ചക്കുളത്തുകാവ് പൊങ്കാല; വ്രതാനുഷ്ഠാനങ്ങൾ എങ്ങനെ?

ചക്കുളത്തമ്മ

 "സ്ത്രീകളുടെ ശബരിമല" എന്നറിയപ്പെടുന്ന ക്ഷേത്രമാണ് ചക്കുളത്തുകാവ് . വനദുർഗ്ഗാസങ്കൽപ്പത്തിൽ  എട്ടുകരങ്ങളോടുകൂടിയ  ഭഗവതി "ചക്കുളത്തമ്മ" എന്നാണ് അറിയപ്പെടുന്നത്. അമ്മ്ക്കു ഭക്തർ സർവസ്വവും അർപ്പിക്കുന്ന പുണ്യദിനമാണു വൃശ്ചിക മാസത്തിലെ തൃക്കാർത്തിക. അന്നേദിവസം ഭക്തർ ദേവിക്ക് നേരിട്ട് നിവേദ്യം സമർപ്പിക്കുന്ന ചടങ്ങാണ്  കാർത്തിക പൊങ്കാല എന്നറിയപ്പെടുന്ന പ്രസിദ്ധമായ ചക്കുളത്തു പൊങ്കാല.  അന്നപൂർണേശ്വരിയായ ഭഗവതിക്ക് മുന്നിൽ  ഇഷ്ടകാര്യസിദ്ധിക്കായി സ്ത്രീകൾ മാത്രം സമർപ്പിക്കുന്ന ചടങ്ങ് എന്ന പ്രത്യേകതകൂടിയുണ്ടിതിന്. 

പൊങ്കാല വ്രതം

ഏഴോ ഒൻപതോ ദിവസം വ്രതമെടുത്തോ തലേന്ന് ഒരിക്കലോടെയോ പൊങ്കാല അർപ്പിക്കാം . ഇത്ര ദിവസത്തെ വ്രതം എന്ന നിഷ്ഠയില്ല. പകലുറക്കം ഒഴിവാക്കുക . പരദൂഷണം കലഹം ഇവയൊന്നും പാടില്ല . പൊങ്കാല ദിനം ദേവിയെ കണ്ടു വണങ്ങിയതിനു ശേഷം പൊങ്കാല ഇടണമെന്ന് പറയപ്പെടുന്നു. അമ്മയോട് അനുവാദം ചോദിക്കലാണ്. അതിന് കഴിയാത്തവർ മനസ്സിൽ ദേവിയെ സ്മരിച്ച് അനുവാദം വാങ്ങുക. പൊങ്കാലയടുപ്പിന് തീ തെളിച്ച ശേഷം മാത്രമേ ജലപാനം പാടുള്ളൂ. നിവേദ്യം തയാറാക്കിയ ശേഷമേ ഭക്ഷണം കഴിക്കാൻ പാടുള്ളൂ. തെളിഞ്ഞ മനസ്സോടെയും ശാരീരിക ശുദ്ധിയോടെയും വേണം പൊങ്കാല അർപ്പിക്കാൻ. പുല–വാലായ്മയുള്ളവർ പൊങ്കാലയിൽ പങ്കുകൊള്ളരുത് .തിരുമേനി വന്നു തീർഥം തളിച്ചാലെ സമർപ്പണം പൂർണ്ണമാവുകയുള്ളൂ. അഭീഷ്ടസിദ്ധിക്കും മംഗല്യഭാഗ്യത്തിനും ഐശ്വര്യത്തിനുമായാണ് പൊങ്കാല സമർപ്പണം.

ചക്കുളത്തുപൊങ്കാലയും ഐതിഹ്യവും

ചക്കുളത്തുകാവിലെ പൊങ്കാല ചടങ്ങിനു പിറകിലും ഒരു ഐതിഹ്യമുണ്ട്. ക്ഷേത്രത്തിന്റെ ഉദ്‌ഭവത്തിനു കാരണക്കാരായ വേടനും കുടുംബവും ഈ വനത്തിൽ താമസിച്ചിരുന്നു. മൺകലങ്ങളിൽ ആഹാരം പാകം ചെയ്‌തു ഭക്ഷിച്ചിരുന്ന അവർ ആദ്യം ദേവിക്കു നൽകിയ ശേഷമാണു ആഹാരം ഭക്ഷിച്ചിരുന്നത്. ഒരു ദിവസം വിറകുശേഖരിക്കുവാൻ പോയ അവർക്കു സമയത്തു തിരിച്ചെത്താൻ കഴിഞ്ഞില്ല. ഇതുമൂലം ദേവിക്കു ഭക്ഷണം നൽകുവാനും സാധിച്ചില്ല. പശ്‌ചാത്താപവിവശരായ അവർ ദേവീപാദത്തിൽ സാഷ്‌ടാംഗം വീണു മാപ്പപേക്ഷിച്ചു. പിന്നീട് അമ്മയ്‌ക്ക് ആഹാരം പാകംചെയ്യാൻ അടുപ്പിനടുത്തെത്തിയപ്പോൾ നിറയെ ചോറും കറികളും കായ്‌കനികളും കണ്ടു. ഇതു ദേവിതന്നെ പാകം ചെയ്‌തതെന്ന വിശ്വാസമുണ്ടായ വേടനും വേടത്തിയും ഉറക്കെ അമ്മയെ വിളിച്ചു പ്രാർഥിച്ചു. നിങ്ങളുടെ നിഷ്‌കളങ്കമായ ഭക്‌തിയിൽ തൃപ്‌തയായ ഞാൻ നിങ്ങൾക്കുവേണ്ടി ആഹാരം പാകം ചെയ്‌തതാണിതെന്നും നമുക്ക് ഒന്നിച്ചുകഴിക്കാമെന്നും ദേവി പറഞ്ഞുവെന്നാണ് ഐതിഹ്യം. ഈ കഥയാണ് ചക്കുളത്തുകാവിലെ പൊങ്കാലയ്‌ക്കു പിന്നിൽ. പൊങ്കാലയിടുമ്പോൾ ഭക്‌തജനങ്ങളിൽ ഒരാളായി ചക്കുളത്തമ്മയും ഉണ്ടെന്നു വിശ്വസിക്കപ്പെടുന്നു.

ഗണപതി, ശിവന്‍, സുബ്രഹ്മണ്യന്‍, വിഷ്ണു, ശാസ്താവ്, നവഗ്രഹങ്ങള്‍, യക്ഷിയമ്മ എന്നീ ഉപദേവതകളുടെ പ്രതിഷ്ഠ ചക്കുളത്തു കാവിലുണ്ട്. മാസത്തിലെ ആദ്യ വെള്ളിയാഴ്ചകളില്‍ ദേവിക്ക് നേദിച്ച  ഔഷധജലം സകലരോഗങ്ങള്‍ക്കും ഒറ്റമൂലിയാണെന്നാണ് വിശ്വാസം. ധനു ഒന്നിന് തുടങ്ങി പന്ത്രണ്ടിനു തീരുന്ന പന്ത്രണ്ട് നോയമ്പ് ദേവീ പ്രീതിക്കുള്ള ഒരു പ്രധാന വ്രതാനുഷ്ടാനമാണ്.