എന്റെ മകൾ ഒരു വീടുവച്ചു പാലുകാച്ചും നടത്തിക്കഴിഞ്ഞശേഷം ജ്യോതിഷവും മറ്റും അറിയാവുന്ന ഒരാൾ അവിടെ വന്നു യമസൂത്രം മറഞ്ഞിരിക്കുന്നു എന്നു പറഞ്ഞു. യമനു സഞ്ചാരപാത വീടിനുള്ളിൽ നല്ലാത്രെ... യമൻ എന്നൊക്കെ കേട്ടു മകൾ ആകെ പരിഭ്രമിച്ചു, ഉറക്കംപോലും നഷ്ടപ്പെട്ട നിലയിലാണ്. ഇതു വല്ല കുഴപ്പവുമാണോ?
രഞ്ജിനി, പുനലൂർ.
ജ്യോതിഷത്തിലും വാസ്തുവിലും പറഞ്ഞിട്ടുള്ള പല കാര്യങ്ങളും ജനങ്ങൾക്ക് ഉപകാരം ഉള്ളവയാണ്. പക്ഷേ, പണ്ടുള്ള തലമുറയെ അതു പറഞ്ഞു മനസ്സിലാക്കണമെങ്കിൽ ദൈവത്തിന്റെയും ആസുരിക സ്വഭാവം ഉള്ളവരുടെയും പേരുകളിലൂടെയും കഥകളിലൂടെയും മാത്രമേ പറ്റുമായിരുന്നള്ളൂ. അത്തരത്തിൽ വന്നതാണ് ‘യമസൂത്രവും’.
ഗൃഹം പരിപാലിക്കുന്നതിന് അതിന്റേതായ ചിട്ടവട്ടങ്ങൾ ഉണ്ട്. രാവിലെ എഴുന്നേറ്റാൽ ജനലുകളും വാതിലുകളും തുറന്നിടണം. ഇളംവെയിലും കാറ്റും സൂര്യരശ്മിയുമെല്ലാം മുറിക്കുള്ളിൽ നിറയണം. വായു സഞ്ചാരം സുഗമമായി നടക്കുന്നതിനു ജനലുകളും വാതിലുകളും ഒരേദിശയിൽ വരുന്നതു നല്ലതാണെന്നു വാസ്തുശാസ്ത്രം പഠിപ്പിക്കുന്നു. അങ്ങനെ പറഞ്ഞാൽ നമ്മളൊക്കെ അത്ര ഗൗരവതരമായി അത് അനുസരിക്കില്ല. അതുകൊണ്ട് യമൻ സഞ്ചരിക്കുന്നു. ആ സഞ്ചാരപാത മുറിയരുത്. അതിനുള്ള വാതിലുകളോ ചെറിയ ഹോളുകളോ ഭിത്തിയിൽ പിടിപ്പിക്കണം എന്നു മാത്രമേ അർഥമുള്ളൂ. മകളോടു പരിഭ്രമിക്കേണ്ട എന്നു പറഞ്ഞേക്കൂ.