നവഗ്രഹങ്ങളിൽ പ്രധാനിയാണ് ഗുരു എന്ന വ്യാഴം, സർവ്വൈശ്വര്യകാരകനും പ്രപഞ്ച ചൈതന്യത്തിന്റെ കേന്ദ്രവുമാണ്. എല്ലാ ഗ്രഹങ്ങളുടേയും പ്രവർത്തനത്തിൽ വ്യാഴത്തിന് ഒരു നിയന്ത്രണമുണ്ട് . അതിനാൽ 11–10–2018 , തുലാത്തിൽ നിന്ന് വൃശ്ചികത്തിലേക്കുള്ള വ്യാഴത്തിന്റെ രാശിമാറ്റം അതിപ്രധാനമാണ്. വ്യാഴത്തിന് ഒരു രാശി കടക്കാൻ ഒരു വർഷം വേണം . അങ്ങനെ 12 രാശിയും കടക്കാൻ 12 വർഷം. വ്യാഴം ഇങ്ങനെ ഒരുവട്ടം 12 രാശിയും പൂർത്തിയാക്കുന്നതിനെയാണ് ഒരു വ്യാഴവട്ടം എന്നു പറയുന്നത്. വർഷത്തിലൊരിക്കൽ വ്യാഴം രാശി മാറുമെന്ന് ചുരുക്കം
ജാതകപ്രകാരം വ്യാഴത്തിന്റെ സ്ഥിതിയും ബലവും മറ്റെന്തിനേക്കാളും പ്രധാനമാണ്, ധനധാന്യസൗഭാഗ്യങ്ങളുടെ കാരകനാണ് . മറ്റുഗ്രഹങ്ങൾ ദുർബലവും വിപരീതവുമായാലും വ്യാഴം അനുകൂലമെങ്കിൽ ജീവിതം ഐശ്വര്യകരമാകും. ബാക്കി ഗ്രഹങ്ങളെല്ലാം അനുകൂലവും വ്യാഴം പ്രതികൂലവുമായാൽ കഷ്ടപ്പാടും ദുരിതവുമായിരിക്കും ഫലം.
വ്യാഴമാറ്റം അനുകൂലമായാൽ പൂർണമായും നല്ല ഫലം വരുമെന്നും മോശമായാൽ സമ്പൂർണ ദോഷം വരുമെന്നും ധരിക്കരുത്. ഒരേ നക്ഷത്രത്തിൽ കോടിക്കണക്കിന് ജനങ്ങളുണ്ട്. എല്ലാവർക്കും ഒരു ഫലമല്ലല്ലോ. അതായത് നക്ഷത്രത്തിന്റെ ഫലത്തോടൊപ്പം ജനിച്ച സമയത്തെ ഗ്രഹങ്ങളുടെ നില, ജാതകത്തിലെ ദൈവാധീനത്തിന്റെയും ഭാഗ്യത്തിന്റെയും സ്ഥിതി, മറ്റു ഗ്രഹങ്ങളുടെ നില ഇതെല്ലാം ഫലം അനുകൂലവും പ്രതികൂലവും ആവുന്നതിൽ പങ്ക് വഹിക്കുന്നുണ്ട്.
വ്യാഴമാറ്റം, ഗുണഫലമുള്ള കൂറുകാർ
ഇടവക്കൂറ് (കാർത്തിക 3/4, രോഹിണി, മകയിരം 1/2)
കർക്കടകക്കൂറ് (പുണർതം 1/4, പൂയം, ആയില്യം)
തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4)
മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി)
വ്യാഴമാറ്റം, ദോഷഫലമുള്ള കൂറുകാർ
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)
വൃശ്ചികക്കൂറ് (വിശാഖം 3/4, അനിഴം, തൃക്കേട്ട)
കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)
വ്യാഴമാറ്റം, സമ്മിശ്രഫലമുള്ള കൂറുകാർ
മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 1/4)
മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)
വ്യാഴദോഷത്തിനുള്ള പരിഹാരങ്ങൾ
വ്യാഴപ്രീതി വരാൻ വിഷ്ണുപ്രീതി വരുത്തുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട പരിഹാരം. വിഷ്ണുസഹസ്രനാമ ജപം, ഭാഗ്യസൂക്ത ജപം, വിഷ്ണുവിന്റേയോ കൃഷ്ണന്റെയോ ക്ഷേത്രത്തിൽ ഭാഗ്യസൂക്ത അർച്ചന, നെയ്യ് സമർപ്പണം ,വ്യാഴാഴ്ച തോറും നെയ്‌വിളക്ക്, മഞ്ഞയോ മഞ്ഞ കലർന്ന വസ്ത്രങ്ങളോ ധരിക്കുക, വീടിനു ചുറ്റും മഞ്ഞ പുഷ്പങ്ങൾ ഉളള ചെടികൾ നട്ടു പരിപാലിക്കുക എന്നിവ പൊതുവായുള്ള ദോഷപരിഹാരമാണ്. കൂടാതെ ഗുരുവായൂർ ക്ഷേത്ര ദർശനവും സത്ഫലങ്ങൾ പ്രധാനം ചെയ്യും.
വിഷ്ണുപ്രീതിക്കായി നിത്യേന പ്രഭാതത്തിൽ പത്തുതവണ വിഷ്ണുഗായത്രി ജപിക്കാവുന്നതാണ്.
വിഷ്ണുഗായത്രി
"ഓം നാരായണായ വിദ്മഹേ
വാസുദേവായ ധീമഹി
തന്നോഃ വിഷ്ണു പ്രചോദയാത്"