മരിച്ചവരെ സ്വപ്നം കാണുക അവരുടെ സാമീപ്യം അനുഭവപ്പെടുക ഒക്കെ സാധാരണ പലരും പറയുന്ന കാര്യങ്ങളാണ്. മനസ്സിന്റെ ഒരു തോന്നൽ എന്നു കരുതി പലരും സ്വയം സമാധാനിക്കുകയും മറ്റുള്ളവർ ആശ്വസിപ്പിക്കുകയും ചെയ്യും. മരിച്ച വ്യക്തി ചിലപ്പോൾ സ്വപ്നത്തിൽ വന്നു പറഞ്ഞ കാര്യങ്ങൾ ജീവിച്ചിരിക്കുന്ന മറ്റ് ബന്ധുക്കൾക്കു കൂടി അജ്ഞാതമായ കാര്യം ആകുമ്പോഴാണ് അത് വിശദീകരിക്കാനാവാത്ത സംഭവമായി മാറുന്നത്.
പാശ്ചാത്യ നാടുകളിൽ നിന്നും പ്രസിദ്ധമായ ഇത്തരം കഥകൾ ധാരാളമായി നമ്മുടെ നാട്ടിലും എത്തിച്ചേരുന്നു. മരിച്ചു പോയ ഭാര്യയുടെ സാമീപ്യം പലപ്പോഴും ബോദ്ധ്യപ്പെട്ടിട്ടുണ്ട് എന്ന് അന്തരിച്ച ജസ്റ്റീസ് വി. ആർ. കൃഷ്ണയ്യർ പറഞ്ഞത് പലരും വായിച്ചിരിക്കാം. ഒരു ആത്മഹത്യയോ കൊലപാതകമോ നടന്ന വീട് ഇരുന്ന സ്ഥലത്ത് വീട് വയ്ക്കാൻ പാടില്ല എന്നാണ് വാസ്തു ശാസ്ത്രം പറയുന്നത്. വീടിന്റെ ഉത്തരത്തിലോ കഴുക്കോലിലോ തൂങ്ങി മരിച്ചാൽ ആ മരം കൂടി ഒന്നിനും പിന്നെ ഉപയോഗിക്കരുത് എന്നും വാസ്തു ശാസ്ത്രം പറയുന്നു. ജ്യോതിഷത്തിൽ മരണാനന്തര ജന്മം ഉണ്ട് എന്നാണ് പറയുന്നത്. പൂർവ്വജന്മത്തിലെ കര്‍മ്മങ്ങളുടെ കൂടി അടിസ്ഥാനത്തിലുള്ള ജീവിതാനുഭവങ്ങൾക്ക് അനുയോജ്യമായ ഗ്രഹനിലയുള്ള നേരത്താണ് ഓരോരുത്തരും ജനിക്കുന്നത്. പാരമ്പര്യമായി പല ദോഷങ്ങളും ഇതോടൊപ്പം ജാതകത്തിൽ കാണാറുണ്ട്.
മരിച്ചു പോയ അച്ഛനാകാം മകനോ മകളായോ ജനിക്കുന്നത്. അതിനാൽ അവരോട് വിരോധപൂർവ്വം പെരുമാറുന്നവർക്ക് ഒക്കെ ചിലപ്പോൾ കൊച്ചു മക്കളിൽ നിന്നും മക്കളിൽ നിന്നും ഒക്കെ ദുരനുഭവങ്ങൾ ഉണ്ടാകാൻ ഇടയുണ്ട് എന്നും ഈ സന്ദർഭത്തിൽ ഓർക്കണം. അച്ഛനെയും അമ്മയേയും വഴിയിൽ കളയുന്നവരും വൃദ്ധസദനത്തിൽ ആക്കുന്നവരും ഓർക്കുക. ആ ആത്മാവ് നിങ്ങളെ വിട്ടു പോവുകയില്ല. ജന്മാന്തര ബന്ധം ഉള്ളതിനാൽ അത് പിന്നെയും വന്നുകൊണ്ടേയിരിക്കും നിങ്ങളും വീണ്ടും ജനിക്കുമെന്നാണ് ജ്യോതിഷം പറയുന്നത്.
സ്വപ്നത്തിൽ വരുന്നവർക്ക് നമ്മളോട് ചിലത് പറയാൻ ഉണ്ടാകാം. എന്താണ് പറയാനുള്ളത് എന്ന് ചോദിക്കാൻ ഉള്ള മനസ്സുണ്ടായാൽ മതി. നിരന്തരം ചില ആത്മാക്കളുടെ ശല്യമുണ്ടായിരുന്ന ഒരു സ്ത്രീ ഇത്തരത്തിൽ അവരോട് ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങിയതോടെ ഉപദ്രവങ്ങൾ ഒക്കെ ഒഴിവായി പോവുകയും ചെയ്ത് സമാധാനത്തോടെ ഉറങ്ങാൻ പറ്റിയതായും പറയുന്നു.
പുനർജന്മ വിശ്വാസം ബുദ്ധമതക്കാരും വച്ചു പുലർത്തുന്നു. ഒന്നിച്ചു ജീവിച്ചവരെല്ലാം വരും ജന്മങ്ങളിലും ഒരുമിച്ചു തന്നെയാകും ജീവിക്കുക. ഇപ്പോഴത്തെ ബന്ധുക്കൾ സുഹൃത്തുക്കളോ ഗുരുനാഥന്മാരോ ഒക്കെ ആയി മാറാം. സുഹൃത്തുക്കള്‍ രക്ഷിതാക്കളോ പങ്കാളിയോ ആയും മാറാം എന്നും വിശ്വസിക്കപ്പെടുന്നു.
ഈ ജന്മത്തോടെ കാര്യങ്ങൾ അവസാനിച്ചു എന്ന് കരുതി ജീവിക്കുന്നവർ ഇനി ഒരു ജന്മം കൂടി അല്ലെങ്കിൽ പല ജന്മങ്ങൾ മുന്നോട്ടുണ്ട് പണ്ട് ഉണ്ടായിരിന്നിട്ടുണ്ട് എന്ന് മനസ്സിലാക്കിയാൽ പല കാര്യങ്ങളിലും ചെറിയ മാറ്റം ഉണ്ടാകും. ഇന്ന് കാണുന്നവരെ ഒക്കെ ഇന്നലെയും കണ്ടിട്ടുണ്ടായിരുന്നു ഇനി നാളെയും കാണും എന്നു ചുരുക്കം.
ലേഖകൻ
Dr. P. B. Rajesh
Rama Nivas
Poovathum parambil,
Near ESI Dispensary Eloor East ,
Udyogamandal.P.O, Ernakulam 683501
email : rajeshastro1963@gmail.com
Phone : 9846033337, 0484 2546421
Read More on Malayalam Astrology News | Astrology Magazine | Malayalam Astrology Predictions