ഇത്തവണ സ്കന്ദഷഷ്ഠി വ്രതം നോറ്റോളൂ, ഇരട്ടിഫലം

തുലാമാസത്തിലെ വെളുത്തപക്ഷ ഷഷ്ഠിയാണ് സ്കന്ദഷഷ്ഠി. സന്താനാഭിവൃദ്ധിക്കും രോഗശാന്തിക്കും ദുരിതനിവാരണത്തിനും ദാമ്പത്യഭദ്രതയ്ക്കും അത്യുത്തമമാണ് സ്കന്ദഷഷ്ഠിവ്രതം. ഈ വര്‍ഷം സ്കന്ദഷഷ്ഠി നവംബർ 13 ചൊവ്വാഴ്ചയാണ് വരുന്നത്. സുബ്രഹ്മണ്യപ്രീതിക്കായുള്ള സ്കന്ദഷഷ്ഠിവ്രതത്തിന്  ആറുദിവസത്തെ വ്രതാനുഷ്ഠാനമാണ് ഉത്തമം.ഇതനുസരിച്ചു തുലാമാസത്തിലെ കറുത്തവാവ് കഴിഞ്ഞു വരുന്ന ദിനം മുതൽ അതായത് നവംബർ 08 വ്യാഴാഴ്ച മുതൽ  വ്രതം ആരംഭിക്കണം. ഇത്തവണ സുബ്രഹ്മണ്യസ്വാമിക്ക് പ്രാധാന്യമുള്ള ചൊവ്വാഴ്ച ദിനത്തിലാണ് സ്കന്ദഷഷ്ഠി വരുന്നതെന്ന പ്രത്യേകതകൂടിയുണ്ട്.

സ്കന്ദഷഷ്ഠി വ്രതം അനുഷ്ഠിച്ചാൽ?

ആറ് ഷഷ്ടിവ്രതം അനുഷ്ഠിക്കുന്നതിനു തുല്യമാണ് ഒരു സ്കന്ദഷഷ്ഠി വ്രതം. കുടുംബസൗഖ്യത്തിനും ജീവിതസൗഭാഗ്യത്തിനും അത്യുത്തമമാണ് സ്കന്ദഷഷ്ഠി വ്രതം. സ്കന്ദഷഷ്ഠിവ്രതം ഭക്തിയോടെ അനുഷ്ഠിച്ചാൽ ഭര്‍തൃ–സന്താന ദുഖവും തീരാവ്യാധികളും ഉണ്ടാവുകയില്ല. ഉദ്ദിഷ്ഠകാര്യസിദ്ധിക്കായും ഷഷ്ഠിവ്രതം അനുഷ്ഠിക്കാവുന്നതാണ്. എല്ലാ മാസത്തിലെയും ഷഷ്‌ഠിനാളില്‍ വ്രതം അനുഷ്‌ഠിക്കുന്നത്‌ ഉത്തമം. തുലാമാസത്തിലെ സ്കന്ദഷഷ്ഠിയാണ് ഇതിൽ ഏറ്റവും പ്രധാനം. മാസംതോറുമുള്ള  ഷഷ്ഠി വ്രതാചരണം തുടങ്ങേണ്ടത് തുലാമാസത്തിലെ ഷഷ്ഠി മുതലാണെന്നു പറയപ്പെടുന്നു.

വ്രതാനുഷ്ഠാനം എങ്ങനെ?

ഷഷ്ഠിദിനത്തിനു 5 ദിവസം മുൻപേ വ്രതം ആരംഭിക്കുക. തലേന്ന് ഒരിക്കലോടെ ഷഷ്ഠിദിനത്തിൽ മാത്രം വ്രതം അനുഷ്ഠിക്കുന്നവരുമുണ്ട്. വ്രതദിനത്തിലെല്ലാം കുളികഴിഞ്ഞതിനു ശേഷം മാത്രം ഭക്ഷണം കഴിക്കുക. രാവിലെയും വൈകിട്ടും സുബ്രമണ്യനാമ ഭജനം,  ഒരിക്കലൂണ് എന്നിവ  അഭികാമ്യം. ഷഷ്ഠി ദിവസം ഉപവാസത്തോടെ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ദർശനവും വഴിപാടുകളും മറ്റും നടത്തി ഉച്ചസമയത്തെ ഷഷ്ഠി പൂജയും തൊഴുത് ക്ഷേത്രത്തിൽ നിന്നു ലഭിക്കുന്ന നേദിച്ച പടച്ചോറും കഴിച്ചു വേണം വ്രതം പൂർത്തിയാക്കാൻ. ഷഷ്ഠിദിനത്തിൽ സന്ധ്യയ്ക്ക് സുബ്രഹ്മണ്യഭജനവും ഷഷ്‌ഠിസ്‌തുതി ചൊല്ലുന്നതും ഉത്തമമാണ്. പിറ്റേന്നു തുളസീതീർത്ഥം സേവിച്ച് പാരണവിടുന്നു. 

സ്കന്ദഷഷ്ഠിയും ഐതിഹ്യവും

ഉമാമഹേശ്വരന്റെ പുത്രനായ  സുബ്രഹ്മണ്യൻ താരകാസുര നിഗ്രഹത്തിനു ശേഷം ശൂരപദ്മാസുരനുമായി യുദ്ധം ചെയ്തു . മായാവിയായ അസുരൻ സുബ്രഹ്മണ്യനെ മറ്റുള്ളവരുടെ മുന്നിൽ അദൃശ്യനാക്കി .സ്കന്ദനെ കാണാതെ ദു:ഖിതരായ ദേവന്മാരും മാതാവായ പാർവതിദേവിയും തുടർച്ചയായി  ആറു ദിവസം  വ്രതമനുഷ്ഠിക്കുകയും തന്മൂലം  ശൂരപദ്മാസുരന്‍റെ മായയെ അതിജീവിച്ച സുബ്രഹ്മണ്യൻ തുലാമാസത്തിലെ ഷഷ്ഠിദിനത്തിൽ അസുരനെ വധിക്കുകയും ചെയ്തു. അതിനാൽ തുലാമാസത്തിലെ ഷഷ്ഠി സ്കന്ദഷഷ്ഠി എന്നറിയപ്പെടുന്നു 

സുബ്രഹ്മണ്യ മന്ത്രം

ഷഷ്ഠി ദിനത്തിൽ ഭഗവാന്റെ മൂലമന്ത്രമായ ഓം വചത്ഭുവേ നമഃ 108 തവണ ജപിക്കണം. മുരുകനെ പ്രാര്‍ത്ഥിക്കുമ്പോള്‍ ' ഓം ശരവണ ഭവ: ' എന്ന മന്ത്രം 21 തവണ ജപിക്കുന്നതും ഉത്തമമാണ്. 

സുബ്രമണ്യസ്തുതി 

ഷഡാനനം ചന്ദന ലേപിതാംഗം 

മഹാത്ഭുതം ദിവ്യ മയൂര വാഹനം

രുദ്രസ്യ സൂനും സുരലോക നാഥം 

ബ്രമണ്യ ദേവം ശരണം പ്രബദ്യേ

ആശ്ചര്യവീരം സുകുമാരരൂപം  

തേജസ്വിനം ദേവഗണാഭിവന്ദ്യം

ഏണാങ്കഗൗരീ തനയം കുമാരം

സ്കന്ദം വിശാഖം സതതം നമാമി 

സ്കന്ദായ  കാർത്തികേയായ 

പാർവതി നന്ദനായ ച 

മഹാദേവ കുമാരായ

സുബ്രമണ്യയായ തേ നമ