“മന്ദേഷ്ടമസ്ഥേ ഭുജഗേശ്വരേ വാ
പാപഗ്രഹം വീര്യയുതാസ്ത്രികോണേ
കുർവന്ത്യപസ്മാരമസാധ്യരോഗം
മാന്ദ്യന്വിതശ്ചേന്ദുച്ഛുഭദൈരദൃഷ്ടാ”
‘അസാധ്യരോഗം’ എന്ന പേരു കൊണ്ടുതന്നെ അപസ്മാരം എത്ര കണ്ട് കഠിനമായ രോഗമാണ് എന്ന് വ്യക്തം. ജ്യോതിഷത്തിൽ അപസ്മാര രോഗലക്ഷണം എങ്ങനെ കണ്ടുപിടിക്കാം എന്ന് നോക്കാം.
പൃച്ഛകൻ വിനയാന്വിതനായി ദൈവജ്ഞനെ കണ്ട്, തന്റെ രോഗത്തെപ്പറ്റി അറിയുവാൻ ആഗ്രഹമുള്ളവനായി ചോദിക്കണം. പ്രശ്നവിധി പ്രകാരമുള്ള ഗ്രഹനില കൊണ്ട് ആ ദൈവജ്ഞൻ പൃച്ഛകൻ സ്വസ്ഥനാണോ ആതുരനാണോ എന്ന് ചിന്തിക്കണം. ഇവിടെ അപസ്മാരത്തെ പറ്റിയാണ് ചിന്തിക്കാൻ പോകുന്നത്.
ശനിയോ രാഹുവോ അഷ്ടമത്തിലും ബലവാന്മാരായ പാപഗ്രഹങ്ങൾ 5, 9 എന്നീ ഭാവങ്ങളിലും നിന്നാൽ അതികഠിനമായ അപസ്മാര രോഗത്തെ പറയണം. രോഗകർത്താക്കളായ ഈ ഗ്രഹങ്ങൾക്ക് ഗുളിക യോഗമുണ്ടായിരിക്കുകയും ശുഭഗ്രഹ ദൃഷ്ടി ഇല്ലാതെ ഇരിക്കുകയും ചെയ്താൽ അസാധ്യമായ അപസ്മാരത്തെ തന്നെ പറയാം.
ചൊവ്വാക്ഷേത്രത്തിലോ, ശുക്രക്ഷേത്രത്തിലോ നിൽക്കുന്ന ശനിയെകൊണ്ട് അപസ്മാരത്തെ ചിന്തിക്കാവുന്നതാണ്. അഷ്ടമത്തിലെ സൂര്യനെ കൊണ്ട് മാത്രം അപസ്മാരരോഗം ചിന്തിക്കാവുന്നതാണ്. ചൊവ്വ അനിഷ്ടപ്രദനായാലും അപ്രകാരം തന്നെ. അപസ്മാരം 12 വിധമാണ്.
അപസ്മാര രോഗമുള്ളവൻ അകാരണമായി ശരീരം തളർന്ന് പെട്ടെന്ന് നിലത്തു വീഴുകയും, ബോധക്കേട് വരികയും, വായിൽകൂടി നുരയും പതയും പുറപ്പെടുകയും, അസഹ്യങ്ങളായ ക്രൂര ശബ്ദങ്ങളെ പുറപ്പെടുവിക്കുകയും, വളരെ നേരം തളർന്ന് കിടക്കുകയും, കണ്ണുകളെ വട്ടത്തിൽ ഉരുട്ടി മിഴിച്ചുനോക്കുകയും, പല്ലുകടിക്കുകയും, ശരീരത്തിന് മഞ്ഞൾ നിറം വരികയും, ഓർമ്മശക്തി ക്ഷയിക്കുകയും, മുഖം കൊണ്ട് പല ഗോഷ്ഠികൾ കാണിക്കുകയും, വെള്ളത്തിൽ വളരെ താൽപര്യം ഉണ്ടായിരിക്കുകയും ചെയ്യും. ഈ ലക്ഷണങ്ങൾ കണ്ടാൽ അപസ്മാര രോഗപീഡ സംശയിക്കാവുന്നതാണ്. ആധുനികശാസ്ത്രവും ഇത് സമ്മതിക്കുന്നു.
അപസ്മാരത്തിന് 12 ദൂതിമാരുണ്ട്. അവ ശ്വസനാദി സംജ്ഞകളോടു കൂടിയതാകുന്നു. അപസ്മാരം ഒരു രാജാവിനെപ്പോലെ ഇരുന്നു കൊണ്ട് ഈ ദൂതികളെ എല്ലാവരേയും കൂടിയോ ചിലതുകളെ മാത്രം ഉപദ്രവിക്കാനായി അയയ്ക്കുകയും അവ മനുഷ്യരെ ബാധിക്കുകയും ചെയ്യുന്നു. ഈ ദൂതിമാർ തങ്ങളുടെ പേരിനനുസരിച്ചുള്ള ചേഷ്ടകളെ കാണിക്കുന്നു. അവ ഏതെല്ലാമാണെന്ന് നോക്കാം.
1. ശ്വസനാ – ശ്വസിപ്പിക്കുന്നവൾ (കിതപ്പ് ഉണ്ടാവുക)
2. മലിനാ – മലിനതയെ ചെയ്യുന്നവള്‍
3. നിദ്രാ – എപ്പോഴും ഉറക്കത്തെ ഉണ്ടാക്കുന്നവൾ
4. ജൃംഭികാ – കോട്ടുവായ ഉണ്ടാക്കുന്നവൾ
5. അനശനാ – ഭക്ഷണ രോധത്തെ ഉണ്ടാക്കുന്നവൾ
6. ത്രാസിനീ – ഞെട്ടലിനെ ഉണ്ടാക്കുന്നവൾ
7. മോഹിനീ – എപ്പോഴും ബോധക്കേട് ഉണ്ടാക്കുന്നവൾ
8. രോദിനീ – സദാ കരച്ചിലുണ്ടാക്കുന്നവൾ
9. ക്രോധിനീ – വെറുതെ കോപത്തെ ഉണ്ടാക്കുന്നവൾ
10. താപിനീ – ചുട്ടുനീറ്റലിനെ ഉണ്ടാക്കുന്നവൾ
11. ശോഷിണീ – ശരീരത്തെ ശോഷിപ്പിക്കുന്നവൾ
12. ധ്വംസിനീ – ശരീരത്തെ നശിപ്പിക്കുന്നവൾ
ഇവരാണ് 12 അപസ്മാര ദൂതികൾ എന്നറിയുക.
അപസ്മാര പീഡയുണ്ടായാൽ ശമനത്തിനായി കൂശ്മാണ്ഡ ബലി ചെയ്യണം. അപസ്മാരം കഠിനമായാൽ സുദര്‍ശനമന്ത്രം കൊണ്ടോ ക്രോധാഗ്നി മന്ത്രം കൊണ്ടോ അക്ഷരസഹസ്രസംഖ്യ തിലഹോമം ചെയ്യണം. അതിവിശിഷ്ടമായ നെയ്യ് കാച്ചണം. അത് ഹോമം കൊണ്ടും ജപിച്ചും ശക്തിപ്പെടുത്തണം. അതിനുശേഷം നസ്യവും ലേപനവും ചെയ്യാം. ചിട്ടയോടെ ചെയ്താൽ ഫലസിദ്ധി പ്രതീക്ഷിക്കാവുന്നതാണ്.
പ്രശ്നവിധിപ്രകാരം രോഗം ശമിക്കും എന്ന് തീർച്ചപ്പെടുത്തിയാൽ മാത്രമേ ഇതുകൊണ്ടൊക്കെ പ്രയോജനമുണ്ടാകൂ. അതല്ലാതെ ചെയ്യുന്ന ഹോമവും പ്രതിക്രിയയും ചികിത്സയും നിഷ്ഫലമാകും.
ലേഖകൻ
ഒ.കെ. പ്രമോദ് പണിക്കര്‍ പെരിങ്ങോട്
കൂറ്റനാട് (വഴി) – പാലക്കാട് ജില്ല
Ph: 9846309646
Whatsapp - 8547019646