ജാതകഫലം അനുകൂലമായിട്ടും ജീവിതത്തിൽ പ്രശ്നങ്ങൾ; കാരണവും പ്രതിവിധിയും

ജാതകപ്രകാരം ജീവിതത്തിൽ അനുകൂലസമയമാണെങ്കിലും ഗണേശപ്രീതിയില്ലെങ്കിൽ സത്ഗുണങ്ങളൊന്നും അനുഭവയോഗ്യമാവില്ല . ഉദാത്തമായ ഭക്തിയോടെ ആവണം ഗണേശനെ വണങ്ങുവാൻ. വിഘ്‌നഹരനായ ഗണപതിഭഗവാന്റെ പ്രീതി ഇല്ലാത്തതിന്റെ ലക്ഷണങ്ങൾ ഭവനത്തിലും ജീവിതത്തിലും പ്രകടമായി അറിയാൻ സാധിക്കും.

സൗഭാഗ്യങ്ങളെല്ലാം ഉണ്ടെങ്കിലും ഭവനത്തിൽ സ്വരചേർച്ചയില്ലായ്മ , സ്വസ്ഥതക്കുറവ് , കുടുംബങ്ങൾക്ക് മാനസികക്ലേശം എന്നിവ അനുഭവപ്പെടുക .

സാമ്പത്തികമായി നല്ലനിലയിലാണെങ്കിലും പെട്ടൊന്നൊരാവശ്യം വരുമ്പോൾ കൈയ്യിൽ പണമില്ലാത്ത അവസ്ഥ.

സാഹചര്യം അനുകൂലമായിരിന്നിട്ടും വ്യാപാരത്തിൽ ശോഭിക്കാനാവാതിരിക്കുക.

ഉദ്യോഗത്തിൽ പ്രതീക്ഷിച്ച സ്ഥാനക്കയറ്റം നിസ്സാരകാരണത്താൽ ലഭ്യമാവാതിരിക്കുക.

അനുകൂല സാഹചര്യമായിരുന്നിട്ടും വിവാഹം , സന്താനഭാഗ്യം , ഗൃഹനിർമ്മാണപൂർത്തീകരണം എന്നിവ സാധിക്കാതെ വരിക.

പരീക്ഷകളിലും ഇന്റർവ്യൂകളിലും പ്രതീക്ഷിച്ച വിജയം ലഭിക്കാതിരിക്കുക.

ജീവിതത്തിലെ പ്രധാനകാര്യങ്ങൾ 'കപ്പിനും ചുണ്ടിനു'മിടയ്ക്കു നഷ്ടമാവുക. 

പ്രതിവിധി

ഗണപതി വന്ദനത്തോടെ ഓരോ ദിവസവും ആരംഭിച്ചാൽ വിഘ്‌നങ്ങളെല്ലാം ഒഴിഞ്ഞുപോവുമെന്ന് പറയപ്പെടുന്നു. ഗണേശപ്രീതിയില്ലാതെ  ചെയ്യുന്ന കാര്യങ്ങൾ ഒന്നും തന്നെ ഫലം കാണില്ല എന്ന് വിശ്വസിക്കപ്പെടുന്നു. ബാലഗണപതി, വിദ്യാഗണപതി, സിദ്ധിഗണപതി, വിഘ്‌നരാജഗണപതി, ഋണമോചകഗണപതി,  മഹാഗണപതി എന്നിങ്ങനെ അമ്പത്തൊന്നു ഭാവങ്ങൾ ഗണപതിക്ക്‌ കല്പിക്കപ്പെട്ടിരിക്കുന്നു. ഓരോ ഭാവത്തിലും പൂജിച്ചാൽ ഓരോന്നാണ് ഫലം .കുടുംബൈശ്വര്യം, കീർത്തി ,സർവ്വതടസ്സനിവാരണം എന്നിവ ഗണപതി ഭഗവാന്റെ അനുഗ്രഹത്താലേ ലഭിക്കൂകയുള്ളൂ .

ഗണേശപ്രീതിക്കായി ഭഗവാന്റെ മൂലമന്ത്രം , ഗായത്രികൾ എന്നിവ നിത്യവും ജപിക്കുക .ചതുര്‍ത്ഥി ദിവസങ്ങളില്‍ ഭഗവാന് പ്രത്യേക പ്രാധാന്യം നൽകി പൂജിക്കുകയും കറുകമാല ,ഗണപതിഹോമം തുടങ്ങിയ വഴിപാടുകൾ സമർപ്പിക്കുകയും ചെയ്യുക .വർഷത്തിലൊരിക്കലെങ്കിലും പഴവങ്ങാടി,  കൊട്ടാരക്കര, മള്ളിയൂർ , ഇടപ്പള്ളി ഗണപതി തുടങ്ങി ഗണേശപ്രാമുഖ്യമുള്ള ഏതെങ്കിലും ക്ഷേത്രത്തില്‍ ദർശനം നടത്തുക. ഭവനത്തിന്റെ കന്നിമൂലയിൽ കറുക പടർത്തുക . കിഴക്കു ഭാഗത്ത് മുക്കുറ്റി നട്ടു പരിപാലിക്കുക. ഏതു  ശുഭകാര്യം ആരംഭിക്കുന്നതിനുമുന്നെ ഭഗവാന് നാളികേരമുടയ്ക്കുകയോ വഴിപാടു സമർപ്പിക്കുകയോ ചെയ്യുക.