ജ്യോതിഷം അറിഞ്ഞു കൂടാത്തവർക്കും തനിക്ക് ഇപ്പോൾ ഏത് ദശയായിരിക്കും എന്ന് സ്വയം മനസ്സിലാക്കാം. ജ്യോതിഷത്തിൽ 27 നക്ഷത്രങ്ങളാണ് ജന്മനക്ഷത്രമായി കണക്കാക്കുന്നത്. അശ്വതി, ഭരണി, കാർത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണർതം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരുരുട്ടാതി, ഉതൃട്ടാതി, രേവതി.
ഇതിൽ മൂന്ന് നക്ഷത്രക്കാരിൽ ജനിക്കുന്നവർ എന്ന് എവിടെ ജനിച്ചാലും അവരുടെ ആദ്യത്തെ ദശ ഒരേ ദശയായിരിക്കും. 27നെ മൂന്ന് കൊണ്ട് ഭാഗിച്ചാൽ 9. 27 നക്ഷത്രക്കാരും ഈ ഒൻപത് ദശയിൽ ഏതെങ്കിലും ഒന്നിലായിരിക്കും ജനിക്കുന്നത്. ജാതകത്തിൽ ഗ്രഹനിലയിൽ ഈ ആദ്യദശയെ ജനനശിഷ്ടം എന്ന് പറഞ്ഞു കൊടുത്തിരിക്കും. ഇതിന്റെ കൂടെ തുടർന്നു വരുന്ന ദശകളുടെ പൂർണവർഷവും കൂടി ചേര്‍ത്തു, കൂട്ടുമ്പോൾ ഇത്ര വയസ്സുവരെ ഇന്ന ദശയായിരിക്കും എന്ന് മനസ്സിലാക്കാം.
ഉദാഹരണത്തിന് ആദ്യത്തെ നക്ഷത്രമായ അശ്വതി നക്ഷത്രക്കാർ ജനിക്കുന്നത് കേതു ദശയിലാണ്. കേതു ദശ ആകെ ഏഴുവർഷം. ഈ 7 വർഷത്തിൽ 7 ദിവസം മുതൽ 7 വർഷം വരെ ആദ്യ ദശ. ജനന സമയത്തിന്റെ നക്ഷത്രം സഞ്ചരിച്ച അകലം അനുസരിച്ചും കിട്ടും. ഇതിന്റെ പുറത്താണ് മറ്റ് ദശകൾ കണക്കാക്കേണ്ടത്. 55 വയസ്സുള്ള ഒരു അശ്വതി നക്ഷത്രക്കാരന് തന്റെ ദശ അറിയണം എന്നിരിക്കട്ടെ. ആദ്യത്തെ ദശയായ കേതു 4 വയസ്സ് വരെ ഉണ്ടെന്നിരിക്കട്ടെ. ഈ നാല് വയസ്സാണ് അശ്വതിക്കാരന്റെ ജന്മശിഷ്ടം. ഈ നാലിന്റെ കൂടെ തുടർ ദശകളായ ശുക്രൻ, ആദിത്യൻ, ചന്ദ്രൻ, ചൊവ്വ, രാഹു, വ്യാഴത്തിന്റെ പൂർണ വർഷം ചേർക്കുമ്പോൾ 55–ാം വയസ്സിൽ ഏത് ദശയെന്ന് മനസ്സിലാകും. നാല് കേതു, 20 വർഷം ശുക്രൻ, ആറ് വർഷം സൂര്യൻ, 10 വർഷം ചന്ദ്രൻ, ഏഴ് വർഷം ചൊവ്വ, 18 വർഷം രാഹു, 16 വർഷം വ്യാഴം. അപ്പോൾ 4+20+6+10+7+18+16. അതായത് നാലു വയസ്സുവരെ കേതു, 24 വരെ ശുക്രൻ, 30 വരെ സൂര്യൻ, 40 വരെ ചന്ദ്രൻ, 47 വരെ ചൊവ്വ, 65 വരെ രാഹു ദശ, 65 മുതൽ തുടർന്നു 16 വർഷം വ്യാഴ ദശ. അപ്പോൾ 55 വയസ്സുള്ള ഈ അശ്വതിക്കാരന് 47 വയസ്സു മുതൽ 65 വരെ രാഹു ദശയെന്ന് വന്നു. 55–ാം വയസ്സിൽ രാഹു ദശ അത് 47 ൽ തുടങ്ങി രാഹു 8 വർഷം പിന്നിട്ട് ഇനി 10 വർഷം (65 വരെ) ഉണ്ടെന്ന് ബോധ്യമാകും. ഏത് അശ്വതിക്കാർക്കും ഇങ്ങനെ സ്വയം ദശ കണ്ടെത്താം. അതിന് ദശകളുടെ വർഷം കൂടി അറിയണം.
ദശയും വർഷവും
കേതു – 7, ശുക്രൻ – 20, സൂര്യൻ – 6, ചന്ദ്രൻ – 10, ചൊവ്വ – 7, രാഹു – 18, വ്യാഴം – 16, ശനി – 19, ബുധൻ – 17. ദശ വർഷം അറിഞ്ഞാല്‍ താൻ ജനിച്ച നക്ഷത്രത്തിന്റെ ആദ്യ ദശ എന്തെന്ന് വ്യക്തമായി അറിയുക. അതിൽ ആദ്യ ദശ എത്ര വർഷം ഉണ്ടെന്ന് അറിയുക പിന്നെ എളുപ്പമായി. തുടർദശകൾക്ക് ക്രമമായി അവയുടെ ദശവർഷം ഇതിൽ ചേർത്താൽ മതി. കൂട്ടിക്കിട്ടുന്നത് വരെയുള്ള വയസ്സ് വരെ ആ ദശ ഉണ്ടായിരിക്കും.
ഒന്ന് മനസ്സിരുത്തിയാല്‍ ആർക്കും ഇപ്പോഴത്തെ ദശയെന്ത് എന്ന് സ്വയം കണ്ടെത്താം.
ലേഖകൻ
പ്രൊഫ. ദേശികം രഘുനാഥൻ
ദേശികം ശാസ്താക്ഷേത്ര സമീപം, പത്താംകല്ല്
നെടുമങ്ങാട് പി.ഒ. ,തിരുവനന്തപുരം
Pin - 695541 ,Ph - 04722813401