കന്നിമാസത്തിലെ ആയില്യം വെട്ടിക്കോട് ആയില്യം എന്നാണ് അറിയപ്പെടുന്നത് .കേരളത്തിലെ പുരാതന നാഗരാജ ക്ഷേത്രങ്ങളിലൊന്നാണ് ആദിമൂലം വെട്ടിക്കോട് ശ്രീനാഗരാജ സ്വാമി ക്ഷേത്രം. കായംകുളം-പുനലൂർ പാതയിൽ കറ്റാനത്തിനടുത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.ഇവിടെ നാഗരാജാവിനെ പ്രതിഷ്ഠിച്ചത് പരശുരാമൻ ആണെന്ന് വിശ്വസിക്കപ്പെടുന്നു. ഐതീഹ്യപ്രകാരം പരശുരാമന്‍ മഴു കൊണ്ട് മണ്ണ് വെട്ടിക്കൂട്ടി അതിനു മുകളില്‍ നാഗപ്രതിഷ്ഠ നടത്തിയതിനാലാണ് വെട്ടിക്കോട് എന്ന പേര് ലഭിച്ചതത്രേ.
വിഷ്ണുഭഗവാനൊപ്പമുള്ള സാക്ഷാല്‍ അനന്തനാണ് വെട്ടിക്കോട്ടെ പ്രധാന പ്രതിഷ്ഠ. കിഴക്കോട്ടാണ് ദർശനം. ബ്രഹ്മ വിഷ്ണു മഹേശ്വരന്മാരുടെ തേജസ്സുകളുടെ സമന്വയമാണ് ഈ നാഗരാജപ്രതിഷ്ഠ. കശ്യപപ്രജാപതിക്ക് കദ്രു എന്ന ഭാര്യയിൽ ജനിച്ച എട്ടു പുത്രന്മാരായ നാഗരാജാക്കന്മാരിൽ ജ്യേഷ്ഠനും സർവഗുണസമ്പന്നനുമാണ് അനന്തൻ. നാഗങ്ങളുടെ രാജാവാണ് അനന്തൻ. അനന്തനെ ആരാധിക്കുന്ന കേരളത്തിലെ പ്രധാന സർപ്പാരാധനാ കേന്ദ്രങ്ങളിലൊന്നാണ് വെട്ടിക്കോട് ശ്രീനാഗരാജ സ്വാമി ക്ഷേത്രം.
നാഗലിംഗ പൂക്കളാണ് പൂജയ്ക്ക് എടുക്കുന്നത്. മഞ്ഞളും ഉപ്പും പുറ്റും മുട്ടയും സമർപ്പിക്കുന്നത് പ്രധാന വഴിപാടാണ്.ഞായറാഴ്ച അതിവിശിഷ്ടമാണ് .ബാലഭദ്രജയന്തിക്കും ശിവരാത്രി ദിനത്തിലും ഇവിടെ പ്രത്യേകപൂജകൾ നടത്താറുണ്ട്. ഈ ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങൾ മറ്റുള്ള ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമാണ് .ഇടവമാസത്തിലെ ആയില്യം മുതല്‍ കന്നിമാസത്തിലെ ആയില്യംവരെ സര്‍പ്പങ്ങള്‍ക്ക് പുറ്റടവ് കാലമായതിനാല്‍ ഈ കാലയളവില്‍ സര്‍പ്പബലി നടത്താറില്ല. നൂറും പാലും ആയില്യദിവസങ്ങളില്‍ മാത്രമെയുള്ളൂ. നിത്യേന ദീപാരാധന, അത്താഴപ്പൂജ എന്നിവ നടത്താറില്ല.
ക്ഷേത്രത്തിലെ ഉത്സവം കന്നിമാസത്തിലെ ആയില്യം നാളിലാണ്. ആയില്യം മഹോത്സവത്തിന്റെ ഏറ്റവും പ്രധാനചടങ്ങാണ് ഭഗവാന്റെ എഴുന്നള്ളത്ത് . ഉച്ചയോടെ സര്‍വാഭരണ വിഭൂഷിതനായി നാഗരാജാവിനെ ഇല്ലത്തേക്ക് എഴുന്നള്ളിക്കുന്നത് ദർശിച്ചാൽ അടുത്ത ഒരു വര്‍ഷത്തേക്ക് സര്‍പ്പഭയം ഉണ്ടാകില്ലെന്നാണ് വിശ്വാസം.വെട്ടിക്കോട്ട് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നവരെല്ലാം ക്ഷേത്രത്തിനു പടിഞ്ഞാറുള്ള തേവാരപ്പുരയും നിലവറയും സന്ദര്‍ശിച്ചു മടങ്ങണമെന്നാണ് ആചാരം.ക്ഷേത്രത്തിന്റെ മൂലസ്ഥാനമാണിത് . ഐശ്വര്യത്തിനും സമ്പൽസമൃദ്ധിക്കും രോഗദുരിതശാന്തിക്കും ദോഷനിവാരണത്തിനും ഉത്തമമാർഗമാണ് വെട്ടിക്കോട് ശ്രീനാഗരാജ സ്വാമി ക്ഷേത്രത്തിലെ ആയില്യംതൊഴൽ .
വർഷത്തിൽ രണ്ടുതവണമാത്രം നടക്കുന്ന പൂയം തൊഴൽ അതിവിശിഷ്ടമാണ്.കന്നിമാസത്തിലെയും തുലാം മാസത്തിലെയും പൂയം നാളിലാണ് ഇത് നടത്തപ്പെടുന്നത്.അന്നേദിവസത്തെ ദീപാരാധന ദർശിച്ച് നാഗരാജാവിന്റെ പ്രാർഥിച്ചാൽ മോക്ഷം ലഭിക്കുമെന്നാണ് വിശ്വാസം.