അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

ജനിച്ച മാസത്തെ നക്ഷത്ര ദിനമാണ് പിറന്നാൾ. ഉദാഹരണമായി ചിങ്ങത്തിലെ തിരുവോണം നാളിൽ ജനിച്ച ആളുടെ പിറന്നാൾ എല്ലാ വർഷവും ചിങ്ങത്തിലെ തിരുവോണത്തിനായിരിക്കും. ഓരോ വർഷവും പിറന്നാൾ വരുന്ന ദിനം വ്യത്യസ്തമായിരിക്കും. തിങ്കൾ, ബുധൻ, വ്യാഴം, വെള്ളി എന്നീ ദിനങ്ങളിൽ പിറന്നാൾ വന്നാൽ ശുഭഫലവും മറ്റുള്ള ദിനങ്ങളിൽ വന്നാല്‍ ദോഷഫലവുമാണെന്ന് പറയപ്പെടുന്നു.  

ഓരോ ദിനത്തിലും പിറന്നാൾ വന്നാലുള്ള പൊതുഫലം

ഞായർ – ദൂരയാത്ര, അലച്ചിൽ

തിങ്കൾ – ധനധാന്യസമൃദ്ധി

ചൊവ്വ – രോഗദുരിതം

ബുധൻ – വിദ്യാവിജയം

വ്യാഴം – സമ്പൽസമൃദ്ധി

വെള്ളി – ഭാഗ്യലബ്ധി

ശനി – മാതാപിതാക്കൾക്ക് അരിഷ്ടത

അശുഭദിനത്തിൽ പിറന്നാൾ, ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

വിഘ്നനിവാരണനായ ഗണപതി ഭഗവാന് കറുകമാല, ഗണപതിഹോമം,  മഹാദേവന് ജലധാര, കൂവളമാല എന്നിവ സമർപ്പിക്കുക. മൃത്യുഞ്ജയ ഹോമമോ മൃത്യുഞ്ജയ പുഷ്പാഞ്ജലിയോ നടത്തുന്നതും ഉത്തമം. ഗായത്രി മന്ത്രം, നവഗ്രഹ സ്തോത്രം എന്നിവ ജപിക്കാവുന്നതാണ്. സാധിക്കുമെങ്കിൽ അന്നദാനം നടത്തുക. പിറന്നാൾ ദിനത്തിന്റെ അധിപന് പ്രീതികരമായവ അനുഷ്ഠിക്കുന്നതും ദോഷപരിഹാരമാണ്. ഞായറിന്റെ അധിപൻ സൂര്യനും തിങ്കളിന്റെ അധിപൻ ചന്ദ്രനും ചൊവ്വയുടെ അധിപൻ കുജനും ബുധന്റെ അധിപൻ ബുധനും വ്യാഴത്തിന്റെ അധിപൻ ഗുരുവും വെളളിയുടെ അധിപൻ ശുക്രനും ശനിയുടെ അധിപൻ ശനിയുമാണ്. 

ഗായത്രി മന്ത്രം

‘‘ഓം ഭൂർ ഭുവഃ സ്വഃ

തത് സവിതുർ വരേണ്യം

ഭർഗോ ദേവസ്യ ധീമഹി

ധിയോ യോ നഃ പ്രചോദയാത് ’’

സാരം : - ലോകം മുഴുവൻ പ്രകാശം പരത്തുന്ന സൂര്യഭഗവാൻ അതുപോലെ നമ്മുടെ ബുദ്ധിയെയും പ്രകാശിപ്പിക്കട്ടെ. 

നവഗ്രഹ സ്തോത്രം


സൂര്യന്‍
 

ജപാകുസുമസങ്കാശം കാശ്യപേയം മഹാദ്യുതിം

തമോരീം സര്‍വ്വപാപഘ്നം പ്രണതോസ്മി ദിവാകരം


ചന്ദ്രന്‍ 

ദധിശംഖതുഷാരാഭം ക്ഷീരോദാര്‍ണവ സംഭവം

നമാമി ശശിനം സോമം ശംഭോര്‍മ്മകുടഭൂഷണം


ചൊവ്വ ( കുജൻ ) 

ധരണീഗര്‍ഭസംഭൂതം വിദ്യുത് കാന്തിസമപ്രഭം

കുമാരം ശക്തിഹസ്തം തം മംഗളം പ്രണമാമ്യഹം


ബുധന്‍ 

പ്രിയംഗുകലികാശ്യാമം രൂപേണാപ്രതിമം ബുധം

സൗമ്യം സൗമ്യഗുണോപേതം തം ബുധം പ്രണമാമ്യഹം


വ്യാഴം ( ഗുരു ) 

ദേവാനാം ച ഋഷീണാം ച ഗുരും കാഞ്ചനസന്നിഭം

ബുദ്ധിഭൂതം ത്രിലോകേശം തം നമാമി ബൃഹസ്പതിം


ശുക്രന്‍
 

ഹിമകുന്ദമൃണാലാഭം ദൈത്യാനാം പരമം ഗുരും

സര്‍വ്വശാസ്ത്രപ്രവക്താരം ഭാര്‍ഗ്ഗവം പ്രണമാമ്യഹം


ശനി

നീലാഞ്ജനസമാഭാസം രവിപുത്രം യമാഗ്രജം

ഛായാമാര്‍ത്താണ്ഡസംഭൂതം തം നമാമി ശനൈശ്ചരം