ആമകളുടെയും തിമിംഗലങ്ങളുടെയും ദ്വീപില്‍, യാത്രാചിത്രങ്ങളുമായി രഞ്ജിനി ഹരിദാസ്
Mail This Article
തായ്‌ലൻഡ് യാത്രയുടെ ആവേശമുണര്‍ത്തുന്ന ചിത്രങ്ങളുമായി രഞ്ജിനി ഹരിദാസ്. കോ താവോ ദ്വീപില്‍ നിന്നാണ് ഈ ചിത്രങ്ങള്‍ എടുത്തിരിക്കുന്നത്. സ്കൂബ ഡൈവിങ് സര്‍ട്ടിഫിക്കേഷന്‍ കിട്ടിയ അനുഭവവും രഞ്ജിനി പങ്കുവച്ചു. വളരെ മായികമായ ഒരു അനുഭവമെന്നാണ് രഞ്ജിനി കടലിനടിയിലെ ഡൈവിങ് അനുഭവത്തെ വിശേഷിപ്പിക്കുന്നത്. തായ്‌ലൻഡിന്റെ ആമദ്വീപാണ് ചുംഫോൺ ദ്വീപസമൂഹത്തിന്റെ ഭാഗമായ കോ താവോ. തായ്‌ലൻഡിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്, പരുന്ത്, പച്ച ആമ എന്നിവയുടെ പ്രജനന കേന്ദ്രമായ ഈ ദ്വീപ്. വിനോദസഞ്ചാരത്തിന്റെ വികസനം ഇവയുടെ ജീവിതത്തെ പ്രതികൂലമായി ബാധിച്ചെങ്കിലും, 2004 ൽ റോയൽ തായ് നേവിയും പ്രാദേശിക സ്കൂബ ഡൈവിങ് സെന്ററുകളുടെ കൂട്ടായ്മയായ KT-DOC യും ചേർന്നു സംഘടിപ്പിച്ച ഒരു ബ്രീഡിങ് പ്രോഗ്രാം നൂറുകണക്കിന് ആമകളെ രക്ഷപ്പെടുത്തി.
ദ്വീപിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള ഒരു ഡൈവിങ് സൈറ്റായ ചുമ്പോൺ പിനാക്കിൾ തിമിംഗല സ്രാവുകള്‍ക്കൊപ്പമുള്ള നീന്തലിനു പ്രസിദ്ധമാണ്. 130 ലധികം ഇനം പവിഴപ്പുറ്റുകളും 53 കുടുംബങ്ങളിൽ പെട്ട 223 ലധികം ഇനം റീഫ് മത്സ്യങ്ങളും ഈ ദ്വീപിലുണ്ട്.
സ്കൂബ ഡൈവിങ്ങിനും സ്നോർക്കലിങ്ങിനും അതുപോലെ ഹൈക്കിങ്, റോക്ക് ക്ലൈംബിങ്, ബോൾഡറിങ് എന്നിവയ്ക്കും ഈ ദ്വീപ് പ്രശസ്തമാണ്. കോ താവോയില്‍ 25 ലധികം ഡൈവിങ് സൈറ്റുകളുണ്ട്. പടിഞ്ഞാറൻ തീരത്തുള്ള 1.7 കിലോമീറ്റർ വെളുത്ത മണൽ ബീച്ചായ സൈരി ഒട്ടേറെ സഞ്ചാരികളെ ആകര്‍ഷിക്കുന്നു. താരതമ്യേന ചെലവുകുറഞ്ഞ സ്കൂബ ഡൈവിങ് സർട്ടിഫിക്കേഷൻ ലഭിക്കുന്നതിനാല്‍ ബാക്ക് പാക്കര്‍മാര്‍ക്കിടയില്‍ ഇവിടം പ്രസിദ്ധമാണ്.
ഇരുപതാം നൂറ്റാണ്ടിന്‍റെ അവസാനകാലത്താണ് വിദേശ സഞ്ചാരികൾ കോ താവോ സന്ദർശിക്കാൻ തുടങ്ങിയത്, അത് വളരെപെട്ടെന്നു തന്നെ ഒരു ജനപ്രിയ സ്ഥലമായി മാറി. പിന്നീട്, 1990 കളിൽ ദ്വീപ് ഒരു ഡൈവിങ് സൈറ്റ് ആയി അറിയപ്പെട്ടു. 2014 മുതൽ വിനോദസഞ്ചാരികള്‍ക്കു സുരക്ഷിതമല്ലാത്ത ഇടമായി ഇവിടം അറിയപ്പെട്ടിരുന്നു. സഞ്ചാരികളുടെ കൊലപാതകവും മോഷണവും ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ കാരണം, ചില ബ്രിട്ടീഷ് ടാബ്ലോയിഡുകൾ ഇതിനെ "ഡെത്ത് ഐലൻഡ്" എന്നുവരെ വിളിച്ചു. തൊട്ടുപിന്നാലെയുള്ള മാസങ്ങളിൽ ദ്വീപിലേക്കുള്ള വിനോദസഞ്ചാരികളുടെ വരവ് കുറഞ്ഞുവെങ്കിലും പിന്നീട് ക്രമേണ കാര്യങ്ങള്‍ പഴയതു പോലെയായി.
വളരെ പ്രശസ്തമായ ഒട്ടേറെ ഡൈവിങ് സൈറ്റുകള്‍ ഇവിടെയുണ്ട്. സ്രാവ് ദ്വീപ്, ഹിൻ വോങ് പിനാക്കിൾ, മാംഗോ ബേ, വൈറ്റ് റോക്ക്, നാങ് യുവാൻ പിനാക്കിൾ (റെഡ് റോക്ക്), ട്വിന്‍സ്, ഗ്രീന്‍ റോക്ക്, ജാപ്പനീസ് ഗാര്‍ഡന്‍സ്, സെയിൽ റോക്ക് തുടങ്ങിയവ അവയില്‍ ചിലതാണ്. ഇതില്‍ ജാപ്പനീസ് ഗാര്‍ഡന്‍സ്, മാംഗോ ബേ എന്നിവിടങ്ങളില്‍ ആഴം കുറവായതിനാല്‍ തുടക്കക്കാര്‍ക്ക് പോലും ഡൈവ് ചെയ്യാനാകും.