വാസ്തുവിധിയനുസരിച്ച് നിർമ്മാണയോഗ്യമായ വസ്തുവിൽ ഭവനനിര്‍മ്മാണവേളയിൽ കിണർ നിർമ്മിക്കുന്നത് ഉത്തമമായി കാണുന്നു. യഥാസ്ഥാനത്ത് നിർമ്മിക്കുന്ന കിണറിൽനിന്നും ശുദ്ധജലത്തിന്റെ ലഭ്യത ഉണ്ടാകുന്നത് ഗൃഹവാസികൾക്ക് ശുഭകരവും ഐശ്വര്യദായകവുമായി കാണുന്നു. എന്നാൽ അസ്ഥാനത്ത് നിർമ്മിക്കുന്ന കിണറുകൾ വിപരീതഫലം നൽകുന്നതാണ്.
നവഗ്രഹങ്ങളിൽ വ്യാഴന്റെ സ്വക്ഷേത്രമായ മീനം രാശിയിലാണ് അഥവാ ഈശാനകോൺ.വ്യാഴത്തിന്റെ സ്വക്ഷേത്രവും (നാഡിജ്യോതിഷപ്രകാരം ജീവകാരകൻ) ശുക്രന്റെ ഉച്ചസ്ഥാനവും, സ്ത്രീസന്താന യോഗവും (നാഡിപ്രകാരം) വിവാഹസുഖവും, ശനിയുടെ ബന്ധുക്ഷേത്രവും (കർമ്മകാരകൻ) നാഡിപ്രകാരം, ഇവിടെയാണ് കിണര്‍ നിർമ്മിക്കേണ്ടത്.
ഭൂമി വടക്ക് കിഴക്ക് ദിശയിൽ കറങ്ങുന്നതു കാരണം മീനം രാശിയിൽ നിർമ്മിക്കുന്ന കിണർ മൊത്തത്തിൽ പ്രാപഞ്ചികോർജ്ജം ലഭ്യമാകുകയും ചെയ്യും. ഇത് കെട്ടിടവാസികൾക്കും സന്തോഷവും ഭാഗ്യവും നൽകി അനുഗ്രഹസിദ്ധമാകുന്നു. ഇവിടെ കിണർ നിർമ്മിക്കുമ്പോൾ വളരെ ശ്രദ്ധിക്കേണ്ടതായ ഒരു സംഗതി പുരയിടത്തിന്റെയും കെട്ടിടത്തിന്റെയും വടക്കുകിഴക്കു മൂലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഈശാനരേഖയിൽ കിണർ സ്പർശിക്കുകയോ മുറിച്ചു കടക്കുകയോ ചെയ്യരുത്.
കുഴൽ കിണറുകളും ഭൂമിയ്ക്കടിയിലെ ജലസംഭരണികളും ഇതേ സ്ഥാനങ്ങളിൽ തന്നെ വരണം. ഭൂമിയ്ക്കടിയിലെ നിർമ്മാണങ്ങള്‍ കുഴൽകിണർ ഉൾപ്പെടെ വടക്കുകിഴക്കു ദിക്കിലുള്ള കെട്ടിടത്തിന്റ വാതിലിലോ ചുറ്റുമതിലിലോ സ്പർശിക്കാനിടയാകരുത്. ഉത്തമമായ സ്ഥാനങ്ങളിൽ കിണര്‍ നിർമ്മിച്ചാൽ വാസ്തുവിധിയനുസരിച്ച് സന്തോഷവും ഭാഗ്യവും രോഗമില്ലായ്മയും ധനവർദ്ധനവും ലഭിക്കുന്നതാണ്. കുട്ടികൾക്ക് പുരോഗതിയും ലഭിക്കും. സ്ത്രീകൾക്ക് പൊതുവെ ഗുണകരമാണ്. വ്യാപാരത്തിൽ സ്ഥിരതയും വിജയവും പേരും പ്രശസ്തിയും ഉണ്ടാകും.ശത്രുക്കളുടെമേൽ വിജയവും സന്തോഷകരമായ ജീവിതവും ഉണ്ടാകും.
പ്രതിവർഷം 4000 ലിറ്റർ മഴ ലഭിക്കുന്ന കേരളത്തിന്, കോൺക്രീറ്റും മൊസെയ്ക്കും അടക്കമുള്ള പുത്തൻ പരിഷ്കാരങ്ങൾ നിമിത്തം കിണറ്റിൽ ഒരു തുള്ളി വെള്ളം ലഭിക്കാത്ത അവസ്ഥയിലേക്ക് എത്തുന്നു. ഇവ മാറ്റി മീനം രാശി പഥത്തിലേക്ക് വെള്ളം കെട്ടിനിന്ന് കിണറിലിറങ്ങേണ്ട അവസ്ഥ ഉണ്ടാക്കേണ്ടതാണ്. പിശാചായ പൈപ്പുവെള്ളത്തിനും കുപ്പിവെള്ളത്തിനും അടിമപ്പെട്ട് രാവിലെ എഴിച്ചു നോക്കിയാൽ വേതാളത്തെപ്പോലെ ഭ്രമിച്ചു നിൽക്കുന്ന അവസ്ഥയിൽ നിന്നും മുന്നേറേണ്ടതാണ്. പഞ്ചഭൂതങ്ങളാൽ നിർമ്മിതമായ മനുഷ്യശരീരമുള്ളവരാണ് നമ്മൾ. ജലഭൂതത്തെ നമ്മൾ മറക്കുന്നു. ഇത് പീഡിപ്പിക്കപ്പെട്ടാൽ, മലിനമാക്കിയാല്‍, അശ്രദ്ധമായി കൈകാര്യം ചെയ്താൽ മറ്റു ഭൂതത്താൽ നമുക്ക് പ്രതികാരം ചെയ്യപ്പെടുന്നു. എന്തൊക്കെ ആർഭാടങ്ങൾ കാണിച്ചു കൂട്ടിയാലും കെട്ടിടത്തിൽ ഒരു കിണർ അതൊരു ഗാംഭീര്യമാണ്, ആഢ്യത്വവുമാണ്, ആവശ്യവുമാണ്.
അനിഷ്ടസ്ഥാനം – തെക്ക്ഭാഗത്ത് കിണർ ദോഷസ്ഥാനമാണ്. ബൃഹത്‌സംഹിതയിൽ വരാഹമിഹിരൻ പറയുന്നു വീട്ടിലുള്ളവർ തമ്മിൽ കലഹമുണ്ടാകുമെന്നും, മറ്റൊരാചാര്യൻ പറയുന്നത് ദൗർഭാഗ്യങ്ങളും, കളത്രദുഃഖവും, രോഗങ്ങളും, വിവാഹബന്ധം അലങ്കോലമെന്നും, ധനനഷ്ടമെന്നും പറയുന്നു. മൂല്യചുതി, കുടുംബത്തിൽ ദുരന്തമെന്നും, സ്ത്രീകൾ വീടുവിട്ടിറങ്ങുമെന്നും കുട്ടികൾക്ക് നാശമെന്നും, വടക്കുപടിഞ്ഞാറ് സ്ത്രീകൾക്ക് അസുഖങ്ങളും ചിലവും ഉണ്ടാകും.
ജലസംഭരണിയുടെ സ്ഥാനം – വടക്കുകിഴക്ക് സംഭരണി വന്നാൽ സാമ്പത്തിക ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതാണ്. കിഴക്കിനും ബാധകമാണ്. തെക്കുകിഴക്ക് കടുത്ത സാമ്പത്തികപ്രതിസന്ധിയും അപകടങ്ങളും, വ്യവഹാരങ്ങളും, തെക്ക് മുകളിൽ പറഞ്ഞത് ബാധകം. തെക്കുപടിഞ്ഞാറ് സാമ്പത്തിക ആരോഗ്യസ്ഥിതി മെച്ചപ്പെടും. പടിഞ്ഞാറാണ് ഉത്തമം. ഇതാണ് സ്ഥാനവും. വടക്കുപടിഞ്ഞാറ് നല്ലതല്ല. ജലം പെട്ടെന്ന് തീരുകയും ഈർപ്പം പിടിക്കുകയും ചെയ്യും. വടക്ക് കിഴക്കിനും കിഴക്കിനും പറഞ്ഞ ഫലം. കിടപ്പുമുറിയുടെ നേരെ മുകളിലും സംഭരണി പാടില്ല. കേരളത്തിൽ സർവ്വത്ര വെള്ളമാണെങ്കിലും ഉദ്ദേശം 3 ശതമാനം മാത്രമെ ശുദ്ധജലമായി കാണുന്നുള്ളു. ഭൂമി കോൺക്രീറ്റ് ചെയ്തും അലക്ഷ്യമായി മാലിന്യങ്ങൾ വലിച്ചെറിഞ്ഞും വെള്ളം ഭൂമിയിൽ താഴാനനുവദിക്കില്ലെന്ന് ദൃഢപ്രതിജ്ഞയെടുത്ത നമ്മൾ നമ്മുടെ ഭാവി തലമുറയും പ്രകൃതിയെയും വെല്ലുവിളിക്കുന്നു.
ചില നിർദ്ദേശങ്ങൾ
1. ഒരു ഭവനത്തിൽ 2 കിണർ പാടില്ല.
2. കിഴക്കോട്ടു തിരിഞ്ഞ് വെള്ളം കോരണം. തുടിച്ചു കോരണം.
3. കിണറ്റില്‍ ചിരട്ടക്കരി കിഴികെട്ടിയിടുന്നത് ജലശുദ്ധീകരണത്തിന് നന്ന്. കിണറിന്റെ അടിത്തട്ടിൽ നെല്ലി പലക നിരത്തിയാൽ ശുദ്ധജലം ലഭിക്കുകയും രുചികരവുമായിരിക്കും. രോഗനിർമ്മാർജ്ജനത്തിനും നന്ന്. പച്ച കശുവണ്ടി ചതച്ചിട്ടാൽ ജലശുദ്ധി ലഭിക്കും.
4. തീ കത്തിച്ചിട്ട ശേഷമെ കിണറ്റിലിറങ്ങാവൂ. പ്രാണവായു പരീക്ഷണം.
5. കുട്ടികളെ എടുത്ത് കിണർ കാണിക്കരുത്. വീടിന്റെ നിഴൽ കിണറ്റില്‍ വീഴരുത്.
തെക്കോട്ട് വെള്ളമൊഴുക്ക് പാടില്ല. അന്യന്റെ പുരയിടത്തിൽ നിന്നും അനുവാദമില്ലാതെ ഒരു സാധനവും എടുക്കരുത്. അവരുടെ പാപമാണ് നമ്മൾ കൊണ്ടുവരുന്നത്. പൈപ്പിൽ നിന്നും വെള്ളം ചോർന്നു പോയാൽ ധനച്ചോർച്ചയുണ്ടാകും. അതിനാൽ ചോർച്ചയുള്ള പൈപ്പുടൻ മാറ്റുക. അടുക്കളയുടെ തെക്കുകിഴക്കെ കോണില്‍ സിങ്ക് വയ്ക്കരുത്. കിടപ്പുമുറിയിൽ ജലവും ജലചിത്രങ്ങളും വയ്ക്കരുത്. വാതിലിനു നേരെ ജലം ഒഴുകുന്ന ചിത്രവും വയ്ക്കരുത്. കിഴക്കോട്ട് തിരിഞ്ഞ് കുളിക്കണം.
ലേഖനം തയ്യാറാക്കിയത്
Aruvikkara Sreekandan Nair
KRRA – 24, Neyyasseri Puthen Veedu Kothalam Road, Kannimel Fort Trivandrum -695023
Phone Number- 9497009188