ദീപങ്ങളുടെ ഉത്സവമായ ദീപാവലി ആഘോഷിക്കാൻ മാത്രമുള്ളതല്ല, വ്രതമനുഷ്ഠിക്കാവുന്ന ദിവസം കൂടിയാണ്. ദീപാവലി ദിവസം വ്രതമനുഷ്ഠിച്ചാൽ കുടുംബത്തിൽ ഐശ്വര്യം ഉണ്ടാകുമെന്നാണു വിശ്വാസം. ഇക്കൊല്ലത്തെ ദീപാവലി നവംബർ ആറിനു ചൊവ്വാഴ്ചയാണ്.ചാന്ദ്രരീതിയിലുള്ള ആശ്വിനമാസത്തിലെ കറുത്തപക്ഷ ചതുർദശി ദിവസമാണു കേരളത്തിൽ ദീപാവലിയായി ആഘോഷിക്കുന്നത്. എന്നാൽ ആശ്വിനമാസത്തിലെ കറുത്ത വാവു വരുന്ന ദിവസമാണ്
ഉത്തരേന്ത്യയിൽ ദീപാവലി ആഘോഷങ്ങളിൽ ഏറ്റവും പ്രധാനം. ദീപാവലിയെ സംബന്ധിച്ച് ഒട്ടേറെ ഐതിഹ്യങ്ങളുണ്ട്.
പാൽക്കടൽ കടഞ്ഞപ്പോൾ അതിൽനിന്നു മഹാലക്ഷ്മി ഉയർന്നു വന്ന ദിവസമാണു ദീപാവലി എന്നതാണ് അതിലൊന്ന്. അതുകൊണ്ട് ഈ ദിവസം ലക്ഷ്മീപൂജ പ്രധാനമാണ്.
14 വർഷത്തെ വനവാസത്തിനു ശേഷം ശ്രീരാമൻ അയോധ്യയിൽ തിരിച്ചെത്തിയ ദിവസമാണിതെന്നും ഐതിഹ്യമുണ്ട്. അതുകൊണ്ടു ശ്രീരാമക്ഷേത്രങ്ങളിലും ഈ ദിവസം പ്രധാനമാണ്. ശ്രീകൃഷ്ണൻ നരകാസുരനെ വധിച്ച് ആ അസുരന്റെ തടവിൽ കഴിഞ്ഞിരുന്ന 16,000 സ്‌ത്രീകളെയും മോചിപ്പിച്ചു സംരക്ഷണം ഉറപ്പുകൊടുത്ത ദിവസമായ നരകചതുർദശിയും ദീപാവലിയും കേരളത്തിൽ പലപ്പോഴും ഒരേ ദിവസം വരുന്നതിനാൽ ഈ ദിവസം ശ്രീകൃഷ്ണനെ ആരാധിക്കുന്നതും ഐശ്വര്യപ്രദമാണെന്നാണു വിശ്വാസം.