മരണത്തിന്റെ താക്കോൽ ആ അദൃശ്യശക്തിയുടെ കരങ്ങളിൽ

ജ്യോതിഷത്തില്‍ ആയുസ്സിനെക്കുറിച്ച് ഒരു കഥ വ്യക്തമാക്കിയിട്ടുണ്ട്. ഓരോരുത്തരുടേയും ആയുസ്സ് അവർ കടന്നുപോന്ന കർമ്മത്തിന്റെ അടിസ്ഥാനത്തിലാണ് നിർണ്ണയിക്കപ്പെട്ടിരിക്കുന്നത്. ഈ തത്വം സ്ഥാപിക്കാനാണ് താഴെപ്പറയുന്ന കഥ ആയുഷ്കാണ്ഡത്തിൽ ജ്യോതിഷം ഉൾപ്പെടുത്തിയിരിക്കുന്നത്.

ഹൃദയാർപ്പണത്തോടെ ഈശ്വരനെ ഭജിച്ചുപോന്ന ഒരു സൽകുടുംബത്തിൽ അവിടുത്തെ ഒരു സ്ത്രീ ഇരട്ടകുഞ്ഞുങ്ങളെ പ്രസവിച്ചു. ഈ ഭക്തകുടുംബവുമായി മാനസികമായി അടുപ്പമുണ്ടായിരുന്ന ഒരു സന്യാസിവര്യൻ കുഞ്ഞുങ്ങളെ കാണാന്‍ ആ വീട്ടിലെത്തി. ഇദ്ദേഹം വേളിമലയുടെ ഉൾഭാഗത്ത് ഒരു ഗുഹയിൽ ഏറെക്കാലമായി ഏകാന്തവാസം നയിച്ചിരുന്ന സന്യാസിയാണ്. ഗുരുകൃപ കൊണ്ട് അദ്ദേഹത്തിന് ജീവജാലങ്ങളും മരങ്ങളും കുഞ്ഞുങ്ങളും മറ്റും അവരുടെ ശബ്ദത്തിലൂടെ നടത്തുന്ന ആശയവിനിമയം മനസ്സിലാക്കാന്‍ സാധിച്ചിരുന്നു.

സന്യാസി വന്നപ്പോൾ വീട്ടുകാർ ഭയഭക്തിയോടെ കുഞ്ഞുങ്ങളെ അദ്ദേഹത്തെ കാണിച്ചശേഷം ഒരു പായിൽ തുണി വിരിച്ച് കിടത്തി. ഉടൻ ഈ കുഞ്ഞുങ്ങൾ കരയാന്‍ ആരംഭിച്ചു. ഈ കരച്ചിലിലൂടെ ഒരു കുഞ്ഞ് മറ്റേ കുഞ്ഞിനോടു ചോദിച്ചു, നീ എങ്ങനെ ഇവിടെ വന്നുപെട്ടു? അപ്പോൾ മറ്റേ കുഞ്ഞു പറഞ്ഞു എനിക്ക് ഏഴരപ്പണത്തിന്റെ കടം മിച്ചമുണ്ട്. അതു തീരുമ്പോൾ ഞാൻ തിരിച്ചു പോകും. ഈ കടം ആർക്കാണ്. അത് എന്നെ ഇപ്പോൾ പ്രസവിച്ച അമ്മയ്ക്കാണ്. ഈ കുഞ്ഞ് മറ്റേ കുഞ്ഞിനോട് ചോദിച്ചു, നീ എങ്ങനെ ഇവിടെ വന്നുപെട്ടു. അപ്പോള്‍ ആ കുഞ്ഞു പറഞ്ഞു ഈ അമ്മ എനിക്ക് നാഴിയെണ്ണ തരാനുണ്ട്. അതു കിട്ടിയാൽ ഞാൻ മടങ്ങും.

കുഞ്ഞുങ്ങളുടെ കരച്ചിൽ ഭാഷയിലൂടെ സന്യാസി ഇവരുടെ ജനന ഹേതു മനസ്സിലാക്കി. അദ്ദേഹം അച്ഛനമ്മമാരോടു പറഞ്ഞു ഞാന്‍ തൊടുന്ന ഈ കുഞ്ഞിനു വേണ്ടി തലയിൽ തേക്കാൻ നാഴിയെണ്ണ ഒരുമിച്ചു കാച്ചി ദിവസവും അതിന്റെ ഒരു ഭാഗം ഈ കു‍ഞ്ഞിനുവേണ്ടി മാത്രം തേയ്ക്കുക. അങ്ങനെ ഈ എണ്ണ മുഴുവനും ഈ കു‍ഞ്ഞിനുമാത്രം തേച്ചു തീർക്കുക.

അമ്മ ആ നാഴി എണ്ണയുടെ അവസാനത്തെ തുള്ളി ആ കൊച്ചുകുഞ്ഞിന്റെ ഉച്ചിയിൽ പുരട്ടി കുളിപ്പിക്കാൻ ആരംഭിച്ചപ്പോഴേക്കും എങ്ങനെയോ മൂക്കിൽ കയറിയ വെള്ളം ശ്വാസതടസ്സമുണ്ടാക്കി കുഞ്ഞു തൽക്ഷണം മരിച്ചു. മാതാപിതാക്കൾ ഉടൻ തന്നെ ആളയച്ച് സ്വാമിയെ വരുത്തി കാര്യമറിയിച്ചു. അപ്പോൾ സ്വാമി പറഞ്ഞു ഞാൻ കുഞ്ഞുങ്ങളെ കാണാന്‍ വന്നപ്പോൾ അവരുടെ കരച്ചിലിലൂടെ കിട്ടിയ ജീവിതലക്ഷ്യം മനസ്സിലാക്കിയിട്ടാണ് അങ്ങനെ പറഞ്ഞത്. അപ്പോൾ ആ മാതാപിതാക്കൾ ചോദിച്ചു അങ്ങനെയാണെങ്കിൽ കുഞ്ഞിനെ എണ്ണ തേക്കാതെ വളർത്താൻ സ്വാമി പറയാത്തതെന്ത്. അപ്പോൾ സ്വാമി പറഞ്ഞു മരിച്ച കുഞ്ഞു തന്നെ പറഞ്ഞു ഈ അമ്മ എന്നെ എണ്ണ തൊടുവിക്കാതിരിക്കുകയാണെങ്കിൽ എന്റെ 22–ാം വയസ്സിൽ ഞാൻ ഈ അമ്മയെ കൊന്നശേഷം മറ്റൊരു ജന്മമെടുക്കേണ്ടി വരും. ഇതിൽ താരതമ്യേന ദോഷം കുറഞ്ഞ ഒന്നാണ് ഞാൻ നിങ്ങളോട് നിർദ്ദേശിച്ചത്.

അപ്പോൾ രക്ഷകർത്താക്കൾ സ്വാമിയോട് ചോദിച്ചു. മറ്റേ കുഞ്ഞിന്റെ കാര്യമോ. അപ്പോൾ സ്വാമി പറഞ്ഞു മറ്റേ കുഞ്ഞിനും ഒരു ഏഴരപ്പണത്തിന്റെ കടം അമ്മയോടുണ്ട്. അത് ആ കുഞ്ഞിൽ നിന്നും നിങ്ങൾ അവന്റേതായ സ്വന്തം പണം കൈപ്പറ്റാതിരിക്കുക. അപ്പോൾ അവനു നിങ്ങളുടെ കടം വീട്ടാൻ അവസരം വരാതിരിക്കും. അത്രയും കാലം അവൻ ജീവിച്ചിരിക്കും. ഇതു ശ്രദ്ധയിൽ വച്ച രക്ഷകർത്താക്കൾ കുഞ്ഞിൽ നിന്നും ചില്ലിക്കാശു വാങ്ങാതെ ശ്രദ്ധിച്ചു പോന്നു. അവന്റെ വിദ്യാഭ്യാസം പൂർത്തിയായി അവനു രാജകൊട്ടാരത്തിൽ നിന്നു പാർവ്വത്യാർ (ഇന്നത്തെ വില്ലേജ് ഓഫീസർ) ഉദ്യോഗം ലഭിച്ചു. ആദ്യത്തെ ശമ്പളം വാങ്ങി സന്തോഷത്തോടെ അയാൾ വീട്ടിൽ വന്നെത്തിയപ്പോൾ വീട്ടിലെ വളർത്തു പശു കയറുപൊട്ടിച്ച് അക്രമകാരിയായി നിൽക്കുകയാണ്. വീട്ടില്‍ സ്ത്രീകൾ മാത്രമേ ഉണ്ടായിരുന്നുള്ളു. അവർ ഭയം മൂലം അടുത്തില്ല. ഇതുകണ്ട മകൻ തന്റെ കൈയ്യിലിരുന്ന ആദ്യശമ്പളം കാലൻ കുടയ്ക്കകത്തിട്ട് ഷർട്ടൂരി മുണ്ട് മുറുക്കി ഉടുത്ത് പശുവിനെ പിടിച്ചു കെട്ടാൻ തയ്യാറായി. കൈയ്യിലിരുന്ന കാലൻകുട പെട്ടെന്ന് അമ്മയെ ഏൽപിച്ച് അയാൾ പശുവിന്റെ അടുത്തേക്ക് ചെന്നു. ഒറ്റ കുത്തിന് പശു അയാളെ കൊമ്പിൽ കോരിയെടുത്തു. തൽക്ഷണം അയാൾ മരിച്ചു. ആകെ തകർന്ന ആ കുടുംബത്തിലേക്ക് പഴയ സ്വാമി വന്നെത്തി. ‘സ്വാമീ ഞങ്ങൾ അവന്റെ കൈയ്യിൽ നിന്നും ഇതുവരെ ഒരു പണവും വാങ്ങിയില്ല. പിന്നെയെങ്ങനെ ഇതു സംഭവിച്ചു?’ അപ്പോൾ സ്വാമി അങ്ങോട്ടു ചോദിച്ചു ‘അവൻ ഇതിനുമുമ്പ് നിങ്ങളെ എന്തെങ്കിലും ഏൽപിച്ചോ.’

അപ്പോൾ അമ്മ പറഞ്ഞു. പശുവിനെ പിടിക്കാൻ പോകുന്നതിനു മുമ്പ് അവൻ എന്നെ കുട ഏൽപിച്ചു. ആ കുട എവിടെ എന്നു സ്വാമി. കുടയെടുത്തു സ്വാമിയുടെ കൈയ്യിൽ കൊടുത്തു. സ്വാമി കുടയ്ക്കകത്തു നോക്കി. അതിൽ പണം കിടക്കുന്നു. ഏഴരപ്പണം. ഈ പണം എവിടുന്ന് സ്വാമി ചോദിച്ചു. ഇന്ന് ആദ്യത്തെ ശമ്പളം കിട്ടുമെന്ന് അവന്‍ പറ‍ഞ്ഞു, അതായിരിക്കാം എന്നമ്മ. ഈ കഥ വ്യക്തമാക്കുന്നത് ഓരോ മനുഷ്യനും അവന്റെ മോഹത്തിനും സങ്കൽപത്തിനും അപ്പുറത്തോ ഇപ്പുറത്തോ വച്ച് പ്രാണൻ നഷ്ടപ്പെടാം. ഒരു ജ്യോതിഷിക്കും ഒരു ജാതകത്തിനും ഈ പ്രാണൻ പോകുന്ന സമയം കിറുകൃത്യമായി സൂചിപ്പിക്കാൻ സാധ്യമല്ല. പ്രാണന്റെ സഞ്ചാരം ചിന്താതീതമായ ഈശ്വരീയ നിയോഗത്തിന്റെ അടിസ്ഥാനത്തിലാണ്. 

സന്താനദുഃഖം, മാതൃദുഃഖം, പിതൃദുഃഖം, ഭാര്യാഭർതൃദുഃഖം, ബന്ധുദുഃഖം ജീവിതത്തിൽ യാഥാർത്ഥ്യമാണ്. ഈ മരണദുഃഖം താങ്ങാവുന്നതുമല്ല. പക്ഷേ മരണത്തിന്റെ താക്കോൽ ഇപ്പോഴും അദൃശ്യശക്തിയുടെ കരത്തിലാണ് എന്നതാണ് സത്യം.

ലേഖകൻ 

പ്രൊഫ. ദേശികം രഘുനാഥൻ

ദേശികം ,ശാസ്താക്ഷേത്ര സമീപം,

പത്താംകല്ല് ,നെടുമങ്ങാട് പി.ഒ.

തിരുവനന്തപുരം

Pin - 695541

Ph - 04722813401