ആഴ്ചയിലെ ഓരോ ദിനത്തിന്റെയും അധിപൻ നവഗ്രഹങ്ങളിലെ ഓരോ ഗ്രഹങ്ങളാണ്. ജ്യോതിഷപ്രകാരം ശുഭകാര്യങ്ങൾ ആരംഭിക്കാൻ ചില ഗ്രഹങ്ങൾ അനുകൂലവും ചിലത് പ്രതികൂലവുമായിരിക്കും.
ഞായർ
സൂര്യന് പ്രാധാന്യമുള്ള ഞായറാഴ്ച പൊതുവെ എല്ലാത്തിനും ഉത്തമ ദിവസമാണ്. ഔഷധസേവ തുടങ്ങാനും വിദ്യാരംഭത്തിനും നന്ന്. അന്നേദിവസം പടിഞ്ഞാറ് ഭാഗത്തേക്കുള്ള യാത്ര ഒഴിവാക്കുക . പ്രണയം ആരംഭിക്കാൻ പറ്റിയ ദിനമല്ല. ഓറഞ്ച് നിറത്തിലുള്ള വസ്ത്രം ധരിക്കുന്നത് ഉത്തമമാണ് . യാത്രയയപ്പ് , ഗൃഹമാറ്റം എന്നിവ കഴിവതും ഒഴിവാക്കുക.
തിങ്കൾ
തിങ്കളാഴ്ചയുടെ അധിപൻ ചന്ദ്രനാണ്. ഈ ദിനത്തിൽ ആരംഭിക്കുന്ന ഏതുകാര്യത്തിനും ക്ഷിപ്രഫലസിദ്ധിയുണ്ടാകുമെന്നാണ് വിശ്വാസം. പുതിയ വാഹനം ,ചിത്രങ്ങൾ ,വസ്ത്രങ്ങൾ എന്നിവ വാങ്ങാനും യാത്ര ആരംഭിക്കാനും പാർട്ടി നടത്താനും അനുയോജ്യമായ ദിനമാണ്.പുതിയ ജോലിയിൽ പ്രവേശിക്കാനും വ്യവസായം ആരംഭിക്കാനും പറ്റിയ ദിനമല്ല. കിഴക്കു ഭാഗത്തേക്ക് യാത്രയുമരുത് . ഭഗവാൻ ശിവശങ്കരനെ പ്രാർഥിച്ചുകൊണ്ടു എല്ലാ കാര്യങ്ങളും ആരംഭിക്കുന്നത് ഉത്തമം. അന്നേദിവസം വെള്ള നിറത്തിലുള്ള വസ്ത്രം ധരിക്കുന്നതു ഭാഗ്യം കൊണ്ടുവരുമെന്നാണ് വിശ്വാസം. ഇരുണ്ട നിറത്തിലുള്ള വസ്ത്രങ്ങൾ ഒഴിവാക്കുക.
ചൊവ്വ
കുജ പ്രാധാന്യമുള്ള ദിനമാണ് ചൊവ്വ .ഭൂമി ഇടപാടുകൾക്കും ഔഷധസേവക്കും ശാസ്ത്രസാങ്കേതിക പ്രവർത്തനങ്ങൾക്കും ഉത്തമമായ ദിനമാണ്.അന്നേദിവസം ഭഗവതിയെയും സുബ്രഹ്മണ്യനെയും പ്രാർഥിക്കുന്നതിനോടൊപ്പം ഹനുമാൻ സ്വാമിയെ വന്ദിക്കുന്നത് ശ്രേഷ്ഠമാണ്. ചുവപ്പ് നിറത്തിനു പ്രാധാന്യമുള്ള ഈ ദിനത്തിൽ നീല നിറത്തിലുള്ള വസ്ത്രധാരണം ഒഴിവാക്കുക.വടക്കു ദിക്കിലേക്കുള്ള യാത്രകൾ ആസൂത്രണം ചെയ്യാതിരിക്കുക.
ബുധൻ
ബുധഗ്രഹത്തിന് പ്രാധാന്യമുള്ള ദിനമാണിത്. സാമ്പത്തിക ഇടപാടുകൾക്കും വിനോദപരിപാടികൾക്കും യോജിച്ച ദിനമാണ്. ചെറു യാത്രകൾ ,കലാകായിക പ്രവർത്തനങ്ങൾ ,സമ്പാദ്യ നിക്ഷേപങ്ങൾ തുടങ്ങാനും ഉത്തമമാണ്. തൊഴിൽ, മെഡിക്കൽ സംബന്ധമായ പഠനങ്ങൾ ആരംഭിക്കാൻ ഏറ്റവും ഉത്തമമായ ദിനമാണ്.കടബാധ്യതകൾ തീർക്കാനുള്ള ദിനമായി ബുധനാഴ്ച തിരഞ്ഞെടുക്കാതിരിക്കുക. പുതിയ ജോലിയിൽ പ്രവേശിക്കാനും ഈ ദിനം ഉചിതമല്ല. പച്ച നിറത്തിലുള്ള വസ്ത്രം ധരിക്കുന്നത് ഉത്തമം.
വ്യാഴം
വ്യാഴ ഗ്രഹത്തിന് ആനുകൂല്യമുള്ള ദിനമാണിത്.സൗഭാഗ്യങ്ങളുടെ കാരകനാണ് വ്യാഴം അതിനാൽ വിലപിടിപ്പുള്ളതും അമൂല്യവുമായ വസ്തുക്കൾ വാങ്ങുന്നതിനും നിക്ഷേപങ്ങൾ നടത്താനുമുള്ള ഉത്തമദിനമാണ്.വിവാഹഒരുക്കങ്ങൾ തുടങ്ങാൻ പറ്റിയ ദിനമാണ് . മഞ്ഞ നിറത്തിലുള്ള വസ്ത്രം ധരിക്കുന്നത് ഭാഗ്യം പ്രധാനം ചെയ്യും . കഴിവതും ലഹരി ,മത്സ്യമാംസാദികൾ എന്നിവ ഒഴിവാക്കുക.
വെള്ളി
ശുക്രന് പ്രാധാന്യമുള്ള ദിനമാണ് വെള്ളി. കൊടുക്കൽ വാങ്ങലുകൾ , പുതിയ ബന്ധം ആരംഭിക്കൽ എന്നിവയ്ക്ക് ഉത്തമമായ ദിനമാണ് .എന്നാൽ കടം കൊടുക്കുകയും വാങ്ങുകയും അരുത്. വെള്ള,ചുവപ്പ്,പിങ്ക് എന്നിവയിലേതെങ്കിലും നിറത്തിലുള്ള വസ്ത്രം ധരിക്കാവുന്നതാണ്.
ശനി
ശനി അധിപനായിട്ടുള്ള ദിനമാണിത് . ശനിയാഴ്ച ആരംഭിക്കുന്ന ശുഭകാര്യങ്ങൾ ദീർഘകാല ഫലം നൽകുന്നവയാണ്. വിവാഹം ,ഗൃഹപ്രവേശം , ദാനം ,പുതിയ ജോലിയിൽ പ്രവേശിക്കാൻ എന്നിവയ്ക്ക് അനുകൂലമായ ദിനമാണ്. കോടതി നടപടികൾ , മരുന്ന് സംബന്ധമായ കാര്യങ്ങൾ എന്നിവയ്ക്ക് ഈ ദിനം ശുഭമല്ല .ഇരുമ്പുസാധനകൾ വാങ്ങുവാനോ വിൽക്കുവാനോ പാടില്ല. കറുപ്പ് ,നീല നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഉത്തമം.