Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെരുംതൃക്കോവിലപ്പന് ശതകലശാഭിഷേകം നടത്തിയാൽ ഐശ്വര്യവും സമൃദ്ധിയും

pazhur-river ദിശ മാറി ഒഴുകുന്ന പാഴൂർപ്പുഴ. ചിത്രം: ശ്യാം ബാബു

ദിശതെറ്റി കിഴക്കോട്ടൊഴുകുന്ന മൂവാറ്റുപുഴയാറിന്റെ തീരത്താണ് പാഴൂർ പെരുംതൃക്കോവിൽ.ശതകലശ പ്രിയനാണ് ഇവിടുത്തെ പരമശിവൻ,മുവാറ്റുപുഴയാറിലെ നൂറ്റിയൊന്ന് കുടം വെള്ളത്തിൽ അഭിഷേകം നടത്തിയാൽ പ്രസാദിക്കുന്ന,ദേഹത്യാഗം ചെയ്ത സതീദേവിയുടെ വിയോഗത്തിൽ ധ്യാനനിരതനായിരിക്കുന്ന ശങ്കരൻ.വിശ്വസിച്ചു വരുന്നവനെ ഒരിക്കലും കൈവിടാത്തവൻ.ജ്യോതിഷത്താൽ കീർത്തികൊണ്ട പാഴൂർ പടിപ്പുരയുടെ ഇക്കരെയാണ് കിഴക്കോട്ടു ദര്ശനമരുളി പെരുംതൃക്കോവിലപ്പൻ നിലകൊള്ളുന്നത്.ഇവിടുത്തെ ചൈതന്യത്തെ മനസ്സിലാക്കിയെന്നവണ്ണം പടിഞ്ഞാറോട്ട് ഒഴുകി അറബിക്കടലിൽ പതിക്കേണ്ട മൂവാറ്റുപുഴയാറ് പെരുംതൃക്കോവിലപ്പനെ വണങ്ങാൻ കിഴക്കോട്ടൊഴുകി എത്തുന്നു.ഇതിൽ കൂടുതൽ എന്ത് വേണം ആ ദിവ്യത്വത്തെയറിയാൻ?

പരശുരാമൻ സ്ഥാപിച്ച 108 ശിവ ക്ഷേത്രങ്ങളിൽ ഒന്നാണിതെന്നു കരുതപ്പെടുന്നു.വൈക്കത്തപ്പന്റെ ക്ഷേത്ര മാതൃകയിൽ തന്നെയാണ് ഈ ക്ഷേത്രത്തിന്റെയും നിർമിതി.അതുകൊണ്ടാണ് പെരുംതൃക്കോവിലെന്നു ഈ രണ്ടു ക്ഷേത്രങ്ങളും അറിയപ്പെടുന്നത്.പാഴൂർ പടിപ്പുരയോളം പഴമ ഈ ക്ഷേത്രത്തിനില്ല.ആ പടിപ്പുരയുമായി ബന്ധപെട്ടു തന്നെയാണ് ഈ ക്ഷേത്രനിര്മിതിയെ കുറിച്ചുള്ള ഒരു ഐതിഹ്യം നിലനിൽക്കുന്നത്.മലബാറിൽ നിന്നുള്ള ഒരു നമ്പൂതിരി തന്റെ ജാതകപ്രകാരം തനിക്കു മുപ്പത്തിരണ്ട് വയസ്സുവരെയെ ആയുസ്സുള്ളൂ എന്ന് കണ്ടു വ്യാകുലചിത്തനായി പാഴൂർ പടിപ്പുരയിലെത്തുകയും,നമ്പൂതിരിയെ കണ്ട മാത്രയിൽ തന്നെ മരണം അയാൾക്കു അരികിലുണ്ടെന്നു മനസിലാക്കിയ ജ്യോത്സ്യർ വൈകിയ നേരത്തു ജാതകം നോക്കാൻ കഴിയുകയില്ലെന്നു പറഞ്ഞു നമ്പൂതിരിയെ തിരിച്ചു അയക്കുകയും ചെയ്തു.വിഷണ്ണനായ നമ്പൂതിരി,പുഴയിലിറങ്ങി കുളിച്ചു,പെരുംതൃക്കോവിലപ്പന്റെ നടയിൽ സന്ധ്യാവന്ദനം നടത്തി ആ രാത്രി അവിടെ കഴിഞ്ഞു കൂടാൻ തീരുമാനിച്ചു.അന്ന് രാത്രി പെയ്ത ശക്തമായ മഴയിൽ, ജീർണ്ണിച്ച ആ ക്ഷേത്രത്തിൽ നിന്ന് മഴ മുഴുവൻ നനയേണ്ടി വന്ന നമ്പൂതിരി തൊട്ടടുത്തുള്ള ഒരു ഇല്ലത്താണ് ആ രാത്രി കഴിച്ചു കൂട്ടിയത്.അത്താഴം കഴിച്ചു വിശ്രമിക്കുമ്പോൾ വലിയ ധനികനായ അയാൾ ആ ക്ഷേത്രത്തിന്റെ ജീര്ണാവസ്ഥയിൽ മനസ്താപപ്പെടുകയും ക്ഷേത്രം പുനരുദ്ധരിക്കണമെന്നു നിശ്ചയിക്കുകയും ചെയ്തു.നേരം വെളുത്തു ജ്യോത്സ്യരെ കാണാൻ ചെന്ന നമ്പൂതിരിയെ കണ്ടു ജ്യോത്സ്യർ അത്ഭുതപ്പെടുകയും,ആ രാത്രി അയാൾ അതിജീവിച്ചത് എന്ത് പുണ്യപ്രവർത്തികൊണ്ടാണെന്ന്ചോദിച്ചറിയുകയും ചെയ്തു.മരണത്തിൽ നിന്നും താൻ രക്ഷപ്പെട്ടത്  പെരുംതൃക്കോവിലപ്പന് ക്ഷേത്രം നിർമിക്കാമെന്നു തീരുമാനിച്ചതിനാലാണെന്നു മനസിലാക്കിയ അയാൾ ക്ഷേത്രം പുനരുദ്ധരിച്ചു എന്നൊരു കഥയുണ്ട്. 

പറഞ്ഞു കേൾക്കുന്ന മറ്റൊരു കഥയും ഏകദേശം ഇതുപോലെയൊക്കെ തന്നെയാണ്. പ്രശ്ന പരിഹാരത്തിനായി പാഴൂർ പടിപ്പുരയിലെ ജ്യോത്സ്യരെ കാണാൻ മലപ്പുറത്ത് നിന്നും ഒരു നമ്പൂതിരി എത്തി.നാലുമണിയോടടുത്ത നേരത്താണ് നമ്പൂതിരി പടിപ്പുരയിലെത്തിയത്.നമ്പൂതിരിയെ കണ്ടപ്പോൾ തന്നെ അദ്ദേഹത്തിന്റെ ആയുസ്സിന്റെ കാര്യത്തിൽ ശങ്ക തോന്നിയ ജ്യോത്സ്യർ ഇന്ന് പോയിട്ട് നാളെ വരാൻ പറഞ്ഞു,അദ്ദേഹത്തെ തിരികെ അയച്ചു.അങ്ങനെ പറഞ്ഞയച്ചെങ്കിലും നാളെ വരാൻ അദ്ദേഹത്തിന് കഴിയില്ലെന്ന് ജ്യോത്സ്യർക്ക് ഉറപ്പുണ്ടായിരുന്നു. നിരാശനായി മടങ്ങിയ നമ്പൂതിരി പുഴയിലിറങ്ങി കുളിച്ചു കൊണ്ട് നിൽക്കുമ്പോൾ ഒരു ശിവലിംഗം ശ്രദ്ധയിൽപെട്ടു.ആ ശിവലിംഗം ലഭിച്ച സ്ഥലത്തു ഒരു ക്ഷേത്രം പണിയണമെന്ന് ആഗ്രഹിച്ച നമ്പൂതിരി,ആ രാത്രി തന്നെ ഒരു ക്ഷേത്ര രൂപം വരച്ചുണ്ടാക്കി.പിറ്റേന്ന് പടിപ്പുരയിലെത്തിയ നമ്പൂതിരിയെ കണ്ടു ജ്യോൽസ്യർ അന്തംവിട്ടു.തന്റെ ശാസ്ത്രത്തിനു പിഴച്ചതെങ്ങനെയായിരിക്കുമെന്നറിയാനുള്ള ആഗ്രഹത്താൽ തലേന്നനുഷ്ഠിച്ച  കർമ്മങ്ങളെ കുറിച്ച് ജ്യോൽസ്യർ ചോദിക്കുകയും നമ്പൂതിരി നടന്ന കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തു.തനിക്കു തെറ്റ് സംഭവിച്ചത് നമ്പൂതിരിക്ക് ഭഗവാന്റെ അനുഗ്രഹമുണ്ടായതുകൊണ്ടാണെന്ന് മനസിലാക്കിയ ജ്യോത്സ്യർ ക്ഷേത്രം പണിയാനുള്ള സഹായങ്ങൾ വാഗ്ദ്ധാനം ചെയ്തു നമ്പൂതിരിയെ പറഞ്ഞയച്ചു.പോകുന്ന വഴിക്കു ഒരു താഴ്ന്ന കുലാജാതനായ ഒരു യുവാവിനെ രക്ഷിക്കാൻ നമ്പൂതിരിക്ക് സാധിച്ചു.ആ യുവാവ് മണ്ണുകിളച്ചപ്പോൾ ലഭിച്ച നിധികുംഭം തന്നെ രക്ഷിച്ച നമ്പൂതിരിക്ക് നൽകുകയും ആ നിധി കൊണ്ട് നമ്പൂതിരി ഈ ക്ഷേത്രം നിർമിച്ചു എന്നുമാണ് ഈ  ക്ഷേത്രവുമായി  ബന്ധപ്പെട്ട മറ്റൊരു ഐതീഹ്യം.

കേരളീയ തച്ചുശാസ്ത്ര പ്രകാരം പണിതിരിക്കുന്ന ഈ ക്ഷേത്രത്തിൻറെ നിർമാണത്തിൽ  പെരുന്തച്ചന്റെ കൈയും പതിഞ്ഞിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്.പെരുന്തച്ചന്റെ ഉളിയിൽ ചിറകു മുറിഞ്ഞു വീണ ഗരുഡനും അഷ്ടാവക്രമുനിയുമെല്ലാം ആ കൈകളിൽ അല്ലാതെ പിറവിയെടുക്കില്ലെന്നാണ് ചരിത്രം അടയാളപ്പെടുത്തുന്നത്. 

ക്ഷേത്രത്തിന്റെ പുറകുവശത്തായി നിൽക്കുന്ന പ്ലാവിനെ ചുറ്റിപ്പറ്റിയും ഒരു രസകരമായ കഥയുണ്ട്.പാതാള വരിക്ക,സ്വർണ വരിക്ക എന്നൊക്കെയാണ് ഈ പ്ലാവ് അറിയപ്പെടുന്നത്.ഒരിക്കൽ ക്ഷേത്രത്തിലെ തിരുമേനി പുഴയിൽ സ്വർണകുടം കഴുകികൊണ്ടിരുന്നപ്പോൾ കൈ വഴുതി കുടം പുഴയിലേക്ക് പതിച്ചു.കുടം എടുക്കാനായി പുഴയിലേക്ക് ചാടിയ അദ്ദേഹം ഒടുവിൽ എത്തിച്ചേർന്നത് പാതാളത്തിലായിരുന്നു.ആ സമയം പാതാളത്തിൽ എല്ലാവരും ചക്കപഴം കഴിച്ചു കൊണ്ടിരിക്കുവായിരുന്നു.അന്ന് തിരികെ ലഭിച്ച സ്വർണ കുടത്തിനൊപ്പം ഒരു ചക്കക്കുരുവും അദ്ദേഹം കൊണ്ടുവരികയും  ക്ഷേത്ര മുറ്റത്തു കുഴിച്ചിടുകയും ചെയ്തു എന്നാണ് കഥ.കഥ എന്ത് തന്നെയായാലും ആ വരിക്ക ചക്കയ്ക്ക് വേറെങ്ങുമില്ലാത്ത രുചിയും ഗുണവുമുണ്ടെന്നാണ് അനുഭവസാക്ഷ്യം.

ദിവസവും അഞ്ചു പൂജയും മൂന്നു ശീവേലിയും നടക്കുന്ന ക്ഷേത്രമാണിത്.ഉച്ചശീവേലിക്കു ഇവിടെ ഒരു പ്രദക്ഷിണം മാത്രമേയുള്ളു.ക്ഷേത്രത്തിലെ തച്ചനെ വാളിനിരയാക്കിയ രാജാവിനോടുള്ള അമർഷത്താൽ ശീവേലി പ്രദക്ഷിണ സമയത്തു ''എന്റെ തച്ചനെകൊന്നു,എന്നെ അകത്തേക്ക് കൊണ്ടുപോകുക''എന്ന് അശരീരി ഉണ്ടാകുകയും അന്നുതൊട്ടിന്നോളം ഉച്ചശീവലിയ്ക്ക് ഒരു പ്രദക്ഷിണത്തോടെ  നട അടക്കുകയുമാണ് പതിവ്.

കുംഭമാസത്തിലെ ശിവരാത്രി ഇവിടുത്തെ വിശേഷ ദിനങ്ങളിലൊന്നാണ്.ശിവരാത്രി നാളിൽ വ്രതമനുഷ്ഠിച്ചു പിതൃക്കൾക്ക് ബലിയിടാൻ അന്യദേശങ്ങളിൽ നിന്നുപോലും ഇവിടെ ആളുകൾ എത്താറുണ്ട്.ആലുവ ശിവരാത്രി പോലെത്തന്നെ പേരും പ്രശസ്തിയുമുണ്ട് പാഴൂർ ശിവരാത്രിക്കും. മൂവാറ്റുപുഴയാറാണ് ഇവിടെ ബലിതർപ്പണം സ്വീകരിക്കുന്നത്.

കുംഭമാസത്തിലെ തിരുവാതിരയാണ് ഇവിടുത്തെ ആറാട്ട്.തിരുവാതിര ദിനത്തിൽ ആറാട്ടു വരുന്ന രീതിയിൽ കണക്കുകൂട്ടിയാണ് കൊടിയേറ്റ് നടത്താറ്. എട്ടു ദിനങ്ങളിലായാണ് ഉത്സവം ആഘോഷിക്കുന്നത്.ഇത്തവണത്തെ ഉത്സവത്തിന് ഫെബ്രുവരി 18 നു കൊടിയേറി.പെരുംതൃക്കോവിലപ്പന്റെ ആറാട്ടുമഹോത്സവം ഫെബ്രുവരി 26 നാണ്.സ്വർണകുടത്തിൽ പന്ത്രണ്ടര നാഴി നെയ്യ് കൊണ്ടാണ് ഭഗവാന് ആറാട്ടു ദിനത്തിൽ അഭിഷേകം.ക്ഷേത്രത്തിലെ ഉപദേവന്മാരായി ഗണപതിയും അയ്യപ്പനും കൃഷ്ണനും നാഗങ്ങളുമുണ്ട്.ശിവപാർവതിമാർ പുള്ളുവനും പുള്ളുവത്തിയുമായി നടന്നിട്ടുണ്ടെന്ന പുരാണകഥയുടെ അടിസ്ഥാനത്തിൽ,ആ വിശ്വാസത്തിന്റെ പുറത്തു,ഭക്തരിവിടെ നാഗങ്ങൾക്കു മുമ്പിൽ പുള്ളുവരെ കൊണ്ട് പാടിച്ചു ദക്ഷിണ നൽകാറുണ്ട്.

ശതകലശാഭിഷേകമാണ് ഇവിടുത്തെ പ്രധാന വഴിപാട്. ഉദ്ധിഷ്ട കാര്യസിദ്ധിക്കായി നടത്തുന്ന വഴിപാടാണിത്. പാഴൂർ പുഴയിൽ നിന്ന് നൂറ്റിയൊന്ന് കുടം വെള്ളം കൊണ്ടു വന്നു ഭഗവാന്റെ വിഗ്രഹത്തിൽ അഭിഷേകം നടത്തുന്നു. ശതകലശാഭിഷേകം എന്നതുകൊണ്ട് അർത്ഥമാക്കുന്നതതാണ്. ഈ വഴിപാട് നടത്തിയാൽ ഐശ്വര്യവും സമൃദ്ധിയും കൈവരുമെന്നാണ് പറയപ്പെടുന്നത്.  

എറണാകുളം ജില്ലയിലെ പിറവത്തിനടുത്തു അമ്പലപ്പടി  എന്ന സ്ഥലത്താണ് ചൈതന്യം നിറഞ്ഞ  പാഴൂർ പെരുംതൃക്കോവിൽ സ്ഥിതി ചെയ്യുന്നത്.

Read More on Malayalam Astrology News | Astrology Magazine | Malayalam Astrology Predictions