സിംഹവും പുലിയും മാത്രമല്ല പലതരം പക്ഷികളും ഇവിടുണ്ട് ; മസായ്മാരാ യാത്രാനുഭവം
Mail This Article
2023 ഡിസംബർ സ്കൂൾ അടയ്ക്കുന്ന സമയമായി, മാസായി മാരാ എന്ന സ്വപ്നം മനസ്സിൽ വീണ്ടും മുളച്ചു. 2022 ഡിസംബറിൽ ആണ് ആദ്യമായി കുടുംബവുമൊത്ത് മാസായ് മാര സന്ദർശിക്കുന്നത് അത് എല്ലാവർക്കും നൽകിയ ഊർജ്ജവും ഉന്മേഷവും വളരെയധികമായിരുന്നു അന്ന് 11 വയസ്സുകാരൻ ലിയോ എങ്ങനെ ഇത് ഇഷ്ടപ്പെടുന്നു എന്നൊരു സംശയം ഉണ്ടായിരുന്നു. കഴിഞ്ഞ 5 വർഷമായി 20 ഓളം രാജ്യങ്ങൾ സന്ദർശിച്ചെങ്കിലും ഒരു സഫാരി ട്രിപ്പ് ആദ്യമായിട്ടാണ്. പക്ഷേ ഞങ്ങളെ അദ്ഭുതപ്പെടുത്തിക്കൊണ്ട് അവൻ എല്ലാ ദിവസവും രാവിലെ അഞ്ചു മണിയാവുമ്പോഴേക്കും എഴുന്നേറ്റ് പ്രഭാത കർമ്മങ്ങൾ നടത്തി ഞങ്ങൾക്കൊപ്പം വരാൻ തയ്യാറായി നിൽക്കും. രാവിലെയുള്ള കുറച്ചു സമയം വണ്ടിയിൽ കിടന്നുറങ്ങും. അതിനുശേഷം ക്യാമറ എടുത്ത് ഫോട്ടോകൾ എടുക്കും. ഈ യാത്ര അതുകൊണ്ട് ലിയോയുടെ പുതിയ പുതിയ ക്യാമറ പരീക്ഷണങ്ങൾക്കുള്ള അവസരമാണ്. ഇപ്രാവശ്യം മുഴുവൻ സമയവും ഫോട്ടോ എടുക്കും എന്ന തീരുമാനത്തോടെയാണ് ആശാൻ വന്നിരിക്കുന്നത്. അങ്ങനെ ഓരോ ദിവസവുംമെല്ലെ മെല്ലെ ക്യാമറയുടെ ട്രിക്കുകൾ പഠിച്ച്സ്വയം ഫോട്ടോ എടുക്കാൻ തുടങ്ങി. അതുകൊണ്ട് ഭാര്യയ്ക്കു ക്യാമറ കിട്ടിയില്ല. അവൾ വിഡിയോ ക്യാമറ വച്ച് അഡ്ജസ്റ്റ് ചെയ്തു. ആകെ പെട്ടത് ഞാനാണ് ഒരു പടം എടുക്കാൻ തുടങ്ങുമ്പോൾ ഒരാൾ ചോദിക്കും ‘എന്താണ് സെറ്റിങ്സ്...’ അടുത്തയാൾ ചോദിക്കും ‘വിഡിയോ ക്യാമറ ഫോക്കസ് ആവുന്നില്ല...’ ചിലപ്പോൾ എന്റെ പിടി വിടും.
മലയാളികൾക്ക് എപ്പോഴും ഉള്ള ഒരു സംശയമാണ് സിംഹത്തിന്റെയും പുലിയുടെ ആനയുടെയും ഒക്കെ ഇത്രയും അടുത്ത് പോകാൻ പറ്റുമോ അവ ഉപദ്രവിക്കില്ലേ കാരണം നമ്മുടെ നാട്ടിൽ കണ്ടുവന്നിരിക്കുന്ന കാര്യങ്ങൾ ഇതാണ് ആന ഇറങ്ങിയാൽ ആരേയേലും കൊല്ലും പുലിയോ സിംഹമോ മുന്നിൽ പെട്ടാൽ കാര്യം പോയി പക്ഷേ മാസായി മാരയിൽ ഇവയെല്ലാം വളരെ അടുത്തു നമുക്കു കാണാം. നമ്മൾ അവരെ പ്രകോപിക്കുന്നില്ലെങ്കിൽ അവരും ശാന്തരാണ്. ഭക്ഷണത്തിനുവേണ്ടി മാത്രമേ ഇര പിടിക്കാറുള്ളൂ. സിംഹത്തിന്റെയും പുലികളുടെയും ഒക്കെ അടുത്തു ഹൈനകളെയും കുറുക്കന്മാരെയും കഴുകന്മാരെയും നമുക്കു കാണാൻ പറ്റും. കാരണം അവരെല്ലാം ജീവിക്കുന്നത് സിംഹവും പുലിയും പിടിക്കുന്ന ഇരകളുടെ ബാക്കി ഭാഗം ഭക്ഷിച്ചാണ് മാസായി മാരയിൽ വിവിധയിനം മനോഹര പക്ഷികളും ഉണ്ട്, പക്ഷികളെ ഇഷ്ടപ്പെടുന്നവർക്കു നല്ല കാഴ്ചകളും ഇവിടുണ്ട്.
ഞങ്ങൾ പോയ സമയം അവിടുത്തെ മഴക്കാലമാണ് പക്ഷേ ഇപ്പോൾ എല്ലാ കാലവും മാറിപ്പോയി ഞങ്ങൾ പകൽ ഒരുപാട് മഴ പ്രതീക്ഷിച്ചു. പക്ഷേ ഏഴു ദിവസങ്ങളിൽ ഏറ്റവും അവസാന ദിവസം മാത്രമാണ് വൈകുന്നേരം മഴ പെയ്തത്. മഴ പെയ്തു കഴിഞ്ഞാൽ നിങ്ങൾ ഏതെങ്കിലും സിംഹത്തിന്റെ അടുത്തുണ്ടെങ്കിൽ അവൻ സട കുടയുന്നതു കാണാൻ വളരെ മനോഹരമായ കാഴ്ചയാണ്. മഴ പെയ്തു കഴിഞ്ഞാൽ അവിടെയുള്ള പുഴകൾ നിറഞ്ഞൊഴുകും. അവിടെയുള്ള പ്രധാന പുഴകളാണ് സാൻഡ് റിവർ മാരാ റിവർ തലേക് റിവർ ഇവ കടന്നുവേണം നമുക്കു പലപ്പോഴും പല ഭാഗത്തേക്കും യാത്ര ചെയ്യാൻ. പുഴകൾ നിറഞ്ഞാൽ മറുഭാഗത്തേക്കുള്ള യാത്ര വളരെ ബുദ്ധിമുട്ടുള്ളതാണ് ഞങ്ങൾ ചെന്നപ്പോൾ എല്ലാ പുഴകളും നിറയെ വെള്ളം ഉണ്ടായിരുന്നു ഏറ്റവും അവസാന ദിവസം കാണ്ടാമൃഗത്തെ കാണാൻ വേണ്ടി ഞങ്ങൾ മാരാ റിവർകടന്നു മറുഭാഗത്തേക്കു പോയി പക്ഷേ കാണ്ടാമൃഗത്തെ കാണാൻ പറ്റിയില്ലായെങ്കിലും പുഴ മുറിച്ചു കടന്ന ആ യാത്ര വളരെ സാഹസികത നിറഞ്ഞ ഒരു അനുഭവം ആയിരുന്നു മാരാ ഡ്രൈവർമാരെ സമ്മതിക്കണം. ഞങ്ങൾ അങ്ങനെ കണ്ടാമൃഗത്തെ തപ്പി നടക്കുമ്പോൾ ഞങ്ങളുടെ ഗൈഡിനു വിളി വന്നു. ‘ഒരു പെൺ സിംഹം അവളുടെ കുഞ്ഞുങ്ങളെ അവളുടെ പ്രൈഡിന്റെ (കൂട്ടം) അടുത്തേക്ക് ഓരോന്നോരോന്നായി എടുത്തോണ്ട് പോകുന്നു...’. സിംഹങ്ങൾ അങ്ങനെയാണ് കുഞ്ഞുങ്ങൾ ഉണ്ടാകുന്ന സമയത്ത് അവർ കൂട്ടം വിട്ട് ഒറ്റയ്ക്ക് താമസിക്കും. അവിടെ പ്രസവിച്ച് കുഞ്ഞുങ്ങൾക്ക് നടക്കാറാവുമ്പോഴേക്കും അവയെ അവളുടെ കൂട്ടത്തിൽ കൊണ്ടുവരും. ഓരോ കുഞ്ഞുങ്ങളെയായി കടിച്ചു തൂക്കി കൊണ്ടുവരികയാണ് ചെയ്യുന്നത്. അതും ഒരു സുരക്ഷിത സ്ഥലത്തു കൊണ്ട് ഇടും. അങ്ങനെ എല്ലാവരും ഒരു സ്ഥലത്ത് എത്തിയതിനു ശേഷം അവിടെ നിന്ന് അടുത്ത സ്ഥലത്തേക്കു കൊണ്ടുപോകും. പൂച്ചകൾ കുഞ്ഞുങ്ങളെ കൊണ്ടുപോകുന്ന പോലെ ചീറ്റപ്പുലികൾ കുഞ്ഞുങ്ങളെ കൂടെ കൊണ്ടുനടക്കുന്നതും കാണാൻ പറ്റി. വളരെ മനോഹരമായ കാഴ്ചയാണ് കുട്ടികൾ കൂടെയുണ്ടെങ്കിൽ എല്ലാ ദിവസവും അവ ഇരപിടിക്കുന്നതും കാണാൻ പറ്റും.
പുള്ളിപുലികളെ വളരെ വിരളമായി മാത്രമേ കാണാൻ പറ്റുകയുള്ളൂ അവർ കൂടുതലും പുഴകളുടെ തീരത്ത് തീരങ്ങളിൽ ഉള്ള കുറ്റിക്കാടുകളിലാണ് താമസം. ആ സ്ഥലങ്ങളിൽ നമുക്ക് ലോകത്തെ ഏറ്റവും ചെറിയ ആന്റലോപ്പുകളായ ഡിക് ഡികിനെ കാണാൻ പറ്റും അവ ആജീവന്നാന്തം ഒരു ജോടി ആയിട്ടാണ് കഴിയുന്നത്. മസായി മാരയിലെ പുൽമേടുകളിൽ ഒരുപാട് തരം മാൻ കൂട്ടങ്ങളെ കാണാൻ പറ്റും അവരുടെ കൂടെ പോത്തുകളുടെ വലിയ കൂട്ടങ്ങളും ആനകളുടെ വലിയ കൂട്ടങ്ങളും അതുപോലെ വിൽഡർ ബീസ്റ്റ് ടോപ്പി മുതലായവ ഒക്കെയുണ്ട്. പുഴകളിൽ ഹിപ്പോ, മുതല എന്നിവയെ കാണാൻ പറ്റും. നമ്മൾ തുടർച്ചയായി പുലിയെയോ സിംഹത്തെയോ ഫോളോ ചെയ്താൽ നമുക്ക് അവർ ഇര പിടിക്കുന്ന കാഴ്ച കാണാൻ പറ്റും അതും ഒരു അനുഭവമാണ്. ചുരുക്കി പറഞ്ഞാൽ ഞങ്ങളുടെ ഏഴുദിവസം ഓരോ കാഴ്ചകളായി കണ്ടുകഴിഞ്ഞു പോയത് അറിഞ്ഞില്ല. ഒരുപാട് നല്ല ഫോട്ടോസ് നല്ല മുഹൂർത്തങ്ങൾ എല്ലാം ചേർന്നതായിരുന്നു യാത്ര. കുടുംബത്തോടൊപ്പമുള്ള യാത്രയിൽ നല്ലൊരു അനുഭവമാണ് നമ്മുടെ കുട്ടികൾക്കു പകർന്നു കൊടുക്കാൻ പറ്റുക. നമ്മുടെ പങ്കാളികൾക്ക് നമ്മുടെ ഒപ്പം വന്യതയിൽ ഒരു യാത്ര ഒരു അനുഭവമാണ്. നിങ്ങളും യാത്ര ചെയ്യുമ്പോൾ നിങ്ങളുടെ കുടുംബത്തെ കൂടെ കൂട്ടു ഒരിക്കലെങ്കിലും അവരും ആസ്വദിക്കട്ടെ ഈ മനോഹാരിതകൾ.