ജ്യോത്സ്യനെ നേരിട്ടു കാണേണ്ടതുണ്ടോ?

കാലം മാറുന്നതനുസരിച്ച് ജ്യോത്സ്യനെ സമീപിക്കുന്ന രീതിയും മാറ്റങ്ങൾ വന്നു കൊണ്ടിരിക്കുന്നു. മുൻപ് ഫോൺ വിളിച്ച് ചോദിച്ചിരുന്നവര്‍ ഇന്ന് ഇ–മെയിൽ, വാട്ട്സ്ആപ്പ് തുടങ്ങിയവയിലൂടെയാണ് അവരുടെ പ്രശ്നങ്ങൾ പറയുന്നത്. അതിനൊക്കെ മറുപടികളും അവർക്ക് ലഭിക്കുന്നു. ജാതകം നോക്കി ഫലം പറയുന്നതിൽ ഈ രീതി വലിയ രീതിയിൽ തെറ്റു പറ്റാതെ പറയാൻ കഴിയും. ഫോണ്‍ വിളിച്ച് ചോദിക്കുന്നതും നല്ലതാണ്. എന്നാൽ നേരിട്ട് ചോദിക്കുമ്പോൾ പല നിമിത്തങ്ങളും കൂടി ജ്യോത്സ്യന് കണക്കാക്കാൻ സാധിക്കും. ഫലത്തിന്റെ കൃത്യത കൂടുകയും ചെയ്യും.

ചിലർക്ക് നേരിട്ട് സമീപിക്കാൻ ഭയമാണ്. വല്ലതും പറഞ്ഞാല്‍ അത് ചെയ്യേണ്ടി വരില്ലേ? എന്തെങ്കിലും കുഴപ്പം ഉണ്ടെങ്കില്‍ അതാലോചിച്ച് വിഷമിക്കേണ്ടി വരില്ലേ എന്ന് വേറൊരു കൂട്ടർ. നേരിട്ട് സംസാരിക്കുമ്പോൾ സംശയങ്ങൾ പൂർണമായി ചോദിച്ച് മനസിലാക്കാനും പറ്റാത്ത പരിഹാരങ്ങൾ പറഞ്ഞാല്‍ പകരം പറ്റുന്നത് എന്താണ് എന്നുകൂടി ചോദിച്ച് ചെയ്യാനും കഴിയും.

ആരെങ്കിലും കൂടോത്രമോ ആഭിചാരമോ ചെയ്തിട്ടുണ്ടോ? കൈവിഷം തന്നിട്ടുണ്ടോ എന്നൊക്കെ അറിയണമെങ്കിൽ എപ്പോഴും ആള് നേരിട്ട് ജ്യോത്സ്യനെ കാണുന്നതാണ് നല്ലത്. പലരും വിചാരിക്കും ദക്ഷിണ കിട്ടാൻ വേണ്ടിയിട്ടാണ് നേരെ വരാൻ പറയുന്നത് എന്ന്. ദക്ഷിണ അക്കൗണ്ടിലേക്ക് ട്രാൻസ്ഫര്‍ ചെയ്യാന്‍ തയാറാണ് എന്ന് എല്ലാവരും പറയുകയും ചെയ്യും.

പ്രശ്നവുമായി ജ്യോത്സ്യനെ സമീപിക്കുമ്പോള്‍ വരുന്നയാൾ ആദ്യം എന്ത് പറയുന്നു, എവിടെ ഇരിക്കുന്നു, എന്ത് തൊടുന്നു, അപ്പോൾ കേൾക്കുന്ന ശബ്ദം (കിളികൾ ചിലയ്ക്കുക, ശംഖനാദം, മണിയടി, ഇടിവെട്ട് മുതലായവ) ഒക്കെ നിമിത്തങ്ങളാണ്. ജ്യോത്സ്യന്റെ മാനസികാവസ്ഥ ശ്വാസഗതി ഇവയും പ്രശ്നചിന്തയിൽ വലിയ സ്വാധീനമുള്ളവയാണ്.

ആയതിനാൽ വിദേശത്ത് നിന്നായാലും സ്വദേശത്ത് നിന്നായാലും ജാതകം നോക്കി ദശാഫലങ്ങളും മറ്റും അറിയാൻ ചോദിക്കുന്നത് പോലെ പ്രശ്നചിന്തയെ എടുക്കരുത്. ഒഴിവാക്കാന്‍ പറ്റാത്ത സന്ദർഭമാണെങ്കിൽ ജ്യോത്സ്യൻ രാശിയെടുക്കുന്ന സമയം ചോദിച്ച് സൗകര്യമനുസരിച്ച് ഫോണിലൂടെ എങ്കിലും ബന്ധപ്പെടുക. മെയിലും വാട്ട്സ്ആപ്പും എല്ലാം കൂടി ഒന്നിച്ച് സമയം കിട്ടുമ്പോൾ ആയിരിക്കും വായിക്കുന്നത്. പിന്നീട് സൗകര്യം കിട്ടുമ്പോൾ ആകും രാശി എടുക്കുന്നത്. വീഡിയോ കോൺഫറൻസാണെങ്കിൽ കുറച്ചു കൂടി മെച്ചമായിരിക്കും കാര്യങ്ങൾ. പരിമിതമായ കാര്യങ്ങളിൽ നിന്നും അത്രയും ഫലങ്ങളെ ജ്യോത്സ്യന് പറയാൻ സാധിക്കുകയുള്ളൂ. ഫലം പറയാൻ പറ്റില്ല എന്നല്ല പറഞ്ഞത് എന്നു ചുരുക്കം.

ലേഖകൻ     

Dr. P. B. Rajesh     

Rama Nivas  ,Poovathum parambil, 

Near ESI  Dispensary Eloor East , 

Udyogamandal.P.O,    Ernakulam 683501   

email : rajeshastro1963@gmail.com 

Phone : 9846033337, 0484 2546421