പഠിക്കാനുള്ള കഴിവ് ഒാരോ കുട്ടിക്കും വ്യത്യസ്തമാണ്. തിരുവാതിര നക്ഷത്രത്തിന്റെ സ്വഭാവം മനസ്സിലാക്കി പഠനം ക്രമീകരിക്കാനും മെച്ചപ്പെടുത്താനും ജ്യോതിഷ വിദഗ്ദ്ധൻ ഹരി പത്തനാപുരം നൽകുന്ന നിർദേശങ്ങൾ
പഠനകാര്യത്തിൽ മറ്റുള്ളവർ നൽകുന്ന ചെറിയ നിർദേശങ്ങൾ പോലും തിരുവാതിക്കാരെ അസ്വസ്ഥരാക്കും
ഏറ്റെടുക്കുന്ന വിഷയങ്ങളിൽ പഠനം ഭംഗിയായി പൂർത്തിയാക്കാനുള്ള കഴിവ് തിരുവാതിര നക്ഷത്രക്കാര്‍ക്കുണ്ട്. മറ്റുള്ളവർ നിയന്ത്രിക്കാതെ സ്വന്തമായി പഠിക്കണം എന്ന ആഗ്രഹവും ഇക്കൂട്ടരില്‍ ഉണ്ടാകും. അതുകൊണ്ടു തന്നെ പഠനകാര്യത്തിൽ മറ്റുള്ളവർ നൽകുന്ന ചില നിർദേശങ്ങൾപോലും ഇവരെ അസ്വസ്ഥരാക്കാറുണ്ട്. ആ സ്വഭാവരീതി മാറ്റാൻ ശ്രമിക്കുക. കാര്യങ്ങൾ വേഗത്തിൽ ഗ്രഹിക്കുന്നതിനും ബുദ്ധിയിൽ നിലനിർത്തുന്നതിനും കഴിവ് നിങ്ങൾക്കുണ്ട്. അശ്രദ്ധ ഇല്ലാതെ മുന്നോട്ടു പോകാൻ ഈ അധ്യനവർഷം ശ്രമിക്കുക. ലക്ഷ്യങ്ങൾ പലപ്പോഴും മാറ്റുന്ന സ്വഭാവരീതി ഉണ്ടാകാം. ആ രീതി നിയന്ത്രിക്കാൻ ശ്രമിക്കേണ്ടത് ഈ വർഷം മുതൽ അത്യാവശ്യമാണ്. പഠിക്കേണ്ട കാര്യങ്ങൾ മറ്റൊരവസരത്തിലേക്കു മാറ്റിവയ്ക്കുന്ന സ്വഭാവരീതി അത്ര ആശ്വാസകരമല്ല. അന്നന്ന് ഉള്ള കാര്യങ്ങൾ അതേ ദിവസം ഹൃദിസ്ഥമാക്കാനും പഠനകാര്യത്തിൽ വ്യക്തമായ ഒരു ക്രമീകരണം ഉണ്ടാക്കാനും ഈ അധ്യയനവർഷം മുതൽ ശ്രമിക്കുക.
കറുക നട്ട് പരിപാലിക്കുന്നതു ഗുണകരമാണ്. കറുകയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും ശുഭകരമാണ്.