശേഷം മുന്നിലേക്ക്ു നടന്ന് കവാടത്തിന്റെ തെക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്ന മറ്റൊരു ക്ഷേത്രമായ ടെംബിൾ ഓഫ് അഥെന നൈക്കിയുടെ അടുത്തെത്തി. പാർഥിനോണ് വടക്ക് സ്ഥിതിചെയ്യുന്ന മറ്റൊരു ക്ഷേത്രമാണ് ഇറെക്തിയം, ആറു യുവതികളുടെ മാർബിൾ ശില്പങ്ങളും അതേസമയം തൂണുകളുമായ കാര്യാറ്റിഡുകൾ ഈ ക്ഷേത്രത്തിലാണ് ഉള്ളത്. ആക്രോപൊളിസിലെ ഓരോ കോണിനും ഓരോ കഥകൾ പറയാനുണ്ട്.  ടെംപിൾ ഓഫ് അഥെന, പ്രൊമകോസ്, പ്രോപ്പലയേ,  എലെസ്സിനിയൻ , സാങ്ച്വറി ഓഫ് അർതെമിസ്, ബ്രരോണിയ, ചാൾകതെകെ, പണ്ടറോസിയൻ, അറഫോറിയൻ, അഥെന പൊളിയാസിന്റെ അൾത്താര, സാങ്ച്വറി ഓഫ് സീയൂസ് പോലീയൂസ്,  സാങ്ച്വറി ഓഫ് പാൻടിയോൻ, ഒടെയോൻ ഓഫ് ഹെറോഡസ് അറ്റിക്കസ്, സ്റ്റോയ് ഓഫ് എയുമെനെസ്, സാങ്ച്വറി ഓഫ് അസ്‌ക്ലീപിയൻ,  എല്യുതെറിയസ്,  ഒഡിയോൺ ഓഫ് പെരിക്ലിസ്,  അഗ്ലുവേറിയോൺ,  തുടങ്ങിയ ഗ്രീക്ക് മിത്തോളജിയുമായി ബന്ധപ്പെട്ട് കിടക്കുന്ന കാഴ്ചകൾ പലയിടത്തായി കണ്ടു.

greece-travel

1975-ലാണ് അക്രോപൊളിസ് പുനഃരുദ്ധാരണ പദ്ധതി ആരംഭിച്ചത്, അതിപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു. കാലപ്പഴക്കം, മലിനീകരണം, യുദ്ധങ്ങൾ, പ്രകൃതിക്ഷോഭങ്ങൾ തുടങ്ങിയവ അക്രോപൊളിസിൽ സൃഷ്ടിച്ച തേയ്‌മാനങ്ങളും ബലക്ഷയവും ഇല്ലാതാക്കി പഴയ അവസ്ഥ വീണ്ടെടുക്കുക എന്നതായിരുന്നു ഈ പദ്ധതിയുടെ ലക്ഷ്യം. കെട്ടിടങ്ങളുടെ ഛിന്നഭിന്നമായ ഭാഗങ്ങൾ കണ്ടെടുക്കുകയും അവ യഥാസ്ഥാനത്ത് ക്രമീകരിക്കുകയും, കൂടാതെ ഇല്ലാതായ ഭാഗങ്ങൾ പുനഃസൃഷ്ടിക്കുകയും ചെയ്തുകൊണ്ടിരുക്കുന്നു. ജീവിതത്തിലെ വലിയൊരു ആഗ്രഹമായിരുന്നു ഇവിടം സന്ദര്‍ശിക്കണം എന്നത്. അങ്ങനെ ഒരു ആഗ്രഹം പൂർത്തീകരിച്ച സാഫല്യത്തിൽ കുന്നിറങ്ങി താഴെയെത്തി. അടുത്തതായി പോയത് സമീപമുള്ള അക്രോപൊളിസ് മ്യൂസിയത്തിലേക്കായിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും മികച്ച മ്യൂസിയം. ഒരു തീമാറ്റിക് മ്യൂസിയമായ ഇവിടെ ജീവൻ തുടിക്കുന്ന ശില്പങ്ങളും ചരിത്രവസ്തുക്കളും നാല് തലങ്ങളിലായി പ്രദർശിപ്പിച്ചിരിക്കുന്നു. ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ ഗ്ലാസ് ഫ്ലോറിലൂടെ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്ന ഖനനങ്ങൾ കാണാൻ സാധിക്കുന്നു. ഗ്രീസിന്റെ പുരാതന കാലഘട്ടം മുതൽ റോമൻ കാലഘട്ടം വരെയുള്ളതും അക്രോപൊളിസിൽ നിന്നു കണ്ടെത്തിയ പുരാവസ്തുക്കളും ഉൾപ്പെടുന്ന ശേഖരങ്ങളും പാർഥനോൻ പോലെയുള്ള ക്ഷേത്രങ്ങളിൽ നിന്നും ലഭിച്ച പുരാതന ശില്പങ്ങളും മറ്റും ഇവിടെയാണ് സൂക്ഷിച്ചിരിക്കുന്നത്. വിപുലമായ ഈ മ്യൂസിയം കണ്ട് ഞാൻ പുറത്തേക്കിറങ്ങി. ചിരപുരാതനങ്ങളും അതിപ്രധാനങ്ങളുമായ അനേകം രേഖകൾ അടക്കം അമൂല്യശേഖരങ്ങളുടെ ഒരു കലവറയായ മ്യൂസിയത്തെ പറ്റി മറ്റൊരവസരത്തിൽ വിശദമായി പ്രതിപാദിക്കാം. സമീപത്തു കണ്ട  ഷോപ്പിൽ നിന്ന്  അതിവിശിഷ്ടമായ ഗ്രീക്ക്‌ ഫ്രോസൺ  യോഗർട്ടും തേനും നട്സും ബിസ്‌ക്കറ്റും ഉള്ള കോൺ ഐസ്ക്രീം വാങ്ങി കഴിച്ച് ഏഥൻസിലെ മറ്റു കാഴ്ചകളിലേക്ക് നടന്നു. 

acropolis-greece-image

മഹാനായ അലക്സാണ്ടർ, സോക്രട്ടീസ്‌, അരിസ്റ്റോട്ടിൽ, പ്ലേറ്റോ, ഹിപ്പോക്രാറ്റസ്, പെരിക്ലിസ്, ആർക്കിമിഡീസ്, ഹോമർ, പൈതഗോറസ്, ഡെമോക്രിറ്റസ്, ക്ലെസ്റ്റെനീസ്, സോളൺ, യൂക്ലിഡ്, സോഫോക്ലിസ്‌, അരിസ്റ്റോഫാനെസ്‌ തുടങ്ങിയ മഹാന്മാരും പ്രതിഭാധനരായ തത്ത്വചിന്തകരും യോദ്ധാക്കളും നടന്നിട്ടുള്ള തെരുവുകളിലൂടെ, ചരിത്ര പ്രദേശങ്ങൾ സന്ദർശിക്കുന്നത് കൂടുതൽ ഇഷ്ടമുള്ള ഞാൻ അദ്ഭുതപരതന്ത്രനായി ഒരു കൊച്ചു കുട്ടിയെപോലെ സ്വയം മറന്ന് നടന്നു. ജനാധിപത്യത്തിന്റെയും പാശ്ചാത്യ തത്വശാസ്ത്രത്തിന്റെയും ഈറ്റില്ലമായ ഏഥന്‍സ് സന്ദർശിച്ചത് ജീവിതത്തിലെ ഏറ്റം അവിസ്മരണീയമായ ഒരു അനുഭവമായിരുന്നു.

English Summary:

Step Back in Time: An Unforgettable Journey Through Athens' Ancient Marvels.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com