നെറ്റിത്തടത്തിന്റെ രൂപവും ആകൃതിയും പലരുടെയും സ്വഭാവത്തിൽ വലിയ സ്വാധീനം ചെലുത്താറുണ്ട്. ചിലരുടെ നെറ്റിയുടെ രൂപം നോക്കി ഓരോരുത്തരും എങ്ങനെയുള്ളവരെന്നു മനസിലാക്കാൻ കഴിയും.
വളവുകളും ചെരിവുകളുമില്ലാതെ തിരശ്ചീനമായി നെറ്റിത്തടമുള്ളവർ പുരോഗമനപരമായ ചിന്തിക്കുന്നവരായിരിക്കും. സമ്മർദ്ദ സാഹചര്യങ്ങളിൽ തൊഴിലിൽ ഏർപ്പെടാൻ ഇത്തരക്കാർക്ക് സാധിക്കാറില്ല. എല്ലാ കാര്യങ്ങളും അതിന്റെ പൂർണതയിൽ ചെയ്യാൻ ആഗ്രഹിക്കുന്നവരാണ് ഇവർ. അതുകൊണ്ടുതന്നെ തിരക്കിട്ടു ഒരു കാര്യം പൂർത്തീകരിക്കുക എന്നതു ഇവരെ സംബന്ധിച്ച് അസാധ്യമായിരിക്കും.
ചരിഞ്ഞ നെറ്റിത്തടമുള്ളവർ വേഗത്തിൽ ചിന്തിക്കുന്നവരും ചില ഘട്ടങ്ങളിൽ അമിതാവേശത്താൽ ചാടിക്കയറി തീരുമാനങ്ങളെടുക്കുന്നവരുമായിരിക്കും. എന്നാൽ ചിന്തിച്ചു തീരുമാനങ്ങളെടുക്കുന്ന സമയങ്ങളിൽ ഇവരുടെ തീരുമാനങ്ങൾ വളരെ മന്ദഗതിയിലായിരിക്കും.
നിയന്ത്രണങ്ങളെ വെറുക്കുന്നവരായിരിക്കും വില്ലുപോലെ വക്രമായ നെറ്റിയുള്ളവർ. കലാകാരന്മാരും സർഗാത്മകമായി കഴിവുകളും ഉള്ള ഇക്കൂട്ടർക്ക് ഗണിത ശാസ്ത്ര സംബന്ധിയായ വിഷയങ്ങളോട് യാതൊരു തരത്തിലുള്ള താല്പര്യവും കാണുകയില്ല. ബുദ്ധിശാലികളും പ്രതിഭാശാലികളുമായിരിക്കും ഇത്തരത്തിൽ നെറ്റിയുള്ളവർ.
അന്തർജ്ഞാനമുള്ള പ്രകൃതമുള്ളവരായിരിക്കും ചെറുതും വീതിയേറിയതുമായ നെറ്റിയുള്ളവർ എന്നാണ് പൊതുവെ പറയപ്പെടുന്നത്. മാത്രമല്ല ഭാവനയിലും കഴിവുകളിലും ഇക്കൂട്ടർ മുമ്പിലായിരിക്കും. പഠനത്തിലൂടെ അറിവ് സമ്പാദിക്കുന്നതിനുപരിയായി അനുഭവങ്ങളിലൂടെ അറിവ് സമ്പാദിക്കുന്നതിനായിരിക്കും ഇക്കൂട്ടർക്കു താല്പര്യമധികം.
അല്പം വീതിയേറിയതും ഉയർന്നിരിക്കുന്നതുമായ നെറ്റിത്തടമാണ് ഏറ്റവും അഭിലഷണീയമായി കരുതുന്നത്. ഇത്തരക്കാരുടെ ജീവിതത്തിലുടനീളം വിജയം സുനിശ്ചിതമായിരിക്കും. നീണ്ടിരിക്കുന്ന പുരികക്കൊടികൾ ഇവരുടെ സത്യസന്ധത, ആത്മാർത്ഥത തുടങ്ങിയ ഗുണങ്ങളെ ഉയർത്തും.
കാര്യങ്ങളെ ഗഹനമായി വീക്ഷിക്കുന്നവരും ഗവേഷണങ്ങളിൽ ഏർപ്പെടുന്നവരുമാണ് നെറ്റിയിൽ ചുളിവുകളും വരകളുമുള്ളവർ എന്നാണ് പറയപ്പെടുന്നത്. ചുളിവുകളും വരകളുമില്ലാത്തവർ തണുത്തപ്രകൃതമുള്ളവരും സ്വാർത്ഥമതികളും സഹാനുഭൂതി തീരെയില്ലാത്തവരുമായിരിക്കും. കണ്ണുകൾക്കിടയിലുള്ള ലംബമായ ചുളിവുകളുള്ളവർ ഏകാഗ്രത കൂടുതലുള്ളവരായിരിക്കും.