ദീപങ്ങളുടെ ഉത്സവമാണ് ദീപാവലി . ഈ വർഷം നവംബർ 06 ചൊവ്വാഴ്ചയാണ് ദീപാവലി വരുന്നത്. ദീപം എന്നാൽ വിളക്ക്, ആവലി എന്നാൽ നിര , ഈ രണ്ടു പദങ്ങൾ ചേർന്നാണ് ഈ ആഘോഷത്തിന് ദീപാവലി എന്ന പേര് വന്നത്. ദീപാവലിയുമായി ബന്ധപ്പെട്ടു പ്രധാനമായും രണ്ടു ഐതിഹ്യങ്ങളാണുള്ളത്.
ഒരു ഐതിഹ്യം ഇങ്ങനെ – പതിനാലു വർഷത്തെ വനവാസത്തിനു ശേഷം സീതാ ലക്ഷ്മണ സമേതനായി മടങ്ങിയെത്തിയ ശ്രീരാമചന്ദ്രനെ അയോധ്യാവാസികൾ ഭവനങ്ങളിലും വീഥികളിലും ദീപങ്ങൾ തെളിയിച്ചും പുതുവസ്ത്രങ്ങളും മധുര പലഹാരങ്ങളും വിതരണം ചെയ്തും വാദ്യാഘോഷങ്ങൾ മുഴക്കിയുമാണ് സ്വീകരിച്ചത്. ഈ ദിനത്തിന്റെ ഓർമയ്ക്കായാണ് ദീപാവലി ആഘോഷിക്കുന്നത്.
മറ്റൊരു ഐതിഹ്യമെന്തെന്നാൽ ഭഗവാൻ മഹാവിഷ്ണു ലക്ഷ്മീസമേതനായി ക്രൂരനായ നരകാസുരനെ നിഗ്രഹിച്ചു. ഇതിൽ സന്തോഷം പൂണ്ട ദേവന്മാര്‍ ദീപാലങ്കാരം നടത്തിയും മധുരം വിളമ്പിയും ആഘോഷിച്ചതിന്റെ ഓർമ്മയ്ക്കായാണ് ദീപാവലി ആഘോഷം.
ഉത്തരേന്ത്യയില്‍ ദീപാവലി ആഘോഷം അഞ്ച് നാളുകള്‍ നീളുന്നുവെങ്കില്‍ കേരളത്തിൽ പ്രധാനമായും ഒരു ദിവസം മാത്രമേയുള്ളൂ. തിന്മയ്ക്ക് മേൽ നന്മ വിജയിച്ച ദീപാവലി ദിനത്തിൽ ലക്ഷ്മീ ദേവിയെ പ്രാർഥിക്കുന്നത് ഉത്തമമാണ്. ലക്ഷ്മീ ദേവിയെ ഭവനത്തിലേക്ക് സ്വീകരിക്കുന്നതിനായാണ് സന്ധ്യയ്ക്കു ദീപങ്ങൾ കൊളുത്തുന്നത്.
ദീപാവലി ദിനത്തിൽ സൂര്യോദയത്തിനു മുന്നേ ശരീരമാസകലം എണ്ണതേച്ച് കുളിക്കുന്നത് സർവപാപങ്ങൾ നീങ്ങി അഭിവൃദ്ധിയുണ്ടാവാൻ ഉത്തമമാണ്. അന്നേദിവസം ജലാശയങ്ങളിൽ ഗംഗാദേവിയുടെയും എണ്ണയില്‍ ലക്ഷ്മീ ദേവിയുടെയും സാന്നിധ്യമുണ്ടാകുമെന്നാണ് വിശ്വാസം. ലക്ഷ്മീ പൂജയ്ക്കും ഉത്തമമായ ദിനമാണിത്.