‘ആൻഡി അറ്റ് കാൻഡി’; അസർബൈജാൻ യാത്രയുമായി 'അന്നയും റസൂലും' നായിക
Mail This Article
അഭിനയത്തിന്റെയും സംഗീതത്തിന്റെയും ലോകത്ത് കഴിവ് തെളിയിച്ച ആളാണ് ആൻഡ്രിയ ജെറമിയ. ഫഹദ് നായകനായ 'അന്നയും റസൂലും' എന്ന ചിത്രത്തിലൂടെ ആൻഡ്രിയ മലയാള സിനിമയിൽ മായാത്ത മുദ്ര പതിപ്പിച്ചു. തമിഴ്, തെലുങ്ക് സിനിമകളും തന്റെ വ്യതിരിക്തമായ കഴിവു കൊണ്ട് സമ്പന്നമാക്കിയ ആൻഡ്രിയ, ഈ തിരക്കുകള്‍ക്കിടയിലും ഒട്ടേറെ യാത്രകള്‍ ചെയ്യുന്ന നടിമാരില്‍ ഒരാളാണ്.
ഏറ്റവും പുതുതായി അസര്‍ബെയ്ജാനില്‍ നിന്നുള്ള യാത്രാചിത്രങ്ങള്‍ ആൻഡ്രിയ ആരാധകര്‍ക്കായി പങ്കുവച്ചു. അസര്‍ബെയ്ജാനിലുള്ള കാന്‍ഡി കെയ്ന്‍ മലനിരകള്‍ക്ക് മുന്നില്‍ നില്‍ക്കുന്ന ചിത്രങ്ങളാണ് നടി പോസ്റ്റ് ചെയ്തിരിക്കുന്നത്. കറുത്ത സ്ലീവ്ലെസ് ടോപ്പും പാന്‍റ്സും കൂളിംഗ് ഗ്ലാസുമണിഞ്ഞ് നില്‍ക്കുന്ന ആൻഡ്രിയയെ ചിത്രത്തില്‍ കാണാം.
അസര്‍ബെയ്ജാനിലുള്ള അപൂര്‍വ്വ മനോഹരമായ കാഴ്ചകളിലൊന്നാണ് കാന്‍ഡി കെയ്ന്‍ മലനിരകള്‍. ഗ്രേറ്റർ കോക്കസസ് പർവതനിരയുടെ ഭാഗമായ കാൻഡി കെയ്ൻ കുന്നുകള്‍ ഖിസി, സിയാസാൻ ജില്ലകളിലായാണ് സ്ഥിതിചെയ്യുന്നത്. പേരു സൂചിപ്പിക്കുന്നതുപോലെ തന്നെ മനോഹരമായ ചുവപ്പും വെളുപ്പും ഇടകലര്‍ന്ന പാറ്റേണുമായി ഒരു കാന്‍ഡിയെ ഓര്‍മ്മിപ്പിക്കും, ഈ പ്രദേശം.
ഇവയുടെ രൂപസവിശേഷത കണക്കിലെടുത്ത്, സഞ്ചാരിയും എഴുത്തുകാരനുമായ മാർക്ക് എലിയട്ട് ആണ് തന്‍റെ 'അസർബൈജാൻ വിത്ത് എക്സർഷൻസ് വിത്ത് ജോർജിയ' എന്ന പുസ്തകത്തില്‍ ഇവയെ 'കാൻഡി കെയ്ൻ പർവതനിരകൾ' എന്ന് ആദ്യമായി വിശേഷിപ്പിച്ചത്.
ഈ പ്രദേശത്തിന്‍റെ തനതായ ഭൂമിശാസ്ത്രപരമായ സവിശേഷത മൂലമാണ് ഈ വര്‍ണ്ണക്കാഴ്ച ഉണ്ടാകുന്നത്. അവസാദ ശിലകളാണ് ഇവിടെയെങ്ങും ഉള്ളത്. ഇവ ഒന്നിനു മുകളില്‍ ഒന്നായി, പാളികളായി അടുക്കി വച്ചിരിക്കുകയാണ്. ഇവയില്‍, ജലവുമായി സമ്പർക്കത്തിലായ ഇരുമ്പ് അടങ്ങിയ പാളികൾ ഓക്സിഡൈസ് ചെയ്യുകയും അവയുടെ നിറം ചുവപ്പായി മാറുകയും ചെയ്തു. അതേസമയം ഇരുമ്പില്ലാത്ത പാളികൾ വെളുത്തതോ ചാരനിറത്തിലോ തുടർന്നു. കാലക്രമേണ, ടെക്റ്റോണിക് ചലനവും മണ്ണൊലിപ്പും മൂലം ഈ അവശിഷ്ട പാളികള്‍ ഉപരിതലത്തിലേക്കെത്തി.
സഞ്ചാരികള്‍ക്ക് കാന്‍ഡി കെയ്ന്‍ മലനിരകളിലൂടെ ഹൈക്കിങ് നടത്താം. ഇതിനായി നിരവധി പാതകള്‍ ഇവിടെയുണ്ട്. മനോഹരമായ ഫോട്ടോകള്‍ എടുക്കാനും പറ്റിയ സ്ഥലങ്ങള്‍ ഇവിടെ ധാരാളമുണ്ട്.
എങ്ങനെയാണ് ഇവിടേക്ക് എത്തുന്നത്?
ബാകുവിലെ ഓൾഡ് സിറ്റി പ്രദേശത്തു നിന്നും സഞ്ചാരികള്‍ക്കായി ഇവിടേക്കു ഗൈഡഡ് ടൂർ സര്‍വീസുകള്‍ ലഭ്യമാണ്. ഏകദേശം $60 ആണ് ഇതിനുള്ള ചെലവ്. അല്ലെങ്കില്‍ സ്വന്തമായി വാഹനം വാടകയ്ക്ക് എടുത്തു ഡ്രൈവ് ചെയ്തു പോകാം, ഇതിനായി കാറുകള്‍ വാടകയ്ക്ക് നല്‍കുന്ന നിരവധി ഏജന്‍സികളുണ്ട്. പൊതുഗതാഗത സേവനങ്ങളും ഈ പ്രദേശത്ത് ലഭ്യമാണ്.