Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവിധ ഇനത്തിൽപ്പെട്ട കാലസർപ്പയോഗങ്ങൾ

kalasarpa-dosha

പന്ത്രണ്ട് സർപ്പശ്രേഷ്ഠൻമാരുടെ പേരിലാണ് കാലസർപ്പയോഗങ്ങൾ അറിയപ്പെടുന്നത്. രാഹുകേതുക്കൾ 180 ഡിഗ്രി അകലത്തിൽ സഞ്ചരിക്കുന്നത് കൊണ്ടാണ് 12 വിധത്തിലുള്ള കാലസർപ്പയോഗങ്ങൾ ഉണ്ടാകുന്നത്. ഇവയിലെ 8 യോഗങ്ങൾ അഷ്ടനാഗങ്ങൾ ആയ അതിശ്രേഷ്ഠ നാഗങ്ങളുടെ പേരിൽ ആണ് അറിയപ്പെടുന്നത്.

1. അനന്തകാലസർപ്പയോഗം

ലഗ്നത്തിൽ രാഹുവും 7-ൽ കേതുവും ഇവയ്ക്ക് ഇടയിലായി മറ്റ് ഗ്രഹങ്ങളും നിന്നാൽ അനന്തകാലസർപ്പയോഗം.

ജീവിതപുരോഗതിക്കായി പൊരിഞ്ഞ പോരാട്ടം തുടരേണ്ടി വരും.  ജോലി, വിവാഹം എന്നിവ ശരിയായ വിധം ലഭിക്കുകയില്ല.  ദുരിതപൂർണ്ണമായ വിവാഹജീവിതം. ഭാര്യയ്ക്കാണ് കാലസർപ്പയോഗം എങ്കിൽ ഭർത്താവിനും, ഭർത്താവിനാണ് എങ്കിൽ ഭാര്യയ്ക്കും ആരോഗ്യഹാനി.  തൊഴിൽപരമായി നിരന്തര സ്ഥലം മാറ്റം. മേലധികാരികളുടെയും, യൂണിയൻ നേതാക്കളുടെയും ഉപദ്രവവും, സസ്പെൻഷൻ എന്നിവ ഫലം. 33 വയസ്സിന് ശേഷം അല്പമാത്രമായ പുരോഗതി എന്നിവ ഫലം. 

2. ഗുളിക കാലസർപ്പയോഗം

ലഗ്നത്തിന്റെ രണ്ടാം ഭാവത്തിൽ രാഹുവും, 8-ാം രാശിയിൽ കേതുവും നിൽക്കുന്നത് ഗുളിക കാലസർപ്പയോഗം.

ധനപരമായ ക്ലേശം കുടുംബ സ്വത്തുക്കൾ നശിച്ച് പോകുക, കുടുംബപരമായി പിൻതുടരുന്ന കടബാദ്ധ്യതകൾ, കുടുംബാംഗങ്ങളുടെ നിസ്സഹകരണത്താൽ ധനനാശം, വാക്കുകൾ മൂലം ശത്രുക്കൾ, നാക്ക് പിഴ, മാതാപിതാക്കൾ വരുത്തിയ കടബാദ്ധ്യതകൾ മൂലം ഉള്ള ജീവിത പ്രതിസന്ധി, വിചിത്രമായ ആരോഗ്യ പ്രശ്നങ്ങൾ, നിരന്തരമായ അവസരനഷ്ടം ഇന്റർവ്യൂ പരാജയം, സഹായം നൽകാം എന്ന് വാഗ്ദാനം നൽകിയവർ സമയത്ത് വാഗ്ദാന ലംഘനം നടത്തുക, തുടർച്ചയായ ജീവിത ദുരിതങ്ങൾ, 33-35 വയസ്സ് കാലത്ത് ചെറിയ പുരോഗതി കൈവരും. 

3. വാസുകി കാലസർപ്പയോഗം

ലഗ്നത്തിന്റെ 3-ാം ഭാവത്തിൽ രാഹുവും കേതു 9-ാം ഭാവത്തിലും നിൽക്കുക. അവയ്ക്ക് ഉള്ളിൽ ആയി മറ്റ് ഗ്രഹങ്ങൾ വരികയും ചെയ്യുന്നതാണ് സുകീകാലസർപ്പയോഗം.

സന്താനങ്ങളിൽ നിന്നും മാതാപിതാക്കളിൽ നിന്നും സഹോദരന്മാരിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും ഉപദ്രവമോ ദേഹപീഢയോ ഫലം. ഭീരുത്വം നിറഞ്ഞ ജീവിതം, ആത്മവിശ്വാസമില്ലായ്മ, പരാജയഭീതി, പെരുമാറ്റദൂഷ്യം, സ്വയം കെണിയിൽപ്പെടുക, ജനങ്ങളുടെ അപ്രീതി സമ്പാദിക്കുന്ന വിധത്തിൽ ഉള്ള പ്രവൃത്തി, ദുരനുഭവങ്ങൾ ഉണ്ടായാലും അതിൽ നിന്നും പാഠങ്ങൾ പഠിക്കാതെ വീണ്ടും അധമ പ്രവൃത്തികൾ ചെയ്വുന്ന സ്വഭാവം, സർവ്വത്ര ദുരിതമായ ജീവിതം. 34-36 വയസ്സുകളിൽ നേരിയ ജീവിത പുരോഗതി.

 4. ശംഖപാല കാലസർപ്പയോഗം

രാഹു- ലഗ്നത്തിന്റെ നാലിലും, കേതു പത്താം ഭാവത്തിലും നിൽക്കുക, മറ്റ് ഗ്രഹങ്ങൾ അവയ്ക്ക് ഇടയിൽ ആയി നിൽക്കുകയും ചെയ്താൽ ശംഖപാല കാലസർപ്പയോഗം.

ജാതകന്റെ കുടുംബക്കാർ മൂലവും ജാതകന്റെ അഭിമാനപ്രശ്നവും മൂലം നിരന്തരമായ ധനനാശം സംഭവിക്കും.  മാതാവോ മാതൃസഹോദരിമാരോ മറ്റു ബന്ധുക്കളോ ജാതകനെ ദ്രോഹിച്ചുകൊണ്ടിരിക്കും.  മാതൃസ്വത്തുക്കൾ അന്യാധീനപ്പെട്ട് പോകുകയോ നിയമക്കുരുക്കിൽ പെടുകയോ ചെയ്വും. എന്നാൽ പ്രവർത്തിയിൽ വലിയ വിജയം ഉണ്ടാകും. പക്ഷേ കുടുംബാംഗങ്ങൾ ജാതകന്റെ തൊഴിലിനെ അവഹേളിച്ചുകൊണ്ടിരിക്കും.  മറ്റുള്ളവരുടെ കാര്യങ്ങൾ ഏറ്റെടുത്ത് വിജയിപ്പിക്കാൻ വ്യഗ്രത കാട്ടും. വാസസ്ഥലത്തിന് സ്ഥിരത ഉണ്ടായിരിക്കില്ല. 42-43 വയസ്സിനു ശേഷം പുരോഗതി ലഭിച്ചു തുടങ്ങും.

5. പത്മകാലസർപ്പയോഗം

ലഗ്നാൽ 5 -ൽ രാഹുവും, കേതു 11-ലും നിൽക്കുകയും മറ്റ് ഗ്രഹങ്ങൾ അവയ്ക്ക് ഇടയിൽ ആയി വരികയും ചെയ്യുന്നത് പത്മകാലസർപ്പയോഗം.  

കടുത്ത ഭാഗ്യഹീനതയാണ് ഫലം. പൂർവ്വ കർമ്മപുണ്യം ലഭ്യമല്ല. മാതാപിതാക്കളുടെ നീചകൃത്യങ്ങൾ ജാതകനെ വേട്ടയാടും സന്താനനാശം, സന്താനദുരിതം, കുട്ടികൾ ജനിക്കാത്ത അവസ്ഥ, ജനിച്ച കുഞ്ഞിന്റെ ആരോഗ്യപ്രശ്നങ്ങൾ മൂലം, രക്ഷിതാക്കൾ ദുരിതം അനുഭവിക്കുക, കുട്ടികളുടെ ചികിത്സയ്ക്കായി കടം വാങ്ങി നശിക്കുക, ചികിത്സ മൂലം കിടപ്പാടം നഷ്ടപ്പെടുക, മോശമായ ആരോഗ്യസ്ഥിതി, ക്ഷേത്രദർശനത്തിനു ശേഷം ദുരിതാനുഭവങ്ങൾ, സന്താനങ്ങളുടെ മരണം സംബന്ധമായി നിയമ പ്രശ്നങ്ങൾ, ദേശാന്തര ഗമനം. 48 വയസ്സിനു ശേഷം നേരിയ ജീവിത പുരോഗതി.

6. മഹാപത്മ കാലസർപ്പയോഗം

രാഹു 6-ാം ഭാദത്തിലും, കേതു 12-ാം ഭാവത്തിലും മറ്റ് ഗ്രഹങ്ങൾ അവയ്ക്ക് ഇടയിൽ ആയി വരികയും ചെയ്താൽ മേല്പറഞ്ഞ വിധത്തിൽ ഉള്ള കാലസർപ്പയോഗം ഭവിക്കും.

പ്രസ്തുത കാലസർപ്പയോഗം ഏറ്റവും മോശമായ അപകടകരമായ കാലസർപ്പയോഗമായി കണക്കാക്കി വരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധികൾ, ശത്രുശല്യം, കടുത്ത നിരാശാബോധം, വിചിത്രമായ ജീവിതം, സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ, രാജ്യദ്രോഹപ്രവർത്തനങ്ങൾ, ജയിൽവാസം, ഒളിച്ച് താമസിക്കൽ, നശീകരണ സ്വഭാവം  ജീവിത ലക്ഷ്യങ്ങൾ പൂർത്തീകരിക്കാനാകാതെ അപഹാസ്യമായ ജീവിതം.  ജീവിതത്തിൽ ഉടനീളം പ്രതിസന്ധികൾ.  ഏകദേശം 54-55 വയസ്സ് വരെ ദുരിത ജീവിതം.

7. തക്ഷക കാലസർപ്പയോഗം

ജാതകത്തിൽ ലഗ്നത്തിന്റെ 7-ാം ഭാവത്തിൽ രാഹുവും, ലഗ്നത്തിൽ കേതുവും, നിന്നാൽ തക്ഷക കാലസർപ്പയോഗം.  

വൈവാഹിക ജീവിതം ദുരിതം നിറഞ്ഞതാകും. ദാമ്പത്യസൗഖ്യം ഇല്ല എന്ന് തന്നെ പറയാം. എന്നാൽ ജാതകൻ വിചിത്രമായ തത്വശാസ്ത്രങ്ങൾ, മന്ത്രവാദം, വിചിത്രമായ സിദ്ധിവിശേഷങ്ങൾ എന്നിവയിൽ പ്രശസ്തനും ആകാം. ജാതകത്തിൽ മഹാപുരുഷയോഗങ്ങൾ കൂടിവന്നാൽ ബുദ്ധിജീവിയോ, താത്വികാചാര്യനോ, താന്ത്രികനോ ആകും. വ്യക്തിപരമായ ജീവിതം നന്നായിരിക്കില്ല. 27-28 വയസ്സു വരെ സാധാരണക്കാരനായി ജീവിതം.  അതിനു ശേഷം ആകും ജീവിതത്തിൽ ആകസ്മിക മാറ്റങ്ങൾ ഉണ്ടാകുന്നത്.  തുടർന്ന് കാർക്കശ്യം നിറഞ്ഞ ജീവിതചര്യകൾ സ്വീകരിക്കും.  ഷഷ്ഠിപൂർത്തിയോടെ ജീവിതം അവസാനിപ്പിക്കുകയോ, അവസാനിക്കുകയോ ചെയ്യും.

8. കാർക്കോടക കാലസർപ്പയോഗം

ജാതകത്തിൽ 8-ാം ഭാവത്തിൽ രാഹുവും 2-ൽ  കേതുവും നിൽക്കുകയും അവയ്ക്ക് ഇടയിലായി സപ്തഗ്രഹങ്ങൾ വരികയും ചെയ്താൽ കാർക്കോടക കാലസർപ്പയോഗം.

ആയുർഭീഷണി, നിർഭാഗ്യവും, ദുരിതവും നിറഞ്ഞ വിവാഹ കാലം.  ബിസിനസ്സ് നടത്തി കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽപ്പെടുക. സർവ്വത്ര കുഴപ്പങ്ങൾ വരുത്തിവെയ്ക്കുക. സ്വന്തക്കാരെയും സുഹൃത്തുക്കളെയും കടബാദ്ധ്യതകളിൽപ്പെടുത്തുക. അസാന്മാർഗ്ഗിക ജീവിതസുഖത്തിനാൽ ചിലവ് ചെയ്ത് നശിക്കുക. തീർത്താൽ തീരാത്ത കേസുകളും കോടതി നടപടികളും മൂലം ദുരിതം നിറഞ്ഞ ജീവിതം നിരവധി അത്യാഹിതങ്ങൾ, ശല്യപ്പെടുത്തുന്ന രോഗങ്ങൾ എന്നിവ 33 വയസ്സു വരെ പിൻതുടരും. തുടർന്ന് ശിഷ്ട ജീവിതം. 

9. ശംഖചൂഢകാലസർപ്പയോഗം

ജാതകഗ്രഹനിലയിൽ രാഹു 9-ാം ഭാവത്തിലും കേതു 3-ാം ഭാവത്തിലും വരികയും മറ്റു ഗ്രഹങ്ങൾ അവയ്ക്ക് ഇടയിൽ ആയി വരികയും ചെയ്താൽ ശംഖചൂഢകാലസർപ്പയോഗം.

സമൂഹത്തിലെ ഉന്നതന്മാരുടെ ശത്രുത സമ്പാദിച്ച് പ്രതിസന്ധികളിൽപ്പെടുക, നഷ്ടവും, കേസ്സുകളും നിറഞ്ഞ ബിസിനസ്സോ മറ്റു തൊഴിലുകളോ, കുടുംബക്കാരുമായി അവകാശ തർക്കം. പാർട്ട്ണർഷിപ്പ് തകർച്ചയും കടബാദ്ധ്യതകളും, പൊതുജന പ്രശ്നങ്ങളിൽ ഇടപെട്ട് വലിയ ജനസ്വാധീനം ഉണ്ടാകും തുടർന്ന് പൊതുജനങ്ങളാൽ തന്നെ അപമാനിക്കപ്പെട്ട് ജീവിതം അവസാനിക്കും.  36 വയസ്സിനകം ദുരിതങ്ങൾ ഏറ്റുവാങ്ങി ശിഷ്ടകാലം ആദേശത്തെ ഉപേക്ഷിച്ച്  ജീവിക്കും. പരാജയം നിറഞ്ഞ ജീവിതം എന്നു പറയാം

10. ഘടക കാലസർപ്പയോഗം

ജാതകന്റെ 10 ൽ രാഹുവും 4ൽ കേതുവും വരികയും മറ്റ് സപ്തഗ്രഹങ്ങൾ ഇവയ്ക്ക് ഇടയിൽ വരികയും ചെയ്താൽ ഘടക കാലസർപ്പയോഗം.

ധനക്ലേശം, തൊഴിൽ നാശം, ഗൃഹനാശം, വാഹന നാശം, ഏതിൽചെന്ന് തൊട്ടാലും നഷ്ടവും അപമാനവും മാത്രം ഫലം. ജീവിതത്തിൽ എല്ലാ വിഷയത്തിലും നഷ്ടത്തിന്റെ കണക്കുകൾ മാത്രം. വഴിയേ പോകുന്ന വയ്വാവേലികൾ ജാതകനെ ഓടിച്ച് ഇട്ട് പിടിച്ച് നശിപ്പിക്കും.  മറ്റുള്ളവരാൽ അപമാനിക്കപ്പെട്ട ജീവിതം. 42-43 വയസ്സ് കഴിയുന്നതോടെ ജീവിതം മെച്ചപ്പെട്ട് തുടങ്ങുന്നു. 

11. വിഷ്ധന കാലസർപ്പയോഗം

ജാതക ഗ്രഹനിലയിൽ 11-ാം ഭാവത്തിൽ രാഹുവും 5-ാം ഭാവത്തിൽ കേതുവും നിൽക്കുകയും സപ്ത ഗ്രഹങ്ങൾ ഇതിന് ഉള്ളിൽ ആയി വരികയും ചെയ്താൽ വിഷ്ധന കാലസർപ്പയോഗം.  

kalasarpa-dosh

പരസ്പരം  ശത്രുക്കളായി മാറി ഗാർഹിക സാമൂഹിക രംഗത്ത്  അശാന്തി പടർത്തുന്ന സന്താനങ്ങൾ, പരസ്പരം ശത്രുത നിറഞ്ഞ കുടുംബാന്തരീക്ഷം,  ജീവിതമാർഗ്ഗത്തിനും സ്വസ്ഥതയ്ക്കുമായി ദേശം വിട്ട് പോകുക.  വളരെ കുറഞ്ഞ സമ്പാദ്യം, നിരവധിയായ കുടുംബ പ്രശ്നങ്ങളാൽ ക്ലേശിക്കുക.  48-49 വയസ്സിനു ശേഷം കാലം കുറെയൊക്കെ മെച്ചപ്പെടുന്നു. ഏകാന്തമായ ജീവിതം തുടരേണ്ടി വരിക.  

12. ശേഷനാഗ കാലസർപ്പയോഗം

ജാതക ഗ്രഹനിലയിൽ രാഹു 12-ാം ഭാവത്തിലും, കേതു 6-ാം ഭാവത്തിലും നിൽക്കുകയും സപ്ത ഗ്രഹങ്ങൾ ഇവയ്ക്ക് ഉള്ളിൽ ആയി വരികയും ചെയ്താൽ ശേഷനാഗ കാലസർപ്പയോഗം.

ധനശേഷിയുള്ള കുടുംബത്തിൽ ജനിക്കുകയും ധനം അനാവശ്യമായി ചിലവാക്കുകയും പൊതുജനത്തിനായി രാഷ്ട്രീയ സാമൂഹിക പ്രവർത്തനങ്ങൾ നടത്തി ജയിൽ വാസം അനുഭവിക്കുകയോ കുടുംബജീവിതം താറുമാറാകുകയും പരസ്ത്രീ സംസർഗ്ഗത്താൽ മാനഹാനിയും സഹപ്രവർത്തകരുടെ ഒറ്റപ്പെടുത്തൽ മൂലം ഉള്ള നിരാശയും രാഷ്ട്രീയ പ്രവർത്തനവും പ്രശസ്തിയും, അജ്ഞാത ശത്രുക്കളും നിറഞ്ഞ ജീവിതം 54 വയസ്സിനു ശേഷം ലക്ഷ്യപ്രാപ്തി എന്നാലും പ്രശ്നപൂരിതമായ ജീവിതം. കാലസർപ്പയോഗത്തെ ഭയപ്പെട്ടിട്ട് കാര്യമില്ല. പരിഹാരം ചെയ്ത് ജീവിതം മുന്നോട്ട് കൊണ്ടു പോകുക.

ലഘു പരിഹാരങ്ങൾ:

1. മലയാള മാസം തോറും ആയില്യം നാളിൽ ശിവക്ഷേത്രത്തിൽ ആയില്യ പൂജ നടത്തുക. ആയില്യ പൂജ തൊഴുത് പ്രസാദം സ്വീകരിക്കുക.  തുടർന്ന് ശിവനെ ദർശിച്ച് അർച്ചന, അഭിഷേകം, ധാര, നെയ് വിളക്ക് എന്നിവയിൽ സാധ്യമായ വഴിപാട് നടത്തുക, പ്രാർത്ഥിക്കുക.

2. ‘നമ:ശിവായ’ മന്ത്രം ദിവസേന 108 മുതൽ 1008 സംഖ്യ വരെ ഏകാഗ്രതയോടെ ദീപത്തിന് മുന്നിലോ, ശിവക്ഷേത്രത്തിന് ഉള്ളിലോ ഇരുന്ന് ജപിക്കുക.  ഓം ചേർത്ത് ജപിക്കരുത്.

3. ഗുരുവായൂരിൽ കൃഷ്ണനാട്ടം കളിയിൽ കാളിയമർദ്ദനം എന്ന ഭാഗം നടത്തിക്കുക.  പ്രാർത്ഥിക്കുക.

4.  സർപ്പക്കാവിൽ സർപ്പ ബലി, അഷ്ടനാഗബലി എന്നീ കർമ്മങ്ങൾ നടത്തിക്കുക.

5. ഗരുഡ പഞ്ചാക്ഷരീ മന്ത്രം ഒരു തന്ത്രിയിൽ നിന്നും ഉപദേശം സ്വീകരിച്ച് ജപിക്കുക.

6. രാഹു-കേതുക്കളുടെ ശ്ലോകങ്ങൾ കീർത്തനങ്ങൾ എന്നിവ ചൊല്ലുക.

7. നവഗ്രഹ പൂജ ജന്മ നക്ഷത്ര ദിവസം നടത്തുക. നവരത്നമോതിരം ജ്യോതിഷ ഉപദേശപ്രകാരം വിധിയാം വണ്ണം ധരിക്കുക.

8. രാഹുവിന്റെ ധാന്യമായ ഉഴുന്നും, കേതുവിന്റെ ധാന്യമായ മുതിരയും ദാനം ചെയ്വുക.

9. വീടിന് സമീപത്തെ ശിവക്ഷേത്രത്തിൽ ദിവസേനയോ, സാധ്യമായ വിധമോ ദർശനം നടത്തുക.

പ്രധാന പരിഹാര മാർഗ്ഗം:

ആന്ധ്രാപ്രദേശിലെ ശ്രീകാലഹസ്തി ക്ഷേത്രത്തിൽ രാഹുകേതു ആശീർവാദപൂജയും തുടർന്ന് രുദ്രാഭിഷേകവും നടത്തി പ്രാർത്ഥിക്കുക.  ഒരു രാത്രി ആ സ്ഥലത്ത് താമസിക്കുക.  ഈ പ്രദേശത്ത് ചന്ദ്ര പുഷ്കരണി, സൂര്യപുഷ്കരണി എന്നീ തടാകങ്ങളിൽ രാഹു+ കേതുക്കൾ വസിക്കുന്നു എന്നു വിശ്വസിച്ച് പോരുന്നു. ഈ ക്ഷേത്രത്തിൽ മേല്പറഞ്ഞ പൂജ നടത്തിയ ശേഷം ജീവിതത്തിൽ വിജയം നേടിയ ധാരാളം കാലസർപ്പദോഷക്കാർ ഉണ്ട്.  ജീവിതത്തിലെ പ്രധാനലക്ഷ്യങ്ങൾ  കൈവരിച്ചവർ ധാരാളം.  ഒരു തവണ മുതൽ മൂന്നു തവണ വരെ ഈ പൂജ നടത്താം. വർഷം തോറും പൂജ ചെയ്യുന്നവരും ഉണ്ട്.